മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ സ്റ്റാലിനും പിണറായിയും വിചാരിച്ചാല്‍ പോരേ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ സ്റ്റാലിനും പിണറായിയും വിചാരിച്ചാല്‍ പോരേ?

ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിതയല്ല മുഖ്യമന്ത്രി. കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ആണ്. ഇവിടെ പിണറായി വിജയനും. രണ്ടുപേരും അടുത്ത സ്‌നേഹിതരുമാണ്. മാത്രമല്ല, ഡി.എം.കെ.യുടെ സഖ്യകക്ഷിയാണ് പിണറായിയുടെ പാര്‍ട്ടിയായ സി.പി.എം. അതാണല്ലോ ഒന്നാം പിണറായി സര്‍ക്കാര്‍ വരാന്‍ കാരണമായ ഇലക്ഷനില്‍ സ്റ്റാലിന്‍ കോടികള്‍ സംഭാവനയായി കേരളത്തിലെ സി.പി.എമ്മിന് നല്‍കിയത്.

ഈ സാഹചര്യത്തില്‍ പിണറായിയും സ്റ്റാലിനും മുഖാമുഖം ഒരു ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ പുതിയ ഡാം എന്ന തീരുമാനത്തിലെത്താന്‍ 30 മിനിറ്റ് മതിയാകും. സ്റ്റാലിന്‍ പുതിയ ഡാം പണിയാന്‍ സമ്മതിക്കുമെന്നതിന് സംശയം വേണ്ട. അതുകൊണ്ടാണ് ഈ കുറിപ്പിന്റെ ആമുഖത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇപ്പോള്‍ ജയലളിത അല്ലെന്ന് പറഞ്ഞത്.

ഡാം പണിയാമെന്ന് രണ്ടുപേരും സമ്മതിച്ചാല്‍ പിന്നെയുള്ള കടമ്പകള്‍ കടക്കാന്‍ ചര്‍ച്ചകളിലൂടെ സാദ്ധ്യമാകുന്നതാണ്. ആര് പണം മുടക്കും? വെള്ളവും കറന്റും മുഴുവനായി കൊണ്ടുപോകുന്ന തമിഴ്‌നാട് തന്നെ മുടക്കുമോ? അതോ ഒരു വിഹിതം കേരളം മുടക്കേണ്ടി വരുമോ? കേന്ദ്രവിഹിതം ഉണ്ടാകുമോ?പണി കഴിഞ്ഞാല്‍ വെള്ളത്തിന്റെ വില പുതുക്കി നിശ്ചയിക്കേണ്ടി വരില്ലേ? ഇതെല്ലാം ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കപ്പെടാവുന്ന കാര്യങ്ങളാണ്.

ആദ്യം നടക്കേണ്ടത് പുതിയ ഡാം പണിയാന്‍ രണ്ടു സര്‍ക്കാരുകളും കൂടി തീരുമാനമെടുക്കുക എന്നതാണ്. അതോടെ കോടതിയും കേന്ദ്രസര്‍ക്കാരും അയയും. കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പും വനംവകുപ്പും ഒക്കെ ഡാം പണിയാനുള്ള പച്ചക്കൊടിയുമായി രംഗത്തെത്തും.
മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ അത്യന്തം ദുര്‍ബലമാണെന്ന സത്യം ഏവര്‍ക്കുമറിയാം. പക്ഷേ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടത് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഇന്നലത്തെ വിധിയിലും സുപ്രീംകോടതി പറഞ്ഞത് ”സംസ്ഥാനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുക” എന്നാണ്. 142 അടി എന്നത് 139 ആയി കുറയ്ക്കണമെന്ന കേരളത്തിന്റെ വാദം നടക്കുമ്പോഴാണ് കോടതിയുടെ സുപ്രധാനമായ ഈ സ്റ്റേറ്റ്‌മെന്റ്. ജലനിരപ്പ് എത്രയെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്‌നാടുമായി ചര്‍ച്ച ചെയ്യൂ എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല, ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്ന തീരുമാനം കൈക്കൊള്ളേണ്ടത് ഈ രണ്ട് സംസ്ഥാനങ്ങളുടെ ഭരണാധികാരികള്‍ ചേര്‍ന്നാണ്. ആ തീരുമാനം കേന്ദ്ര ഗവണ്‍മെന്റും പരമോന്നത കോടതിയും അംഗീകരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കൂ എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പുതിയ ഡാമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് അസന്നിഗ്ദ്ധമായി സകല സാങ്കേതിക വിദഗ്ദ്ധരും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ എന്താണ് ഈ സര്‍ക്കാരുകള്‍ മടിച്ചു നില്‍ക്കുന്നത്? എല്ലാ വര്‍ഷക്കാലത്തും മുല്ലപ്പെരിയാര്‍ ഡാം നിറയാറാകുമ്പോള്‍ ചര്‍ച്ച തുടങ്ങും. ഇടുക്കി ഡാം കൂടി നിറയുമ്പോള്‍ ചര്‍ച്ച ശക്തമാകും. പുതിയ ഡാം പണിയുന്നതിനെപ്പറ്റിയല്ല, 142 അടി 139 ആക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച.

