കവല പ്രസംഗകനായ വെസ്ലിയും മെതഡിസവും

കവല പ്രസംഗകനായ വെസ്ലിയും മെതഡിസവും

മെതഡിസ്റ്റ് സെന്‍ട്രല്‍ ഹാളില്‍ കയറിയ ഞങ്ങള്‍ക്ക് ഏറെ അത്ഭുതകരമായി തോന്നിയത് ഗാനശുശ്രൂഷകള്‍ക്കായി പഴയകാലം മുതലേ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓര്‍ഗനാണ്. 4731 പൈപ്പുകള്‍ കൊണ്ട് സജ്ജമാക്കിയിരിക്കുന്ന ഈ ഗാനോപകരണത്തിന്റെ ഉയരം 31 അടിയാണ്. ഹാളിന്റെ ഭിത്തിയോടു ചേര്‍ന്ന് ഇത് സ്ഥാപിച്ചിരിക്കുന്നു. ഞായറാഴ്ച തോറും ആരാധനയില്‍ ഇത് ഇപ്പോഴും വായിക്കാറുണ്ട്.

മനോഹരമായ ഹാളും കസേരകളും നല്ല ഉയരത്തില്‍ വൃത്തത്തില്‍ തീര്‍ത്തിരിക്കുന്ന പുള്‍പിറ്റും കണ്ടപ്പോള്‍ ഫിലിപ്പ് പി. തോമസിന് ഒരു മോഹം. അവിടെ കയറി നിന്നു പ്രസംഗിക്കണം. ഒപ്പം ഞാനും സാം ജോണും കൂടി കയറിപ്പറ്റി. 2350 സീറ്റുകള്‍ വൃത്താകൃതിയില്‍ സ്ഥാപിച്ചിട്ടുള്ള ഈ ഹാളിനകം കണ്ടാല്‍ നമ്മുടെ നിയമസഭാ മന്ദിരമാകും ഓര്‍മ്മയില്‍ വരിക. ഹാളിനകത്തെ സകല സാധനങ്ങളും തടിയില്‍ തീര്‍ത്തിരിക്കുന്നതാണ്. പോളിഷ് ചെയ്തു മിനുക്കി ഇട്ടിരിക്കുന്ന ഇരിപ്പിടം കണ്ടാല്‍ അറിയാതെ ഇരുന്നുപോകും.

ഒറ്റനോട്ടത്തില്‍ തേക്കിന്‍തടിയില്‍ തീര്‍ത്തതാണെന്നു ഈ ഫര്‍ണിച്ചറുകള്‍ കണ്ടാല്‍ മനസ്സിലാകും. ഒരുപക്ഷേ കേരളത്തില്‍നിന്നും മറ്റും തേക്കും തടി തളിരങ്ങളാക്കി കപ്പല്‍മാര്‍ഗ്ഗം ബ്രിട്ടനില്‍ എത്തിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ബ്രിട്ടീഷ് ആധിപത്യത്തിലിരുന്ന രാജ്യങ്ങളിലെ കൊള്ള മുതലുകളും അവിടുത്തെ ശില്പകലകളും ബ്രിട്ടനിലെ പ്രാചീന മണിമന്ദിരങ്ങളില്‍ പണിയാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്.
പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ ആളില്ലല്ലോ. അതുകൊണ്ട് കുറേനേരം പുള്‍പിറ്റില്‍നിന്ന് താളം പിടിച്ചിട്ട് ഫലിപ്പി താഴെ ഇറങ്ങി.

നവീകരണ വീരന്മാരില്‍ പ്രധാനിയായിരുന്ന ജോണ്‍ വെസ്ലി സ്ഥാപിച്ച മെതഡിസ്റ്റ് ചര്‍ച്ചിനെപ്പറ്റിയും മെതഡിസത്തെപ്പറ്റിയും പ്രതിപാദിച്ചുകൊണ്ട് ഈ യാത്രാക്കുറിപ്പ് അവസാനിപ്പിക്കാം.
ശാമുവേല്‍ വെസ്ലിയുടെയും സൂസന്നയുടെയും മകനായി 1703-ലാണ് ജോണ്‍ വെസ്ലി ജനിച്ചത്. ആറു വയസ്സുള്ളപ്പോള്‍ ജോണ്‍ ഒരു തീപിടുത്തത്തില്‍ അകപ്പെടുകയും അമ്മ തന്നെ രക്ഷപ്പെടുത്തുകയും ചെയ്തതായി ചരിത്രം സാക്ഷിക്കുന്നു. പില്‍ക്കാലത്ത് താന്‍ തീയില്‍ നിന്നും വലിച്ചെടുത്ത തീക്കൊള്ളിയായി സ്വയം വിശേഷിപ്പിക്കുമായിരുന്നു.

