അദ്വൈതസിദ്ധാന്തത്തിലെ മോക്ഷവും രക്ഷയെക്കുറിച്ചുള്ള ബൈബിള്‍വീക്ഷണവും

അദ്വൈതസിദ്ധാന്തത്തിലെ മോക്ഷവും രക്ഷയെക്കുറിച്ചുള്ള ബൈബിള്‍വീക്ഷണവും

ഡോ. ഓമന റസ്സല്‍
MA (Hist.), MA (Socio.), MA (Eco.), BEd., MPhil, PhD.
റിട്ട. പ്രൊഫസര്‍ (സീനിയര്‍
അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

വ്യത്യസ്തമായ രണ്ടു മതങ്ങളാണ് ഹൈന്ദവമതവും ക്രിസ്തുമതവും. അദ്വൈത ദര്‍ശനത്തിലെ മോക്ഷവും ക്രൈസ്തവ ആശയമായ രക്ഷയും ഒറ്റനോട്ടത്തില്‍ ഒന്നാണെന്നു തോന്നുമെങ്കിലും അവ തികച്ചും വ്യത്യസ്തങ്ങളാണ്.

ഇന്ത്യയിലെ സിന്ധു നദീതീരത്ത് അധിവസിച്ചിരുന്ന ജനങ്ങളെ സൂചിപ്പിക്കാനുപയോഗിച്ച പദമാണ് ഹിന്ദു. അതുകൊണ്ടുതന്നെ ‘ഹിന്ദു’ എന്ന പദം ഒരു മതത്തിന്റേതിനേക്കാള്‍ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. കാലഘട്ടങ്ങളെ താണ്ടി പ്രചരിച്ച ഹൈന്ദവമതത്തിന്റെ പാരമ്പര്യം വളരെ സങ്കീര്‍ണ്ണവും വിശാലവുമാണ്. ഒരു മതമെന്നതിലുപരിയായി വിശ്വാസങ്ങളുടെ സംയോജനമാണ് ഹിന്ദുമതം.

ബഹുദൈവവിശ്വാസം അനുവദിക്കുന്ന മതമാണ് ഹിന്ദുമതം. ശിവന്‍, കൃഷ്ണന്‍, ഇന്ദ്രന്‍, വിഷ്ണു, രാമന്‍, അയ്യപ്പന്‍, മുരുകന്‍, സരസ്വതി, കാളി, പാര്‍വ്വതി, ലക്ഷ്മി, ദുര്‍ഗ്ഗ തുടങ്ങിയ ധാരാളം പുരുഷ-സ്ത്രീ ദൈവങ്ങള്‍ ഹിന്ദുമതത്തിലുണ്ട്.

നാല് വേദങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയും ഉപനിഷത്തുകള്‍, ഭഗവത്ഗീത, ആരണ്യകങ്ങള്‍, 18 പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയുമാണ് ഹൈന്ദവ മതഗ്രന്ഥങ്ങള്‍. ദൈവത്തിന്റെ ദശാവതാരങ്ങളെക്കുറിച്ചും ഹിന്ദുമതം പഠിപ്പിക്കുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിങ്ങനെ പത്ത് തവണ ദൈവം പുനര്‍ജ്ജനിച്ചു.

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നത് ജീവിതത്തിലെ നാല് അവസ്ഥകളാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നതാണ് നാല് ജീവിതലക്ഷ്യങ്ങള്‍. മോക്ഷം നേടുന്നത് നാല് വഴികളിലൂടെയാണ്. കര്‍മ്മമാര്‍ഗ്ഗം, ജ്ഞാനമാര്‍ഗ്ഗം, യോഗമാര്‍ഗ്ഗം, ഭക്തിമാര്‍ഗ്ഗം ഇവയാണ് മോക്ഷവഴികള്‍. ഹൈന്ദവമതം യുഗങ്ങളെ കൃതായുഗമെന്നും ത്രേതായുഗമെന്നും ദ്വാപരയുഗമെന്നും കലിയുഗമെന്നും തരംതിരിച്ചിരിക്കുന്നു.

സര്‍വ്വവ്യാപിയായ ഒരു ശക്തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന വിശ്വാസം തുടങ്ങി ദൈവമേയില്ല എന്ന വിശ്വാസം വരെ ഹിന്ദുമതം ഉള്‍ക്കൊള്ളുന്നു. ഹിന്ദുമതത്തില്‍ ആദിപരാശക്തി മുതല്‍ നിരീശ്വരവാദം വരെയുള്ള സിദ്ധാന്തങ്ങള്‍ ഉടലെടുക്കുന്നതിന് ഇത് കാരണമായി. ചര്‍വകദര്‍ശനവും അവയിലൊന്നായിരുന്നു. ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ആറ് തത്വങ്ങളാണ് (ഷഡ്ദര്‍ശനങ്ങള്‍) Sankhya, Yoga, Mimamsa, Vedanta, Nyaya, Vaiseshika എന്നിവ. ഇവയിലേറ്റവും പ്രധാനപ്പെട്ടതും ഇന്ത്യയില്‍ പ്രശസ്തിയാര്‍ജ്ജിച്ചതും വേദാന്തമാണ്.
വേദാന്തത്തിലുള്‍പ്പെട്ടതാണ് ദ്വൈതവേദാന്തം, അദ്വൈത വേദാന്തം, വിശിഷ്ട അദ്വൈതം എന്നിവ. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമാണ് ശ്രീശങ്കരാചാര്യന്‍.

