സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്ന്‌ കെ സുധാകരന്‍ എംപി

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്ന്‌ കെ സുധാകരന്‍ എംപി

🔳കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്നും പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ സുധാകരന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. കെ റെയിലില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു.

🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവന്‍മാരും സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

🔳ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, എന്നിവരുടേതുള്‍പ്പെടെ നാല് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്. ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ ഇന്ന് വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്.

🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. വിശദമായ ഡിഎന്‍എ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. സംസ്‌കാരത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

🔳കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ് ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഡോക്ടര്‍മാര്‍.

🔳സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.

🔳അന്തിമവിജയം കര്‍ഷകരുടെ സമരവീര്യത്തിനുതന്നെ. ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരത്തിന് പര്യവസാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകള്‍ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

🔳ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ പടരുന്നതിനാല്‍ ആഗോള സാഹചര്യം പരിഗണിച്ചാണ് നടപടി.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായി അറിയിപ്പ് നല്‍കാത്തതിനെതിരെയും രാത്രി തുറക്കുന്നതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് എം എം മണി എം എല്‍ എ പറഞ്ഞു. മര്യാദക്ക് മുന്നറിയിപ്പ് നല്‍കി പകല്‍ ഡാം തുറന്നു വിടുകയാണ് തമിഴ്നാട് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു.

🔳മുല്ലപ്പെരിയാറില്‍ മരംമുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. റിവ്യൂ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ തുടരേണ്ടതില്ല എന്നാണ് ശുപാര്‍ശ. ഇതനുസരിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാറില്‍ ഇനി തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിര്‍ദേശമുണ്ട്. മരം മുറിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

🔳വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി. വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

🔳സംസ്ഥാനത്ത് 79 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നേരത്ത 71 ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സയന്‍സില്‍ 20 ബാച്ച് അധികം അനുവദിച്ചു. സ്‌കൂളുകളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. 2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.

🔳സമരം ചെയ്താല്‍ കര്‍ശന നടപടിയെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് തള്ളി ഇന്ന് മുതല്‍ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരത്തിനുറച്ച് പി ജി ഡോക്ടര്‍മാര്‍. ഇതിനിടെ കോഴിക്കോടും, തൃശൂരും സമരം ചെയ്യുന്നവരെ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരം തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

🔳പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടര്‍മാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം. പ്രധാന ആവശ്യത്തില്‍ തീരുമാനമായതിനാല്‍ പി.ജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചേക്കുമെന്നാണ് കരുതുന്നത്.

🔳കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌ക്കരണത്തില്‍ ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്‌കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസ്സ് പിന്നിട്ട ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് 5 വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപ ആക്കി ഉയര്‍ത്തുമെന്ന് മന്ത്രി അറിയിച്ചു. 2022 ജനുവരി മാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കിത്തുടങ്ങും.

🔳പറവൂര്‍ മണ്ഡലത്തിലെ ഡി.എല്‍.പി. ബോര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനെ നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു, മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എല്‍.പി. ബോര്‍ഡുകള്‍.

🔳ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനില്‍ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. ‘തരംതാണ ഭാഷാപ്രയോഗം’ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേരള പൊലീസ് അക്കാദമിയിലെ പരിശീലനാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളില്‍ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത്, അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിര്‍ത്തണമെന്നും പൊലീസ് പ്രൊഫഷണലിസം പ്രാവര്‍ത്തികമാക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳പ്രമുഖ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ പുറത്തെത്തി. രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും.

🔳ചുവപ്പ് തൊപ്പിയിട്ടവര്‍ക്ക് അധികാരക്കൊതി മാത്രമാണെന്നും, അഴിമതി നടത്താനും തീവ്രവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുമാണ് ഇവര്‍ അധികാരം ഉപയോഗിക്കുന്നതെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. ചുവപ്പ് വിപ്ലവത്തിന്റെയും, വികാരങ്ങളുടെയും, മാറ്റത്തിന്റെയും നിറമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വികാരങ്ങള്‍ തിരിച്ചറിയാന്‍ ബിജെപിക്ക് കഴിയില്ല. ഉത്തര്‍പ്രദേശില്‍ ഇത്തവണ മാറ്റം സംഭവിക്കാന്‍ പോവുകയാണെന്ന് അവര്‍ക്ക് അറിയാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

🔳നഗരത്തിലെ മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലകള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി. അടുത്തിയിടെ, കോര്‍പ്പറേഷന്‍ ചില സ്റ്റാളുകള്‍ പൂട്ടിച്ചതും പിടിച്ചെടുത്തതും സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബൈരന്‍ വൈഷ്ണവ് കടുത്ത ഭാഷയില്‍ നടപടിയെ വിമര്‍ശിച്ചത്. ഒരാള്‍ അവരുടെ വീടിന് പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുമോയെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ല, അത് നിങ്ങളുടെ വീക്ഷണമാണ്. ഞാന്‍ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? കോടതി ചോദ്യമുന്നയിച്ചു.

🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കണക്കുകള്‍. ഒക്ടോബര്‍ 31 വരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എടുത്തിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പുറത്ത് വിട്ടത്. രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷണ്‍മുഖം രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.

🔳ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റേതാണ് തീരുമാനം. യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ഷാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ ഷാര്‍ജ ഭരണകൂടം വെള്ളിയാഴ്ച മുഴുവന്‍ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!