ദയനീയം വീണ്ടും ഈ ദുരന്തകാഴ്ചകൾ

ഷാജി ആലുവിള

2019 ഓഗസ്റ്റ് എട്ടാം തീയതി രാത്രിയിൽ ആണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ ഭൂദാനത്ത് മുത്തപ്പൻ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി മല ഇടിഞ്ഞിറങ്ങിയത്. 59 പേരാണ് ആ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടു മരിച്ചത്. 11 പേരുടെ മൃതദേഹം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം അറുപതു വീടുകൾ മണ്ണിനടിയിൽ മൂടപ്പെട്ടു.

മുണ്ടക്കയം കൊല്ലപ്പറമ്പിൽ കെ.പി. ജെബിയുടെ വീട് പുഴയിൽ വീഴുന്നു.

കൂറ്റൻ പാറകൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൻ കെട്ടിടങ്ങളുടെ അടിത്തറപോലും ഇളക്കി തറപറ്റിച്ചു. ഉരുൾപൊട്ടലിന്റെ സ്ഫോടനാശക്തിയിൽ ചാലിയാർ പുഴ കരകവിഞ്ഞൊഴുകി. കണ്മുൻപിൽ കണ്ട ആ ദുരന്തകാഴ്ച ഭയാനകവും വേദനിപ്പിക്കുന്നതും ആയിരുന്നു. അനേകരുടെ ജീവിതസ്വപ്നത്തിന്റെ സാക്ഷാത്കാരമായി നേടിയെടുത്ത പലതും വെള്ളത്തിനടിയിൽ മുങ്ങിപ്പോയി. അന്ന് നിലമ്പൂർ പാതാറിൽ കണ്ടാകാഴ്ച അതിഭീകരവും കരളലിയിപ്പിക്കുന്നതും ആയിരുന്നു. അങ്ങാടിയിലെ അനേക കൂറ്റൻ കെട്ടിടങ്ങൾ പാറയുടെ അടിയിൽ മൂടിപ്പോയി. ഉസ്‌മാൻ എന്നയാളിന്റെ മനോഹരമായ ഇരുനിലകെട്ടിടത്തിന്റെ അടിത്തറമുഴുവൻ ഇളകി പോയി ആ വെള്ളപ്പാച്ചിലിൽ. ഗുരുതരാവസ്ഥയിൽ നിലംപൊത്താതെ ഏതോ ചില പാറകളുടെ താങ്ങിൽ മാത്രം നിൽക്കുന്ന ആ വീടിന്റെ കാഴ്ചയും ആരെയും വേദനിപ്പിക്കുമായിരുന്നു.

അതിനു സമാനമായിട്ടാണ് ഈ പെരുമഴക്കലി വീണ്ടും കേരളത്തെ കണ്ണീരിലാഴ്ത്തിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ മിന്നൽപ്രളയം വൻ ദുരന്തമാണ് കഴിഞ്ഞ ദിവസം വിതച്ചത്. മുണ്ടക്കയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടി വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. ഒരു കുടുംബത്തിലെ ആറു പേരുടെ ഒരുമിച്ചുള്ള മരണവും സംസ്ക്കാരവും കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. കണ്മുൻപിൽ ഒരു വീട് ഒന്നാകെ ഒഴുകിപോയി പാതയാറിൽ നടന്ന സംഭവത്തിനു സമാനമായി. അതു പോലെ തന്നെയായിരുന്നു മുണ്ടക്കയം കൊല്ലപ്പറമ്പിൽ  കെ.പി. ജെബിയുടെ വീട് പുഴയിലേക്ക് തകർന്നു വീഴുന്ന ദൃശ്യവും. കൂട്ടിക്കലിൽ ഒരു മലയുടെ ഇരുവശങ്ങളിൽ ഉള്ള സ്ഥലമായ കാവാലിയും പ്ലാപ്പള്ളിയിലും ഒരുപോലെ ഉരുൾപൊട്ടി. അന്ന് വൈകിട്ട് കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലും ഉരുൾപൊട്ടി നാശം വിതച്ചു.

