മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമം കൊണ്ടുവരുവാന്‍ സാധ്യത

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമം കൊണ്ടുവരുവാന്‍ സാധ്യത

🔳മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിയമ മന്ത്രി പി.രാജീവ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

🔳അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീന്‍ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ജി 20 ഉച്ചകോടിയില്‍ ചര്‍ച്ചയായി.

🔳ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും. ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു മോദിക്കുള്ള പാപ്പയുടെ സമ്മാനം. വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അരമണിക്കൂര്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുള്ളുവെങ്കിലും ഇരുവരുടെയും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ലോക കത്തോലിക സഭാ അധ്യക്ഷന്‍ ഇന്ത്യാ സന്ദര്‍ശത്തിനെത്തുന്നത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

🔳മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ചരിത്രപരമെന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 12,912 കോവിഡ് രോഗികളില്‍ 7,427 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 445 മരണങ്ങളില്‍ 358 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,53,083 സജീവരോഗികളില്‍ 78,705 രോഗികളും കേരളത്തിലാണുള്ളത്.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാവാനുള്ള നടപടികളിലേക്ക് കടന്നേക്കും. സ്പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. സെക്കന്റില്‍ 2974 ഘനയടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുകുന്നത്.

🔳തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറത്തു വന്ന പുതിയ മഴ അലര്‍ട്ടില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

🔳ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. നാളെ രാവിലെ 8.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.

🔳സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യ ആഴ്ചകളില്‍ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 2282 അധ്യാപകര്‍ ഇനിയും വാക്സിന് എടുത്തിട്ടില്ലെന്നും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ തല്ക്കാലം സ്‌കൂളില്‍ എത്തരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

🔳സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ധനകാര്യ മന്ത്രി തോമസ് ഐസക്. ധനകാര്യ വര്‍ഷത്തിന്റെ പകുതിയിലെത്തിയപ്പോഴേക്കും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം 1.1 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ 35 ശതമാനം തുക കുറച്ചാണ് പണം വകയിരുത്തിയതെന്നും തോമസ് ഐസക് കുറിപ്പില്‍ പറയുന്നു.

🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ ഇറങ്ങിയേനെ എന്നും ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിനുപിന്നിലെന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചു.

🔳ദില്ലിയിലെ സംസ്ഥാന സര്‍ക്കാരിന്റ ഔദ്യോഗിക വസതിയായ കേരള ഹൗസില്‍ ഡിവൈഎഫ്ഐയുടെ ദേശീയ കമ്മിറ്റി ചേര്‍ന്ന സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കേരള ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ടു നല്‍കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി യോഗം കേരള ഹൗസില്‍ ചേരാന്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നു.

🔳ദത്ത് വിവാദത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെ മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായി. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്റെയും പേര് പറയാതെയാണ് മന്ത്രിയുടെ ആക്ഷേപം. കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്.

🔳ദത്ത് വിവാദത്തില്‍ അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

🔳മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ജയിലിലടച്ച ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരും പൊലീസും യു എ പി എ നിയമം പൊളിച്ച് ദുരുപയോഗിച്ചുവെന്ന് സതീശന്‍ കുറ്റപ്പെടുത്തി. അലനും താഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം തന്റെ വീട്ടിലുണ്ടെന്നും യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലില്‍ അടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

🔳സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവുമായ ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി നാളെ രാവിലെ 11 ന് കെപിസിസി ആസ്ഥാനത്താണ് നടക്കുക.

🔳കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു എന്നും അതിനാല്‍ മത്സരിക്കുമെന്ന പ്രസ്താവനയില്‍ തെറ്റില്ലെന്നുമാണ് സതീശന്റെ വാദം. സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന രീതിയാണ് സുധാകരന്റേതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

🔳ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി . കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം കോവിഡിനും മറ്റ് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

🔳ആദ്യകാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെല്‍റ്റ്, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ അദ്ദേഹം 40 ലേറെ സിനിമകള്‍ക്ക് സംവിധായകനായി. നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു.

