ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രശ്‌നപരിഹാരം: ഭൂരിപക്ഷ വിശ്വാസികള്‍ക്ക് പള്ളികള്‍ നല്‍കണം

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രശ്‌നപരിഹാരം: ഭൂരിപക്ഷ വിശ്വാസികള്‍ക്ക് പള്ളികള്‍ നല്‍കണം

പള്ളികളില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികള്‍ നല്‍കണമെന്ന ജസ്റ്റിസ് കെ.റ്റി.തോമസ് കമ്മീഷന്റെ ശുപാര്‍ശ നിയമമാക്കേണ്ടതാണ്. ഈ രണ്ട് സഭകള്‍ക്കും ശാശ്വതമായ സമാധാനം ഉണ്ടാകാന്‍ വേറെ പോംവഴിയില്ലെന്നും ജസ്റ്റിസ് കെ.റ്റി.തോമസ് പറയുന്നു. അദ്ദേഹം അദ്ധ്യക്ഷനായ സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ഡോ. എന്‍.കെ.ജയകുമാര്‍, ലിസമ്മ ജോര്‍ജ്ജ്, കെ.ജോര്‍ജ്ജ് ഉമ്മന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

മുമ്പും ഈ വഴിക്കുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭ അതിന് വഴങ്ങിയിരുന്നില്ല. ഇപ്പോഴും വഴങ്ങുന്ന ലക്ഷണമില്ല. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നില്‍ക്കുന്നതുകൊണ്ടാണ് അവര്‍ ഹിതപരിശോധനയെ എതിര്‍ക്കുന്നത്. പള്ളികളില്‍ വോട്ടിംഗ് നടത്തിയാല്‍ തെക്കന്‍ പ്രദേശങ്ങളിലെ പള്ളികളില്‍ ഓര്‍ത്തഡോക്‌സുകാര്‍ക്കായിരിക്കും ഭൂരിപക്ഷം. മണര്‍കാട് പള്ളിയിലെ 90 ശതമാനം വിശ്വാസികളും ബാവാ കക്ഷിക്കാരാണല്ലോ. വടക്കോട്ടുള്ള പള്ളികള്‍ ബഹുഭൂരിപക്ഷവും ബാവാകക്ഷിക്കാരുടെ കൈയിലേക്കു പോകും.

അങ്ങനെ വരുമ്പോള്‍ പള്ളികള്‍ മാത്രമല്ല, പള്ളിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം യാക്കോബായ പക്ഷത്തിന്റെ കൈകളിലെത്തും. കേരളത്തിലെ വിശ്വാസികളില്‍ ഭൂരിപക്ഷവും ബാവാ കക്ഷിക്കാരാകാനാണ് സാധ്യത. സ്വത്താണല്ലോ ഈ അടിപിടികളുടെയും കൊലപാതകങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും പ്രധാന കാരണം. ഇതിന് ഒരറുതി വന്നേ പറ്റൂ. കേരളത്തിലെ രണ്ടു പക്ഷത്തേയും വിശ്വാസികള്‍ സഭയ്ക്ക് സമാഹരിച്ചു നല്‍കുന്ന തുക മുഴുവന്‍ വക്കീലന്മാരുടെ കൈകളിലാണെത്തുന്നത്. വക്കീലന്മാര്‍ക്ക് കൊടുത്തിട്ടുള്ള കോടികള്‍ക്ക് വല്ല കണക്കുമുണ്ടോ? പാറമടയില്‍ കല്ല് ചുമക്കുന്നവന്റെയും, അഴുക്കുചാലില്‍ പണിയെടുക്കുന്നവന്റെയും വരെ ചില്ലിക്കാശുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് തിരുമേനിമാര്‍ അറിഞ്ഞിരിക്കണം.

ഇനി ആത്മീയതയിലേക്കു തിരിഞ്ഞാല്‍ ഈ രണ്ടു സഭകളും കൊണ്ടുനടക്കുന്ന വിശ്വാസാചാരങ്ങള്‍ക്ക് ബൈബിളുമായി വല്ല ബന്ധവുമുണ്ടോ?

കത്തോലിക്കാസഭയിലേതു പോലെ പള്ളികളിലും വീടുകളിലും വിഗ്രഹങ്ങള്‍ ഇല്ല എന്നതു മാത്രം ആശ്വാസകരം. ആവശ്യത്തിലധികം മദ്ധ്യസ്ഥന്മാരെ സൃഷ്ടിച്ച് പടമായി ഭിത്തിയില്‍ ആണിയടിച്ച് തൂക്കിയിട്ടുണ്ട്. ദൈവത്തിനും മനുഷ്യനുമിടയില്‍ ഏകമദ്ധ്യസ്ഥന്‍ ക്രിസ്തു മാത്രമാണ്. ഇത് എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകില്ല. ബൈബിള്‍ വായിക്കുകയുമില്ല.

ക്രിസ്തു വേണമെന്നില്ല, പക്ഷേ മറിയ നിര്‍ബന്ധമായും വേണം. ചക്കയും മാങ്ങയും തിരിച്ചറിയാത്ത കുഞ്ഞങ്ങളുടെ ശിശുസ്‌നാനം മറ്റൊരു അനാചാരം. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, പെരുന്നാളുകള്‍, നോമ്പുകള്‍, ദൈവത്തേക്കാള്‍ അധികാരവും ദിവ്യത്വവുമുള്ള തിരുമേനിമാര്‍… ഇങ്ങനെ പോകുന്നു സഭയിലെ ബൈബിള്‍വിരുദ്ധ നടപടികള്‍.

എത്ര എഴുതിയാലും പ്രസംഗിച്ചാലും ഇതിനൊന്നും മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് കേസും ബഹളവും അടിപിടിയും കോടതി വ്യവഹാരങ്ങളും അവസാനിപ്പിക്കണം.
ജസ്റ്റിസ് കെ.റ്റി.തോമസിന്റെ നിയമപരിഷ്‌കരണം അംഗീകരിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറയുന്നു. എന്നാല്‍ യാക്കോബായ സഭ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ.ഏലിയാസ് പറയുന്നത് ഭൂരിപക്ഷം അനുസരിച്ച് പള്ളികള്‍ വീതംവയ്ക്കുന്നതാണ് ഉത്തമം എന്നാണ്.

എന്തായാലും സര്‍ക്കാര്‍ ഈ പള്ളികളില്‍ ശവസംസ്‌കാര പ്രശ്‌നത്തിന് പരിഹാരമായി നിയമനിര്‍മ്മാണം നടത്തിയതു പോലെ, ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്ക് പള്ളികള്‍ ലഭിക്കത്തക്കവണ്ണമുള്ള നിയമനിര്‍മ്മാണവും നടത്തണം. അല്ലാതെ ഈ പ്രശ്‌നം ഭൂമിയുള്ളിടത്തോളം കാലം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!