രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.

രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.

🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടം ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് ഓരോ ശ്വാസത്തിലും രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ പടത്തലവനെ. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്റെ മടക്ക യാത്ര.

🔳ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമുഖമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിള്‍സില്‍ സെക്കന്റ് ലെഫ്നന്റായി തുടക്കം. കരസേനയില്‍ ലെഫ് ജനറലായിരുന്ന അച്ഛന്‍ ലക്ഷ്മണ സിംഗിന്റെ അതേ യൂണിറ്റില്‍ നിന്നു തന്നെയായിരുന്നു റാവത്തിന്റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് ഉയര്‍ച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നന്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങള്‍ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.

🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും അദ്ദേഹത്തിന്റെ പത്നിയടക്കമുള്ളവര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു.

🔳അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ദില്ലിയിലേക്ക് കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും.

🔳സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസി. വാറന്റ് ഓഫീസര്‍ എ പ്രദീപ് ആണ് മരിച്ചത്. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്.

🔳ലോകത്തിന് ആശ്വാസമായി ഒമിക്രോണ്‍ വൈറസിന്റെ പ്രാഥമിക പരീക്ഷണ ഫലങ്ങള്‍ പുറത്തുവന്നു. സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം അനുസരിച്ച് ഒമിക്രോണ്‍ വൈറസിന്റെ മരണനിരക്ക് ഡെല്‍റ്റ വകഭേദത്തെക്കാള്‍ കുറവാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഓക്സിജന്‍ നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം മുന്‍ വകഭേദങ്ങളെക്കാള്‍ കുറവാണെന്നും പഠനം പറയുന്നു. ഭൂരിപക്ഷം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുന്നത്. ഒമിക്രോണ്‍ വൈറസിനെതിരെ ഇപ്പോഴുള്ള വാക്‌സിനുകള്‍ പൂര്‍ണ്ണ പരാജയം ആകില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.

🔳രാജ്യത്തെ ദേശീയ വരുമാനത്തിന്റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനം ആളുകളിലെന്ന് റിപ്പോര്‍ട്ട്. ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും പിന്നിലുള്ള ആളുകള്‍ സമ്പാദിക്കുന്നതിനേക്കാള്‍ 20 ശതമാനത്തോളം അധികമാണ് രാജ്യത്തെ സമ്പന്നരുടെ പക്കലുള്ളതെന്നും ആഗോള അസമത്വ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

🔳രാജ്യത്തെ ഭിക്ഷാടകരെ കേന്ദ്രസര്‍ക്കാര്‍ പുനരധിവസിപ്പിക്കും. അഞ്ച് വര്‍ഷം കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ് ശ്രമം. 2025-26 ആകുമ്പോഴേക്കും സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്റിവിജ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്റ് എന്റര്‍പ്രൈസ് സ്‌കീം വഴി പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങാണ് ലോക്സഭയില്‍ രാജ്യത്തെ ഭിക്ഷാടകരില്ലാത്ത ഇടമാക്കി മാറ്റാനുള്ള പദ്ധതിയെ പറ്റി പറഞ്ഞത്. രാജ്യത്തെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സര്‍ക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. സ്മൈല്‍ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.

🔳സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താനാകും. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കെ റെയില്‍ വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

🔳കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രതികരണമാണ് എംഎസ്എഫ് നേതാവിനെ പ്രകോപിപ്പിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാര്‍കാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്നാണ് ഫാത്തിമ തഹ്ലിയ ആരോപിക്കുന്നത്.

🔳ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്താനിരുന്നത്. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച തീരുമാനിച്ചത്.

🔳മേയര്‍ എന്ന നിലയില്‍ അര്‍ഹമായ പരിഗണനയും ആദരവും കിട്ടുന്നില്ലെന്ന ആരോപണവുമായി വീണ്ടും തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്. ഇത്തവണ ബോര്‍ഡില്‍ ഫോട്ടോ ചെറുതായെന്ന് പറഞ്ഞാണ് പുങ്കുന്നം സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് മേയര്‍ ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അര്‍ഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്നും എംകെ വര്‍ഗീസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് സല്യൂട്ട് നല്‍കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന മേയര്‍ വര്‍ഗ്ഗീസിന്റെ പരാതി നേരത്തെ വലിയ വിവാദമായിരുന്നു.

🔳ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമപതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിജയകരമായ പരീക്ഷണം നടന്നത്. സൂപ്പര്‍സോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെ-ഐയില്‍ നിന്ന് ആണ് പരീക്ഷണം നടത്തിയത്. വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പാത പിന്തുടര്‍ന്നു കൊണ്ട് എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി.

🔳രാജ്യത്ത് ഹിന്ദു മുസ്ലിം വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഐഎഎന്‍എസ് സി വോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്. ഡിസംബര്‍ 5 ന് നടത്തിയ സര്‍വേയിലാണ് മത വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമത്തിന് വലിയ പങ്കുണ്ടെന്ന് ആളുകള്‍ പ്രതികരിച്ചത്.

🔳ആഗോളതാപനം കടല്‍പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതായി പഠനങ്ങള്‍. പ്രതികൂല കാലാവസ്ഥ, പ്രത്യുത്പാദന ശേഷിയില്ലായ്മ, ചൂട്, ഭക്ഷ്യദൗര്‍ലഭ്യം എന്നിവ ഇവയുടെ അംഗസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹവായിയന്‍ ദ്വീപുകളില്‍ നിന്നു ആല്‍ബട്രോസ്സുകളുടെ വലിയൊരളവിനെയും തുടച്ചു നീക്കി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!