10 ലക്ഷം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയുടെ സ്ഥാപകൻ ഡേവിഡ് യോംഗി ചോ ഇനി ഓർമ്മയിൽ; സംസ്കാരം ശനിയാഴ്ച

10 ലക്ഷം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയുടെ സ്ഥാപകൻ ഡേവിഡ് യോംഗി ചോ ഇനി ഓർമ്മയിൽ; സംസ്കാരം ശനിയാഴ്ച

ഡോ. ബാബു തോമസ്,
ന്യൂയോർക്ക്

ലോകത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയുടെ സ്ഥാപകനും പാസ്റ്ററുമായ ഡേവിഡ് യോംഗി ചോ വിടപറഞ്ഞു. സംസ്‌കാരം ശനിയാഴ്ച രാവിലെ നടക്കും.
1936 ഫെബ്രുവരി 14-നു ഒരു ബുദ്ധമത വിശ്വാസിയായി ജനിച്ച യോംഗി ചോ സൗത്ത് കൊറിയയിലെ ഏറ്റവും വലിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തെക്കോസ്തു സഭയുടെ പാസ്റ്ററായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡിന്റെ വേള്‍ഡ് ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ പ്രായം 85 വയസ്സ്.

സൗത്ത് കൊറിയയിലെ ഒരു കുഗ്രാമമായ ഉല്‍ജു എന്ന സ്ഥലത്തു കൈയുറകളും സോക്‌സും നിര്‍മ്മിക്കുന്ന ഒരു കൊച്ചുവ്യവസായിയുടെ മകനായിട്ടാണ് ചോ ജനിച്ചത്. ചോയുടെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ വ്യവസായം നഷ്ടത്തിലായതിനാല്‍ പൂട്ടിക്കെട്ടി. ദാരിദ്ര്യത്തിന്റെ അനുഭവം ലോകത്തിലേക്കിറങ്ങുവാന്‍ ചോയെ പ്രേരിപ്പിച്ചു. അമേരിക്കന്‍ മിലിറ്ററി താവളങ്ങളില്‍ കൊച്ചു കൊച്ചു ജോലികള്‍ നോക്കിയത് നിമിത്തം ഇംഗ്ലീഷ് ഭാഷ വശമാക്കി. തുടര്‍ന്ന് പതിനഞ്ചാമത്തെ വയസ്സില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ പരിഭാഷകനായിത്തീര്‍ന്നു.

പതിനേഴാം വയസ്സില്‍ ക്ഷയരോഗം പിടിപെട്ടു ജീവിതം താറുമാറായി. കഠിനമായ ചുമയും രക്തം ഛര്‍ദ്ദിക്കലും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തകര്‍ത്തുകളഞ്ഞു. അല്പകാലം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ‘സകല ദൈവങ്ങളെയും’ വിളിച്ചപേക്ഷിച്ച ചോ, ഒടുവില്‍ നിരാശനായി മരണത്തിന്റെ ദിനങ്ങള്‍ എണ്ണിയെണ്ണി കഴിയുമ്പോളാണ് ഒരു കൊച്ചു പെണ്‍കുട്ടി യേശുവിനെക്കുറിച്ചു പറയുവാന്‍ തന്റെ അടുക്കല്‍ എത്തുന്നത്. കര്‍ത്താവിന്റെ സ്‌നേഹം അറിയിക്കാനെത്തിയ പെണ്‍കുട്ടിയെ ആട്ടി പുറത്താക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ പെണ്‍കുട്ടിയോട് ”കരയേണ്ട, ഞാന്‍ എന്തായാലും മരിക്കാന്‍ പോകുകയാണ്, ഇനി ഒരാളെ കൂടി കരയിച്ചിട്ടു മരിക്കേണ്ടല്ലോ’; നിനക്ക് പറയാനുള്ളത് പറയൂ” എന്ന് പറഞ്ഞു.

പെണ്‍കുട്ടി മുട്ടുകുത്തി നിലവിളിച്ചു കൊണ്ട് യേശുവിനോട് പ്രാര്‍ത്ഥിക്കുകയും, തുടര്‍ന്ന് അടുത്തദിവസം ബൈബിള്‍ പുതിയനിയമത്തിന്റെ ഒരു കോപ്പി ചോയ്ക്കു നല്‍കുകയും ചെയ്തു. തനിക്കുവേണ്ടി കണ്ണുനീരോടുകൂടി ഒരാള്‍ പ്രാര്‍ത്ഥിക്കുന്നതു തന്നെ അത്ഭുതപ്പെടുത്തിയതായും, ജീവിതത്തില്‍ ഒരാള്‍ തനിക്കുവേണ്ടി കരയുന്നത് ആദ്യമാണെന്നും താന്‍ പലതവണ പ്രസ്താവിച്ചിട്ടുണ്ട്.