ജോണ്‍ വെസ്ലി

ആംഗ്ലിക്കന്‍ ചര്‍ച്ച് പുരോഹിതനായിരുന്ന ജോണ്‍ വെസ്ലി 1729-ല്‍ ലണ്ടന്‍ കോളജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
പുരോഹിതവൃത്തിയിലൂടെ മെച്ചമായ ഒരു ആത്മീയാനുഭൂതി തനിക്കു ലഭ്യമല്ലെന്ന് കണ്ട ജോണ്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ഹോളി ക്ലബ്ബ് എന്നൊരു കൂട്ടായ്മയ്ക്കു രൂപം നല്‍കി. ഇങ്ങനൊരു പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കു രൂപം നല്‍കിയത് ഓക്‌സ്‌ഫോര്‍ഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ചായിരുന്നു. ഈ ഹോളി ക്ലബ്ബ് ഭാരവാഹികളെയാണ് പില്‍ക്കാലത്ത് മെതഡിസ്റ്റുകള്‍ എന്നു വിളിച്ചു തുടങ്ങിയത്.

മാനസിക നിര്‍വൃതി അനുഭവവേദ്യമാകുന്ന ഒരു ആരാധനാ സൗകര്യം ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ ഇല്ലാതിരുന്നതുകൊണ്ട്, തിരുവത്താഴം ആഴ്ചയില്‍ ഒരിക്കല്‍ ആക്കിയും, പ്രാര്‍ത്ഥന, ബൈബിള്‍ പഠനം, സാമൂഹ്യസേവനം എന്നിവ പ്രാവര്‍ത്തികമാക്കിക്കൊണ്ടും പുതുതായി രൂപപ്പെടുത്തിയെടുത്ത നവക്രിസ്തീയ വിശ്വാസത്തെയാണ് മെതഡിസം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നേരത്തേ പുരോഹിതനായിരുന്നെങ്കിലും യേശുവുമായി കാര്യമായ ബന്ധം ജോണ്‍ വെസ്ലിക്ക് ഇല്ലായിരുന്നു.

1735-ല്‍ അപ്പന്‍ മരിച്ചുകഴിഞ്ഞ് ജോണ്‍ വെസ്ലി സഹോദരന്‍ ചാള്‍സുമൊത്ത് അമേരിക്കയിലെ ജോര്‍ജ്ജിയായിലേക്ക് കപ്പല്‍ കയറി. അവിടുത്തെ റെഡ് ഇന്ത്യന്‍സിനെ ക്രിസ്തീയാനുഭവത്തിലേക്ക് നയിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. കപ്പല്‍ അറ്റ്‌ലാന്റാ കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമായി തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. കൊടുങ്കാറ്റും കൂടിയായപ്പോള്‍ കപ്പല്‍ മറിഞ്ഞ് ജീവിതം ഇവിടെ അവസാനിക്കുമെന്ന് വെസ്ലിക്ക് തോന്നി. എന്നാല്‍ ഇതേ കപ്പലില്‍ ജര്‍മ്മന്‍കാരായ മൊറാവിയന്‍സ് എന്നൊരു ക്രിസ്തീയ ഗ്രൂപ്പിന്റെ പ്രവര്‍ത്തകന്‍ കപ്പല്‍ മറിയുമെന്ന തോന്നല്‍ ഉണ്ടായിട്ടും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന മട്ടില്‍ പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും ആരാധിച്ചും ഉല്ലസിക്കുന്നത് കണ്ടപ്പോള്‍ വെസ്ലി സ്വന്തം വിശ്വാസത്തെ വീണ്ടും വിലയിരുത്താന്‍ ആരംഭിച്ചു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പാരമ്പര്യ ആരാധനയില്‍നിന്നും വ്യത്യസ്തമായ പുത്തന്‍ ആരാധനാ രീതിക്ക് വെസ്ലി രൂപം കൊടുത്തിരുന്നെങ്കിലും കപ്പലിലെ മെറാവിയന്‍സിന്റെ ആരാധന തന്നെ വീണ്ടും വിശ്വാസത്തിന്റെ ഗിരിശൃംഗത്തിലെത്തിച്ചു. ജോര്‍ജ്ജിയായിലെ തന്റെ ദൗത്യം പരാജയപ്പെട്ടെന്നു തോന്നിയപ്പോള്‍ വെസ്ലി തിരികെ ഇംഗ്ലണ്ടിലെത്തി.

