ഗില്‍ഗാല്‍ ആശ്വാസഭവന്‍: മനമുരുകും കാഴ്ചകള്‍; ത്യാഗത്തിന്റെ സന്ദേശം

ഗില്‍ഗാല്‍ ആശ്വാസഭവന്‍: മനമുരുകും കാഴ്ചകള്‍; ത്യാഗത്തിന്റെ സന്ദേശം


കെ.എന്‍. റസ്സല്‍

ണ്ണീര്‍ വാര്‍ത്തുകൊണ്ട് അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. മാസ്‌കിനടിയിലൂടെ ഊര്‍ന്നിറങ്ങിയ ചുടുകണ്ണീര്‍ തുടച്ചുമാറ്റിയിട്ടാണ് എന്റെ മുമ്പില്‍ വന്നുനിന്നത്. കരഞ്ഞുകലങ്ങിയ ചുവന്ന ആ കണ്ണുകളില്‍ നിന്നും ഞാന്‍ ആ വേദനയുടെ ആഴമറിഞ്ഞു.
ഇരവിപേരൂരിലുള്ള ഗില്‍ഗാല്‍ ആശ്വാസഭവന്‍ ഞങ്ങള്‍ നടന്നു കാണുകയാണ്.

വർഗീസ് ചാക്കോയുടെ നേതൃത്വത്തിൽ ഗിൽഗാൽ ആശ്വാസഭവൻ സന്ദർശിച്ച സംഘം

അതിന്റെ ആരംഭദിശയില്‍ ഒരു പ്രാവശ്യം ഞാന്‍ അവിടെ പോയിട്ടുണ്ട്. ചുരുക്കം ചില രോഗികളേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പാസ്റ്റര്‍ പ്രിന്‍സിന്റെയും ഭാര്യ സാലിയുടെയും വീടായിരുന്നു അന്ന് ‘ആശ്വാസഭവന്‍’.

ദീര്‍ഘവര്‍ഷങ്ങള്‍ക്കു ശേഷം പിന്നെ ഞാന്‍ അവിടെ പോകുന്നത് ഈ ഏപ്രില്‍ 10-ന് ശനിയാഴ്ചയായിരുന്നു. ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗവും ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്ററുമായ വര്‍ഗീസ് ചാക്കോ, തന്റെ സഹധര്‍മ്മിണി മറിയാമ്മ ചാക്കോ, ഓമന റസ്സല്‍, വര്‍ഗീസ് ചാക്കോയുടെ അമ്മാച്ചന്‍ റ്റി.സി. ചാക്കോ, ഭാര്യ ഏലിയാമ്മ, വര്‍ഗീസ് ചാക്കോയുടെ ആന്റി തങ്കമ്മ ജോര്‍ജ്ജ്, കൊച്ചമ്മ ശോശാമ്മ ശാമുവല്‍, കുന്നന്താനം ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് പാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസും തന്റെ സുഹൃത്തുക്കളായ പാസ്റ്റര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

സാലിയും മാനസിക വൈകല്യമുള്ള കുട്ടികളും

ചെന്നപാടെ ഗില്‍ഗാലിന്റെ ഓഫീസില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. 350 ഓളം രോഗികളെ പാര്‍പ്പിക്കാനുള്ള കെട്ടിട സമുച്ചയങ്ങള്‍ ഇന്നവിടെ ഉണ്ട്. എന്നാല്‍ 200 പേര്‍ക്ക് കൂട്ടമായി കൊവിഡ്-19 ബാധിച്ചപ്പോള്‍ അവരെ സുരക്ഷിതമായി ഒറ്റയ്ക്ക് താമസിപ്പിച്ച് ശുശ്രൂഷിക്കാന്‍ പറ്റിയ ഐസൊലേഷന്‍ വാര്‍ഡില്ലാത്തതിന്റെ ബുദ്ധിമുട്ട് അന്ന് അവര്‍ അറിഞ്ഞു.

