കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

🔳കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകനിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത്തരം മരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.

🔳കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

🔳ഭീഷണിയും സമ്മര്‍ദ്ദവും ശല്യവും ഇല്ലാതെ എത്ര സാക്ഷികള്‍ക്കു കോടിതിയിലെത്തി മൊഴി നല്‍കാന്‍ കഴിയുന്നുണ്ടെന്ന് സുപ്രീം കോടതി. ഭയത്തെ തുടര്‍ന്നു സാക്ഷി കൂറു മാറിയെന്നുവെച്ച് പ്രസ്തുത മൊഴികള്‍ തള്ളിക്കളയേണ്ടതില്ലെന്നും വിചാരണ കോടതികള്‍ അതു സൂക്ഷ്മമമായി വിലയിരുത്തണമെന്നും കൊള്ളാവുന്ന മൊഴി സ്വീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഗ്രാമങ്ങളില്‍നിന്ന് എത്തുന്ന ദുര്‍ബലരെയാണ് ധനാഢ്യരും സ്വാധീനവുമുള്ള പ്രതികളും ഭീഷണിപ്പെടുത്തി പലതും നേടുന്നതെന്നും ഈ സാക്ഷികളെ സംരക്ഷിച്ചാല്‍ മാത്രമേ ഭരണഘടനാ തത്വങ്ങളും മൗലികാവകാശങ്ങളും മൂല്യമുള്ളതാകൂ എന്നും സുപ്രീം കോടതി പറഞ്ഞു.

🔳വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 101 രൂപയാണ് കൊച്ചിയില്‍ കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ദില്ലിയില്‍ ഇത് 2101 രൂപയും, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,233 രൂപയുമായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.

🔳രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടിയതിന് പിന്നാലെ സിഎന്‍ജിയ്ക്കും വില കൂട്ടി കേന്ദ്രം. ഒരു കിലോ സി എന്‍ജിയ്ക്ക് 57.54 രൂപയില്‍ നിന്നും 61.50 രൂപയായാണ് ഉയര്‍ത്തിയത്. രാജ്യത്ത് പെട്രോളും ഡീസലും വിലവര്‍ധനയില്‍ മത്സരിക്കുമ്പോഴാണ് ഇരുട്ടടിയായി വാണിജ്യ സിലിണ്ടറുകള്‍ക്കും പിന്നാലെ സിഎന്‍ജി വിലയും കുത്തനെ കൂട്ടിയത്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സിഎന്‍ജി വില വര്‍ദ്ധിപ്പിക്കുന്നത്.

🔳കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്ക് എതിരെയും കേസിന് സാധ്യത. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ മയക്കുമരുന്ന് സംഘംചേര്‍ന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണിത്. ഇവ ലഹരിപ്പാര്‍ട്ടികളെന്ന് സൈജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടുകയാണ്.

🔳തൃക്കാക്കര നഗരസഭയില്‍ ഇന്നലെയുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. സി പി ഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം ജെ ഡിക്സന്‍ , കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ നല്‍കിയ പരാതിയിലാണ് എം ജെ ഡിക്സനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിപിഎം കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ആണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജുവിനെ അറസ്റ്റ് ചെയ്തത്.

🔳പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ്. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടത്.

🔳മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളി അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അനിത പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!