സി പി എമ്മിൽ വിശ്വാസമില്ലെന്ന് അനുപമ;  കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരോഗമനവാദികൾ എവിടെ പോയെന്ന ചോദ്യവുമായി ശശി തരൂർ എം.പി.

സി പി എമ്മിൽ വിശ്വാസമില്ലെന്ന് അനുപമ; കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരോഗമനവാദികൾ എവിടെ പോയെന്ന ചോദ്യവുമായി ശശി തരൂർ എം.പി.

🔳അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരോഗമന വാദികള്‍ എവിടെ പോയെന്ന് ശശി തരൂര്‍ എം പി ചോദിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും അനുപമക്ക് ഉടന്‍ നീതി ലഭ്യമാക്കണമെന്നും തിരുവനന്തപുരം എംപിയായ ശശി തരൂര്‍ പ്രതികരിച്ചു.

🔳അമ്മ എതിര്‍ത്തിട്ടും കുഞ്ഞിനെ ദത്തെടുത്ത കൊടുത്ത സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കുഞ്ഞിനെ ദത്തെടുത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ധാരാളം സങ്കീര്‍ണതകളുള്ള അസാധാരണമായ ഒരു കേസാണിതെന്നും പക്ഷേ പ്രതിബന്ധങ്ങളെന്തൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം സര്‍ക്കാര്‍, കോടതിയില്‍ നിലപാട് മാറ്റുമെന്ന് വ്യക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഉണ്ടെന്നും കൂടെ നിന്നവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ നന്ദി പറയുന്നതായും അനുപമ പറഞ്ഞു.

🔳അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ പരാതിക്കാരിയായ അമ്മ അനുപമ. സിപിഎം ഇപ്പോള്‍ നല്‍കുന്ന പിന്തുണയില്‍ വിശ്വാസമില്ലെന്നും അച്ഛനെയും അമ്മയെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് അവരെ തത്കാലമെങ്കിലും സസ്പെന്റ് ചെയ്തുകൊണ്ടാണ് പാര്‍ട്ടി എന്നോടുള്ള പിന്തുണ അറിയിക്കേണ്ടതെന്നും അനുപമ ആവശ്യപ്പെട്ടു.

🔳അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. അനുപമയുടെ പരാതികളെല്ലാം പൊലീസ് രജിസ്റ്ററിലുണ്ടെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കുന്നു. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമാണെന്ന് ആദ്യ അന്വേഷണത്തില്‍ സംശയമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

🔳തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ബലം കൂട്ടണമെന്നും കശ്മീരില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. തീവ്രവാദത്തെ തുടച്ച് നീക്കണമെന്നാണ് അഞ്ച് മണിക്കൂര്‍ നീണ്ട സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ ആവശ്യപ്പട്ടത്.

🔳നിയമമന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെ രാജ്യത്തെ കോടതികളിലെ അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇന്ത്യന്‍ കോടതികളിലെ അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി ആരും ചിന്തിക്കാറില്ലെന്നും ഈ ചിന്താഗതി കാരണമാണ് ഇന്ത്യയിലെ മിക്ക കോടതികളും ഇപ്പോഴും ജീര്‍ണിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഇത് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 26 ശതമാനം കോടതികളിലും സ്ത്രീകള്‍ക്ക് പ്രത്യേക ശൗചാലയങ്ങള്‍ ഇല്ലെന്നും 16 ശതമാനം കോടതികളില്‍ പുരുഷന്മാര്‍ക്ക് പോലും ടോയ്ലറ്റുകള്‍ ഇല്ലാത്ത അവസ്ഥയാണെന്നും എന്‍.വി രമണ ചൂണ്ടിക്കാട്ടി.

🔳കോണ്‍ഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പൊതു നിലപാട്. അടവുനയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരും. ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം മൃദുഹിന്ദുത്വ സമീപനം അടക്കമുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടി കേരളഘടകം സഹകരണത്തെ എതിര്‍ത്തു

🔳കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ആവര്‍ത്തിച്ച് കേരളഘടകം. കോണ്‍ഗ്രസ് സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വര്‍ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കേരളഘടകം യോഗത്തില്‍ വിശദീകരിച്ചു. പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പിബി നേതാക്കളും തെലങ്കാന, ആന്ധ്രാ ഘടകങ്ങളും കേരളത്തിന്റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്നതാണ് ബംഗാളിന്റെ നിലപാട്. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള അടവുനയം തുടരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്ന പൊതുനിലപാട്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,035 കോവിഡ് രോഗികളില്‍ 8,909 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 559 മരണങ്ങളില്‍ 464 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,66,434 സജീവരോഗികളില്‍ 80,626 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ. കോന്നിയില്‍ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം.

🔳കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക. നിലവില്‍ കുമളി, അടിമാലി ഉള്‍പ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു

🔳എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് എസ്എഫ്ഐയും എഐഎസ്എഫും. തങ്ങള്‍ക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞപ്പോള്‍ കടുത്ത ഭാഷയില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് എഐഎസ്എഫ് നേതാവ് ശുഭേഷ് സുധാകരനും രംഗത്തെത്തി. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്എഫ്ഐ മാറരുതെന്നും സംഘപരിവാറിനെതിരെ പുരപ്പുറ പ്രസംഗം നടത്തുന്നവരാണ് എഐഎസ്എഫിനെ ആക്രമിക്കുന്നതെന്നും ശുഭേഷ് സുധാകരന്‍ പറഞ്ഞു. എസ്എഫ്ഐ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയല്ലെന്നും ഫാസിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയായി മാറിയെന്നും ശുഭേഷ് സുധാകരന്‍ പറഞ്ഞു.

