കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍

🔳കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍ രംഗത്ത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി താന്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ക്കും ആര്‍ജ്ജവം ഉണ്ടായിരുന്നില്ലെന്നും പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേര്‍ന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും പലതരം ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

🔳കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍ സച്ചുവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും തുടങ്ങുകയായിരുന്നു. പതിനൊന്നേ കാലോടെയാണ് സച്ചുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെയാണ്. കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവും കൊക്കയാറില്‍ ഏഴ് വീടുകളാണ് തകര്‍ത്തത്.

🔳മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ച ഉടന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🔳ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിലവില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് ഇടുക്കി ഡാമില്‍. 2397.86 അടിയാകുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാല്‍ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുന്നിലുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴയില്ല. എന്നാല്‍ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതു മുന്നില്‍ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരിക്കണം. 2385 ല്‍ ജലനിരപ്പ് നിജപ്പെടുത്തണമെന്നും മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

🔳അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാം തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ അറിയിക്കണമെന്നും പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

🔳കേരള, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് രാത്രി ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം

🔳കിട്ടുന്നതെന്തും അതേ രീതിയില്‍ അവതരിപ്പിക്കലോ, ജനങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും കൊടുക്കലോ അല്ല ജേണലിസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍. അത് മയക്കുമരുന്ന് വില്‍പനയാണെന്നും ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍, സെക്‌സ് ആണ് വേണ്ടതെങ്കില്‍ അത് നല്‍കുന്നതല്ല ജേണലിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും ശശികുമാര്‍ വ്യക്തമാക്കി. സമകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നതെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

🔳സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ പോയിത്തുടങ്ങുമ്പോള്‍ വാക്സിനെക്കാള്‍ പ്രാധാന്യം മാസ്‌കിനു തന്നെയാണെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. സ്‌കൂളുകളില്‍ പോയിത്തുടങ്ങിയാല്‍ കുട്ടികള്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാം. എന്നാല്‍, കുട്ടികള്‍ക്കിടയില്‍ വ്യാപകമായി രോഗം പടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം വിരളമാണ്. ആരോഗ്യമുള്ള കുട്ടികളെ സംബന്ധിച്ച് കുറച്ചേ ആശങ്കപ്പെടേണ്ടതുള്ളൂ. പ്രത്യേകം ശ്രദ്ധവേണ്ട കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണമെന്നും ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

🔳പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ഡല്‍ഹി ഗതാഗത വകുപ്പ്. തണുപ്പ് കാലത്തിന് മുന്നോടിയായി ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

🔳ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ട്രെയിന്‍ തടയല്‍. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ട്രെയിന്‍ തടയല്‍.

🔳ജാതീയമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് പറഞ്ഞു. കോടതി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്‌തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും റിപ്പോര്‍ട്ട്.

🔳ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചര്‍ച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന മേഖലകളിലടക്കം സുരക്ഷാസേന ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

🔳ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം. ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുന്‍ നായകന്‍ എം എസ് ധോണിയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഞായറാഴ്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.

🔳അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ107 വിക്കറ്റിന്റെ റെക്കോര്‍ഡാണ് ഷാക്കിബ് മറികടന്നത്. ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിന്റെ മൈക്കല്‍ ലീസ്‌കിനെ പുറത്താക്കിയാണ് ഷാക്കിബിന്റെ നേട്ടം. 89 ട്വന്റി 20യില്‍ നിന്ന് ഷാകിബിന് ഇപ്പോള്‍ 108 വിക്കറ്റായി. ട്വന്റി 20യില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ താരവും ഷാകിബാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!