വഴിയില്‍ പ്രകടനവും പ്രതിഷേധവും വേണ്ടെന്ന് പാര്‍ട്ടികളോട് ഹൈക്കോടതി

വഴിയില്‍ പ്രകടനവും പ്രതിഷേധവും വേണ്ടെന്ന് പാര്‍ട്ടികളോട് ഹൈക്കോടതി

പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന് ഹൈക്കോടതി. മുമ്പും ഇതുപോലെയുള്ള വിധികള്‍ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വേണ്ടവണ്ണം നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഹൈക്കോടതി വീണ്ടും ഈ കാര്യത്തില്‍ ഇടപെട്ടിരിക്കയാണ്.

സംഘടനകളും പാര്‍ട്ടികളും റോഡും നടപ്പാതയും കൈയേറുന്നത് അനുവദിക്കരുതെന്നാണ് കോടതി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ നടപ്പാതകളില്‍ പരവതാനി വിരിച്ച് കസേരകളിട്ടിരുന്നാണ് പ്രതിഷേധിക്കുന്നത്. തന്മൂലം കാല്‍നട യാത്രക്കാര്‍ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഇനി ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധിച്ചിരിക്കുന്നത്.

പാതയോരത്തുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കണമെന്ന് സുപ്രീംകോടതി മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും ഇപ്പോള്‍ നടപ്പാത വഴിയുള്ള നടത്തം ദുഷ്‌കരമാണ്. കാരണം, കടക്കാരുടെ വില്പന സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നടപ്പാതയിലാണ്.

പൊതുവഴിയില്‍ പ്രകടനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിയമം സംസ്ഥാനത്ത് നിലവിലുണ്ട്. അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ റോഡിലൂടെ ഇപ്പോഴും പ്രകടങ്ങള്‍ നടത്തുന്നത്. അതോടൊപ്പം തന്നെ കച്ചവടക്കാര്‍ നടപ്പാതയും കൈയേറുന്നു. റോഡ് തിങ്ങിനിറഞ്ഞുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയില്‍ പെട്ട് ആംബുലന്‍സുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്. രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് പായുന്ന വേളയിലാണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും.

ആത്മീയസംഘടനകളുടെ പെരുന്നാളുകളും ഉത്സവങ്ങളും സുവിശേഷ ജാഥകളുമൊക്കെ പെരുവഴിയില്‍ തീര്‍ക്കുന്ന ഗതാഗതക്കുരുക്ക് ചില്ലറയല്ല. ദൈവത്തിന്റെ പേരില്‍ യാത്രക്കാരെ പെരുവഴിയില്‍ ഇട്ട് കഷ്ടപ്പെടുത്തുന്ന റോഡിലെ ‘ആത്മീയ സമ്മേളനങ്ങളും’ നിരോധിക്കേണ്ടതാണ്. വികസിതരാജ്യങ്ങളിലും ഇതൊക്കെ നടത്താം. പക്ഷേ അത് ഇന്‍ഡോറിലായിരിക്കണമെന്ന് മാത്രം. അതുകൊണ്ടാണ് വികസിതരാജ്യങ്ങളില്‍ പതിനായിരക്കണക്കിന് ആള്‍ക്കാരെ കൊള്ളുന്ന ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ പണിതിരിക്കുന്നത്. ശബ്ദം പുറത്തുവരില്ല, മാര്‍ഗ്ഗതടസ്സവും ഉണ്ടാവില്ല. ദൈവത്തിന്റെ പേരില്‍ തെരുവില്‍ നടത്തുന്നത് മുഴുവന്‍ കോമാളിത്തരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!