കുര്‍ബാന ഏകീകരണം: സിറോ മലബാര്‍ സഭയില്‍ ഭിന്നത രൂക്ഷം.

കുര്‍ബാന ഏകീകരണം: സിറോ മലബാര്‍ സഭയില്‍ ഭിന്നത രൂക്ഷം.

🔳കുര്‍ബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ന് മുതല്‍ പുതുക്കിയ കുര്‍ബാന തന്നെയാകുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കര്‍ദ്ദിനാള്‍ വ്യക്തമാക്കി. എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടില്‍ രാവിലെ പത്ത് മണിക്ക് പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുര്‍ബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

🔳കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

🔳കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും. നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ ഉറപ്പുനല്‍കി. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനികള്‍ ശേഖരിച്ചുവരികയാണ്.

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്സഭയിലെത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്‍ അവതരിപ്പിക്കുമെന്ന് അജണ്ടയില്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് ശേഷം ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിര്‍ക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. അതേസമയം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

🔳കര്‍ഷക സമരത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല.

🔳നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന ഒരു യോഗത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

🔳ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ദാരിദ്യ സൂചിക പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയപ്പോരും കനക്കുന്നു. നീതി ആയോഗിന്റെ ദാരിദ്യ സൂചിക സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. 2015-16ലെ ദേശീയ കുടുംബാരോഗ്യസര്‍വ്വയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് എങ്ങനെ പിണറായി സര്‍ക്കാരിന്റെ നേട്ടമാകുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് നിരത്തി ചോദിക്കുന്നത്. 2015-16 കാലഘട്ടത്തില്‍ കേരളം ആരായിരുന്നു ഭരിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും നേട്ടം കോണ്‍ഗ്രസിന്റെതാണെന്ന കണക്കുകളുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ രാഷ്ട്രീയപ്പോര് കടുക്കുകയാണ്.

🔳തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍, അതേ തീരുമാനം തന്നെ തൃശൂര്‍ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇതംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

🔳സസ്‌പെന്‍ഷനിലായ സിഐ സുധീറിനെ സംരക്ഷിച്ചത് സിപിഎം ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ് സുധീറിന് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. മൊഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

🔳സിപിഐ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രതിനിധിയെ പുറത്താക്കി. തൃശൂരില്‍ നടന്ന കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം.

🔳സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഴിഞ്ഞത്ത് സ്ത്രീകള്‍ വൃക്ക വില്‍ക്കുന്നുവെന്ന മാധ്യമ വാര്‍ത്തയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാമെഡിക്കല്‍ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വാടക വീടുകളില്‍ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

🔳അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും കുടുബംങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചവരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!