വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ശിവന്‍കുട്ടി.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ശിവന്‍കുട്ടി.

🔳ഇതുവരെയും കൊവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ കണക്ക് പറയും. ഇന്നലെ ഉച്ചയ്ക്ക് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇന്നലെ വൈകിട്ടോടെ അറിയിച്ചു. വാക്സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.

🔳ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳ഒമിക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്സീനെ ബൂസറ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു.

🔳രാജ്യത്ത് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച കര്‍ണാടകയില്‍ നിന്ന് കൊവിഡ്-19 ന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ രണ്ട് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 24-ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ കേസ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ പഞ്ചാബില്‍ മരണപ്പെട്ട 400ലേറെ കര്‍ഷകരുടെ വിവരങ്ങളും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200ലേറെ കര്‍ഷകരുടെ കണക്കുകളും രാഹുല്‍ വിശദീകരിച്ചു. ഈ വിവരങ്ങളെല്ലാം പൊതുമധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ലോക്‌സഭയില്‍ ഈ വിവരങ്ങള്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു.

🔳രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വാക്കുകള്‍.

🔳തിരുവല്ല പെരിങ്ങരിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് സന്ദീപിനോടുള്ള മുന്‍ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നേരത്തെയുള്ള പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞിരുന്നു. അറസ്റ്റിലായരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി വാദം.

🔳സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

🔳പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

🔳പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയും പങ്കെടുക്കും. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.

🔳സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. മാവോയിസ്റ്റുകളെ വേട്ടയാടാനായി യുഎപിഎ ദുരുപയോഗം ചെയ്യുകയും മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് നടപടി പൈശാചികമാണ്. കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി ആഘാതത്തില്‍ വിശദ ചര്‍ച്ച വേണം. എഐവൈഎഫിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ തടസപ്പെടുത്തുന്നുവെന്നും സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.

🔳ഇടുക്കി ഡാം തുറന്നതിലൂടെ കെഎസ്ഇബിക്ക് ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്ന വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരുമാസത്തിനിടെ മൂന്ന് തവണയാണ് ഇത്തവണ ഇടുക്കി ഡാം തുറന്നത്.

🔳പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. പാലക്കാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കോഴ്സ് നടത്താനുള്ള അനുമതി പിന്‍വലിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പുനര്‍വിന്യാസം നടത്തിയവരാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ഫീസ് സര്‍ക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വര്‍ഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നേരത്ത അടച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്.

🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ പുരിയില്‍ ജവാദ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴയുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

🔳ഒമിക്രോണ്‍ ഭീഷണിയെ നേരിടാന്‍ കര്‍ശന നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകള്‍ കൂടിചേരാന്‍ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!