പറഞ്ഞുവന്നത് ഗില്‍ഗാലിലെ നൂറുകണക്കിന് രോഗികളെ കണ്ടശേഷം അവസാനമായി എത്തിയ ഒരു വാര്‍ഡിലെ കാഴ്ചയെക്കുറിച്ചായിരുന്നു. കണ്ണീര്‍ തുടച്ചുകൊണ്ട് എന്റെ മുഖത്തേക്കു നോക്കി ഗദ്ഗദത്തോടെ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു. ”നമ്മുടെ മക്കള്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ ഒരവസ്ഥ ഉണ്ടായാല്‍ നമ്മള്‍ എന്തു ചെയ്യും?” മറുപടിയായി എന്റെ കണ്ണിലും പൊടിഞ്ഞു ഒരു തുള്ളി കണ്ണീര്‍. ഓട്ടിസം ബാധിച്ച അമ്പതിലധികം കുട്ടികള്‍ ഒരു ഹാളില്‍ മാംസപിണ്ഡം പോലെ നിരന്നുകിടക്കുന്നു.

ഞാന്‍ ആദ്യം ആ കാഴ്ച കണ്ടിട്ട് സഹിക്കാനാവാതെ പുറത്തിറങ്ങിയതാണ്. ബാക്കിയുള്ളവരെല്ലാം അകത്ത് തന്നെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും അകത്തു കയറി. അപ്പോഴാണ് ആ മനുഷ്യന്‍ എന്റെ നേരെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്ന് ചാട്ടുളി പോലെ ഹൃദയത്തെ ഭേദിച്ച ആ ചോദ്യം തൊടുത്തത്.

എനിക്ക് ഒന്നും സംസാരിക്കാനായില്ല. കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ട് പ്രിന്‍സിന്റെ ഭാര്യ സാലി ഞങ്ങളുടെ മുമ്പിലുണ്ട്. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ ഓരോരുത്തരെക്കുറിച്ചും സാലി വിശദീകരിച്ചുകൊണ്ടിരുന്നു. ഞാന്‍ പലതും കേട്ടില്ല. കാരണം, എന്റെ ശ്രദ്ധയും കണ്ണുകളും കട്ടിലില്‍ കിടന്ന് ചേഷ്ടകള്‍ കാണിക്കുന്ന ആ കുരുന്നുകളുടെ മേലായിരുന്നു.

ഒടിഞ്ഞു മടങ്ങിയ ചുള്ളിക്കമ്പു പോലുള്ള കാലുകള്‍. ഏത് വശത്തേക്കും ചെരിക്കാന്‍ പറ്റുന്ന ചലിക്കുന്ന തലകള്‍. പരതിനടക്കുന്ന കണ്ണുകള്‍. സംസാരിക്കുന്നത് എന്തെന്ന് വ്യക്തമല്ല. കൈകളും വിരലുകളും വിവിധ രീതിയിലാണ് ചലിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ചലനശേഷിയുള്ള, ജീവനുള്ള മാംസക്കഷണങ്ങള്‍ ആണിവര്‍.

എല്ലാവരും മനോഹരമായ കളര്‍ യൂണിഫോമുകള്‍ ധരിച്ചാണ് കിടക്കുന്നത്. താഴെ വീഴാതിരിക്കാന്‍ കട്ടിലിന്റെ നാലരികും പൊക്കിപ്പണിതിട്ടുണ്ട്. ഓരോരുത്തരുടെയും ജീവിത പശ്ചാത്തലങ്ങള്‍ സാലി വിശദീകരിച്ചുകൊണ്ടിരുന്നു. ഒരു സഹോദരനും സഹോദരിയും അടുത്തടുത്ത് കിടക്കുന്നത് കണ്ടു. ഒരമ്മയുടെ ഉദരത്തില്‍ പിറന്നവരാണെന്ന് അവര്‍ക്കറിഞ്ഞുകൂടാ.

