മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജ്

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജ്

🔳മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്നും പൃഥ്വിരാജ് കുറിച്ചു.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.

🔳അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റാലിയില്‍ ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അമിത് ഷാ കൂടുതലും സംസാരിച്ചത്. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ അദ്ദേഹം റാലിയില്‍ നല്‍കി.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,517 കോവിഡ് രോഗികളില്‍ 8,538 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 442 മരണങ്ങളില്‍ 363 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,75,823 സജീവരോഗികളില്‍ 77,363 രോഗികളും കേരളത്തിലാണുള്ളത്.

🔳സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ. ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു. കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാധ്യതയില്ല. അവര്‍ക്ക് വാക്സീന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആല്‍ബം പോലുള്ള മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

🔳കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

🔳സംസ്ഥാനത്ത് റോഡ് പണി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടര്‍ തയ്യാറാക്കുന്നത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

🔳കെഎസ്ആര്‍ടിസിയിലെ ശമ്പള- പെന്‍ഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

🔳തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ഊര്‍ജിതം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി. വ്യാജ രേഖകളുണ്ടാക്കി താന്‍ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികള്‍ മനപ്പൂര്‍വ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതില്‍ ഷിജുഖാനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാന്‍ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം. അതേസമയം എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

🔳തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നല്‍കിയ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസില്‍ പൊലീസിന്റെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.

🔳അനുപമയുടെ കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി അനുപമയുടെ പിതാവും പേരൂര്‍ക്കട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാള്‍ മുതലാണ് സിനിമാ പ്രദര്‍ശനം. ഇന്നും നാളെയും തീയേറ്റുകളില്‍ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളാകും നടക്കുക. ജീവനക്കാര്‍ക്കുള്ള വാക്സിനേഷനും ഇതിനകം പൂര്‍ത്തിയാക്കും. രണ്ട് ഡോസ് വാക്സീനെടുത്തവര്‍ക്ക് മാത്രമാകും തീയറ്ററുകളില്‍ പ്രവേശനമുണ്ടാവുക. പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

🔳ഒടിടി റിലീസ് മുന്നില്‍ക്കണ്ട് സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണെന്നും അത് സിനിമയുടെ അന്ത്യമായിരിക്കുമെന്നും പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയുടെ വിസ്മയകരമായ ഘടകങ്ങളെയെല്ലാം അത് നഷ്ടപ്പെടുത്തും. ഒടിടിയില്‍ സിനിമ കാണാനെത്തുന്ന ഒരു കാണി, ഡെഡിക്കേറ്റഡ് ആയ ഒരു കാണിയല്ല എന്നതാണ് ഏറ്റവും പ്രധാനം. കാഷ്വല്‍ ആയ കാണിയാണ് അത്. അത്തരത്തിലാണ് എന്നെ നിങ്ങള്‍ സമീപിക്കുന്നതെങ്കില്‍ ഞാന്‍ ഏറെ നിരാശപ്പെടുമെന്നും അടൂര്‍ വ്യക്തമാക്കി. സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

🔳ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച് കാത്തലിക് ബിഷപ്പ് കൗണ്‍സിലും സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

🔳ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടനിലക്കാരിയാകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി . മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയെ സഹായിക്കുകയാണെന്നും ചൗധരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

🔳ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡ കത്ത് നല്‍കി. ആര്യന്‍ ഖാനെതിരായ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍സിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.

🔳കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ തുറന്ന ജയിലാക്കി മറ്റിയെന്ന് മെഹ്ബൂബ വിമര്‍ശിച്ചു. കശ്മീരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ അതിശയിക്കാനില്ലെന്നും അവര്‍ക്ക് കശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗ്ഗം അടിച്ചമര്‍ത്തലാണെന്നും ഇവിടെ എല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് എതിരാണ് പുതിയ നീക്കമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

🔳മയക്കുമരുന്ന് കടത്തുകാരനും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്റെ തലവനുമായ കൊടുംകുറ്റവാളി കൊളംബിയയില്‍ പിടിയിലായി. തലക്ക് 50 ലക്ഷം ഡോളര്‍ അമേരിക്ക വിലയിട്ട ഒട്ടോണിയല്‍ എന്നറിയപ്പെടുന്ന ഡെയ്‌റോ അന്റോണിയോ ഉസുഗയാണ് മെക്‌സിക്കന്‍ പട്ടാളവും വ്യോമസേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. 22 ഹെലികോപ്ടറുകളുടെ അകമ്പടിയില്‍ 500 സൈനികരാണ് ഇയാളെ പിടികൂടാനുള്ള ഓപ്പറേഷനില്‍ പങ്കാളികളായത്.

🔳ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ബാബര്‍-റിസ്വാന്‍ ബാറ്റിംഗ് ഷോയില്‍ ടീം ഇന്ത്യയെ10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്ഥാന്‍. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ജയത്തിലെത്തി. നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ 79 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ടീം ഇന്ത്യ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്റെ ഇന്നിംഗ്‌സിന്റേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. 31 ന് 3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യമാന്യമായ സ്‌കോറിലേക്കെത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്.

🔳ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് അര്‍ധസെഞ്ചുറി നേടി പിടിച്ചുനിന്ന ചരിത് അസലങ്കയും ഭനുക രജപക്‌സയുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.അസലങ്ക 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രജപക്‌സ 53 റണ്‍സ് നേടി. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചിന് 172.

🔳മെസ്സിയില്ലാത്ത ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണക്ക് തോല്‍വി. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിലാണ് റയല്‍മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്സയെ തോല്‍പ്പിച്ചത്.

🔳സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ തകര്‍ത്തത്.

🔳കേരളത്തില്‍ ഇന്നലെ 79,100 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,366 പേര്‍ രോഗമുക്തി നേടി. ഇതോടെ 77,363 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും, 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെഎറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159.

🔳രാജ്യത്ത് ഇന്നലെ 14,517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17,844 പേര്‍ രോഗമുക്തി നേടി. മരണം 442. ഇതോടെ ആകെ മരണം 4,52,289 ആയി. ഇതുവരെ 3,40,51,201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.75 ലക്ഷം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,13,434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 16,134 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,962 പേര്‍ക്കും റഷ്യയില്‍ 35,660 പേര്‍ക്കും തുര്‍ക്കിയില്‍ 24,792 പേര്‍ക്കും ഉക്രെയിനില്‍ 20,791 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,487 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,38 പേരും റഷ്യയില്‍ 1072 പേരും ഉക്രെയിനില്‍ 386 പേരും മെക്സിക്കോയില്‍ 306 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.95 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!