പിണറായി അജയ്യനായി… ഒറ്റയ്ക്ക് തേരു തെളിച്ച്….

പിണറായി അജയ്യനായി… ഒറ്റയ്ക്ക് തേരു തെളിച്ച്….


ഇടതുപക്ഷ തേര് തെളിച്ച് അജയ്യനായി വിജയകിരീടം ചൂടി നില്‍ക്കുന്നു പിണറായി വിജയന്‍. ഇനിയും 5 വര്‍ഷങ്ങള്‍ കേരള ജനതയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ആ ഉറച്ച മനസ്സ് തന്നെയായിരിക്കും.

ഇന്ന് കേരളത്തില്‍ ജനക്കൂട്ടം ആകര്‍ഷിക്കുന്ന ഒരേയൊരാളേ ഉള്ളൂ. അത് പിണറായി വിജയന്‍ തന്നെയാണ്. ഇ.എം.എസ്., എ.കെ.ജി., ഇ.കെ. നായനാര്‍, വി.എസ്. തുടങ്ങിയ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന നേതാക്കളുടെ പട്ടികയില്‍ പിണറായിയും സ്ഥാനം പിടിച്ചു കഴിഞ്ഞു.


കേരളത്തില്‍ ഇന്ന് ഇടതുപക്ഷത്തിന് ‘ഗ്ലാമര്‍’ നേതാക്കളുടെ ദൗര്‍ലഭ്യമുണ്ട്. സി.പി.ഐ.യില്‍ ആരും ഇല്ല. ജനതാദളിലും തഥൈവ. കോണ്‍ഗ്രസ് എസിലും എന്‍.സി.പി.യിലും ഒന്നോ രണ്ടോ നേതാക്കളേ ഉള്ളൂ. അവരൊക്കെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന കരുത്തന്മാരല്ല. പേരിന് കുറച്ച് രണ്ടാംനിര നേതാക്കള്‍ പിണറായിക്കൊപ്പമുണ്ട് അത്രമാത്രം. ഇവരെക്കൊണ്ട് ജനക്കൂട്ടത്തെ സൃഷ്ടിക്കാനാവില്ല. പിണറായിയുടെ വരവില്‍ ആകാംക്ഷാപൂര്‍വ്വം കാത്തുനില്‍ക്കുന്ന പതിനായിരങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. കൊറോണ വമ്പന്‍ ജനക്കൂട്ടത്തെ ഇല്ലാതാക്കിയെങ്കിലും ആവേശം തിരതള്ളുന്ന സാധാരണ ജനങ്ങള്‍ ഒത്തുകൂടിയതിന്റെ തിക്തഫലമാണ് ഇപ്പോഴത്തെ കൊവിഡ് രണ്ടാം വ്യാപനം. ഇതിന്റെ ഉത്തരവാദിത്വം രണ്ടു മുന്നണികള്‍ക്കുമാണ്.

പിണറായിക്ക് ഒപ്പം നില്‍ക്കാന്‍ ഘടകകക്ഷികളില്‍ ഒരാള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ നൂറു ശതമാനവും അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. പിണറായി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ‘ക്രൗഡ് പുള്ളര്‍’ ആണ് ഇന്ന് കേരളത്തില്‍. യു.ഡി.എഫില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കുറെ നേതാക്കളുടെ നീണ്ടനിരയുണ്ട്. എല്‍.ഡി.എഫില്‍ പിണറായി അല്ലാതെ ജനത്തെ ‘ഇളക്കിമറിക്കാന്‍’ പറ്റിയ നേതാവ് വേറെ ഇല്ല.

പറയുന്ന കാര്യങ്ങളുടെ അടുക്കും ചിട്ടയും, സമയ ക്ലിപ്തത, ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള ആര്‍ജ്ജവം, പറയുന്നിടത്തു തന്നെ നില്‍ക്കാനുള്ള കരുത്ത് ഇതൊക്കെയാണ് പിണറായിയെ ‘ക്രൗഡ് പുള്ളര്‍’ ആക്കിയത്. പിണറായി പറഞ്ഞാല്‍ പറഞ്ഞതു തന്നെ, ചെയ്താല്‍ ചെയ്തതു തന്നെ. ഇന്നുവരെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ”മാധ്യമങ്ങളുടെ സൃഷ്ടിയാണ്, ഞാനങ്ങനെ പറഞ്ഞിട്ടില്ല” എന്നു തിരുത്തിപ്പറഞ്ഞ് തടിതപ്പിയിട്ടില്ല.

സംഘപരിവാറിനെക്കുറിച്ച് ചോദിച്ചാല്‍ ഞഞ്ഞാപിഞ്ഞാ പറയാറില്ല പിണറായി. മതനിരപേക്ഷത പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹത്തെപ്പോലെ പ്രതിജ്ഞാബദ്ധനായ ഒരു നേതാവ് കേരളത്തിലില്ല. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി.യെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും എന്ന് പറഞ്ഞത് ആ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്.

കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ‘തിരുകേശം ഇട്ട വെള്ള ‘ത്തിന് വന്‍തുക ഈടാക്കി വിശ്വാസികളെ കബളിപ്പിച്ചപ്പോള്‍ അത് പൊളിച്ചടുക്കിയത് പിണറായിയാണ്. പത്രക്കാരുടെ ചോദ്യത്തിന് ചാട്ടുളി പോലെയുള്ള പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ”അത് ബോഡി വേസ്റ്റാണ്. കുഴിച്ചിടണം.”
രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, ”മതകാര്യങ്ങളില്‍ ഇടപെടില്ല” എന്നാണ്. ഇവിടെ വര്‍ഗ്ഗീയപ്രീണനം ലേശം കാണാം. എന്നാല്‍ പിണറായിയുടെ പ്രസ്താവന അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള, വോട്ട് ലക്ഷ്യമാക്കാതെയുള്ള പോരാട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് ‘ആണത്തമുള്ള നേതാവ്’ എന്ന നാമം സാധാരണ ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

ഇവിടെ ഭരണത്തെ വിലയിരുത്തുകയല്ല ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, പിണറായി എങ്ങനെ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവായി എന്നു പറയാന്‍ വേണ്ടി മാത്രമാണ്.


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!