ഭക്ഷണത്തിനായി ഡൈനിഗ് ഹാളിൽ ഒത്തുകൂടിയപ്പോൾ

‘ഹൃദയമുള്ളവര്‍ക്ക്’ ഒരു നോട്ടമേ സാധിക്കൂ. അപൂര്‍വ്വം ചിലരുടെ അമ്മമാര്‍ കാണാന്‍ വരാറുണ്ട്. ഭൂരിപക്ഷം മാതാപിതാക്കളും ഇവരെ ആശ്വാസഭവനില്‍ എത്തിച്ച് ‘കടമ നിര്‍വ്വഹിച്ച്’ മുങ്ങിയവരാണ്. ലോകമെന്തെന്നറിഞ്ഞുകൂടാത്ത ഇവര്‍ക്ക് ആരോടും പരിഭവമില്ല, പിണക്കമില്ല.

ഈ ഹാളില്‍ ആറു പേരാണ് ഇവരെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നത്. പകല്‍ മൂന്നു പേര്‍, രാത്രി മൂന്നു പേര്‍. രാവിലെ ഇവരെ എടുത്തുകൊണ്ടു പോയി, മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞ്, നല്ല വസ്ത്രം ധരിപ്പിച്ചു കൊണ്ടുവന്നു കിടത്തും. ദ്രവാഹാരം സ്പൂണില്‍ കോരി ഒഴിച്ചു കൊടുക്കും. അന്നത്തെ പകല്‍ ഷിഫ്റ്റിലുണ്ടായിരുന്ന സഹോദരിമാരുമായി ഞാന്‍ സംസാരിച്ചു. അവര്‍ വിവിധ മതസ്ഥരാണ്.

ഗിൽഗാൽ അന്തേവാസികളോട് വർഗീസ് ചാക്കോ സംസാരിക്കുന്നു.
സമീപം പാസ്റ്റർ പ്രിൻസ്

”കിട്ടുന്ന ശമ്പളത്തേക്കാള്‍ പ്രധാനം ഞങ്ങള്‍ക്കീ കുഞ്ഞുങ്ങളാണ്. ഇതൊരു സേവനമായി ഞങ്ങള്‍ കാണുന്നു.” ഈ പറഞ്ഞവര്‍ ആരും പെന്തക്കോസ്തുകാരല്ല. ഞാന്‍ എന്നെ തന്നെ ശപിച്ചു. എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. ”ഞാന്‍ ഗില്‍ഗാലിനു വേണ്ടി എന്തു ചെയ്തു? ഒന്നും ചെയ്തില്ല.”

വീട്ടില്‍ പൂട്ടിയിട്ടിരുന്ന ഭ്രാന്തനെ അഴിച്ചു കൊണ്ടുവന്ന് തലയും താടിയും വടിച്ച്, കുളിപ്പിച്ച്, പുതുവസ്ത്രം ധരിപ്പിച്ച്, നല്ല ഭക്ഷണവും നല്‍കിയതോടെ അവന് സുബോധം പകുതി കൈവന്നതായി സാലി സാക്ഷിക്കുന്നു. പിന്നെ ചങ്ങലയ്ക്കിടേണ്ടി വന്നില്ല. ഗില്‍ഗാലിന്റെ ആരംഭവും ഇതില്‍നിന്നായിരുന്നു. ഗില്‍ഗാലില്‍ അന്തേവാസികളായവരില്‍ ഓരോരുത്തര്‍ക്കും ഓരോ പുസ്തകരചനയ്ക്കുള്ള കഥകളുണ്ട് എന്നതാണ് സത്യം.

