ഐ.പി.സി. സ്റ്റേറ്റ്-ജനറല്‍ കൗണ്‍സില്‍ ‘കേളികള്‍’ തുടരുമ്പോഴും ഐ.പി.സി. പ്രാദേശിക സഭകള്‍ ഭദ്രം; പുതിയ നേതൃത്വത്തെ ജനം പ്രതീക്ഷിക്കുന്നു

ഐ.പി.സി. സ്റ്റേറ്റ്-ജനറല്‍ കൗണ്‍സില്‍ ‘കേളികള്‍’ തുടരുമ്പോഴും ഐ.പി.സി. പ്രാദേശിക സഭകള്‍ ഭദ്രം; പുതിയ നേതൃത്വത്തെ ജനം പ്രതീക്ഷിക്കുന്നു

ഐ.പി.സി.യുടെ ഏതാണ്ട് 30 ഇരട്ടി വിശ്വാസികളുള്ള കത്തോലിക്കാസഭയില്‍ ഉള്ള കേസുകള്‍ വിരലിലെണ്ണാവുന്നത്. എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ അടുത്ത നാളുകളില്‍ ചില കേസുകള്‍ സഭയ്ക്കുണ്ടായത്. അപ്പോള്‍ എത്ര ആഴത്തിലുള്ളതാണ് ഇന്ത്യാ പെന്തക്കോസ്തു സഭയിലെ കേസുകള്‍ എന്നത് നാം തിരിച്ചറിയണം. അമ്പതോളം കേസുകള്‍ സഭയ്‌ക്കെതിരെയുള്ളതും, വ്യക്തികള്‍ പരസ്പരം കൊടുത്തിട്ടുള്ളതും ഉണ്ടെന്നാണറിവ്.

സ്റ്റേറ്റും ജനറലും കൂടി തമ്മില്‍ ‘തല്ലി’ ആകെ കുളമായി കിടക്കുമ്പോഴും പ്രാദേശിക സഭയേയും അവിടുത്തെ വിശ്വാസികളെയും ഇതൊന്നും ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. പരമാവധി രണ്ടു ഡസന്‍ ആളുകളേ ഉള്ളൂ കുമ്പനാട്ടെ ‘ലീലകള്‍’ക്ക് ചുക്കാന്‍ പിടിക്കാന്‍. പ്രാദേശികസഭകളാകട്ടെ, ഇതൊന്നും കണ്ടഭാവം നടിക്കുന്നതേയില്ല. അവര്‍ സ്വന്തം സഭയെ ആത്മീയതയില്‍ നിലനിര്‍ത്തി മുന്നോട്ടുപാകാന്‍ ശ്രമിക്കുകയാണ്. പ്രാദേശിക പാസ്റ്റര്‍മാരും സ്വന്തം സഭകളെ പരിപാലിക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്.

കുമ്പനാട്ട് ‘ഭൂമി കുലുങ്ങിയാലും’ തങ്ങളെ ഇതൊന്നും ബാധിക്കില്ല എന്ന നിലപാടാണ് പ്രാദേശിക സഭകള്‍ സ്വീകരിച്ചിരിക്കുന്നത്. സഭയുടെ ആരംഭകാലം മുതല്‍ തന്നെ പ്രാദേശിക സഭകള്‍ക്കുള്ള സ്വാതന്ത്ര്യമാണല്ലോ ഐ.പി.സി.യുടെ വളര്‍ച്ചയ്ക്ക് കാരണമായത്. വളര്‍ച്ച എന്നുദ്ദേശിച്ചത് മറ്റു പെന്തക്കോസ്തു സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.സി.ക്കുണ്ടായ വളര്‍ച്ചയാണ്. മുകളില്‍ നിന്നും കല്പനകള്‍ അയച്ച് പ്രാദേശിക സഭയെ വരുതിയില്‍ നിര്‍ത്തുന്ന പരിപാടി ഐ.പി.സി.ക്ക് ഇല്ലല്ലോ.

നേതാക്കന്മാര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രധാന കാരണം പരസ്പരം വരുതിയിലാക്കാനുള്ള വ്യഗ്രതയാണ്. ‘ആരാണ് വലിയവന്‍, നീയാണോ ഞാനാണോ’ എന്ന അഹന്തയാണ് ഈ പ്രശ്‌നങ്ങളുടെ യെല്ലാം കാരണം. താഴാന്‍ ആര്‍ക്കും മനസ്സില്ല. സ്വേച്ഛാധിപതിയാണെന്ന വല്‍സന്‍ ഏബ്രഹാമിനെക്കുറിച്ചുള്ള വിലയിരുത്തലില്‍ കഴമ്പുണ്ട്. ‘ഷിബു നെടുവേലിക്ക് വര്‍ത്തമാനം പറയാന്‍ അറിയില്ല’ എന്ന ആരോപണത്തിലും കഴമ്പുണ്ട്. നേതാക്കള്‍ ഡിപ്ലോമാറ്റ് തന്നെ ആയിരിക്കണം. പുറത്താക്കലിലൂടെ ഷിബു നെടുവേലിക്ക് ജനപിന്തുണ കൂടി എന്നതും സത്യമാണ്.

സ്റ്റേറ്റിന്റെയും ജനറലിന്റെയും ഇപ്പോഴത്തെ ഭാരവാഹികളെ കുമ്പനാട്ട് നിന്നും അടിച്ചിറക്കി ചാണകവെള്ളം തളിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ നന്നായിരുന്നു. മദ്ധ്യനിരയില്‍ നില്‍ക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള, 50 കഴിഞ്ഞു നില്‍ക്കുന്ന ഒരുകൂട്ടം നേതാക്കള്‍ ഐ.പി.സി.ക്കുണ്ട് അവരെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരെങ്കിലും നടത്തുമെന്നാശിക്കാം. അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!