മാനദണ്ഡങ്ങള്‍ മറികടന്നുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി.ഡി. സതീശന്‍

🔳ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നും കാലടി വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണെന്നും ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.

🔳കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒറ്റപേര് മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി നിയമനത്തില്‍ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

🔳വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു തുറന്നുകൊടുക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.

🔳കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനില്‍ സംഘടിപ്പിച്ച മെഗാറാലിയില്‍ രാജ്യത്ത് ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു രാഹുല്‍ പ്രധാനമായും പറഞ്ഞുവച്ചത്. ബിജെപിയെ റാലിയില്‍ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് അവര്‍ അവകാശപ്പെടേണ്ടെന്ന് പറഞ്ഞു. ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വ വാദിയല്ല, ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വവാദിയുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുത്വ വാദികള്‍ അധികാര കൊതിയുള്ളവരാണ്. അധികാരത്തിനായി ആളുകളെ കൊല്ലാന്‍ അവര്‍ക്കേ കഴിയൂ. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സ്വത്ത് മുഴുവന്‍ ചില വ്യവസായികളുടെ കൈയിലേക്ക് എത്തുകയാണെന്ന ആരോപണം രാഹുല്‍ ആവര്‍ത്തിച്ചു.

🔳അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കവേ ജയ്പൂരില്‍ നടത്തിയ കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പ്രിയങ്കയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചു. കേന്ദ്രനയം കര്‍ഷകവിരുദ്ധമാണ്. എഴുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയതെല്ലാം ബിജെപി വില്‍ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

🔳കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനാ നേതാക്കളെ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ന് ആദരിക്കും. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കര്‍ഷക സംഘടനകള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സമിതി അറിയിച്ചു. അതേസമയം കര്‍ഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 17ന് തമിഴ്നാട്ടിലും 19ന് മഹാരാഷ്ട്രയിലെ വാര്‍ധയിലും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.

🔳രണ്ടുഡോസ് കോവിഡ് വാക്സിനുമെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോണ്‍ ബാധയില്‍നിന്ന് രക്ഷയേകുമെന്നും വിദഗ്ധര്‍. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് അധികഡോസ് വാക്സിന്‍ നല്‍കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.

🔳രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയര്‍ന്നു. ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ ഇന്നലെ പുതിയ ഓരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നത്. കേരളത്തിലും, ചണ്ഡീഗഡിലും, ആന്ധ്രപ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.

🔳കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്ക്. തിരുവനന്തുപരം രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്നും അബുദാബിയില്‍ എത്തിയ യാത്രക്കാരന്‍ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്. ഇദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് നിലവില്‍ നിരീക്ഷണത്തിലാണ്.

🔳സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു.

🔳പി.ജി. ഡോക്ടര്‍മാര്‍ക്കു പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ സ്തംഭനത്തിലേക്ക്. പി.ജി. ഡോക്ടര്‍മാര്‍ നാലാംദിവസവും
അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. ഹൗസ് സര്‍ജന്മാര്‍ ഇന്ന് രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പി.ജി. ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

🔳ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

🔳പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന പരിപാടികളില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയില്‍ അഭിരമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിലവര്‍ധനവിന് പ്രധാനകാരണമായ ഇടനിലക്കാരുടെ അനാവശ്യ ഇടപെടല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳കോഴിക്കോട് നടത്തിയത് വഖഫ് സമര പ്രഖ്യാപനമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കും. വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സലാം പറഞ്ഞു.

🔳വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ചെത്തുകാരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം’ എന്ന ലീഗ് അണികളുടെ മുദ്രവാക്യം വിളി പരാമര്‍ശിച്ച പിണറായി തന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചു. ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും കോഴിക്കോട് മറ്റ് പലതും പറഞ്ഞുവെന്നും അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്നും പിണറായി പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആള്‍ക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവര്‍ത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳മൊഫിയ കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആര്‍.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

🔳സപ്ലൈകോ കഴിഞ്ഞ ദിവസം കൂട്ടിയ ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. 13 ഉത്പന്നങ്ങള്‍ക്ക് 6 വര്‍ഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. 35 ഇനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്‍പയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ക്ക് വില കുറച്ചുവെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.

🔳സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. ജനാഭിമുഖ കുര്‍ബ്ബാന അംഗീകരിക്കാത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിപാടികളില്‍ ബഹിഷ്‌കരിക്കുമെന്ന് വിമതവിഭാഗം അറിയിച്ചു. ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് തടസം നില്‍ക്കുന്ന കര്‍ദ്ദിനാള്‍ വിഭാഗത്തിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന വിമത വിഭാഗമായ അല്‍മായ മുന്നേറ്റത്തിന്റെ കൊച്ചി കലൂരിലെ യോഗത്തിലാണ് തീരുമാനം. വൈദികരും വിശ്വാസികളും പങ്കെടുത്ത യോഗത്തിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മാര്‍പ്പാപ്പയുടെ നിലപാടിനെ അംഗീകരിക്കുമെന്നും അവര്‍ അറിയിച്ചു.

🔳എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം ഇന്ന് അര്‍ധ രാത്രി മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. ശനിയാഴ്ച വരെയാണ് പാലം പൂര്‍ണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാല്‍നട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!