ഇന്ത്യന്‍ ഫിലോസഫിയായാണ് അദ്വൈതവേദാന്തം പരക്കെ അറിയപ്പെടുന്നത്. വേദങ്ങളിലും ഉപനിഷത്തിലും വേരുകളുള്ള ‘അദ്വൈതം’ എന്നാല്‍ ‘ഏകതം’ എന്നര്‍ത്ഥം. ഈ വേദാന്തത്തിന്റെ പൊരുള്‍ എന്നത് ബ്രഹ്മനാണ് സത്യം, ജഗത് മിഥ്യയാണ് എന്നത്രേ. ആൃമവാമശ്മ ചമ അുമൃമ അതായത് ബ്രഹ്മന്‍ (ആത്യന്തികന്‍) മാത്രം യാഥാര്‍ത്ഥ്യമാണ്. ഈ ലോകം അവാസ്തവമാണ്. ജീവനും വ്യക്തിയുടെ ആത്മാവും ബ്രഹ്മനില്‍ നിന്ന് വ്യത്യസ്തമല്ല.
ശങ്കരാചാര്യരുടെ സര്‍വ്വപ്രധാനമായ ‘ബ്രഹ്മം’ സവിശേഷ ഗുണങ്ങളുള്ള ഒരു വ്യക്തിയായിരുന്നില്ല. എന്നാല്‍ ക്രിസ്തുമതത്തില്‍ ദൈവത്തിന് വ്യക്തിത്വമുണ്ട്. മാത്രമല്ല, ബൈബിളില്‍ ദൈവം സ്‌നേഹധനനായ ഒരു പിതാവായാണ് ചിത്രീകരിക്കപ്പെടുന്നത്.

അദ്വൈതസിദ്ധാന്തത്തില്‍ അറിവിന്റെ വഴിയായ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ മനുഷ്യന് സ്വപ്രയത്‌നം കൊണ്ട് മോക്ഷം ലഭിക്കും. എന്നാല്‍ ക്രൈസ്തവമതത്തില്‍ രക്ഷ ക്രിസ്തുവിലൂടെ മാത്രമാണെന്ന് പഠിപ്പിക്കുന്നു. ഒരിക്കലും മനുഷ്യന് സ്വയം രക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ സ്‌നേഹധനനായ ദൈവത്തിന്റെ കൃപ മനുഷ്യന് രക്ഷ നല്‍കുന്നു.

ഇവിടെ പ്രവൃത്തിയേക്കാള്‍ വിശ്വാസമാണ് ആവശ്യം. അദ്വൈത വേദാന്തമനുസരിച്ച് ജനനമരണങ്ങളുടെ പരിധിയില്‍ നിന്നും സ്വതന്ത്രമാകുന്നതാണ് മോക്ഷം. എന്നാല്‍ പാപത്തില്‍ നിന്നും അതിന്റെ പരിണതഫലമായ നിത്യമരണത്തില്‍ നിന്നും നരകയാതനയില്‍ നിന്നുമുള്ള വിമോചനമാണ് ബൈബിള്‍ പ്രചരിപ്പിക്കുന്ന രക്ഷ. ക്രിസ്തുമതത്തില്‍ രക്ഷ നേടുന്നതിന് ഒരു വ്യക്തിക്ക് ഒരു ജന്മം മാത്രം മതി.

എന്നാല്‍ അദ്വൈതസിദ്ധാന്തമനുസരിച്ച് ഒരു മനുഷ്യന് മോക്ഷം നേടണമെങ്കില്‍ പല പ്രാവശ്യം ജനിക്കുകയും മരിക്കുകയും ചെയ്യണം.
ബ്രഹ്മവും ആത്മാവും ഒന്നാണെന്ന് അദ്വൈതസിദ്ധാന്തം പറയുന്നു. ഒരു മനുഷ്യന്‍ മോക്ഷം നേടുമ്പോള്‍ അയാളുടെ ആത്മാവ് പരമാത്മാവായ ബ്രഹ്മത്തില്‍ ലയിക്കുന്നുവെന്നും, മോക്ഷം പ്രാപിച്ച ശേഷം അയാള്‍ക്ക് വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്നും അദ്വൈതം സമര്‍ത്ഥിക്കുന്നു. അതായത്, ജീവാത്മാവും പരമാത്മാവും ഒന്നാകുന്നു. ജീവാത്മാവിന്റെ ബ്രഹ്മനോട് ബന്ധപ്പെട്ട വ്യക്തിത്വം നാല് മഹാവാക്യങ്ങളായി സംക്ഷേപിച്ചിരിക്കുന്നു.

