ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ വി എം മാത്യു പുരസ്കാരം പ്രിൻസ് പാസ്റ്റർക്ക് നവംബർ 10 ന് സമ്മാനിക്കും

ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ വി എം മാത്യു പുരസ്കാരം പ്രിൻസ് പാസ്റ്റർക്ക് നവംബർ 10 ന് സമ്മാനിക്കും

പെന്തക്കോസ്തു മാധ്യമങ്ങൾക്ക് വഴിവിളക്കായിരുന്ന വി എം മാത്യുസാറിന്റെ പേർക്ക് ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ ‘വി എം മാത്യു പുരസ്കാരം’ നവംബർ 10 ന് വൈകിട്ട് അഞ്ചിന് ഗിൽഗാൽ ആശ്വാസഭവൻ ഫൗണ്ടർ ആൻറ് മാനേജിങ് ട്രസ്‌റ്റി പാസ്റ്റർ ജേക്കബ് ജോസഫിന് സമ്മാനിക്കും. തിരുവല്ല മഞ്ഞാടി പ്രെയർ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.പവ്വർ വിഷൻ ചെയർമാൻ റവ.കെ .സി ജോൺ വി എം മാത്യുസാറിനെ അനുസ്മരിച്ചുകൊണ്ട് പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിന്‍പ്രകാരം 25,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. വിവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജെയ്‌മോഹന്‍ അതിരുങ്കലിലാണ് പ്രഥമ അവാര്‍ഡ് ജേതാവ്.

പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷത വഹിക്കും. വി എം മാത്യുസാറിന്റെ മാധ്യമസുഹൃത്തുക്കൾ സഭാപ്രവർത്തകർ എന്നിവർ ആശംസാസന്ദേശങ്ങൾ നൽകും. ഹാനോക്ക് ജേക്കബ്, വിദ്യ സന്തോഷ് എന്നിവർ ചേർന്ന് സംഗീത വിരുന്ന് ഒരുക്കും.

നിരാലംബരായ വയോധികര്‍, ഓര്‍മ്മ നഷ്ടപ്പെട്ടവര്‍, അല്‍ഷിമേഴ്‌സ് പിടിപെട്ടവര്‍, വിറയല്‍ ബാധിച്ചവര്‍ (പാര്‍ക്കിന്‍സണ്‍സ്), കിടപ്പുരോഗികള്‍ (പെയിന്‍ & പാലിയേറ്റീവ് കെയര്‍), മനസ്സിന്റെ താളം തെറ്റിയവര്‍, ഭിന്നശേഷിക്കാര്‍, സ്‌പൈനല്‍കോഡ് തകരാറിലായവര്‍, സെറിബ്രല്‍ പഴ്‌സി, ഓട്ടിസം ബാധിച്ച് കിടപ്പിലായ കുട്ടികള്‍ തുടങ്ങി സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന 350-ല്‍ പരം ജീവിതങ്ങള്‍ക്ക് അഭയം നല്‍കി, ഗില്‍ഗാല്‍ ആശ്വാസഭവന്‍.

സേവനസന്നദ്ധരായ 70-ഓളം സഹോദരങ്ങള്‍ ഇവരുടെ ശുശ്രൂഷകളില്‍ വ്യാപൃതരായിരിക്കുന്നു. കോവിഡ് കാലം ഗില്‍ഗാലില്‍ ദുരിതകാലമായിരുന്നു. ഗില്‍ഗാലിലെ അന്തേവാസികളും സ്റ്റാഫും ഉള്‍പ്പെടെ 90 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചു. എന്നിട്ടും പാസ്റ്റര്‍ പ്രിന്‍സും കുടുംബവും തളര്‍ന്നില്ല.

പ്രാര്‍ത്ഥന കൊണ്ടും പരിചരണം കൊണ്ടും അവര്‍ അതിനെ അതിജീവിച്ചു. ഗില്‍ഗാലിലെ ദുരവസ്ഥ പുറംലോകത്തെ ആദ്യം അറിയിച്ചത് ക്രൈസ്തവചിന്തയാണ്. സഹായവുമായി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സുമനസ്സുകള്‍ എത്തി.

ഗില്‍ഗാല്‍ ആശ്വാസഭവന്റെ പ്രവര്‍ത്തനങ്ങള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല. ആതുരസേവനത്തോടൊപ്പം, സാമൂഹ്യസേവനവും ഇവിടെ നടക്കുന്നു. ഭവനങ്ങളില്‍ കിടപ്പുരോഗികളായവര്‍ക്ക് അവിടെ എത്തി അവര്‍ക്കാവശ്യമായ ഹോസ്പിറ്റല്‍ ബെഡ്, വീല്‍ചെയര്‍, ഓക്‌സിജന്‍, സക്ഷന്‍ മെഷീന്‍, മോണിറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മുതലായവ എത്തിച്ചു നല്‍കുന്ന ഹോം കെയര്‍ സര്‍വ്വീസും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
വാഹനാപകടങ്ങളില്‍ പെടുന്നവരേയും പെട്ടെന്ന് രോഗാവസ്ഥയിലാകുന്നവരേയും ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വ്വീസ് ഉണ്ട്.

വീടുകളില്‍ ഭക്ഷണം ഇല്ലാത്തവര്‍ക്കും പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്കും വീടുകളില്‍ ഭക്ഷണപ്പൊതി എത്തിക്കുന്ന ഫുഡ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളവും എത്തിച്ചുകൊടുക്കുന്നു.

കൂടാതെ വിഷമില്ലാത്ത പച്ചക്കറികള്‍, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുകയും, സ്ഥാപനത്തിലെ ആവശ്യം കഴിഞ്ഞുള്ളവ പുറത്ത് വിപണിയില്‍ വില്‍ക്കുകയും ചെയ്തുവരുന്നു. ഈ മേഖലയില്‍ മാത്രം 20-ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. സാമൂഹിക, സേവന, കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ദമ്പതികളാണ് പ്രിന്‍സും സാലിയും. ഇവരുടെ ബൃഹത്തായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ വര്‍ഷത്തെ (2020-21) ക്രൈസ്തവചിന്തയുടെ വി.എം.മാത്യു അവാര്‍ഡ് പാസ്റ്റര്‍ പ്രിന്‍സ്-സാലി ദമ്പതികള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചത്.

ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്റര്‍ വര്‍ഗീസ് ചാക്കോ ഷാര്‍ജ, ഡോ. ഓമന റസ്സല്‍, എഡിറ്റര്‍ അനീഷ് എം.ഐപ്പ് എന്നിവരടങ്ങിയ പാനലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇരിപ്പിടങ്ങൾ കൃത്യമായ അകലത്തിൽ ക്രിമീകരിച്ചാണ് യോഗം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!