കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി

🔳കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി. പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമല്ല. സെലക്ട് കമ്മിറ്റി രൂപീകരിക്കണം എന്നുമില്ല. യുജിസി ചട്ടങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗവര്‍ണറും, മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കത്തിടപാട് ഈ ഹര്‍ജിയുടെ പരിധിയില്‍ വരുന്നില്ലെന്നും അതിനാലാണ് ഈ രേഖകള്‍ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഹൈക്കോടതി വിധി.

🔳കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. നിങ്ങള്‍ നിയമത്തില്‍ വെള്ളംചേര്‍ക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസില്‍ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസില്‍ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണെന്നും അതിനാല്‍, വിവേകപൂര്‍വം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

🔳കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാര്‍നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

🔳ആഗോളതലത്തില്‍ ക്ഷാമംനേരിടുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണത്തിനുള്‍പ്പെടെ, ഇലക്ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജുമായി കേന്ദ്രം. ഇതില്‍ 76,000 കോടി രൂപ സെമികണ്ടക്ടര്‍, ഡിസ്‌പ്ലേ നിര്‍മാണമേഖലയ്ക്കു മാത്രമാണ് നല്‍കുന്നത്. സെമികണ്ടക്ടറുകളുടെ ക്ഷാമം വാഹനമേഖലയെ വലിയതോതില്‍ ബാധിച്ച
സാഹചര്യത്തിലാണ്, ഇവയുടെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയത്.

🔳കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം ഇന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകുമെന്ന് വ്യോമസേന അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

🔳ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ പ്രതിയായ മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ എന്ന് ചോദിച്ചായിരുന്നു കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകന് നേരെ തട്ടിക്കയറിയത്. അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാന്‍ പറയുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

🔳ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ മകന്‍ ആശിഷ് മിശ്രയുടെ പങ്ക് കൂടുതല്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

🔳രാജ്യസഭയില്‍ പ്രതിഷേധിച്ച എംപിമാരെ ഒമിക്രോണ്‍ എന്ന് അധിക്ഷേപിച്ച് ബിജെപി എംപി ശിവപ്രതാപ് ശുക്ല. പ്രതിഷേധിക്കുന്ന എംപിമാര്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഒമിക്രോണില്‍ നിന്ന് സംരക്ഷിക്കാന്‍ ‘മോദി വാക്‌സിന്‍’ എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.

🔳സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയില്‍ നിന്ന് വന്ന 22 വയസുള്ള യുവതിക്കും എറണാകുളത്ത് കോംഗോയില്‍ നിന്ന് വന്ന 34 വയസുള്ള യുവാവിനും ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപട്ടിക പരിശോധിച്ച് വരുകയാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യമാതാവിനുമാണ് ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

🔳സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം തുടരും. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും ഫലം കണ്ടില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ സമരം തുടരുമെന്ന് പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനത്തിലും സ്റ്റൈപന്‍ഡ് വര്‍ധനവിലും സര്‍ക്കാര്‍ രേഖാമൂലം വ്യക്തത വരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് സമരക്കാരുമായി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടക്കും.

🔳കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ എല്ലാറ്റിലും ഗവര്‍ണറെ പഴിചാരി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. താന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ”ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട”, മന്ത്രി പറഞ്ഞു.

🔳മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടി. മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

🔳ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എഡിജിപിമാര്‍ക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. കെ പത്മകുമാര്‍, എസ് ആനന്ദ കൃഷ്ണന്‍, നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമന്‍, അനൂപ് ജോണ്‍ കുരുവിള എന്നിവര്‍ ജനുവരിയില്‍ ഐജിമാരാകും.

🔳വിവാഹ രജിസ്ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്ണ്‍ പി സതീദേവിയുടെ പ്രതികരണം. മതിയായ പക്വതയില്ലാതെ വിവാഹ ജീവിതം തുടങ്ങുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടുന്നുവെന്ന് പി സതീദേവി ചൂണ്ടിക്കാട്ടി.

🔳പിണറായി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണമായും പ്രായോഗികമാണെന്നും, ഇപ്പോഴുള്ള അലൈന്‍മെന്റില്‍ ഏറ്റവും കുറവ് പാരിസ്ഥിതികാഘാതം മാത്രമേ സംഭവിക്കൂ എന്നും കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അഭിമാനപദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന കെ റെയിലിന്റെ സമഗ്രപദ്ധതി രൂപരേഖ വെറും കെട്ടുകഥയാണെന്നും, ഇതിന് സാധ്യതകളില്ലെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അജിത് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

🔳തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

🔳സ്‌കൂളുകള്‍ തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകളില്‍നിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളില്‍നിന്നും പുറത്തുകടക്കാന്‍ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജെന്‍ര്‍ ന്യൂട്രല്‍ യൂണിഫോം ഔപചാരികമായി ഉദ്ഘാടനം ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വാക്കുകള്‍. ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാന്‍ കഴിയുന്ന സാഹചര്യം പെണ്‍കുട്ടികള്‍ക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

🔳ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

🔳പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം.

🔳വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി മൂന്നാര്‍ സമര നായിക ഗോമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പര്‍ട്ടിയെന്ന് ഗോമതി പറഞ്ഞു. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ്ബുക്ക് ലൈവില്‍ പറയുമെന്നും ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!