സ്ഫോടനശക്തിയുടെ വെള്ളപ്പാച്ചിലിൽ വീട് ഒന്നാകെ ഒലിച്ചു പോകുന്ന കാഴ്ച വേദനയോടെയാണ് ജനങ്ങൾ നോക്കി നിന്നത്. ഉച്ചയോടെ പുല്ലകയാർ കരകവിഞ്ഞൊഴുകി കുട്ടിക്കൽ പ്രദേശം മുഴുവൻ വെള്ളത്തിലായി. ചെറുതും വലുതുമായ ഒട്ടനവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ആണ് മലയോരപഞ്ചായത്തിനെ തകർത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എല്ലാ സ്ഥലത്തും അതിവേഗം നടക്കുന്നത് ആശ്വാസകരം തന്നെയാണ്.  ഈ പ്രളയ ക്കെടുതിയിൽ എത്ര പേർ മരിച്ചു എന്നുള്ള കണക്ക് വരുവാൻ ഇനിയും സമയമെടുക്കും. മരണത്തിൽ നിന്നും രക്ഷപെട്ട പലർക്കും അവരുടെ പലരെയും നഷ്ടപ്പെട്ടു. ആ വേർപാടിന്റെ വിലാപവും മാഞ്ഞു പോകാത്ത മുറിപ്പാടുകൾ ആണ്. കോട്ടയത്തും മറ്റു സ്ഥലങ്ങളിലും റോഡുകൾ ഒലിച്ചുപോയി. വൈദ്യുതിബന്ധം നിലച്ചു. കേരളത്തിന് കോടികളുടെ നഷ്ടങ്ങൾ സംഭവിച്ചു. പല ജില്ലകളിലും ജലപ്രളയം പല വിധ നഷ്ടങ്ങൾ ഉണ്ടാക്കി. പ്രകൃതിയുടെ ഈ വികൃതി എന്തുകൊണ്ടെന്ന് പരസ്പരം എല്ലാവരും ചോദിക്കുന്നു.
ഇനിയും മഴ കനക്കുമെന്നുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് മുൻകരുതലായി പല ഡാമുകളും തുറന്നു വിട്ടുതുടങ്ങി.

ഇത് നിലമ്പൂർ പാതാറിൽ ഉസ്മാന്റെ നിലം പതിക്കാതെ നിൽക്കുന്ന ഇരുനില വീട് . (ഫയല്‍ ചിത്രം)

അത് മുൻകാല അനിഷ്ട സംഭവങ്ങൾ അവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ തന്നെയാണ്. അത് അങ്ങനെ ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇപ്പോൾ വിവിധ ജില്ലകളിൽ ജലപ്രവാഹം വർദ്ധിച്ചു തുടങ്ങി ഡാമുകൾ തുറന്നതോടു കൂടി. ഇനിയും ചില ദിവസങ്ങൾ കൂടി ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു.  പ്രളയങ്ങളും പ്രളയക്കെടുതികളും ആവർത്തിച്ചാവർത്തിച്ചു സംഭവിക്കുമ്പോഴും നഷ്ടങ്ങൾ എന്നും നഷ്ടങ്ങളായി ശേഷിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവർക്ക് താൽക്കാലിക അഭയകേന്ദ്രത്തിൽ സംരക്ഷണം കിട്ടിയേക്കാം. എന്നാൽ പെയ്യ്തിറങ്ങിയ മഴയിൽ ഒഴുകിപ്പോയ നേട്ടങ്ങളും സ്വരൂപിച്ചു വെച്ചിരുന്ന സമ്പത്തും ഇനി തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം തകരുകയല്ലേ അവർക്കെല്ലാം? മഴയും പ്രളയവും മാറി പഴയസ്ഥലത്തെക്കു വരുമ്പോൾ ആ വേദനിക്കുന്നവരുടെ മാനസികാവസ്ഥ ആർക്കും ചിന്തിക്കുവാൻ പറ്റില്ല. ഒരായുസ്സുമുഴുവൻ അദ്ധ്വാനിച്ച് പണിതുയർത്തിയ വീട് നിന്ന സ്ഥലം പോലും കാണാനില്ല.

