കേരളം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത്: രമേശ് ചെന്നിത്തല.

കേരളം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത്: രമേശ് ചെന്നിത്തല.

🔳കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

🔳രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും കേരളത്തിന്റെ നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

🔳ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

🔳ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

🔳പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ,ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പ്രവേശന വിലക്ക്.

🔳കൊവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം. കൂടുതല്‍ രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞു. ഉല്‍പ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴാതെ നിലനിര്‍ത്തിയ ഒപെക് രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ കൊവിഡ് ഭീതി ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് കാരണം.

🔳കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങു വില നിശ്ചയിച്ച് നിയമനിര്‍മ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും നിയമനിര്‍മ്മാണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ഖട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.താങ്ങു വില ഉറപ്പാക്കിയുള്ള നിയമനിര്‍മ്മാണം സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്ന് ഖട്ടര്‍ പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്നതാണ് കര്‍ഷകരുടെ നിലപാട്. കൃഷി ചെലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

🔳സഹകരണ സംഘങ്ങള്‍ക്ക് എതിരായ നീക്കത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ പത്രപരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

🔳ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം. ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ നടപടിയെടുക്കാന്‍ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് കീഴെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിനായിരുന്നു ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തത്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, എന്തിനാണ് സസ്പെന്‍ഷന്‍ എന്നതിന് കൃത്യമായി വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് എ കെ മൊഹന്തി, കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

🔳കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ പാര്‍ട്ടി ഏരിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരങ്ങളില്‍ കേന്ദ്രം കടന്നുകയറുന്നു, സഹകരണ മേഖലയെ തകര്‍ക്കുന്നു, പൊതുമേഖലയെ ഇല്ലാതാക്കി തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തൊടുത്തുവിട്ടത്. ആസൂത്രണ കമ്മീഷന്‍ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും പറയാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍സിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയേയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു. വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണമെന്നും ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും ഉന്നത ഉദ്യോഗസ്ഥരുടെ ബാധ്യതയല്ല എന്ന വിചിത്ര ഉത്തരവുമായി പൊതുഭരണ സെക്രട്ടറി. കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും സെക്ഷന്‍ ഓഫീസറുടേയും അസിസ്റ്റന്റിന്റേയും ഉത്തരവാദിത്തമെന്നും വീഴ്ച വന്നാല്‍ ഓഫീസറേയും അസിസ്റ്റന്റിനേയും സസ്പെന്‍ഡ് ചെയ്യുമെന്നും പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🔳ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന.

🔳നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ വടകര റസ്റ്റ് ഹൗസില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

🔳കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും ധനസഹായവും നല്‍കാന്‍ തീരുമാനം. കഴിഞ്ഞ മാസം 25ന് വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജോ എന്ന രാമുവിനാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുക. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള – കര്‍ണാടക – തമിഴ്നാട് അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന സായുധരായ മാവോയിസ്റ്റുകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ വെച്ചിരിക്കുന്നത് വന്‍ വാഗ്ദാനങ്ങളാണ്. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകള്‍ക്കും വീട്, തൊഴിലവസരം, എന്നിവയ്ക്ക് ഒപ്പം ധനസഹായവും നല്‍കും. ഇവരുടെ കേസുകളില്‍ സര്‍ക്കാര്‍ ഉദാര സമീപനവും കാട്ടും. 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്.

🔳എറണാകുളം അങ്കമാലി അതിരൂപതയില്‍ എകീകൃത കുര്‍ബാന ക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി.മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ ആണ് നിലവിലുള്ള രീതി തുടരാന്‍ അനുമതി ലഭിച്ചത്. വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കി.

🔳സിറോ മലബാര്‍ സഭയിലെ ‘ഏകീകരിച്ച കുര്‍ബാന ക്രമം സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയിലിന്റെ അവകാശവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി. എന്നാല്‍ വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഏകീകൃത കുര്‍ബാനയെന്ന സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നെന്നും അദ്ദേഹം അറിയിച്ചു.

🔳തൃശൂര്‍ അതിരൂപതയില്‍ നാളെ മുതല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കണമെന്ന് സര്‍ക്കുലര്‍. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. പാലക്കാട് രൂപതയിലും പുതിയ ആരാധനാ ക്രമം പാലിക്കാന്‍ സര്‍ക്കുലറിറക്കി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തന്‍ വികാരിയുടെ സര്‍ക്കുലര്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഈ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും മാര്‍ ആഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നല്‍കിയിട്ടില്ലെന്നും അത്തരം അറിയിപ്പ് വത്തിക്കാന്‍ നല്‍കിയില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

🔳ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് നിയോഗിച്ച് പാര്‍ട്ടി ഒതുക്കിയതാണെന്ന വാദം തള്ളി പി. ജയരാജന്‍. അഭിമാനത്തോടെയാണ് ഈ പദവി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയരാജന്‍ ആരോപണം നിഷേധിച്ചത്.

🔳സ്വപ്ന സുരേഷിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

🔳പോലീസിനെതിരേ മുന്‍പുണ്ടായ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും ഉണ്ടാവുമായിരുന്നില്ലെന്ന് ഹൈക്കോടതി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന്റെ വീഴ്ച കാരണം നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരോക്ഷ വിമര്‍ശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!