കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

🔳കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ ചില മേഖലകളില്‍ വലിയ തോതില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ടെന്നും അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും കണ്ണന്താനം പറഞ്ഞതായി എഎന്‍ഐ ട്വീറ്റ് ചെയ്തു.

🔳കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസ് പ്രവേശനം ഉടനെയെന്ന് റിപ്പോര്‍ട്ടുകള്‍. ഭഗത് സിംഗിന്റെ ജന്മവാര്‍ഷിക ദിനമായ ഈ മാസം 28ന് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,121 കോവിഡ് രോഗികളില്‍ 62.09 ശതമാനമായ 19,325 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 306 മരണങ്ങളില്‍ 45.96 ശതമാനമായ 143 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,24,850 സജീവരോഗികളില്‍ 55.68 ശതമാനമായ 1,80,888 രോഗികളും കേരളത്തിലാണുള്ളത്.

🔳നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

🔳സംസ്ഥാനത്ത് ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡത്തില്‍ മാറ്റം. ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു.ഐ.പി.ആര്‍ എട്ടില്‍ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായെങ്കിലും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നലത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.

🔳സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ഇനി ആന്റിജന്‍ പരിശോധന നടത്തുക.

🔳സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ സുപ്രധാന മാറ്റമാകാന്‍ കൊച്ചിയില്‍ ഡിജിറ്റല്‍ ഹബ്ബ് തുറന്നു. സംരംഭകര്‍ക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്നത് പരിഗണനയിലെന്ന് ഹബ്ബ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം ചതുരശ്രടി വിസ്തീര്‍ണമുള്ള ഡിജിറ്റല്‍ ഹബ്ബ് കെട്ടിട സമുച്ചയം നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നിര്‍മിച്ചത്.

🔳കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

🔳ഒരു മതവും നിര്‍ബന്ധിത പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരാമാധ്യക്ഷന്‍ മാത്യൂസ് മാര്‍ സേവേറിയോസ്. മതങ്ങളുടെ പരസ്പര ബന്ധം നിലനിര്‍ത്തണമെന്നും സഭാതര്‍ക്ക വിഷയങ്ങളില്‍ നിലവിലെ നിലപാട് തുടരുമെന്നും മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കാതെ ഐക്യം സാധ്യമല്ലെന്നും മാര്‍ സേവേറിയോസ് പറഞ്ഞു.

🔳തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശയാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവര്‍മാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാര്‍ശ.

🔳ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവച്ചു. നിലവിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വര്‍ഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു ശോഭന ജോര്‍ജിന്റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

🔳വിജിലന്‍സ് കേസില്‍പ്പെട്ട പാര്‍ട്ടി ഭാരവാഹികള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദള്‍ കരീം ചേലേരി ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. അന്‍പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

🔳മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. കേരള ഭൂഷണ്‍, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്ന കെ എം റോയ് ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ ആയിരുന്നു . പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് നോവല്‍, രണ്ട് യാത്രാ വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.

🔳നീറ്റ് പരീക്ഷക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഏകോപിപ്പിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. പിണറായി വിജയനുള്‍പ്പെടെ മൂന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നീറ്റിനെതിരെ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കൂട്ടായ സമ്മര്‍ദ്ദം ചെലുത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

🔳തെലങ്കാനയില്‍ കിറ്റെക്‌സ് 2,400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കിറ്റക്സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്കാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ് നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതെന്നും കിറ്റെക്സ് അറിയിച്ചു.

🔳കര്‍ണാടകത്തില്‍ അനധികൃതമായി നിര്‍മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതിനെതിരേ ഹിന്ദുമഹാസഭ. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇവിടെയുളളിടത്തോളം സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുമഹാസഭ സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുക്കളെ സംരക്ഷിക്കാനായി മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തിയ ഞങ്ങള്‍ നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മന്ത്രി ശശികല ജോളെ എന്നിര്‍ക്കെതിരേ ആയിരുന്നു ധര്‍മേന്ദ്രയുടെ പരസ്യഭീഷണി.

🔳മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്‍ എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം. മമത ബാനര്‍ജി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടിപ്രവേശനം ബിജെപിക്ക് മുന്നില്‍ വലിയ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തപ്പെടുന്നത്.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരില്‍ താന്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചു.

🔳ലോകത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി താലിബാന്‍ തനിസ്വരൂപം കാട്ടുന്നു. തങ്ങള്‍ മാറിയെന്ന് പറഞ്ഞ് ആ്ചകള്‍ക്കു മുമ്പ് അധികാരത്തിലേറിയ താലിബാന്‍ 1990-കളിലെ ദുര്‍ഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താനില്‍ ഇന്നലെ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ മനോഭാവം. ആണ്‍കുട്ടികളും ആണ്‍ അധ്യാപകരും മാത്രം മതിയെന്ന താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്ലാതെ ക്ലാസുകള്‍ ആരംഭിച്ചത്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,61,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 41,266 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,144 പേര്‍ക്കും റഷ്യയില്‍ 20,329 പേര്‍ക്കും തുര്‍ക്കിയില്‍ 26,161 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 23,134 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.87 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5414 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 579 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 355 പേരും മലേഷ്യയില്‍ 324 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.97 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!