കേരളപ്പിറവിയുടെ ചരിത്രം

കേരളപ്പിറവിയുടെ ചരിത്രം

ഡോ. ഓമന റസ്സല്‍

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള സമരങ്ങള്‍ 20-ാം നൂററാണ്ടിന്റെ ആരംഭകാലങ്ങളില്‍ ശക്തിപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ള മലയാളികളെ ഉള്‍പ്പെടുത്തി കേരള സംസ്ഥാനം രൂപീകരിക്കണമെന്ന് മലയാളികള്‍ ആവശ്യപ്പെട്ടത്.

വര്‍ദ്ധിച്ചുവരുന്ന സമരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിനെ ഒരു സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയതിന്റെ ഫലമായി സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിക്കുകയും തദനന്തരം 1956 നവംബര്‍ മാസം ഒന്നാം തീയതി കേരള സംസ്ഥാനം നിലവില്‍ വരികയും ചെയ്തു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരുടെ ഭരണസൗകര്യത്തിനു വേണ്ടി ഇന്ത്യയെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. ഇന്നത്തെ കേരളം അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു.
1905-ലെ ബംഗാള്‍ വിഭജനത്തിനു ശേഷം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആശയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നെങ്കിലും 1920-ലെ നാഗ്പൂര്‍ സമ്മേളനത്തില്‍ വെച്ചാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ എന്നതിനെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമായി അംഗീകരിച്ചത്. വിദേശഭരണത്തിനെതിരെ പോരാടുന്നതിന് ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ കമ്മിററികള്‍ അതേ വര്‍ഷം തന്നെ നിലവില്‍ വന്നു. 1938-ല്‍ ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകള്‍ക്കു വേണ്ടിയുള്ള മുറവിളി ആന്ധ്രയിലും കര്‍ണ്ണാടകത്തിലും കേരളത്തിലും രൂപപ്പെട്ടിരുന്നു. തിരുവിതാംകൂറിലും ഇത്തരത്തിലുള്ള ആവശ്യം ശ്രീമൂലം തിരുനാള്‍ പോപ്പുലര്‍ അസംബ്ലിയിലും ഉന്നയിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മററി വാര്‍ധായില്‍ കൂടി ആന്ധ്രയിലെയും കര്‍ണ്ണാടകയിലെയും കേരളത്തിലെയും പ്രതിനിധികള്‍ക്ക് ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുടന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയത്.
ഇതിനിടെ ഭാഷാടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിക്കുന്നതിനെതിരെയും വാദിക്കുന്നവരുണ്ടായി. 1940-കളില്‍ പാക്കിസ്ഥാന്‍ രൂപീകരണ പ്രശ്‌നം സജീവമായപ്പോള്‍ ദക്ഷിണേന്ത്യയില്‍ ദ്രാവിഡസ്ഥാന്‍ രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. മദ്രാസ് പ്രവിശ്യയിലെ ജസ്റ്റിസ് പാര്‍ട്ടി ആയിരുന്നു ബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട്, മലബാര്‍ എന്നീ പ്രവിശ്യകളുള്‍പ്പെട്ട ദ്രാവിഡനാട് എന്ന ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം നേടിയെടുക്കുന്നതിനായി 1940 ജൂണ്‍ മാസത്തില്‍ ഒരു ദ്രാവിഡനാട് കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി.

1945-46 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പ്രകടനപത്രികയില്‍ ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകള്‍ ഉറപ്പുനല്‍കി. 1947 ഏപ്രിലില്‍ മദ്രാസ് ലെജിസ്ലേററീവ് അസംബ്ലി പ്രവിശ്യകളെ ഭാഷാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സ്റ്റിററ്യുവന്റ് അസംബ്ലിയോട് ആവശ്യപ്പെടുക മാത്രമല്ല, പ്രവിശ്യകളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതിന് ബൗണ്ടറി കമ്മീഷനെ നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

