🔳ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നല്കി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. രാവിലെ എട്ട് മണിക്ക് കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തും.
🔳പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ചത് ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിതമായ കനത്ത തിരിച്ചടിയെ തുര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമബംഗാളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലുമടക്കുണ്ടായ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഈ ആഘാതങ്ങള്‍ അടിയന്തര നടപടികളെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.
🔳അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ ആണെന്ന് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സിഡബ്ലിയുസി ചെയര്‍പേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. വകുപ്പ് തല അന്വേഷണം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം.
🔳കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്നും നാളേയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.
🔳മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചത് ഫേസ്ബുക്ക് ലൈവായി കാണിച്ചതിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരന് വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുതെന്നും പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
🔳നടന് ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ താരസംഘടന ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് കുമാര്‍, അമ്മയുടെ സമീപനം മാറ്റണമെന്നും പറഞ്ഞു. അമ്മയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെന്നും ഗണേഷ്കുമാര് പറഞ്ഞു.
🔳പള്ളിത്തര്‍ക്കത്തില്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന് ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിന് സാധുതയില്ല. സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപ്പാക്കാന്‍ ആര്‍ജ്ജവമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. പള്ളിത്തര്‍ക്കത്തില്‍ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ പറഞ്ഞു.
🔳ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ മിഥുന്റെ ചികിത്സ സൗജന്യമാക്കിയതായി വനിതാ കമ്മീഷന് അംഗം അഡ്വ. ഷാഹിദ കമാല്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മിഥുന്റെ ചികിത്സയ്ക്ക് വേണ്ടി വനിതാ കമ്മീഷന് ഇടപെട്ടിരുന്നു. ചികിത്സയ്ക്കായി സഹായിക്കണമെന്ന് മിഥുന്റെ ഭാര്യ ദീപ്തി വനിതാ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇടപെടല്‍. ഷാഹിദാ കമാല്‍ ദീപ്തിയെ ചിറയിന്‍കീഴിലെ വീട്ടിലെത്തി കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
🔳തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അഞ്ച് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴ് മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എം എല്‍ എ മാരും മന്ത്രിമാര്‍ക്കൊപ്പം അണക്കെട്ടിലെത്തും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
🔳താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട അശ്വിനിയെന്ന യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അനാചാരത്തിനെതിരെ പ്രതികരിച്ച അശ്വിനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അശ്വിനി ഉള്‍പ്പെട്ട നരിക്കുറവര്‍ വിഭാഗത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്റെ വിഭാഗത്തിലുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് അശ്വിനി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെ ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
🔳പുതുച്ചേരിയില്‍ സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
🔳കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്. അതേസമയം പുതിയ തീരുമാനം അനുസരിച്ച് തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് ഇനത്തിലുമായി 1700 ദിനാര്‍, ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ, ആയിരിക്കും അറുപത് വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്.
🔳കുവൈത്തില്‍ ഈ വര്‍ഷം 32,000 വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാണ് അനധികൃതമായി നേടിയ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഗതാഗത വിഭാഗം റദാക്കിയത്.
🔳അഫ്ഗാനിസ്ഥാന്റെ ഭരണം കൈയാളിയ താലിബാന് തീവ്രവാദികള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ ‘കൊലപ്പട്ടിക’ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ താലിബാനെ ഭയന്ന് നിരവധിപേര്‍ ഒളിവില്‍ പോയി. ശരിയത്ത് നിയമത്തിന്റെ താലിബാന് വ്യാഖ്യാന പ്രകാരം സ്വവര്‍ഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് താലിബാന് വ്യാഖ്യാനിക്കുന്നത്. അതിപ്രാകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന് തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്.
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറില്‍ 72 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 6.2 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്ത ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 20 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ വിജയം വേഗമാക്കിയത്. നേരത്തെ 19 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ആദം സാംപയുടെ സ്പിന്‍ മികവിന് മുന്നിലാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്.
🔳ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്രിസ് ഗെയ്ലും ആന്ദ്രെ റസലും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 54 പന്തില്‍ പുറത്താകാതെ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും 46 റണ്‍സെടുത്ത നിക്കോളാസ് പുരാനും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. 41 പന്തില്‍ 68 റണ്സെടുത്തചരിത് അസലങ്കയുടെയും 41 പന്തില്‍ 51 റണ്‍സെടുത്ത പാതും നിസങ്കയുടെയും കരുത്തിലാണ് ശ്രീലങ്ക 189 റണ്‍സെടുത്തത്.
🔳കേരളത്തില്‍ ഇന്നലെ 71,841 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 60 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,734 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര് രോഗമുക്തി നേടി. ഇതോടെ 74,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 52.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112.
🔳ആഗോളതലത്തില്‍ ഇന്നലെ 4,73,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 62,854 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,269 പേര്‍ക്കും റഷ്യയില്‍ 40,217 പേര്‍ക്കും തുര്‍ക്കിയില്‍ 29,482 പേര്‍ക്കും ജര്‍മനിയില്‍ 35,662 പേര്‍ക്കും ഉക്രെയിനില്‍ 27,377 പേര്‍ക്കും ഇന്ത്യയില്‍ 12,265 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,689 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 856 പേരും റഷ്യയില്‍ 1,195 പേരും ഉക്രെയിനില്‍ 699 പേരും റൊമാനിയായില്‍ 434 പേരും ഇന്ത്യയില്‍ 214 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.43 ലക്ഷമായി.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.