വാര്‍ത്തകള്‍: ജനം ആകാംക്ഷയുടെ മുൾമുനയിൽ; പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വില കുറയ്ക്കുമോ?  ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ

വാര്‍ത്തകള്‍: ജനം ആകാംക്ഷയുടെ മുൾമുനയിൽ; പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വില കുറയ്ക്കുമോ? ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ

🔳45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്നൗവില്‍ ചേരും. . പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചര്‍ച്ച ചെയ്തേക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

🔳കൊവിഡില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസര്‍ക്കാരിന്റെ രണ്ട് അജണ്ടകള്‍ നടപ്പിലാക്കാന്‍ ഐസിഎംആര്‍ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഐസിഎംആര്‍ രംഗത്തെത്തി. കൊവിഡ് നിയന്ത്രണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പ്രതികരിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 34,640 കോവിഡ് രോഗികളില്‍ 64 ശതമാനമായ 22,182 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 318 മരണങ്ങളില്‍ 56 ശതമാനമായ 178 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,32,451 സജീവരോഗികളില്‍ 56 ശതമാനമായ 1,86,231 രോഗികളും കേരളത്തിലാണുള്ളത്.

🔳മതേതരത്വം കോണ്‍ഗ്രസിന്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അതു കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ആ ലക്ഷ്യത്തിന്റെ ഭാഗമായാണ് വിവിധ ബിഷപ്പുമാരേയും ഇമാമിനേയും എല്ലാം നേരില്‍ കണ്ടു അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

🔳കോണ്‍ഗ്രസ് തള്ളുന്ന മാലിന്യം ഏറ്റെടുത്തത് സി.പി.എമ്മിന്റെ പാപ്പരത്തമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മാറ്റത്തിലൂടെയാണു പോകുന്നത്. ഇതിന് കുറച്ച് ത്യാഗങ്ങള്‍ സഹിക്കേണ്ടിവരുമെന്നും ഇതിനായി കുറെ മാലിന്യങ്ങളെ തള്ളേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

🔳ചന്ദ്രിക കള്ളപ്പണക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ആവശ്യമായ രേഖകള്‍ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയെന്നാണ് അവകാശവാദം.

🔳പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

🔳ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സിനഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവില്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്.

🔳കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പ്രതികരിച്ചു.

🔳പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു സിറാജ്. പിഡിപിയുടെ മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. നിലവില്‍ പിഡിപി വൈസ് ചെയര്‍മാനാണ്.

🔳ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ.

🔳അഫ്ഗാനിസ്താനില്‍ മുന്‍ സര്‍ക്കാറില്‍ നിര്‍ണായക പദവികളിലിരുന്ന പ്രമുഖരുടെ വീടുകളില്‍ താലിബാന്‍ നടത്തിയ റെയ്ഡുകളില്‍ 12 മില്യന്‍ ഡോളര്‍ അഥവാ 88 കോടി രൂപ വിലവരുന്ന കറന്‍സികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു. പാഞ്ച്ഷീറില്‍ താലിബാനെതിരെ പടനയിച്ച മുന്‍ വൈസ്പ്രസിഡന്റ് അംറുല്ലാ സാലിഹ് അടക്കമുള്ളവരുടെ അടച്ചിട്ട വീടുകളിലാണ് താലിബാന്‍ തെരച്ചില്‍ നടത്തിയത്. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണവും നോട്ടുകളും തങ്ങള്‍ക്ക് കൈമാറിയതായി അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് ട്വീറ്റ് ചെയ്തു.

🔳ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപില്‍ ഡോള്‍ഫിനുകളുടെ കൂട്ടക്കുരുതി. പ്രാദേശിക ആചാരത്തിന്റെ ഭാഗമായി 1500-ഓളം ഡോള്‍ഫിനുകളെയാണ് ആളുകള്‍ വേട്ടയാടിക്കൊന്ന് തീരത്തിട്ടത്. കരയില്‍ ചോരവാര്‍ന്നു കിടക്കുന്ന നൂറു കണക്കിന് ഡോള്‍ഫിനുകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സീ ഷെഫേഡ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന്, ഈ ആചാരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍, പ്രദേശിക ഭരണകൂടം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

🔳ആഗോളതലത്തില്‍ ഇന്നലെ 5,28,348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,27,570 പേര്‍ക്കും ബ്രസീലില്‍ 34,407 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,911 പേര്‍ക്കും റഷ്യയില്‍ 19,594 പേര്‍ക്കും തുര്‍ക്കിയില്‍ 28,118 പേര്‍ക്കും ഇറാനില്‍ 18,021 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 21,261 പേര്‍ക്കും മലേഷ്യയില്‍ 18,815 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,832 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,712 പേരും ബ്രസീലില്‍ 600 പേരും റഷ്യയില്‍ 794 പേരും ഇറാനില്‍ 453 പേരും മെക്സിക്കോയില്‍ 897 പേരും മലേഷ്യയില്‍ 346 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.81 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!