കേരളത്തില്‍ ഒരു ‘കെജ്‌രിവാള്‍’ ഭരണം ഉണ്ടാകുമോ? സാധാരണ ജനം അതിനായി കാത്തിരിക്കുന്നു

കേരളത്തില്‍ ഒരു ‘കെജ്‌രിവാള്‍’ ഭരണം ഉണ്ടാകുമോ? സാധാരണ ജനം അതിനായി കാത്തിരിക്കുന്നു

ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഒരു ‘കെജ്‌രിവാള്‍’ ഉണ്ടാകാന്‍ കാത്തിരിക്കുകയാണ് സാധാരണ ജനം. അഞ്ചര ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ മാത്രമുള്ള സി.പി.എമ്മിനും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിക്കും വോട്ട് ചെയ്യുന്ന അനുഭാവികളെയാണ് സാധാരണ ജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസിനും അംഗങ്ങളേക്കാള്‍ കൂടുതല്‍ അനുഭാവികളാണുള്ളത്. ഇപ്രാവശ്യം ഇടതിന് വീണ 85 ലക്ഷം വോട്ടുകള്‍ ഉണ്ടല്ലോ. അതിന്റെ ഉടമകളെയാണ് നാം ‘കഴുതകള്‍’ എന്നു വിളിക്കുന്നത്.

ഈ പൊതുജനമാകുന്ന ‘കഴുതകള്‍’ ഒന്നു മാറി ചിന്തിച്ചാല്‍ ഡല്‍ഹി മോഡല്‍ ഭരണം കേരളത്തില്‍ സംജാതമാകും. കള്ളന്മാരുടെ രണ്ട് മുന്നണികളേയും പടിയടച്ച് പിണ്ഡം വയ്ക്കാന്‍ സാക്ഷാല്‍ ‘ദൈവം’ തന്നെ കെജ്‌രിവാളായി ജന്മമെടുക്കുമെന്ന് വികാരാവേശത്താല്‍ ഞാന്‍ വിശ്വസിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ.

രണ്ടു മുന്നണിക്കും കിറ്റെക്‌സിനേയും സാബു ജേക്കബിനേയും വേണ്ടത്രേ. 40000 പ്ലേറ്റ് ഭക്ഷണം ദിനവും നാലു നേരമായി വിളമ്പുന്ന അന്നദാതാവ്. പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന അടുക്കളയും ശുചീകരണ മുറികളും കണ്ടപ്പോള്‍ അന്തംവിട്ടുപോയി. ഇതിനര്‍ത്ഥം മുഴുവന്‍ ജോലിക്കാരും അവിടെ നൂറു ശതമാനവും തൃപ്തരാണെന്നല്ല. പക്ഷേ ബഹുഭൂരിപക്ഷവും തൃപ്തരാണ്. എല്ലാ ദിവസവും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം പായസത്തിന്റെ അകമ്പടിയോടെ. ന്യായമായ ശമ്പളം. ഇതെല്ലാം ചെയ്തു കൊടുത്ത് 12000 പേര്‍ക്ക് ജോലി നല്‍കി അവരുടെ കുടുംബങ്ങളെ പോറ്റുന്ന സാബു ജേക്കബ് ഇടത് ഭാഷ്യത്തില്‍ ‘കുത്തക മുതലാളി’യാണ്. കോണ്‍ഗ്രസിന് അവരുടെ മാനിഫെസ്റ്റോയില്‍ ‘മുതലാളി’ എന്നതിനു പകരം മറ്റു വല്ല പേരുമുണ്ടോ എന്നറിയില്ല.

സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഒരു കുറവും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ആദ്യ പിണറായി സര്‍ക്കാരിന്റെ തുടക്കം ഗംഭീരമായിരുന്നല്ലോ; ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്നു പറഞ്ഞതു പോലെ. പക്ഷേ ഇന്നതല്ല സ്ഥിതി, പഴയതിനേക്കാള്‍ കഷ്ടം എന്നാണ് ഓഫീസുകള്‍ കയറിയിറങ്ങി നടക്കുന്നവര്‍ പറയുന്നത്.

