അന്താരാഷ്ട്ര വിമാന സർവ്വീസുകൾ സാധാരണ നിലയിലേക്ക് ; ഡിസംബർ 15 മുതൽ സർവ്വീസുകൾ പുനരാരംഭിക്കും

അന്താരാഷ്ട്ര വിമാന സർവ്വീസുകൾ സാധാരണ നിലയിലേക്ക് ; ഡിസംബർ 15 മുതൽ സർവ്വീസുകൾ പുനരാരംഭിക്കും

🔳അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍. അതേസമയം 14 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക. രാജ്യങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍ 14 രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കില്ല. യു.കെ, ഫ്രാന്‍സ്, ജര്‍മനി, സൗത്ത് ആഫ്രിക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ നടത്തുന്ന എയര്‍ ബബിള്‍ സംവിധാനത്തില്‍ സര്‍വീസ് തുടരും.

🔳ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. തങ്ങള്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ഇന്ത്യയെ നിര്‍ബന്ധിക്കുന്ന വികസിത രാജ്യങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊളോണിയല്‍ ചിന്താഗതി ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങള്‍, അവരെങ്ങനെയാണോ ഈ നേട്ടം സ്വന്തമാക്കിയത് ആ പാത വികസ്വര രാജ്യങ്ങള്‍ക്ക് നിഷേധിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 1850 മുതല്‍ ഇന്നുവരെ വികസിത രാജ്യങ്ങള്‍ 15 മടങ്ങ് കൂടുതല്‍ കാര്‍ബണാണ് പുറന്തള്ളുന്നത്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആളോഹരി കാര്‍ബണ്‍ ബഹിര്‍ഗമനവും 11 മടങ്ങ് അധികമാണ്’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വികസനത്തെ എതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി. ബെല്‍ജിയത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

🔳ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഓഹരി വിപണിയില്‍ വരുത്തിയത് കനത്ത നഷ്ടം. ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ആഗോള തലത്തില്‍ വിലക്കയറ്റം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ക്ക് നേരത്തെ തന്നെ ആഭ്യന്തര വിപണിയില്‍ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്. ലോകരാജ്യങ്ങളെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന ഭീതി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വാക്സീനുകളെ നേരിടുന്നതും വളരെ വേഗം മ്യൂട്ടേഷന്‍ സംഭവിക്കുന്നതുമാണെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര വിപണിയെ വിറപ്പിച്ചിരിക്കുകയാണ്.

🔳നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍ കേരളത്തിന് നേട്ടം. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ഉം ഉത്തര്‍പ്രദേശില്‍ 37.79 ഉം മധ്യപ്രദേശില്‍ 36.65 ഉം മേഘാലയയില്‍ 32.67 ശതമാനം ജനങ്ങളും ദരിദ്രരാണ്. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ യില്‍ 3.76ഉം സിക്കിമില്‍ 3.82 ഉം തമിഴ്‌നാട്ടില്‍ 4.89 ഉം പഞ്ചാബില്‍ 5.59 ശതമാനം മാത്രം ദരിദ്രരാണുള്ളത്.

🔳ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔳ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ അത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ വിമര്‍ശനവുമായി സി പി ഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. കുടുംബം തകരാതെ നോക്കേണ്ടത് സ്ത്രീകളാണെന്ന മനോഭാവം പൊലീസില്‍ വലിയ ഒരു വിഭാഗത്തിനുണ്ടെന്നും, ഇത് സ്ത്രീവിരുദ്ധമാണെന്നും ആനി രാജ പ്രതികരിച്ചു. പൊലീസ് മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലുവ സംഭവത്തില്‍ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പൊലീസ് മാറണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രം ജനയുഗം പൊലീസിനെ വിമര്‍ശിച്ചത്. സിപിഐ നേതാവ് സി ദിവാകരനും കേരള പൊലീസിനെതിരെ രംഗത്തെത്തി. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരന്‍ വിമര്‍ശിച്ചു.

🔳കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

🔳വൃക്ക വില്‍ക്കാന്‍ തയാറായില്ലെന്ന് ആരോപിച്ചു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ഭാര്യയുടെ പരാതിയില്‍ കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ സുജയേയും മക്കളേയും മര്‍ദ്ദിച്ചതിനാണ് പൊലീസ് സാജനെതിരെ കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തതും. തന്റെ വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മര്‍ദനം എന്ന് സുജയുടെ പരാതിയില്‍ പറയുന്നു.

🔳ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി വിലക്കി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികള്‍ക്ക് ശബരിമല , പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം. ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശമില്ലെന്നും ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

🔳സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ വയ്ക്കാന്‍ തീരുമാനിച്ചത്.

🔳പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

🔳ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു.

🔳മലയാള സിനിമ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ഇവര്‍ നിര്‍മ്മിച്ച വിവിധ ചിത്രങ്ങള്‍ ഒ.ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചെന്നാണ് സൂചന.

🔳തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. പൊതു പരീക്ഷകള്‍ക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

🔳തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തൂത്തുക്കുടി, തിരുനെല്‍വേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം ജില്ലകളിലാണ് ശക്തമായ മഴ. തൂത്തുക്കുടിയില്‍ റെയില്‍വെ സ്റ്റേഷനും സര്‍ക്കാര്‍ ആശുപത്രിയും ഉള്‍പ്പെടെ വെള്ളക്കെട്ടിനടിയിലായി. അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവില്‍ തമിഴ്നാട്ടിലും തെക്കന്‍-മധ്യകേരളത്തിലും കനത്ത മഴയ്ക്ക് വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. ചക്രവാതച്ചുഴി നിലനില്‍ക്കുമ്പോള്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍കടലിലെ പുതിയ ന്യൂനമര്‍ദ്ദം ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ട് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നവംബര്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

🔳തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

🔳മുല്ലപ്പെരിയാറില്‍ മരംമുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ അനുമതി നല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വള്ളക്കടവ്- മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

🔳മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ ബോംബ് പൊട്ടിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. അടുത്ത മാര്‍ച്ചില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് നാരായണ്‍ റാണെ പറഞ്ഞു. നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

🔳ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. ദലിത് കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി ബലാത്സംഗത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 50കാരനായ കുടുംബനാഥന്‍, അവരുടെ 46കാരിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അയല്‍വാസികളായ മേല്‍ജാതിക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപണമുന്നയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

🔳പാക്കിസ്ഥാന്റെ കടബാധ്യത കുത്തനെ ഉയര്‍ന്നു. 50.5 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണ് ഇപ്പോഴത്തെ കടബാധ്യത. ഇതില്‍ 20.7 ലക്ഷം കോടിയും ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം ഉണ്ടായതാണെന്ന് അവിടുത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!