ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ്  മകളുടെ മുന്നില്‍ വച്ച്‌ പിതാവിനെ എസ് ഐ കരണത്തടിച്ചതായി  പരാതി

ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് മകളുടെ മുന്നില്‍ വച്ച്‌ പിതാവിനെ എസ് ഐ കരണത്തടിച്ചതായി പരാതി

തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലാണ് സംഭവം. തെലങ്കാന സ്വദേശി ശ്രീനിവാസിന്റെ കരണത്താണ് എസ് ഐ അടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നതിനായി എട്ടു വയസ്സുകാരി മകള്‍ക്കൊപ്പം മാര്‍ക്കെറ്റില്‍ എത്തിയതായിരുന്നു പിതാവ്. ആളുകള്‍ ഹെല്‍മെറ്റ്, മാസ്‌ക് എന്നിവ ധരിക്കുന്നത് ഉറപ്പുവരുത്താന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായ സബ് ഇന്‍സ്പെക്ടര്‍ മുനീറുല്ല ആണ് കഥയിലെ വില്ലന്‍.

ഹെല്‍മറ്റ് ധരിക്കാതെ ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാന്‍ പോയതു കണ്ട കോണ്‍സ്റ്റബിള്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ഈ സമയം അവിടെ എത്തിയ എസ് ഐ വിഷയത്തില്‍ ഇടപെടുകയും മകളുടെ മുന്‍പില്‍ വച്ചു ശ്രീനിവാസിന്റെ കരണത്തടിക്കുകയും ചെയ്തു എന്നാണ് പരാതി.

‘നിങ്ങള്‍ക്ക് എന്റെ പേരില്‍ ചലാന്‍ അടിക്കാം, പിഴയും ഈടാക്കാം. പക്ഷെ എന്തിനാണ് കരണത്തടിച്ചത്?’ എന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ ശ്രീനിവാസ് ചോദിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച്‌ ശ്രീനിവാസിന്റെ മകള്‍ പറയുന്നത്…

‘ഹെല്‍മറ്റ് ധരിക്കാത്തതില്‍ അച്ഛനെ പൊലീസ് വഴക്കുപറഞ്ഞു. ഇതിനു ശേഷം ബൈക്കിന്റെ താക്കോല്‍ പൊലീസ് പിടിച്ചുവാങ്ങി. അച്ഛന്‍ അത് ചോദ്യം ചെയ്തു. അപ്പോള്‍ എസ്‌ഐ അച്ഛന്റെ കരണത്തടിക്കുകയായിരുന്നു. ഇതാണ് സംഭവിച്ചത്. വല്ലാതെ ഭയം തോന്നി..’ എന്നും മകള്‍ പറഞ്ഞു.

ശ്രീനിവാസിനെ മകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയോട് സംസാരിച്ച ശ്രീനിവാസ് തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംഭവം വിശദീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് പെണ്‍കുട്ടി വിഷമിച്ചു കരയുന്നത്. കുട്ടിയെ ആശ്വസിപ്പിച്ച ശ്രീനിവാസ് ‘നമ്മുടെ ഭാഗത്ത് തെറ്റില്ല’ എന്നും പറയുന്നു.

അതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ മുനീറുല്ലയെ ശ്രീനിവാസ് ചീത്ത വിളിച്ചെന്ന വാദമാണ് ജില്ലാ പൊലീസ് ഇന്‍ ചാര്‍ജ് കോട്ടി റെഡ്ഡി പറയുന്നത്. എന്നാല്‍ ശ്രീനിവാസിനെ പൊലീസ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!