ഈ വര്‍ഷവും അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. രണ്ടാഴ്ച കൂടി തുലാവര്‍ഷം തുടര്‍ന്നേക്കാം. നവംബര്‍ ആദ്യവാരമാകുമ്പോള്‍ മഴ തീരും, ഡാമിലെ വെള്ളം കുറയും, ചര്‍ച്ചയും അവസാനിക്കും. മാധ്യമങ്ങളും എല്ലാം മടക്കിക്കെട്ടും. പിന്നെ മുല്ലപ്പെരിയാര്‍ ‘പണി തുടങ്ങുന്നത്’ അടുത്തവര്‍ഷം വെള്ളം പൊങ്ങുമ്പോഴാണ്.

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍? 125 വര്‍ഷം പഴക്കമുള്ള, പൊട്ടിയൊലിക്കുന്ന ചുണ്ണാമ്പ് ഡാം ഇനി എത്രനാള്‍ പൊട്ടിത്തകരാതെ നില്‍ക്കുമെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? 60 വര്‍ഷമാണ് ഒരു ഡാമിന്റെ ആയുസ്സെങ്കില്‍ ഇപ്പോള്‍ മൂന്നാമത്തെ ഡാം പണിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി അത് ഉള്‍ക്കൊള്ളുമെന്നാണല്ലോ സുപ്രീംകോടതി മുന്‍ ജഡ്ജിയും വിദഗ്ദ്ധസമിതി അംഗവുമായിരുന്ന ജസ്റ്റിസ് കെ.റ്റി.തോമസിന്റെ അഭിപ്രായം.

സൗകര്യാര്‍ത്ഥം നമുക്കത് ശരിവയ്ക്കാം. പക്ഷേ ഇടുക്കിയിലേക്ക് ആ വെള്ളം എത്തുന്നത് ആകാശത്തിലൂടെ അല്ലല്ലോ. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കെ. ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങളെ ഒഴുക്കിക്കൊണ്ടാണല്ലോ. അതേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നു കൂടി ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

ന്യൂയോര്‍ക്കില ഹഡ്‌സണ്‍ നദിയിലെ 4.5 കിലോമീറ്റര്‍ നീളമുള്ള, നാലുവരി റോഡുള്ള ടാപ്പന്‍സി പാലം പൊളിക്കാന്‍ കാലമാകുന്നതിന് 10 വര്‍ഷം മുമ്പേ പൊളിച്ച് എട്ടുനിര റോഡായി പണിതത് അമേരിക്കന്‍ സര്‍ക്കാര്‍ മനുഷ്യജീവന് വിലകല്പിക്കുന്നതു കൊണ്ടാണ്. ഇവിടെയോ? റാന്നി പാലം നമുക്കൊരു ഗുണപാഠമാണ്.

കാലടി പാലത്തില്‍ വാഹനങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ റബ്ബര്‍ പന്ത് പോലെയാണ് പാലം പൊങ്ങുന്നതും താഴുന്നതും. പാലത്തില്‍ ട്രാഫിക് കുരുക്കുണ്ടാകുമ്പോള്‍ ഈ ലേഖകന്‍ വാഹനവുമായി ശ്രീശങ്കര പാലത്തില്‍ കയറാറില്ല. ചാകുമ്പോള്‍ ചാകട്ടെ, പക്ഷേ മരണം ചോദിച്ചു വാങ്ങാന്‍ മനസ്സില്ല, അത്രതന്നെ.

പിണറായിയും സ്റ്റാലിനും അടുത്തടുത്ത് ഒന്ന് ഇരുന്നാല്‍ മതി. ഒരു കാപ്പി കുടിച്ച് തീരുന്നതിനു മുമ്പേ പ്രശ്‌നം തീര്‍ന്നിരിക്കും.


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!