തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജലനിരപ്പ് ഉയരുന്നത്. 141.55 അടിയായി ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് നാല് ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ഇന്ന് രാവിലെ എട്ടിന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഇതിന് പുറമേയാണ് നാലു ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആകെ 2000 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.
ആളിയാര്‍ അണക്കെട്ടിലും ജലനിനിരപ്പ് ഉയരുകയാണ്. ഇവിടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 11ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിറ്റൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
🔳നോക്കുകൂലി വിഷയത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അയയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രേഡ് യൂണിയന് തീവ്രവാദം തടയണം എന്നും കോടതി പറഞ്ഞു.
🔳അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്രപ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചൈന, ജപ്പാന്, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയൊരു മുന്നറിയിപ്പാകും.
🔳രാജ്യത്ത് ഫോണ്‍ വിളിയുടെ ചെലവുയരാന്‍ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയ , റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.
🔳സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതാണ് വിലക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണിത്.
🔳ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ പരിശോധനാഫലം വരാനിരിക്കെ ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്ത്. ഇപ്പോള്‍ സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നടന്നത് കുട്ടിക്കടത്താണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അനുപമ പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനന്ദയും ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാന് അടക്കമുള്ളവരും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സംഭവിച്ച വീഴ്ചകള്‍ മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും അനുപമ വ്യക്തമാക്കി. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
🔳മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ വി.ഐ.പി.കളുടെയോ സിനിമാ മേഖലയിലെ വ്യക്തികളുടെയോ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുന്നത് സംശയാസ്പദമെന്ന് ആക്ഷേപം. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് സംശയങ്ങള്‍ക്ക് കാരണം. ഡി.ജെ. പാര്‍ട്ടിക്കു ശേഷം നടക്കുന്ന ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ നല്ലൊരു പങ്കും പ്രമുഖരായിരുന്നെന്നാണ് സൂചന. സംഭവ ദിവസം ആഫ്റ്റര്‍ പാര്‍ട്ടി നടന്നതായി സംശയിക്കുമ്പോള്‍ പോലും വി.ഐ.പി.കള്‍ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. ഇത് ഇത്തരം അന്വേഷണങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം.
🔳മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്, നൂറ്റി നാല്പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം.
🔳തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം. ശര്‍ക്കര വിവാദം അപ്പം അരവണ വില്‍പ്പനയെ ബാധിച്ചില്ല. നാളികേരം ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം നേടിയത്.
🔳ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തരുത് എന്ന് പാളയം ഇമാം. തുപ്പിയ ഭക്ഷണമാണ് ഹലാല്‍ എന്നത് വസ്തുത വിരുദ്ധമാണെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ച് ഊതുന്ന പുരോഹിതന്റെ നടപടി അനാചാരം ആണ്. വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുകയാണെന്നും മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.
🔳ഹോട്ടലുകളില്‍ എന്തിനാണ് ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഭക്ഷണം ആവശ്യമുള്ളവര്‍ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഭക്ഷണത്തിന്റെ പേരില്‍ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും ഹസ്സന് പറഞ്ഞു.
🔳ഹലാല്‍ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ആരോപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കില്‍ പന്നിയിറച്ചിയും ഹറാമല്ല. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മലമൂത്രത്തില്‍ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നും ഭക്ഷണത്തില്‍ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
🔳നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി സ്വപ്നയ്ക്ക് അനുമതി നല്കി. എന്നാല്‍, കേരളം വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു.
🔳പണി പൂര്‍ത്തിയാക്കാന്‍ ഒന്നും രണ്ടും വര്‍ഷം വൈകിക്കുന്ന കരാറുകാരെ സഹായിക്കുന്ന നിലപാടെടുക്കരുതെന്ന് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കര്‍ക്കശ നിര്‍ദേശം. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തിലാണ് വീഴ്ച കാണിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്ന് മന്ത്രി പറഞ്ഞത്.
🔳പാലക്കാട് കിണാശ്ശേരി മമ്പറത്ത് ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെമുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടന്ന നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖംമൂടി ധരിച്ചായിരുന്നു പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് പോലീസ് നീക്കം.
🔳ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ വീണ്ടും മഴ പെയ്തു തുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.