കെ.എം. റോയ് മാധ്യമ ധാർമികതയുടെ ബഹുമുഖ പ്രതിഭ

കെ.എം. റോയ് മാധ്യമ ധാർമികതയുടെ ബഹുമുഖ പ്രതിഭ

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയ്, മാതൃകയുള്ള പത്രപ്രവർത്തകനും ബഹുമുഖ പ്രതിഭയും ആയിരുന്നു. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ തന്റെ രചനാപാടവം തെളിയിച്ചു. മാധ്യമ പ്രവർത്തക രംഗത്ത് അദ്ദേഹം എന്നും മാതൃകയായിരുന്നു. പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകളുണ്ടാക്കി വാർത്ത ഉണ്ടാക്കുന്നതിനോട് അദ്ദേഹം എന്നും മുഖം തിരിച്ചിരുന്നു.

ഏത് വിഷയമാണെങ്കിലും നിഷ്പക്ഷ മാധ്യപ്രവർത്തകൻെറ നിരീക്ഷണ പാടവവും, അപഗ്രഥന ശേഷിയും ചേർന്നതായിരുന്നു അദേഹത്തിൻെറ രചനാശൈലി. ഒട്ടേറെ വാർത്തകൾ പുറത്തെത്തിച്ച കെ.എം. റോയ് തന്റെ മുന്നിലെത്തിയ ചില വാർത്തകൾ ധാർമികതയുടെ പേരിൽ ഒഴിവാക്കി. കോട്ടയത്തെ കോളേജിൽ നിന്നും പതിനെട്ട് വയസിന് താഴെയുള്ള മൂന്ന് പെൺകുട്ടികളെ കാണാതായതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് വാർത്തകൾ മറ്റ് പത്രങ്ങളിൽ വന്നപ്പോൾ അദ്ദേഹം അസ്വസ്ഥനായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേ കുറിച്ച് കഥകൾ മെനഞ്ഞ് ഉണ്ടാക്കുന്നത് അധാർമികതയാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

അന്ന് ആ വാർത്ത കൊടുത്ത പത്രങ്ങൾക്ക് പ്രസ് കൗൺസിലിനോട് പീന്നീട് മാപ്പ് പറയേണ്ടതായി വന്നു എന്നതും ചരിത്രം. ഒരു റിപ്പോർട്ടർ മികച്ച പത്രാധിപരാവണമെന്നില്ല, മറിച്ചും. ഊന്നൽ മാറ്റിയും ആകർഷക ശീർഷകം നൽകിയും വാർത്ത ശ്രദ്ധേയങ്ങളാക്കിയ ഉദാഹരണങ്ങളും റോയ് എന്ന മാധ്യമ പ്രവർത്തകനിൽ ഉണ്ടായിരുന്നു. സിസ്റ്റർ അഭയുടെ മരണം ആത്മഹത്യ അല്ലെന്ന് തലക്കെട്ട് നൽകി ധീരത കാട്ടിയ പത്രാധിപർ കൂടിയായിരുന്നു ഇദ്ദേഹം. 92 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്ത്‌ ഹിന്ദുത്വം അസഹിഷ്ണതയുടെ കൊടി ഉയർത്തിയപ്പോൾ ലേഖനങ്ങളിലൂടെയും, മുഖ പ്രസംഗങ്ങളിലൂടെയും ആയിരുന്നു റോയ് എന്ന മാധ്യമ പ്രവർത്തകൻ പ്രതികരിച്ചത്. ഒരു മുഖപ്രസംഗത്തിന് മുട്ടത്ത്‌ വർക്കി ഫൗണ്ടേഷൻ അവാർഡും ലഭിച്ചു.

1939-ൽ എറണാകുളം കരീത്തര വീട്ടിൽ കെ.ആർ.മാത്യു-ലുഥീന ദമ്പതികളുടെ മകനായി ജനിച്ചു. 1963-ൽ എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തിൽ എഴുതി തൻെറ കർമ്മ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് ദേശബന്ധു, കേരള ഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു, യു.എൻ.ഐ. വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. വിരമിക്കുന്ന കാലഘട്ടങ്ങളിൽ 1980 മുതൽ 2002 വരെ മംഗളത്തിൻെറ നെടുംതൂണായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻ്റായും, ഐ.എഫ്.ഡബ്ല്യൂ.ജെ. സെക്രട്ടറി ജനറലായും പ്രവർത്തിച്ചു.

കേരള പ്രസ് അക്കാദമി വൈസ് ചെയർമാനായും സേവനം അനിഷ്ഠിച്ചിട്ടുണ്ട്‌. മാതൃകാപരമായ മാധ്യമ പ്രവർത്തനത്തിന് നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. പ്രഥമ സി.പി. ശ്രീധരമോനോൻ സ്മാരക പുരസ്ക്കാരം, ശിവറാം അവാർഡ്, മുട്ടത്ത് വർക്കി ഫൗണ്ടേഷൻ അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, റഹിം മേച്ചേരി അവാർഡ്, കെ.സി.ബി.സി. അവാർഡ് ,അമേരിക്കൻ ഫൊക്കാന അവാർഡ്, ആൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ് ടൈം അവാർഡ് ,കേസരി രാഷ്ട്രസേവ പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!