  1. തത്വമസി – അവിടുന്നാണ് ബ്രഹ്മം.
  2. Prajnanam Brahma – അറിവാണ് ബ്രഹ്മം
  3. അഹം ബ്രഹ്മാസ്മി – ഞാനാണ് ബ്രഹ്മം
  4. അയമാത്മബ്രഹ്മം – ഈ ആത്മാവാണ് ബ്രഹ്മം.

ബൈബിളിന്റെ വീക്ഷണത്തില്‍ മനുഷ്യാത്മാവ് ദൈവത്തിന്റെ സൃഷ്ടിയാണ്. മനുഷ്യാത്മാവ് ദൈവത്തിന്റെ ഭാഗമല്ല. ദൈവവുമായി അതൊരിക്കലും ഏകീഭവിക്കുന്നുമില്ല.

ഒരു മനുഷ്യന്‍ മോക്ഷം നേടുന്നതോടെ അയാളുടെ വ്യക്തിത്വം നഷ്ടമാകുകയും അത് ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനോട് വൈരുദ്ധ്യം പുലര്‍ത്തുന്ന ആശയമാണ് ക്രിസ്തുമതം അംശീകരിക്കുന്നത്. യേശുവിന്റെ പുനരാഗമനത്തില്‍ രക്ഷിക്കപ്പെട്ടവര്‍ക്ക് മഹത്വീകരിക്കപ്പെട്ടതും പൂര്‍ണ്ണതയുള്ളതുമായ ഒരു ശരീരം ഉണ്ട്. അദ്വൈതത്തില്‍ വ്യക്തിത്വം ഉന്മൂലനം ചെയ്യുമെന്ന് പഠിപ്പിക്കുമ്പോള്‍ പാപത്തില്‍ നിന്നും വിമോചിതരാവാനും സൃഷ്ടാവായ ദൈവവുമായി നിരന്തരം സംവേദിക്കാനും ക്രിസ്തുമതം ഉദ്‌ബോധിപ്പിക്കുന്നു.

അദ്വൈതസിദ്ധാന്തമനുസരിച്ച് ജ്ഞാനമാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം. ഒരു മനുഷ്യന് സ്വപ്രയത്‌നത്താലത് നേടാനും കഴിയും. എന്നാല്‍ ക്രിസ്തുമതം ഇതിനോടും വിയോജിക്കുന്നു. മനുഷ്യന്റെ ആന്തരിക പ്രകൃതി പാപം നിറഞ്ഞതാണ്. അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ പ്രയത്‌നങ്ങളെല്ലാം വ്യര്‍ത്ഥമാണ്. പാപത്തില്‍ നിന്നും തന്നെത്താന്‍ രക്ഷിക്കുന്നതിന് അശക്തനായ മനുഷ്യന് രക്ഷ നല്‍കുന്നത് ദൈവത്തിന്റെ കൃപയാണെന്നും ക്രിസ്തുമതം പഠിപ്പിക്കുന്നു. ഈ രക്ഷ നേടുന്നതിന് വിശ്വാസമാണ് ആവശ്യം. മനുഷ്യയത്‌നത്തിന് ഇവിടെ പ്രാധാന്യമില്ല. യേശുവില്‍ വിശ്വസിക്കുന്ന ഏതു മനുഷ്യനും രക്ഷ പ്രാപിക്കും.

ജനനമരണ പരമ്പരയില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എന്നാല്‍ രക്ഷ എന്നത് പാപത്തില്‍ നിന്നും അതിന്റെ അനന്തരഫലമായ നരകയാതനയില്‍ നിന്നും നിത്യമരണത്തില്‍ നിന്നുമുള്ള വിമോചനമാണ്. മോക്ഷത്തെക്കുറിച്ച് ഭഗവത്ഗീത പറയുന്നതിങ്ങനെയാണ്. ‘ന സ പുന’ അതായത് പുനര്‍ജന്മത്തില്‍ നിന്നും മരണത്തില്‍ നിന്നും അയാള്‍ സ്വതന്ത്രനായി എന്ന്.

അദ്വൈതസിദ്ധാന്തത്തിലെ മോക്ഷവും രക്ഷയെക്കുറിച്ചുള്ള ബൈബിള്‍ വീക്ഷണവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പ്രാധാന്യമുള്ളവയും ശ്രദ്ധേയവുമാണ്. അവയെ ഒരിക്കലും നമുക്ക് സമരസപ്പെടുത്താനും കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!