ഇങ്ങനെയൊക്കെ ആയിട്ടും ആംഗ്ലിക്കന്‍ സഭ വെസ്ലി ഉപേക്ഷിച്ചിരുന്നില്ല. വെസ്ലിയുടെ പുത്തന്‍ വിശ്വാസാരാധനാ രീതികളെ പുല്‍കാന്‍ സഭയും തയ്യാറായില്ല. അതുകൊണ്ട് പ്രസംഗിക്കാന്‍ വെസ്ലിക്ക് പുള്‍പിറ്റുകള്‍ എങ്ങും കിട്ടാതായി. വെസ്ലി നിരാശനായി.

എന്നാല്‍ 1738-ല്‍ ലണ്ടനിലെ ആള്‍ഡര്‍ഗേറ്റ് സ്ട്രീറ്റില്‍ നടന്ന ഒരു റിലീജിയസ് സൊസൈറ്റിയുടെ മീറ്റിംഗില്‍ വെസ്ലി മനസ്സില്ലാമനസ്സോടെ പങ്കെടുത്തു. പ്രാസംഗികന്‍ ”ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഹൃദയങ്ങളെ ദൈവം എങ്ങനെ പരിവര്‍ത്തനം നടത്തുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചപ്പോള്‍ വെസ്ലിയുടെ ഹൃദയം ചൂടുപിടിച്ചു. പാപങ്ങളെ ദൈവം തന്നില്‍നിന്നും എടുത്തുമാറ്റിയതായി വെസ്ലിക്ക് അനുഭവപ്പെട്ടു. വെസ്ലിയുടെ പുതുജീവിതത്തിന്റെ തുടക്കം ഇവിടെനിന്നും ആരംഭിച്ചു എന്നു പറയാം.

ആദ്യം സൂചിപ്പിച്ച ‘ഹോളി ക്ലബ്ബിലെ’ പ്രസംഗകനായിരുന്ന ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡ് ബ്രിസ്റ്റോളില്‍ ഒരുക്കിയ ഓപ്പണ്‍ എയര്‍ മീറ്റിംഗില്‍ പ്രസംഗിച്ചുകൊണ്ട് ജോണ്‍ വെസ്ലി കവല പ്രസംഗങ്ങളുടെ തീപ്പന്തമായി മാറി. നാലു പേര്‍ കൂടുന്ന ചന്തയിലും മറ്റു വഴിയോരങ്ങളിലുമെല്ലാം വെസ്ലിയുടെ പരസ്യയോഗങ്ങള്‍ പൊടിപൊടിച്ചു. രാജ്യത്താകമനം വെസ്ലി ഓടിനടന്നു പ്രസംഗിച്ചു. ഇതില്‍ രക്ഷിക്കപ്പെട്ടവര്‍ക്കായി ക്ലാസ്സുകള്‍ ആരംഭിച്ചു. ഒരു സഭ സ്ഥാപിക്കാന്‍ വെസ്ലിക്കു പ്ലാനില്ലായിരുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കീഴില്‍ ഒരു വിശുദ്ധ കൂട്ടായ്മയായി നില്‍ക്കാനാണ് ആഗ്രഹിച്ചത്. 1791-ല്‍ ജോണ്‍ വെസ്ലി മരിക്കുമ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്നും വ്യത്യസ്തമായ ആത്മീയാനുഭവങ്ങളും വിശ്വാസങ്ങളുമുള്ള ഒരു നവീകരണ സഭയായി മെതഡിസ്റ്റ് സഭ വളര്‍ന്നു വേര്‍പ്പെട്ടിരുന്നു. കവലപ്രസംഗങ്ങളിലൂടെ നാട്ടിലെങ്ങും രക്ഷയെ പ്രഘോഷിച്ച ജോണ്‍ വെസ്ലിയുടെ പ്രസംഗരീതി ഇന്നും പെന്തക്കോസ്തു സഭകളുള്‍പ്പെടെയുള്ള വേര്‍പെട്ട സഭകളുടെ സുവിശേഷീകരണത്തിന് സഹായമായി ഭവിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല.