മകളുടെ വിവാഹത്തിന് ലോണെടുത്ത പണവും വാങ്ങിവെച്ചിരുന്ന സ്വർണ്ണവും തിരികെ ലഭിക്കാത്തവിധം ഒഴുക്കിൽപ്പെട്ട് നഷ്ടം ആയവർക്ക് ഉണ്ടായ ആഘാതം വലിയത് തന്നെ ആണ്. തകർന്നുപോയ വീടുകളിൽ നിന്നും രക്ഷപെട്ടവർക്ക് ആകെ കിട്ടിയത് ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം. വീടിനൊപ്പം എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം വാക്കുകളിൽ ഒതുക്കി തമാസിപ്പിക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുവാൻ നമ്മുടെ സർക്കാർ മുൻകൈ എടുക്കുമെന്ന് നമുക്ക് വിശ്വസിക്കാം. തകർന്നടിഞ്ഞുപോയ സ്ഥലങ്ങൾ പൂർവ്വസ്ഥിതിയിൽ ആകുവാൻ സമയമെടുക്കും.

ഭ്രാന്തെടുത്ത് ഒഴുകിയ കുത്തൊഴുക്കിൽ അടിഞ്ഞുകൂടിയ മരവും പാറയും വീടുകളുടെ അവശിഷ്ടങ്ങളും മറ്റൊരു മല പോലെ പലയിടത്തും കൂടികിടക്കുന്നു. ഇപ്പോൾ ഉള്ള മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലങ്കിൽ ദുരന്തങ്ങൾ വീണ്ടും നേരിടേണ്ടി വരും. കവളപ്പറയിലെ മുപ്പത്തിരണ്ട് ആദിവാസികളുടെ പുനരധിവാസത്തിനുള്ള വീടുകളുടെ പണി ഒരു കൊല്ലം കഴിഞ്ഞിട്ടും അന്ന് ഇഴഞ്ഞു നീങ്ങിയതിനു കാരണം പല കടമ്പകൾ ഉണ്ട് എന്നാണ് അധികാരികൾ പറഞ്ഞത്. കടമ്പകളും നൂലാമാലകളും അനവധി കണ്ടേക്കാം. ഇരുചിറകും നഷ്ടപ്പെട്ട് പറക്കുവാൻ വയ്യാത്ത പറവയെ സംരക്ഷിക്കുന്ന സംരക്ഷകനെ പോലെ ഈ പ്രളയദുരന്തത്തിൽ നിർദ്ധരർ ആയവരെ പുനരധിവസിപ്പിക്കുവാൻ നല്ല ശമര്യക്കാരനായി തീരട്ടെ നമ്മുടെ സർക്കാരും സമൂഹവും എന്ന് പ്രാർത്ഥിക്കാം.

പുഴയ്ക്കും മലയ്ക്കും കാടിനും മരത്തിനും വയലുകൾക്കും നമ്മെ തിരിച്ചറിയില്ല. മനുഷ്യർ അതിനെ തിരിച്ചറിയണം. അതിനെ നശിപ്പിക്കാതെ സ്നേഹത്തോടെ സംരക്ഷിക്കണം. കാറ്റും മഴയും പുഴയും മഞ്ഞും വെയിലുമെല്ലാം നമുക്കുള്ള ദൈവത്തിന്റെ സമ്മാനം ആണ്. അവയെ എല്ലാം ദൈവം തന്നെ നിയന്ത്രിക്കട്ടെ ഇനിയും മറ്റൊരു ദുരന്തകാഴ്ച ഉണ്ടാകാതിരിക്കുവാൻ.

https://twitter.com/i/status/1449912631007973380

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!