സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുന്‍പെ തൊട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

🔳ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടന്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേല്‍ രാജ്യാതിര്‍ത്തികള്‍ അടച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയില്‍ രണ്ടുപേരിലും ഇറ്റലിയില്‍ ഒരാളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്.

🔳ഒമിക്രോണ്‍ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവര്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം ഉള്‍പ്പെടുത്തണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.

🔳കൊവിഡിന്റെ ഒമിക്രോണ്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുള്ളു. നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും. കപ്പല്‍ മാര്‍ഗം എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. നിബന്ധനകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

🔳ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.

🔳വിവാദ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിന്‍വലിക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെറിയൊരു ശതമാനമാണ് നിയമങ്ങളെ എതിര്‍ത്തതെന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷ നിരയില്‍ ഭിന്നത ദൃശ്യമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ച യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും. കോണ്‍ഗ്രസിന് എല്ലാ പാര്‍ട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്നാണ് തൃണമൂല്‍ നിലപാട്.

🔳പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പരാമര്‍ശം. കുലം കുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമര്‍ശം. 2016ലും 2021ലും വീണാ ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്ററി മോഹമുള്ളവരാണെന്നാണ് ഉദയഭാനുവിന്റെ ആക്ഷേപം.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്റെ നടപടിയെയും വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താല്‍ സര്‍വകലാശാലാ ബിരുദം തിരിച്ചെടുക്കുന്ന നിയമം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

🔳മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി, വിതരണ കമ്പനികള്‍ തന്നെ മൂന്‍കൂര്‍ വഹിക്കണമെന്ന ബെവ്കോയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. പുതിയ തീരുമാനം ചെറിയ കമ്പനികളെ , കേരള വിപണിയില്‍ നിന്ന് അകറ്റുമന്നും കുത്തക കമ്പനികള്‍ മദ്യവില്‍പ്പന കയ്യടക്കമെന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ വിതരണ കമ്പനികളുടെ യോഗത്തില്‍ വച്ച നിര്‍ദ്ദേശം മാത്രമാണിതെന്നും, ഉത്തരവിറക്കിയിട്ടില്ലെന്നും ബെവ്കോ വിശദീകരിച്ചു

🔳പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത പുരാവസ്തുക്കള്‍ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. താളിയോലകള്‍ക്ക് മൂല്യമില്ല. തംബുരു, വിളക്ക്, ഓട്ട് പാത്രങ്ങള്‍ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

🔳കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി.

🔳വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബെയാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കള്‍ ചൈന കൈക്കലാക്കി. ഒരു വര്‍ഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!