റ്റി.സി ചാക്കോയും കുടുംബാംഗങ്ങളും. പിന്നിൽ സാലി

പല വിഭാഗങ്ങളിലായി 350-ഓളം അന്തേവാസികള്‍ ഇന്ന് ഗില്‍ഗാല്‍ ആശ്വാസഭവനിലുണ്ട്. ആരോരുമില്ലാത്ത വൃദ്ധന്മാരും വൃദ്ധകളും ഗില്‍ഗാലില്‍ വസിക്കുന്നു. വൃദ്ധരില്‍ തന്നെ മാനസികരോഗികളുടെ ഒരു വിഭാഗവും കുഞ്ഞുങ്ങളില്‍ മാനസികവൈകല്യമുള്ളവരുടെ മറ്റൊരു വിഭാഗവും ഗില്‍ഗാലിലുണ്ട്. മരത്തില്‍ നിന്നു വീണ് നടുവൊടിഞ്ഞവര്‍ കിടക്കുന്ന ഒരു വാര്‍ഡും ഞങ്ങള്‍ കണ്ടു. അവരുടെയും മലമൂത്ര വിസര്‍ജ്ജനം കട്ടിലില്‍ തന്നെ. 350 രോഗികളെ നോക്കാന്‍ 60-ലധികം സ്റ്റാഫുകള്‍ കണ്ണില്‍ എണ്ണയൊഴിച്ച് ജാഗ്രതയോടെ കാത്തിരിപ്പാണ്.

തിരിച്ചു പോരാന്‍ നേരം ഞങ്ങള്‍ ഇവിടുത്തെ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചു. പാസ്റ്റര്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ ആശ്വാസഭവന്റെ പരിസരത്ത് കൃഷി ചെയ്തുണ്ടാക്കുന്ന ജൈവപച്ചക്കറികള്‍കൂടി അകമ്പടിയായുള്ള കുശാലായ ഊണ്. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ‘മികച്ച കര്‍ഷകന്‍’ അവാര്‍ഡ് നേടിയ കൃഷിക്കാരന്‍ കൂടിയാണ് പ്രിന്‍സ്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50,000 രൂപയോളമാണ് ഇവരുടെ ചെലവ്.

വര്‍ഗീസ് ചാക്കോയുടെ അമ്മാച്ചന്‍ റ്റി.സി. ചാക്കോയുടെ 55-ാം വിവാഹ വാര്‍ഷികം പ്രമാണിച്ച് ഒരു ദിവസത്തെ ഭക്ഷണത്തിനായി ഈ മാസം 50,000 രൂപാ നല്‍കുകയുണ്ടായി വര്‍ഗീസ് ചാക്കോയുടെ ആന്റി തങ്കമ്മ ജോജ്ജും ഒരു ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ ചെലവുകള്‍ വഹിച്ചു. ഇവരെല്ലാവരും 80-തിന് മുകളില്‍ പ്രായമുള്ളവരാണ്.

21 വര്‍ഷം മുമ്പ് പ്രിന്‍സ്-സാലി യുവദമ്പതികളുടെ മനസ്സില്‍ രൂപംകൊണ്ട കാരുണ്യവും ആര്‍ദ്രതയും ഇന്ന് അനേകര്‍ക്ക് ആശ്വാസമായി തണല്‍വിരിച്ചു നില്‍ക്കുകയാണ് ഇരവിപേരൂരില്‍.
നമ്മുടെ മക്കളും വേണ്ടപ്പെട്ടവരും പൂമ്പാറ്റകളെപ്പോലെ പാറിനടക്കുമ്പോള്‍ ഈ ലോകം എങ്ങനെയിരിക്കുന്നുവെന്ന് കണ്ടും കേട്ടും ആസ്വദിക്കാന്‍ കഴിയാത്തവരാണ് ഗില്‍ഗാലിലുള്ളവരില്‍ ഏറെയും. എഴുതിയാലും പ്രസംഗിച്ചാലും തീരുന്നതല്ല ഗില്‍ഗാലിലെ കാഴ്ചകളും അനുഭവങ്ങളും.

നമുക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കാകും. അങ്ങനെ ചെയ്താല്‍ പ്രിന്‍സ്-സാലി ദമ്പതികളുടെ ദൗത്യനിര്‍വ്വഹണത്തില്‍ നാമും പങ്കാളികളായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!