പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ഒരു കാരണം സി.പി.എമ്മിന്റെ സംഘടനാസംവിധാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ഒരു കാരണം സി.പി.എമ്മിന്റെ സംഘടനാസംവിധാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍

🔳വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യത്തിലും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ഒരു കാരണം സി.പി.എമ്മിന്റെ സംഘടനാസംവിധാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍. അതേസമയം യു.ഡി.എഫിന്റെ പരാജയം ദയനീയമല്ലെന്നും തുച്ഛമായ വോട്ട് വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നും ആര്‍ക്കും നമ്മളെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഹസ്സന്‍ പറഞ്ഞു.ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും യുദ്ധതന്ത്രംപോലെ തന്ത്രങ്ങള്‍ മെനഞ്ഞ് രംഗത്തിറങ്ങുമെന്നും മുന്നണിസംവിധാനം ഒരു പാര്‍ട്ടിപോലെ മുന്നോട്ടുപോകണമെന്നും അക്കാര്യത്തില്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നടക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

🔳സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ സ്പെഷ്യല്‍ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി. ബാങ്ക് നിക്ഷേപങ്ങള്‍ പലിശ നഷ്ടം വരുത്തി പിന്‍വലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും കിഫ്ബി പദ്ധതികളുടെ കാലതാമസവും ദൈനംദിന ചെലവുകളിലെ വീഴ്ചകളും സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. കിഫ്ബി സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

🔳സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണവുമായി കിഫ്ബി. സ്പെഷ്യല്‍ ഓഡിറ്റില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. സ്പെഷ്യല്‍ ഓഡിറ്റിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി സിഎജിക്ക് മറുപടി നല്‍കിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓഡിറ്റില്‍ സിഎജിക്ക് നല്‍കിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

🔳കെ റെയില്‍ കേരളത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്നും നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

🔳മുല്ലപ്പെരിയാര്‍ മരംമുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് സുധാകരന്‍ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാല് ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

🔳സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആശുപത്രികള്‍ക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങള്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ വെച്ച് സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നാണ് പുതിയ നിര്‍ദ്ദേശം. അവയവദാന നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്.

🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സംഭവം പ്രതിഷേധാര്‍ഹമാണെന്നും വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസില്‍ പ്രതികളെ പിടികൂടുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലപാതകികള്‍ക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നും വിഡി സതീശന്‍ ആരോപിച്ചു.

🔳ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ദേശീയതലത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണം. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയും ശൂരനാട് രാജശേഖരനും തമ്മില്‍ മത്സരം നടക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി ഇന്നലെ നേതാക്കള്‍ക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന്‍ ഇന്ന് പത്രിക നല്‍കും. ഈ മാസം 29നാണ് വോട്ടെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് ജയം ഉറപ്പാണ്.

🔳ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇരുവരുടേയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു. ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎന്‍എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.

🔳മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. അതിനു ശേഷം ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. വൃശ്ചികം ഒന്നായ ഇന്ന് രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്.

🔳കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ,പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം നാളത്തോടെ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടും. എന്നാല്‍ ഈ ന്യൂനമര്‍ദ്ദം കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.

🔳താമരശേരി അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കളുടെ ഉടമ റോഷനെ പോലീസ് ജാമ്യം അനുവദിച്ചു. അതേസമയം വളര്‍ത്തു നായകളുടെ ആക്രമണത്തില്‍നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ പോലിസ് കേസെടുത്തു. തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

🔳അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാന്‍സ്പ്ളാന്റിന് അപേക്ഷനല്‍കുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാന്‍സ്പ്ളാന്റിന് അനുമതി തേടിയുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വൃക്കരോഗികള്‍ക്കായി വൃക്കകൈമാറാന്‍ അനുമതിതേടി നല്‍കിയ അപേക്ഷ ഓതറൈസേഷന്‍ കമ്മിറ്റി തള്ളിയതിനെതിരേ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. നാഗരേഷിന്റെ ഉത്തരവ്.

🔳മുംബൈയിലെ സാംസങ് സര്‍വീസ് സെന്ററില്‍ വന്‍തീപിടുത്തം. മുംബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഞ്ജുമാര്‍ഗിലെ സര്‍വീസ് സെന്ററില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🔳മദ്യനിരോധനത്തിന് ശേഷം ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എവിടെ കുറ്റകൃത്യം നടന്നാലും അധികൃതര്‍ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ ദിവസങ്ങളില്‍ നടന്ന ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

🔳കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുമെന്നും സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രധാന റോഡരികിലെ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ മാംസാഹാരം പൂര്‍ണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.

🔳ഓസ്‌ട്രേലിയയില്‍ മഹാത്മാഗാന്ധിയുടെ കൂറ്റന്‍ വെങ്കല പ്രതിമ തകര്‍ത്ത നിലയില്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന് ഇന്ത്യ സമ്മാനമായി നല്‍കിയ പൂര്‍ണകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രതിമ തകര്‍ത്ത സംഭവം ഞെട്ടലുളവാക്കിയെന്നും രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളിയാഴ്ച റോവില്ലെയിലെ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഓസ്്‌ട്രേലിയക്ക് ഇന്ത്യ പ്രതിമ സമ്മാനിച്ചത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലക പദവി ഒഴിഞ്ഞ രവി ശാസ്ത്രിക്ക് പുതിയ ചുമതല. അടുത്തവര്‍ഷം തുടങ്ങുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണര്‍ ആയി ശാസ്ത്രിയെ നിയമിച്ചു. വിരമിച്ച കളിക്കാര്‍ മത്സരിക്കുന്ന ലീഗ്, ജനുവരിയില്‍ ഗള്‍ഫിലാകും നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!