മറ്റൊരവസരത്തില്‍ തന്റെ സാക്ഷ്യത്തില്‍ താന്‍ പറഞ്ഞു, ബുദ്ധനെപ്പോലെ ആകണമെങ്കില്‍ ഒരുപാടു സഹിക്കേണ്ടി വരുമെന്നാണ് തന്നെ പഠിപ്പിച്ചിരുന്നതെന്ന്. എന്നാല്‍ ജീവിക്കുന്ന യേശു നല്ല സുഹൃത്താണെന്നും, കരയുന്നവരോടു കൂടി കരയുകയും, സന്തോഷിക്കുന്നവരോടു കൂടി സന്തോഷിക്കുകയും ചെയ്യുകയും, ഏതവസരത്തിലും കൈവിടാത്ത ഉത്തമസ്‌നേഹിതനാണെന്നും. എല്ലാ അവസ്ഥകളും മാറ്റുന്നവനാണെന്നുമാണ് താന്‍ കേട്ടത്. ഒരു കൊച്ചു പെണ്‍കുട്ടി നല്‍കിയ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയത് നിമിത്തം യഥാര്‍ത്ഥ സത്യം മനസ്സിലാക്കാനും ഇടയായി. തുടര്‍ന്ന് എനിക്ക് പരിചയമില്ലാത്ത, എനിക്കറിയാന്‍ വയ്യാത്ത ദൈവത്തോട് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു: ”ദൈവമേ എനിക്ക് ജീവിക്കണം, ജീവിക്കണം, യേശുവേ എന്നെ സഹായിക്കൂ.”

എല്ലാവരാലും തള്ളപ്പെട്ട, ആശുപത്രിയുടെ ഒഴിഞ്ഞ കോണില്‍ നിന്നു യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അത്ഭുത രോഗസൗഖ്യം നേടി സൗഖ്യമായി പുറത്തുവന്ന ചോ യേശുവില്‍ വിശ്വസിച്ചു; നന്ദി കരേറ്റി; തുടര്‍ന്ന് ബൈബിള്‍ പഠനം ആരംഭിച്ചു. 1956-ല്‍ ബൈബിള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠനമാരംഭിക്കുകയും, ഫുള്‍ ഗോസ്പല്‍ കോളേജില്‍ നിന്നും 1958-ല്‍ ഗ്രാഡുവേറ്റ് ചെയ്യുകയും, തുടര്‍ന്ന് സിയോളില്‍ സുവിശേഷപ്രവര്‍ത്തനം ആരംഭിക്കുകയും, പിന്നീട് യോയ്‌ഡോ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് എന്ന 10 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന സഭയായി മാറ്റപ്പെടുകയുമാണുണ്ടായത്.

തന്നോടൊപ്പം ബൈബിള്‍ സ്‌കൂളില്‍ പഠിച്ച ചോയി ജാഷില്‍ സുവിശേഷപ്രവര്‍ത്തന പങ്കാളിയായിരുന്നു. ജാഷിലിന്റെ മകള്‍ കിം സുങ് ഹെയിയെയാണ് ചോ വിവാഹം കഴിച്ചത്. അതില്‍ മൂന്നു പുത്രന്മാര്‍ ജനിക്കുകയും ഉണ്ടായി. യോംഗി ചോ അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ഫോര്‍ത് ഡൈമെന്‍ഷന്‍’ എന്നതാണ് വളരെ പ്രസിദ്ധമായത്. ഒരുപാടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തു വന്നതോടൊപ്പം, 1988-ല്‍ ‘കൂകമിന്’ (ദേശസ്‌നേഹി) എന്ന ദിനപ്പത്രം ആരംഭിക്കുകയുമുണ്ടായി. 2008-ല്‍ സഭാ പരിപാലനത്തില്‍ നിന്ന് വിരമിച്ചു.