🔳വെള്ളിയാഴ്ച രാവിലെ അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പുനീതിന്റെ മകള്‍ വാന്തിക അമേരിക്കയില്‍ നിന്നെത്താന്‍ വൈകുന്നത് കൊണ്ടാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റിയത്. ഇന്നലെ വൈകുന്നേരം സംസ്‌കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പൊതുദര്‍ശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടകത്തില്‍ നാളെ വരെ ദുഃഖാചരണമാണ്.

🔳കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലുള്ള ഇന്ത്യാക്കാരുടെ വിശ്വാസം കൂടുതല്‍ നഷ്ടപ്പെടുത്തിയെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമീപ വര്‍ഷങ്ങളില്‍ ഈ പ്രതീക്ഷയില്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം ക്രമേണ ഇടിഞ്ഞുവെന്നും കൊവിഡ് കാലത്ത് നിരവധി ഇടത്തരം കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2022 ല്‍ നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും മുന്‍പ് ഭരിച്ചിരുന്ന ബിഎസ്പിക്കും കനത്ത തിരിച്ചടി. ഈ പാര്‍ട്ടികളില്‍ നിന്നുള്ള ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയുമാണ് എസ്പിയുടെ ഭാഗമായത്.

🔳കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് മമത ഗോവയില്‍ പറഞ്ഞു. മോദിയ്ക്കും ബിജെപിയ്ക്കും കോണ്‍ഗ്രസ് വലിയ തോതിലുള്ള പ്രചാരണമാണ് നല്‍കിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ക്ലിയര്‍ട്രിപ്പിന്റെ ഓഹരികള്‍ വാങ്ങുന്നു. കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്നതോടെ ഇന്ത്യക്കകത്ത് വിമാനയാത്രകള്‍ ശക്തമായതോടെയാണ് അദാനിയുടെ നീക്കം. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡാണ് ക്ലിയര്‍ട്രിപ്പിലെ ഓഹരികള്‍ വാങ്ങുന്നത്.

🔳ജമ്മു കശ്മീരിലെ രജൌരിയില്‍ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

🔳ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിനായി ഇന്ത്യയും ന്യുസീലന്‍ഡും ഇന്നിറങ്ങും. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം കൂടിയാകും ഇത്. പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഈ മത്സരം ജീവന്‍ മരണ പോരാട്ടമാണ്.

🔳ആവേശം അവസാന ഓവറിലേക്ക് നീണ്ട ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കങ്കയെ നാലു വിക്കറ്റിന് വീഴ്ത്തിയ ദക്ഷിണാഫ്രിക്കക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് അവസാന രണ്ടോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലഹിരു കുമാര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റബാദ സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അഞ്ചാം പന്ത് ബൗണ്ടറി കടത്തി റബാദ ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ലങ്കക്ക് കനത്ത തിരിച്ചടിയായി.

🔳ടി20 ലോകകപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക. ദക്ഷിണാഫ്രിക്കക്കെതിരെ ഹാട്രിക് നേടിയ ഹസരങ്ക ടി20 ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഇതിനൊപ്പം ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും ഹസരങ്ക സ്വന്തം പേരിലാക്കി.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 32 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

🔳കേരളത്തില്‍ ഇന്നലെ 70,709 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,514 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7166 പേര്‍ രോഗമുക്തി നേടി. ഇതോടെ 78,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 50.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119.

🔳രാജ്യത്ത് ഇന്നലെ 12,912 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 14,664 പേര്‍ രോഗമുക്തി നേടി. മരണം 445. ഇതോടെ ആകെ മരണം 4,58,219 ആയി. ഇതുവരെ 3,42,72,677 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.53 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്‌നാട്ടില്‍ 1,021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,70,830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 25,492 പേര്‍ക്കും ഇംഗ്ലണ്ടില്‍ 41,278 പേര്‍ക്കും റഷ്യയില്‍ 40,251 പേര്‍ക്കും തുര്‍ക്കിയില്‍ 23,096 പേര്‍ക്കും ഉക്രെയിനില്‍ 26,198 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.70 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.82 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ മരണം അരക്കോടി കവിഞ്ഞു. 5,671 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 337 പേരും റഷ്യയില്‍ 1,160 പേരും മെക്സിക്കോയില്‍ 320 പേരും ഉക്രെയിനില്‍ 541 പേരും റൊമാനിയായില്‍ 395 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.09 ലക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!