1947 ആഗസ്റ്റ് 15-ന് ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്ര രാഷ്ട്രങ്ങളായതോടെ വിഭജനാനന്തര ഭാരതത്തില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ ദോഷത്തെപ്പററി പല കോണ്‍ഗ്രസ് നേതാക്കളും ജനങ്ങളെ പ്രബോധിപ്പിച്ചു തുടങ്ങി. ഇതിനുശേഷം ലിംഗ്വിസ്റ്റിക് പ്രോവിന്‍സസ് കമ്മീഷനെ അഥവാ ദര്‍ കമ്മീഷനെയും ജെ.വി.പി. (ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, ഡോ. പട്ടാഭിസീതാരാമയ്യ) കമ്മററിയെയും നിയമിച്ചു. ഇവയുടെ പ്രധാന ഉദ്ദേശ്യം ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകള്‍ ആവശ്യമുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു. ദര്‍ കമ്മീഷന്റെ അഭിപ്രായത്തില്‍ അങ്ങനെയൊരു പുനഃസംഘടന ആവശ്യമില്ലെന്നും, ഭാഷ ഒന്നിപ്പിക്കുന്ന ശക്തി ആയിരിക്കുമ്പോള്‍ തന്നെ ശിഥിലീകരിക്കുന്ന ശക്തിയുമാണെന്നും, ആയതുകൊണ്ട് വളരെ ആലോചിച്ച ശേഷമേ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെപ്പററി ചിന്തിക്കേണ്ടതുള്ളൂവെന്നും ജെ.വി.പി. കമ്മററി നിര്‍ദ്ദേശിച്ചു. അങ്ങനെ ഈ പ്രശ്‌നം താല്‍ക്കാലികമായി മാററിവയ്ക്കുകയും, പഞ്ചവത്സര പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തു.

ഇതിനിടെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ എന്ന ജനങ്ങളുടെ ആവശ്യം അതിശക്തമായി. 1947-ല്‍ തന്നെ ആന്ധ്രയ്ക്കും തമിഴ്‌നാടിനും വേണ്ടിയുള്ള ആവശ്യം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. 1949-ല്‍ ട്രിവാന്‍ഡ്രം ബാര്‍ അസ്സോസിയേഷന്‍ ഭരണസൗകര്യത്തിനായി ദക്ഷിണഭാരത പ്രവിശ്യ രൂപീകരിക്കണമെന്നു കൂടി ആവശ്യപ്പെട്ടതോടെ വിഭജനം ഒരു തലവേദനയായിത്തന്നെ മാറുകയായിരുന്നു.

1952-ല്‍ ഓള്‍ ഇന്ത്യ ലിംഗ്വിസ്റ്റിക് സ്റ്റേററ്‌സ് കോണ്‍ഫ്രന്‍സ് ബോംബെയില്‍ കൂടി ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകള്‍ക്കായി സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത് മിതവാദികളെ സന്തോഷഭരിതരാക്കി. പൊതുജന സമ്മര്‍ദ്ദത്തിന്റെ ഫലമായി 1953-ലെ ഹൈദരാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചതോടു കൂടി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ വിഭജനത്തിന് നാന്ദിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കൂടാതെ സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി, ഹിന്ദു മഹാസഭ എന്നിവയും ഈ പ്രശ്‌നം എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് ജനത്തിന് ഊര്‍ജ്ജമായി.

അങ്ങനെ ഇന്ത്യയിലുടനീളം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെന്ന ആവശ്യം അതിശക്തമായി ഉയര്‍ന്ന സാഹചര്യതതിലായിരുന്നു മലയാളഭാഷ സംസാരിക്കുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യകേരളം രൂപീകരിക്കണമെന്ന മുറവിളി ഉയര്‍ന്നത്. ഇക്കാലത്ത് മാധ്യമങ്ങളും സാഹിത്യരചനകളും പുതിയ രാഷ്ട്രീയപാര്‍ട്ടികളും വിദ്യാഭ്യാസം ലഭിച്ച തലമുറയും മലയാളികളുടേതായ ഒരു സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങി.ഈ സാഹചര്യത്തിലാണ് 1953 ഡിസംബര്‍ 29-ന് ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചത്.

1920-ല്‍ മലബാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മററി (കെ.പി.സി.സി.) രൂപീകരിച്ചപ്പോള്‍ അവരാണ് കേരളത്തിലന്ന് നിലവിലിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു രാഷ്ട്രീയ ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. കെ.പി.സി.സി.യുടെ പ്രഥമയോഗം 1921-ല്‍ ററി. പ്രകാശത്തിന്റെ അദ്ധ്യക്ഷതയില്‍ ഒററപ്പാലത്ത് നടന്നു. അന്നാണ് ആദ്യമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുകൂടിയത്. അങ്ങനെ വിദ്യാഭ്യാസം ലഭിച്ച മലയാളികള്‍ക്ക് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പൊതുവേദിയായി കെ.പി.സി.സി. 1928-ല്‍ കൊച്ചിയില്‍ കൂടിയ സ്റ്റേററ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഐക്യകേരളം വേണമെന്ന പ്രമേയം പാസ്സാക്കി. അതേ വര്‍ഷം പയ്യന്നൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ രാഷ്ട്രീയ സമ്മേളനത്തിലും ഐക്യകേരളം രൂപീകരിക്കണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത മഹാകവി വള്ളത്തോളിന്റെ സംഭാവനയും ശ്രദ്ധേയമാണ്.

കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഓള്‍ കേരളാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെയും രൂപീകരണം കേരള സംസ്ഥാനത്തിനു വേണ്ടിയുളള ആവശ്യം ശക്തിപ്പെടുത്തി. ഇതിനിടെ 1915 ഫെബ്രുവരി 24-ാം തീയതി കെ.പി.സി.സി. കേരള സംസ്ഥാന രൂപീകരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു സബ്കമ്മററിയെയും നിയോഗിച്ചു. നായര്‍ സര്‍വ്വീസ് സൊസൈററിയുടെ പന്തളത്ത് നടന്ന യുവജന സമ്മേളനത്തില്‍ കൊച്ചി പ്രജാമണ്ഡലത്തിന്റെ നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍ തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനും പൊതുനിയമവും പൊതുഭരണവും പൊതു ഹൈക്കോടതിയും വേണമെന്നും, തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരളത്തിനാകമാനമായുള്ള സര്‍വ്വകലാശാലയാക്കി മാററണമെന്നുമുള്ള ആവശ്യമുന്നയിച്ചത് ശ്രദ്ധേയമായി.

1945-ല്‍ മലബാര്‍ പ്രവിശ്യാ കോണ്‍ഗ്രസും, കൊച്ചി പ്രജാമണ്ഡലവും, തിരുവിതാംകൂര്‍ സ്റ്റേററ് കോണ്‍ഗ്രസും ഐക്യകേരള രൂപീകരണത്തിനു വേണ്ടി സംയുക്തമായി പോരാടാന്‍ തീരുമാനിക്കുകയും, അതിനുവേണ്ടി അനേകം സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയുമുണ്ടായി.
1946 ജൂലായ് 29-ാം തീയതി കൊച്ചി രാജാവായിരുന്ന കേരളവര്‍മ്മ തന്റെ രാജ്യം കേരള സംസ്ഥാനത്തില്‍ ലയിപ്പിക്കാനുള്ള അഭിലാഷം പ്രഖ്യാപിച്ചത് വലിയ പ്രചോദനമായി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പുറമെ വാര്‍ത്താമാധ്യമങ്ങളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ഈ ആവശ്യത്തെ ശക്തമായി പിന്താങ്ങി. മററു രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മതത്തോടെ കെ.പി.സി.സി. യുണൈററഡ് കേരള കമ്മററി എന്ന പേരില്‍ ഒരു സബ്കമ്മററി രൂപീകരിച്ചു. കേരളചരിത്രത്തിലന്നോളമുണ്ടായിട്ടില്ലാത്ത പൊതുജന പങ്കാളിത്തമാണിതിനെത്തുടര്‍ന്നുണ്ടായതെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന പുസ്തകത്തില്‍) രേഖപ്പെടുത്തിയിട്ടുണ്ട്.

ഐക്യകേരള കമ്മററി 1946-ല്‍ കെ.പി. കേശവമേനോന്റെ അദ്ധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ സമ്മേളിക്കുകയും, ഒരു ഐക്യകേരള കോണ്‍ഫറന്‍സ് അടിയന്തിരമായി വിളിച്ചുകൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. തല്‍ഫലമായി 1947 ഏപ്രില്‍ മാസം 26, 27 തീയതികളില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. കേളപ്പന്റെ അദ്ധ്യശ്രക്ഷതയില്‍ തൃശൂരില്‍ വെച്ച് ഐക്യകേരള കണ്‍വന്‍ഷന്‍ നടന്നു. കൊച്ചി രാജാവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐക്യകേരള പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കാമെന്ന് സമ്മതിച്ചു. അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം ദൃശ്യമായ സമ്മേളനത്തില്‍ ററി.എം. വര്‍ഗീസ് ഐക്യകേരള പ്രമേയം അവതരിപ്പിച്ചു. തിരുവിതാംകൂറും കൊച്ചിയും മാഹി ഉള്‍പ്പെടെയുള്ള മലയാളഭാഷ സംസാരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പ്രദേശങ്ങളും ചേര്‍ന്ന് കേരള സംസ്ഥാനം രൂപീകരിക്കണമെന്നും, അതിന്റെ ഭരണം ജനങ്ങള്‍ക്ക് കൈമാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങള്‍ കേരള സംസ്ഥാനത്തിലുള്‍പ്പെടുത്തണമെന്ന് കെ. കേളപ്പന്‍ ആലുവയിലും പാലക്കാട്ടും നടന്ന സമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടു.