പിന്നീട് ഏകദേശം 12 ദശലക്ഷം ഡോളര്‍ നഷ്ടം സഭയ്ക്കുണ്ടാകുന്ന ഓഹരി കുംഭകോണത്തില്‍ പെട്ടു ശിക്ഷിക്കപ്പെട്ട ഒരു കറുത്ത അദ്ധ്യായവും തന്റെ ജീവിതത്തില്‍ വന്നു ഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഒരു മകന്‍ വരുത്തിവച്ച വിനയാണിതിന് കാരണമെന്ന് തന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാമെന്നാണ് ക്രിസ്ത്യാനിറ്റി ടുഡേ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്. മാത്രമല്ല, യോംഗി ചോ എന്നും വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്നും ‘ക്രിസ്ത്യാനിറ്റി ടുഡേ’ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറിയ പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ ഉണ്ടാകുന്നതിനു ചോ വളരെ പ്രചാരണം നല്‍കിയിരുന്നു. ചെറിയ കൂട്ടങ്ങളില്‍ കൂടിയുള്ള അഭേദ്യമായ ബന്ധവും അടുപ്പവും ഉണ്ടെങ്കിലേ വലിയ സഭകളായി വളരാന്‍ സാധിക്കുകയുള്ളു എന്ന് താന്‍ വാദിച്ചിരുന്നു. പെന്തക്കോസ്തു ഉപദേശങ്ങളായ പ്രാര്‍ത്ഥനയും രോഗശാന്തിയും സഭാ വളര്‍ച്ചയ്ക്കു അത്യന്താപേക്ഷിതമായ ഘടകങ്ങളായതിനാല്‍ അവയ്ക്ക് താന്‍ മുന്‍തൂക്കം നല്‍കിയിരുന്നു. ”നാം കൂടുതല്‍ സമയവും പ്രാര്‍ത്ഥനയ്ക്കായി സമയം വേര്‍തിരിക്കാറുണ്ട്.

മലയാളി പെന്തക്കോസ്തു സമൂഹത്തിനു അപരിചിതനല്ല യോംഗി ചോ. അമേരിക്കയില്‍ നടന്ന രണ്ടു പെന്തക്കോസ്തു കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം അതിഥിയായി എത്തിയിട്ടുണ്ട് . തനിക്കു ജീവന് ഭീഷണിയുണ്ടായിരുന്നതിനാല്‍ തന്റെ സഭക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാവലയം എല്ലായിടത്തും തന്നെ അനുഗമിച്ചിരുന്നു. മലയാളി പെന്തെക്കോസ്തു സമൂഹം അതില്‍ അല്പം നീരസം പ്രകടിപ്പിച്ചിട്ടുമുണ്ട്. വളരെ ലളിതമായ രീതിയിലാണ് താന്‍ സുവിശേഷപ്രസംഗം നടത്തിയിരുന്നത്.
ആദ്യമായി 2003-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന പെന്തെക്കോസ്തു കോണ്‍ഫറന്‍സില്‍ താന്‍ സംബന്ധിച്ചത് നിമിത്തം ഒരു വലിയ ജനക്കൂട്ടം കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ചരിത്രനേട്ടമായി. പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു കണ്‍വീനറായിരുന്ന ആ കോണ്‍ഫറന്‍സില്‍ ബ്രദര്‍ സജി തട്ടയില്‍ സെക്രട്ടറി ആയും, ബ്രദര്‍ ടോം വര്‍ഗീസ് ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുകയുണ്ടായി.

കൺവീനർ പാസ്റ്റർ ജോർജ് മാത്യു, സെക്രട്ടറി സജി തട്ടയിൽ, യൂത്ത് കോ-ഓർഡിനേറ്റർ ലെസ്ലി വര്‍ഗീസ്
എന്നിവർ യോംഗി ചോയോടൊപ്പം

പാസ്റ്റര്‍ ചോയുമായുള്ള ആശയവിനിമയത്തില്‍ ചിലത് ഇന്നും ബ്രദര്‍ സജി തട്ടയില്‍ ഓര്‍ക്കുന്നതിങ്ങനെ: ‘കേരളത്തില്‍ നിന്നുള്ള ഒരു സംഘത്തോടൊപ്പം ഇന്റര്‍വ്യൂവിന് അവസരം ഒരുക്കുകയായിരുന്നതിനാല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാനും പങ്കെടുത്തു. കൃത്യം 9:30-നു തന്നെ അദ്ദേഹം റൂമില്‍ എത്തി. പല ചോദ്യങ്ങള്‍ക്കും മറുപടിയായി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നു.

