കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല.

🔳കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല . മന്ത്രി രാജിവയ്ക്കണമെന്നും മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും ചെന്നിത്തല പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണ്. മന്ത്രിക്കെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

🔳കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കാണ് പ്രൊഫ. ബിന്ദു കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.

🔳കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച ആര്‍. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🔳ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും മാറ്റണമെന്ന ശുപാര്‍ശയെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും സര്‍വകലാശാലകളിലെ നിയമനത്തെ ചൊല്ലി നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റണമെന്ന ശുപാര്‍ശയെ നേരത്തെ യുഡിഎഫും പിന്തുണച്ചിരുന്നുവെന്ന് വ്യക്തമാവുന്നത്.

🔳മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉയര്‍ന്ന വാക്സിനേഷന്‍ തോത് വ്യാപനം ചെറുക്കുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. കൊവിഡ് മുന്നണിപോരാളികള്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ഇനിയും വൈകരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

🔳കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവര്‍ക്ക് ഒമിക്രോണ്‍ വകഭേദത്തില്‍നിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. എന്നാല്‍ മറ്റു വകഭേദങ്ങളെക്കാള്‍ ഒമിക്രോണ്‍ അപകടം വിതയ്ക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. എമെര്‍ജിങ് മൈക്രോബ്സ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

🔳സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ അയച്ച ഇവരുടെയടക്കമുള്ള സാമ്പിള്‍ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്.

🔳ഗുരുവായൂരടക്കം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലെ പുതിയ ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുമ്പോള്‍ ആണ് രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് മോദി പറഞ്ഞത്. പുണ്യനഗരങ്ങളുടെ വീണ്ടെടുക്കല്‍ എന്ന വാദം പ്രചാരണ വിഷയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് കൂടുതല്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കുമെന്ന മോദിയുടെ പ്രഖ്യാപനം

🔳കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന പ്രശ്നത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടത് ഗവര്‍ണറും സര്‍ക്കാരുമാണ്. ഗവര്‍ണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടല്‍ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത് അവസരത്തില്‍ എന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.

🔳ചാന്‍സിലര്‍ പദവിയില്‍ ഗവര്‍ണര്‍ തന്നെ വേണമെന്ന് നിയമമില്ലെന്ന് സച്ചിന്‍ദേവ് എംഎല്‍എ. ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ വി പി സാനു രംഗത്ത്. ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സാനു അയ്യോ അച്ഛാ പോകല്ലെയെന്ന് ഗവര്‍ണറോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞു.

🔳പതിമൂന്നാം ദിവസത്തിലേക്കു കടന്ന പി.ജി. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ സ്തംഭിച്ചു. ഒ.പി. എണ്ണം വെട്ടിക്കുറയ്ക്കുകയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കുകയും ചെയ്തു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാനായത്. വെള്ളംപോലും കുടിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയ രോഗികള്‍ പലയിടത്തും പ്രതിഷേധിച്ചു.

🔳പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. തീരുമാനമുണ്ടായില്ലെങ്കില്‍ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കില്‍ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാല്‍ പറഞ്ഞു. പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ചര്‍ച്ച ഇല്ലാത്തത്തില്‍ പ്രതിഷേധം ഉണ്ടെന്നും ഐഎംഎ പറഞ്ഞു.

🔳സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞത്. സമരം ശക്തമായതോടെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലായി. പിജി ഡോക്ടര്‍മാരുടെ സമരം പതിമൂന്നാം ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും സമവായ നീക്കം നടത്തുന്നത്.

🔳കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കേരള ഹൈക്കോടതിയുടെ വിമര്‍ശനം. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ. പിന്നെ എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

🔳തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊതുപരിപാടികളില്‍ പരമാവധി 300 പേരെയും ഹാളുകള്‍ പോലെ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങള്‍ നടത്തുവാനും അനുമതി നല്‍കി. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 200 പേര്‍ക്കും അടഞ്ഞ ഇടങ്ങളില്‍ പരമാവധി 100 പേര്‍ക്കും അനുമതിയെന്ന നിലവിലെ നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

🔳പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്‌കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയില്‍ ഒരുദിവസം നല്‍കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു.

🔳സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട ഭാഗം പിന്‍വലിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട വിവാദമായ ഭാഗമാണ് പാര്‍ലമെന്റിലടക്കം എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സി ബി എസ് ഇ അറിയിച്ചു. സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികള്‍ക്കു മേല്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്. ജമ്മുകശ്മീര്‍ സായുധ പൊലീസിലെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഭീകരാക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ജമ്മു കശ്മീര്‍ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്

🔳ഡിആര്‍ഡിഒ വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ സംവിധാനം ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈല്‍ അധിഷ്ഠിത ടോര്‍പ്പിഡോ ഡെലിവറി സംവിധാനമാണിത്. ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവന്‍ ദൂര ശേഷിയും വിജയകരമായി പ്രദര്‍ശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!