ഇരുമുന്നണികളും മനസ്സു കൊണ്ട് ‘സഹകരിച്ചു’കൊണ്ടാണ് നീങ്ങുന്നത്. ഞങ്ങള്‍ അഞ്ചു വര്‍ഷം, പിന്നെ നിങ്ങള്‍ അഞ്ചു വര്‍ഷം. അതിങ്ങനെ തുടരുകയാണല്ലോ. ‘ഭാഷ്യമില്ലാത്ത’ ഒരു പൊരുത്തത്തോടെയാണ് ഇവര്‍ ‘ഒരുമിച്ച്’ നീങ്ങുന്നത്. ഇപ്പോള്‍ കൊറോണ അനുഗ്രഹിച്ച് കടാക്ഷിച്ചതു കൊണ്ട് രണ്ടാം തവണയും പിണറായി കയറിപ്പറ്റി. ഇനി മൂന്നാം തവണയും അതുണ്ടാകണമെന്നില്ല.

യു.ഡി.എഫുകാരും വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാറുണ്ട്. നോമിനേറ്റഡ് പോസ്റ്റുകളിലെല്ലാം അണ്ടനും അടകോടനെയുമെല്ലാം നിയമിക്കും. എന്നാലും ഒരുമാതിരി യോഗ്യതയൊക്കെ നോക്കിയേ അവര്‍ ചെയ്തിട്ടുള്ളൂ.

നമ്മുടെ ‘കിറ്റ് ഭരണത്തില്‍’ അതല്ല സംഭവിക്കുന്നത്. അടിസ്ഥാനയോഗ്യത ഇല്ലെങ്കിലും വേണ്ടിവന്നാല്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചുകളയും. മലയാളം നിഘണ്ടു ഇറക്കാന്‍ സംസ്‌കൃതം പഠിച്ചവര്‍ മതി എന്നു വരെ ഈ സര്‍ക്കാര്‍ നിശ്ചയിച്ചു കളഞ്ഞു. ഡല്‍ഹിയില്‍ വളര്‍ന്ന മേല്‍പ്പറഞ്ഞ ടീച്ചറിന് നേരേ ചൊവ്വേ മലയാളം സംസാരിക്കാന്‍ പോലും അറിയില്ല.

ഏഷ്യാനെറ്റിലെ വിനു വി. ജോണിന്റെ ചില വാക്കുകള്‍ കടമെടുത്തോട്ടെ: ”പാവപ്പെട്ട ആളുകള്‍ ജീവിക്കാന്‍ വേണ്ടി വണ്ടി വാങ്ങും, ഓടാന്‍ പറ്റത്തില്ല; പക്ഷേ നികുതി ഇളവില്ല; കടകള്‍ വാടകയ്‌ക്കെടുത്ത് തുടങ്ങും; തുറക്കാന്‍ അനുവാദമില്ല. വലിയ ആളായാലും ചെറിയ ആളായാലും വാടകയില്‍ ഒരു കുറവുമില്ല; ബാങ്കില്‍ അടയ്‌ക്കേണ്ട തുകയില്‍ ഒരു കുറവുമില്ല, ഇലക്ട്രിസിറ്റിയുടെ ഫിക്‌സഡ് ചാര്‍ജ്ജില്‍ ഒരു മാറ്റവുമുണ്ടാകില്ല. നികുതികളൊക്കെ വാങ്ങിക്കൊണ്ടേയിരിക്കും, നിയന്ത്രണങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും. വ്യവസായികളും അവരെക്കൊണ്ട് ജീവിക്കുന്ന സാധാരണ തൊഴിലാളികളും ദരിദ്രരായിക്കൊണ്ടേയിരിക്കും.

