കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണിലും സുജേഷിനെ കിട്ടുന്നില്ല. സിപിഎമ്മില്‍ നിന്ന് സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് മുന്‍പ പറഞ്ഞിരുന്നു.

🔳റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രം വാക്‌സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കുറഞ്ഞതും ചൂണ്ടികാണിച്ചായിരുന്നു രാഹലിന്റെ ട്വീറ്റ്.

🔳മെഗാ വാക്സിനേഷന് പിന്നാലെ വാക്സിന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരംവും. ഇങ്ങനെയാണെങ്കില്‍ എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷിക്കട്ടെ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 30,800 കോവിഡ് രോഗികളില്‍ 63.80 ശതമാനമായ 19,653 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 296 മരണങ്ങളില്‍ 51.35 ശതമാനമായ 152 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,12,119 സജീവരോഗികളില്‍ 55.64 ശതമാനമായ 1,73,678 രോഗികളും കേരളത്തിലാണുള്ളത്.

🔳കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിര്‍ദ്ദേശത്തിന് തിരിച്ചടി. വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

🔳പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ- സമുദായ- മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മതസൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചു. മതവികാരങ്ങള്‍ മുറിപ്പെടുത്തുന്ന കാര്യങ്ങളില്‍ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടാക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

🔳കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി എംഎല്‍എമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

🔳പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതക്കെതിരെ എഐവൈഎഫ് പ്രമേയം. ജാതിമത സംഘടന നേതാക്കള്‍ വിഷലിപ്തമായ വാക്കുകളില്‍ നിന്ന് പിന്മാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി. പാലാ എഐവൈഎഫ് സമ്മേളനത്തില്‍ ആണ് പാലാ രൂപതക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.

🔳നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാലാ ബിഷപ്പ് പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലായി സര്‍ക്കാര്‍ ഇടപെടല്‍. ഇത് തെറ്റാണെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കെ സുധാകരന്‍. സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആത്മവിശ്വാസമുണ്ട്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. സര്‍ക്കാര്‍ കാട്ടേണ്ട ഉത്തരവാദിത്തം കാട്ടിയില്ല. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ ബിഷപ്പിനെ കണ്ടശേഷം പ്രതികരിച്ചത്. ചര്‍ച്ചയ്ക്കായി പലവട്ടം കത്തയച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികന്‍ ഖേദം പ്രകടിപ്പിച്ചു. ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം

🔳പാലക്കാട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.സമാന്തര എക്സ്ചേഞ്ചുകളുടെ മറവില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം, ഹവാല, മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

🔳കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിന്റെ ചുമതല നല്‍കി. ചുമതല മാറ്റത്തിന്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

🔳തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടന്‍ വിജയ്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

🔳പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായാകും. ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. മുഖ്യമന്ത്രിയായി സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. എല്‍എമാരുടെ പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.

🔳ഏറെ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് അമരീന്ദര്‍ സിങിന്റെ പിന്‍ഗാമിയായി ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. നവ്‌ജ്യോത് സിദ്ദു, സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ തുടങ്ങി നിരവധി പേരുകള്‍ മാറി മറിഞ്ഞ ശേഷമാണ് ആദ്യഘട്ടത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ചരണ്‍ജിത്ത് സിങ് ചന്നിയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. അമരീന്ദര്‍ സിങ്- സിദ്ദു സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ചന്നിക്ക് സാധിക്കും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ചന്നി മാറും.

🔳നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി എ.എ.പി. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ചത്.

🔳ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023-ല്‍ യാഥാര്‍ഥ്യമാകുന്നതോടെ കേന്ദ്ര സര്‍ക്കാരിന് ടോള്‍ ഇനത്തില്‍ പ്രതിമാസം 1000 കോടി രൂപ മുതല്‍ 1500 കോടിരൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വരുമാനം സൃഷ്ടിക്കാനുള്ള സ്വര്‍ണഖനിയാണെന്നും 2023 മാര്‍ച്ചോടെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

🔳ഗുരുതരാവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോടും ആശംസകള്‍ അറിയിച്ച ആരാധകരോടും നന്ദിയറിച്ച് ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ്. അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകള്‍ തളര്‍ന്നുപോവുകയും ചെയ്തിരുന്നു. ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ നേരത്തെ വെന്റിലേറ്ററിലായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ഓള്‍റൗണ്ടര്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,46,611 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,214 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,612 പേര്‍ക്കും റഷ്യയില്‍ 20,174 പേര്‍ക്കും തുര്‍ക്കിയില്‍ 26,398 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 19,271 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5619 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 307 പേരും റഷ്യയില്‍ 793 പേരും ഇറാനില്‍ 391 പേരും മെക്സിക്കോയില്‍ 765 പേരും മലേഷ്യയില്‍ 376 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.04 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!