കെ.എന്‍. റസ്സല്‍

എല്ലാം ശരിയാക്കാം” എന്ന വാഗ്ദാനവുമായി അധികാരമേറ്റ പിണറായി സര്‍ക്കാര്‍ മാധ്യമ വിചാരണയ്ക്കു മുമ്പില്‍ ആടിയുലയുകയാണ്. ഇടതു സര്‍ക്കാരിനെതിരെയല്ല ഇപ്പോള്‍ നടക്കുന്ന മാധ്യമ ആക്രമണം. പിണറായിയെ ഒറ്റയ്ക്ക് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെ തോന്നുന്നു.
സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മികവുറ്റത് തന്നെയാണ്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണകരമായി ഭവിച്ചിട്ടുണ്ട് പിണറായിയുടെ ലൈഫ്മിഷന് പോലെയുള്ള ക്ഷേമപദ്ധതികള്‍. ക്ഷേമ പെന്‍ഷനുകള്‍ പരമാവധി കൊടുത്തു തീര്‍ത്തിട്ടുണ്ട്.
കൊറോണയെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും പ്രശംസനീയമാണ്. കഷ്ടകാലത്ത് ഭക്ഷ്യകിറ്റുകള്‍ നല്കി ജനം പട്ടിണി കിടക്കാതെ സര്‍ക്കാര്‍ കാത്തുസൂക്ഷിച്ചു. ഓണക്കിറ്റുകളും വിതരണം ചെയ്തുവരുന്നു.
നല്ല സാധനങ്ങള്‍ സുലഭമായി ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ കിട്ടാനുള്ളപ്പോഴാണ് സേലം ശര്‍ക്കര നല്കി ജനത്തെ കബളിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും വരുന്ന സകല ഭക്ഷ്യവസ്തുക്കളിലും രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ചേര്‍ത്തിട്ടുണ്ട്.
സൂപ്പര്‍ മറയൂര്‍ ശര്‍ക്കര കിട്ടാനുണ്ടല്ലോ. നേരത്തേ അത് ശേഖരിച്ചു വയ്ക്കാമായിരുന്നു. ഇല്ലെങ്കില്‍ പഞ്ചസാര മതി. സൗജന്യം എന്ന പേര്, കൊടുക്കുന്നത് ഉപയോഗശൂന്യമായത്. ഈ കിറ്റ് കൊണ്ട് യാതൊരു പ്രതിച്ഛായയും സര്‍ക്കാരിന് കിട്ടുന്നില്ല.
ഇത് മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കയാണ്. ഇവിടെ മാധ്യമങ്ങളെ പഴിചാരേണ്ട. സര്‍ക്കാര്‍ തന്നെയാണ് ഇവിടെ കോമാളി. മാധ്യമങ്ങള്‍ കുന്തം എറിയുന്നതും അത് കൊള്ളുന്നതും പിണറായിക്കിട്ടാണ്.
സ്വര്‍ണ്ണം, കമ്മീഷന്, ശിവശങ്കര്‍, ലൈഫ് ഭവനം, യു.എ.ഇ. കോണ്‍സുലേറ്റ് തുടങ്ങിയ എല്ലാ ഗുലുമാലുകളും ഒന്ന് കെട്ടടങ്ങിയപ്പോള്‍ ഇതാ വരുന്നു, ‘തീ…’ തനിയെ കത്തിയതാണെങ്കിലും പ്രതിപക്ഷം സമ്മതിച്ചുതരില്ല. അതാണല്ലോ പ്രതിപക്ഷ ധര്‍മ്മം. എന്താണ് സംഭവിച്ചതെന്നറിയാതെ ഇടത്-വലത് ജനവിഭാഗങ്ങള്‍ ഞെട്ടിത്തരിച്ച് നില്ക്കുന്നു.
മാധ്യമങ്ങള്‍ ഇതെല്ലാം ചാട്ടുളി പോലെ പായിക്കുന്നത് പിണറായിക്കു നേരെയാണ്. ലാവ്ലിന് കാലത്ത് അദ്ദേഹത്തെ ‘മാധ്യമവിചാരണ’ നടത്തി ‘ഇഞ്ചപ്പരുവത്തിലാക്കിയതാണ്’ ഇവിടുത്തെ പത്രങ്ങളും ചാനലുകളും.
അക്കാലം കഴിഞ്ഞുപോയല്ലോ, പിണറായിക്ക് ഒരു പോറലുമേറ്റില്ലല്ലോ, ഇതൊക്കെ അങ്ങേയ്ക്ക് മറക്കാന്‍ വയ്യേ എന്ന് മാധ്യമങ്ങള്‍. ഇല്ല, മറക്കില്ല എന്ന മട്ടില്‍ പത്രസമ്മേളനത്തില്‍ മുഖഭാവം കൊണ്ട് സാക്ഷിച്ച് മുഖ്യമന്ത്രി.
വിടില്ലെന്ന് ദൃശ്യ-ശ്രവണ-അച്ചടി മാധ്യമങ്ങള്‍. എന്നെ ഒരു ചുക്കും ചെയ്യില്ലെന്ന മട്ടില്‍ പിണറായി സഖാവ്. സ്വര്‍ണ്ണം തീയായി, ആവിയായി, പുകയായി, ചീഞ്ഞ കിറ്റായി സെക്രട്ടേറിയറ്റില്‍ നിന്ന് ജനസാഗരത്തിലേക്ക് മാറുകയാണ്.
എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ ഏതാണ്ട് തുല്യശക്തികളാണ്. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയുള്ള വോട്ടുകളാണ് ഇരുമുന്നണികളെയും മാറ്റിമറിക്കുന്നത്. ഇത് പിണറായിയും സര്‍ക്കാരും ഓര്‍ത്താല്‍ നന്ന്.
2021 മെയ് മാസത്തില്‍ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി രമേശ് ചെന്നിത്തല തന്നെ. പിണറായി ജയിച്ചാല്‍ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ക്ക് ‘തല്ക്കാലം’ കേരളം വിടാം. ഇതില്‍ രണ്ടിലൊന്ന് 2021 മെയ് മാസത്തില്‍ സംഭവിച്ചിരിക്കും, തീര്‍ച്ച.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.