”ഒന്നാമതായി, പ്രാര്‍ത്ഥിക്കുവാനായി സമയം ചിലവഴിച്ചപ്പോഴാണ് മിനിസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായത്. നാം വെറുതെ പ്രാര്‍ത്ഥിക്കുകയല്ല വേണ്ടത്. പ്രാര്‍ത്ഥനയില്‍ ദൈവസാന്നിദ്ധ്യം അനുഭവിക്കണം. കൂടാതെ ഓരോരുത്തരും ആത്മാക്കളെ നേടണം. ഒരാള്‍ ഓരോ ആഴ്ചകളിലും മറ്റൊരാളെ ആരാധനയ്ക്ക് കൂട്ടിക്കൊണ്ടുവരണം. അത് നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മാത്രമല്ല, അന്ന് അദ്ദേഹം പറഞ്ഞ അതിപ്രധാനമായ മറ്റൊരു കാര്യം തലമുറകളെ നേടുന്നതിനെക്കുറിച്ചാണ്. സാങ്കേതികവിദ്യ വര്‍ദ്ധിക്കുന്നു; നൂതന ആശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ചു ചിന്താഗതികള്‍ മാറാതിരിക്കണമെങ്കില്‍, 3 വയസ്സു മുതല്‍ 10 വയസ്സു വരെ കുട്ടികളെ ഭവനത്തിലും സഭയിലും ദൈവവചനം നന്നായി അഭ്യസിപ്പിക്കണം. അങ്ങനെ വന്നാല്‍ അവര്‍ തെറ്റിപ്പോകുകയില്ല.”

രണ്ടാമത്തെ പെന്തെക്കോസ്തു കോണ്‍ഫറന്‍സ് ഡാളസില്‍ വച്ച് 2006-ല്‍ ബ്രദര്‍ ഫിലിപ്പ് ഡാനിയേല്‍ (മോന്‍സി) സെക്രട്ടറിയായി പ്രവര്‍ത്തിച്ച സമയത്താണ്. പാസ്റ്റര്‍ ജോര്‍ജ്ജ് സി. വര്‍ഗീസ് കണ്‍വീനറായും, ബ്രദര്‍ സാം വര്‍ഗീസ് ട്രഷറര്‍ ആയും, ബ്രദര്‍ എബി മാത്യു യൂത്ത് പ്രതിനിധിയായും അന്ന് പ്രവര്‍ത്തിച്ചു. ആ കോണ്‍ഫറന്‍സ് നല്ല ജനബാഹുല്യമുള്ള കോണ്‍ഫറന്‍സ് ആയിത്തീര്‍ന്നത് പോള്‍ യോംകി ചോ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു എന്ന് ബ്രദര്‍ ഫിലിപ്പ് ഡാനിയേല്‍ അഭിപ്രായപ്പെടുകയുണ്ടായി. യോംകി ചോ 1999-ല്‍ കോട്ടയത്തും പ്രസംഗിക്കാന്‍ എത്തിയിട്ടുണ്ട്‌.

അന്നമ്മ ഡാനിയേൽ, പാസ്റ്റർ ജോർജ് മാത്യു, ഫിലിപ്പ് ഡാനിയേൽ, ആശ ഫിലിപ്പ് ഡാനിയേൽ എന്നിവർ
പാസ്റ്റർ ഡേവിഡ് പോൾ യോംഗി ചോയോടൊപ്പം

ഓറല്‍ റോബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ബില്ലി വാട്‌സണ്‍ ‘ചോ’യെക്കുറിച്ച് പ്രസ്താവിച്ചതിങ്ങനെയാണ്: ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഉന്നതരില്‍ ഒരുവനായിരുന്നു താന്‍. തന്റെ പ്രവൃത്തി ക്രിസ്തീയ തലമുറകള്‍ക്കു ഒരു ആവേശമായി ഉയര്‍ന്നുവരും. ‘യോംകി ചോ തന്റെ അവസാന ദിനങ്ങളില്‍ ഒന്നില്‍ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ഒന്നു മാത്രമേ ചെയ്തുള്ളു, അഞ്ച് അപ്പവും രണ്ടു മീനും കൈയിലുണ്ടായിരുന്ന ബാലന്‍ ചെയ്തതു പോലെ, ദൈവം എനിക്കു നല്‍കിയ ദര്‍ശനത്തില്‍ ഞാന്‍ ഉറച്ചുനിന്നു.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!