കേരളത്തിനു പുറത്തുളള മലയാളികളും പിന്തുണയുമായെത്തി. 1947-ല്‍ കെ.പി.എസ്. മേനോന്‍ മദ്രാസില്‍ ജയകേരളം എന്ന ന്യൂസ്‌പേപ്പര്‍ ആരംഭിച്ചതോടെ ഐക്യകേരളാവശ്യം ശക്തമായി. അതേ വര്‍ഷത്തില്‍ ബോംബെയിലെ മലയളികള്‍ ബോംബെയില്‍ ഓള്‍ ഇന്ത്യാ കണ്‍വന്‍ഷന്‍ നടത്തി ഐക്യകേരള രൂപീകരണത്തിനു വേണ്ടി ശബ്ദമുയര്‍ത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍വ്വവിധ പിന്തുണയുമായെത്തി. ഈ സമ്മേളനത്തില്‍ സംസാരിച്ച ജയപ്രകാശ് നാരായണന്‍ മലയാളികളെ രാജഭരണത്തിനെതിരെ സംഘടിപ്പിക്കാനും, ഐക്യകേരളം കെട്ടിപ്പടുക്കാനും ആഹ്വാനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതിന് സര്‍വ്വവിധ സഹായവും വാഗ്ദാനം ചെയ്തു.
എന്നാല്‍ തിരുവിതാംകൂറിലെ ന്യൂനപക്ഷമായിരുന്ന തമിഴര്‍ ഐക്യകേരള പ്രസ്ഥാനത്തെ എതിര്‍ക്കുകയാണുണ്ടായത്. മലയാളം സംസാരിക്കുന്ന ഒരു സംസ്ഥാനത്തില്‍ തങ്ങളുടെ സ്ഥാനം തുലോം തുച്ഛമായിരിക്കുമെന്നവര്‍ ഭയപ്പെട്ടു. തത്ഫലമായി അവര്‍ ട്രാവന്‍കൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് (ററി.ററി.എന്‍.സി.) എന്ന സംഘടനയ്ക്ക് രൂപംനല്‍കി. തമിഴ് സംസാരിക്കുന്ന ആളുകളുള്ള പ്രദേശങ്ങളെ തായ്തമിഴകം അഥവാ തമിഴ്‌നാടിനോട് യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

1949 ജൂലായ് 1-ാം തീയതി കേരള സംസ്ഥാനത്തിനു മുന്നോടിയായി തിരുക്കൊച്ചി സംസ്ഥാനം രൂപംകൊണ്ടു.

1952-ല്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാമുലു 58 ദിവസത്തെ നിരാഹാരശേഷം മരണമടഞ്ഞത് ആന്ധ്രയില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ആന്ധ്രാ സ്റ്റേററ് ബില്‍ പാസ്സാക്കുകയും, 1953 ഒക്‌ടോബര്‍ 1-ാം തീയതി ആദ്യത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി ആന്ധ്രാപ്രദേശം പിറവിയെടുക്കുകയും ചെയ്തു.

ഈ ചരിത്രസംഭവം മററു ഭാഷാപ്രേമികള്‍ക്ക് ആവേശം പകര്‍ന്നു. ഒടുവില്‍ 1953 ഡിസംബര്‍ 29-ാം തീയതി ദേശീയ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. സെയ്ത് ഫാസല്‍ അലി ചെയര്‍മാനും, എച്ച്.എന്‍. കുന്‍സ്‌റുവും സര്‍ദാര്‍ കെ.എം. പണിക്കരും അംഗങ്ങളുമായി. ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1956-ല്‍ സംസ്ഥാന പുനഃസംഘടനാ നിയമം പാര്‍ലമെന്റ് പാസ്സാക്കി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവയും ദക്ഷിണ കാനറ ജില്ലയിലുള്‍പ്പെട്ട കാസര്‍ഗോഡ് താലൂക്കും കേരള സംസ്ഥാനത്തിലുള്‍പ്പെടുത്തി. എന്നാല്‍ തെക്കന്‍ തിരുവിതാംകൂറിന്റെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവ്‌കോട് താലൂക്കുകളും കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ചെങ്കോട്ട താലൂക്കിന്റെ ചില ഭാഗങ്ങളും തമിഴ്‌നാടിനോട് കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരാഘാതമായെങ്കിലും മലയാളികളുടേതായൊരു സംസ്ഥാനം എന്ന ചിരകാലസ്വപ്നം പൂവണിഞ്ഞുകൊണ്ട് 1956 നവംബര്‍ 1-ന് കേരള സംസ്ഥാനം പിറവിയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!