പോലീസിന്റെ പേരില്‍ സര്‍ക്കാരിന് ഹെലികോപ്ടര്‍ വാങ്ങി വെറുതെ ഇടാം. 12 കോടിയോ 13 കോടിയോ നമ്മുടെ നികുതിപ്പണത്തില്‍ നിന്നെടുത്ത് അതിന് കൊടുക്കാം. സര്‍ക്കാരിന്റെ ചെലവിനും ഉദ്യോഗസ്ഥരുടെ ചെലവിനും ഒരു കുറവും ഇല്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ കുറവൊന്നുമില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളിലും ഒരു കുറവും വരത്തില്ല. കാരണം, ഓടാത്ത വാഹന ഉടമകളില്‍ നിന്നും, തുറക്കാത്ത കടകളില്‍ നിന്നും, കുടിയന്മാരില്‍ നിന്നും, വ്യവസായികളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും, ദരിദ്രരില്‍ നിന്നും നികുതി കിട്ടുമല്ലോ.

ഒടുവില്‍ പറയും കുടുക്ക പൊട്ടിച്ച് കൊണ്ടുവരൂ, ഓണത്തിനും വിഷുവിനും കിട്ടിയ പണം കൊണ്ടുവരൂ, സൈക്കിള്‍ വാങ്ങാന്‍ വച്ച തുക കൊണ്ടുവരൂ, ആടിനെ വില്‍ക്കൂ, ‘കഴുത’യെ വില്‍ക്കൂ, മറ്റെന്തിനെയും വില്‍ക്കൂ.” പത്രസമ്മേളനങ്ങളില്‍ അഞ്ചാം ക്ലാസ്സുകാരെ പഠിപ്പിക്കുന്നതു പോലെ അടുക്കും ചിട്ടയോടും പറഞ്ഞൊപ്പിക്കും. വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം, വ്യവസായങ്ങള്‍ തുടങ്ങാന്‍ വരൂ, വരൂ എന്ന് മാടിവിളിക്കുന്നു. വരുമ്പോഴറിയാം പാര്‍ട്ടിക്കാരുടെ തനിനിറം. മാടിവിളിച്ചത് തെലങ്കാന മുഖ്യമന്ത്രിയാണ്. ജെറ്റ് വിമാനം അയച്ച് കൊണ്ടുപോയി. 3500 കോടിയും കൂടെ പോയി.

അടിസ്ഥാന വ്യാവസായിക വികസനവും മെച്ചമായ വിദ്യാഭ്യാസവുമാണ് ഒരു നാടിനെ സമ്പദ്‌സമൃദ്ധമാക്കുന്നത്. തമിഴ്‌നാട്ടിലെ ‘അമ്മ’യെപ്പോലെ സാരി കൊടുത്തും മിക്‌സി കൊടുത്തും മൊബൈല്‍ ഫോണ്‍ കൊടുത്തും ടെലിവിഷന്‍ കൊടുത്തും ‘തൈലലേപനം’ നടത്തിയാല്‍ സാമ്പത്തികവളര്‍ച്ച ഉണ്ടാകില്ല. നക്കാപ്പിച്ച പെന്‍ഷനും വെറും നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കിറ്റും കൊടുത്താലും ഒരുപാട് ‘കഴുതകള്‍’ അധികകാലം കൂടെ ഉണ്ടാകില്ലെന്ന് താനേ അറിഞ്ഞോളും.

പൊതുജനമാകുന്ന ‘കഴുതകള്‍’ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാലം കേരളത്തിലുമുണ്ടാകും. അവരുടെ ‘പാര്‍ട്ടി അനുഭാവത്തെ’ ദീര്‍ഘകാലം മുതലാക്കാമെന്ന് ആരും കരുതേണ്ട. സമീപകാലത്തു തന്നെ കേരളത്തെ രക്ഷിക്കാന്‍ ഒരു ‘രക്ഷകന്‍’ ‘പിറവി’യെടുക്കും എന്നാശിക്കാം.


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!