🔳എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ വനിതാ നേതാവിനെതിരേ ഭീഷണി മുഴക്കിയ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരേ പ്രമേയവുമായി എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനം. എസ്.എഫ്.ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എ.ഐ.വൈ.എഫ് വിമര്‍ശിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്ത ആള്‍കൂട്ടം മാത്രമായ എസ്.എഫ്.ഐക്ക് ഇടതുപക്ഷമെന്നത് ഒരു ലേബല്‍ മാത്രമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

🔳എം.ജി. സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എ.ഐ.എസ്.എഫ്.-എസ്.എഫ്.ഐ. പ്രശ്നത്തില്‍ ഇടപെടേണ്ടെന്ന നിലപാടുമായി സി.പി.എം., സി.പി.ഐ. നേതൃത്വങ്ങള്‍. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്ക് അവര്‍ തീര്‍ത്തോളുമെന്ന നിലപാടിലാണ് ഇരുപാര്‍ട്ടികളും.

🔳കെ റെയില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാക്കി യുഡിഎഫും ബിജെപിയും. കെ റെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെ റെയില്‍ പദ്ധതിയില്‍ വലിയ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതേസമയം കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ അറിയിച്ചു.

🔳ആറുമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാത്തെ തിയറ്ററുകള്‍ നാളെ തുറക്കുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് . ബുധനാഴ്ച്ച പ്രദര്‍ശനം തുടങ്ങുമെങ്കിലും വെള്ളിയാഴ്ച്ചയാണ് ആദ്യ മലയാള ചിത്രം റിലീസ് ചെയ്യുക. റിലസ് ചെയ്യാനുള്ള മലയാള ചിത്രങ്ങളുടെ കുറവ് പരിഹരിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനും ഫിയോക് തീരുമാനിച്ചു.

🔳കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ വിഎച്ച്പി, ബജറംഗ് ദള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ നിര്‍ബന്ധിച്ച് ക്രൈസ്തവരായി മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ബജറംഗ് ദള്‍ അടക്കമുള്ള സംഘടനകളുടെ ആരോപണം.

🔳പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സുഹൃത്തായ പാക് വനിതയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗര്‍ രംഗത്ത്. അമരീന്ദര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പാക് വനിതയായ അറൂസ ആലം പഞ്ചാബ് ഡിജിപിയെ പോലായണ് പെരുമാറിയിരുന്നതെന്നും പാക് വനിതയും മകനും പഞ്ചാബിന്റെ പണവുമായി കടന്നു കളഞ്ഞെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നവ്ജോത് കൗര്‍ രംഗത്തെത്തിയത്.

🔳വാട്‌സാപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. തര്‍ക്കപരിഹാര അവകാശങ്ങള്‍ ലംഘിക്കുന്നതിലൂടെ വാട്‌സാപ്പ് ഇതിനകം തന്നെ ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഈ പ്ലാറ്റ്‌ഫോമുകള്‍ തങ്ങള്‍ സ്വകാര്യതയുടെ സംരക്ഷകരാണെന്ന് പറയാന്‍ നിയമപരമായി യോഗ്യരല്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.

🔳ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തിലെ ആവേശ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ ആദ്യ ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഓസ്ട്രേലിയ മറികടന്നു. പതിനാറാം ഓവര്‍ കഴിഞ്ഞപ്പോള്‍ 83 ന് 5 എന്ന നിലയില്‍ പതറിയ ഓസീസിനെ ആറാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസും മാത്യു വെയ്ഡും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

🔳ടി20 ലോകകപ്പില്‍ വിക്കറ്റ് മഴ കണ്ട സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് ആദ്യ ജയം കുറിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 39 ന് 4 എന്ന നിലയില്‍ പതറിയെങ്കിലും ജോസ് ബട്‌ലറും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 14.2 ഓവറില്‍ 55ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 8.2 ഓവറില്‍ 56-4.

🔳കേരളത്തില്‍ ഇന്നലെ 86,111 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,229 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8780 പേര്‍ രോഗമുക്തി നേടി. ഇതോടെ 80,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 47.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158.

🔳രാജ്യത്ത് ഇന്നലെ 16,035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 16,481 പേര്‍ രോഗമുക്തി നേടി. മരണം 559. ഇതോടെ ആകെ മരണം 4,54,301 ആയി. ഇതുവരെ 3,41,74,843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.66 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,701 പേര്‍ക്കും തമിഴ്നാട്ടില്‍ 1,140 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,64,590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,983 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,985 പേര്‍ക്കും റഷ്യയില്‍ 37,678 പേര്‍ക്കും തുര്‍ക്കിയില്‍ 26,217 പേര്‍ക്കും ഉക്രെയിനില്‍ 23,229 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.40 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,611 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 429 പേരും റഷ്യയില്‍ 1075 പേരും ഉക്രെയിനില്‍ 483 പേരും റൊമാനിയയില്‍ 437 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.58 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!