വെസ്റ്റ് മിനിസ്റ്റര്‍ ആബിയുടെ പടിഞ്ഞാറുവശത്ത് സഭയുടെ വേള്‍ഡ് സെന്ററായി പണിതിട്ടുള്ളതാണ് സെന്‍ട്രല്‍ ഹാള്‍. 11 ലക്ഷത്തോളം പൗണ്ട് ഈ കെട്ടിടത്തിന് പിരിവായി ലഭിച്ചു. 1912-ലാണ് പണി തീര്‍ന്നത്. 250000 സ്‌ക്വയര്‍ഫീറ്റാണ് മെതഡിസ്റ്റ് സഭയുടെ ഈ ആസ്ഥാനത്തിന്റെ വിസ്തൃതി.

മഹാത്മാഗാന്ധി, വില്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബില്ലി ഗ്രഹാം, ചാള്‍സ് രാജകുമാരന്‍, ഡയാന രാജകുമാരി തുടങ്ങി പ്രമുഖര്‍ മെതഡിസ്റ്റ് സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1946-ല്‍ ഐക്യരാഷ്ട്രസഭാ സമ്മേളനം നടന്നത് ഈ ഹാളിലാണ്. 51 രാജ്യങ്ങളില്‍ നിന്നെത്തിയ പ്രധാനമന്ത്രിമാരെ അന്ന് സ്വാഗതം ചെയ്തത് ക്ലമന്റ് ആറ്റ്‌ലിയായിരുന്നു. ഈ സമ്മേളനത്തില്‍ വച്ചാണ് യു.എന്‍. സെക്രട്ടറി ജനറലിനെയും സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളേയും ആദ്യമായി തെരഞ്ഞെടുത്തത്.

മെതഡിസ്റ്റ് ഹാളില്‍ നടന്ന യു.എന്‍. സമ്മേളനത്തിന്റെ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് 1996ല്‍ വീണ്ടും യു.എന്‍. സമ്മേളനം ഇവിടെ വച്ച് നടക്കുകയുണ്ടായി. വിലപിടിപ്പുള്ള അലങ്കാരവിളക്കുകളാല്‍ പ്രശോഭിതമായി നില്‍ക്കുന്ന മെതഡിസ്റ്റ് ഹാള്‍ വിട്ട് ഞങ്ങള്‍ പുറത്തിറങ്ങി.

റോഡ് മുറിച്ച് കടന്നു ഞങ്ങള്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷനിലിറങ്ങി. ഫിലിപ്പിയേയും എന്നേയും ലണ്ടന്‍ കാണിക്കാനായി ദിവസങ്ങളോളം കൊണ്ടുനടന്ന ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം ജോണിനെ നന്ദിയോടെ ഓര്‍ക്കുന്നു. ഐ.പി.സി. ചങ്ങനാശ്ശേരി സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സി.വി. ജോണിന്റെ മകനാണ് സാം ജോണ്‍.

രാത്രിയില്‍ ഞാന്‍ ബെക്കണ്‍ട്രിയില്‍ ട്രെയിന്‍ ഇറങ്ങി ജി.ശാമുവേലിന്റെ വീട്ടിലേക്കു നടന്നു. കണ്ണെത്താത്ത ദൂരത്ത് നീണ്ടുകിടക്കുന്ന കാറുകളുടെ നിരയും, നിരയായി നില്‍ക്കുന്ന ഒന്നിലധികം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും വൈദ്യുതിപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു.
2004 ആഗസ്റ്റ് 20ന് ശനിയാഴ്ച ഞങ്ങള്‍ 20 ദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനം മതിയാക്കി തിരികെ പുറപ്പെട്ടു. സ്വന്തം വീട്ടില്‍ ജീവിച്ചതുപോലെ സ്വാതന്ത്ര്യത്തോടെ ജീവിച്ച ദിനങ്ങള്‍.

ഹാലേലൂയ്യായുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജി. ശാമുവലും, ജി.പി. മാത്യുവും (കുഞ്ഞുമോനും) ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭാര്യ സൂസന്‍, മക്കള്‍ ആഷ്‌ലി, ആന്‍ലി, സൂസന്റെ സഹോദര ഭാര്യ ജെയ്‌നി, വീട്ടിലെ സഹായി റോഷ്‌നി എല്ലാവരും ചേര്‍ന്നു ഞങ്ങളെ യാത്രയാക്കി.


ഞങ്ങള്‍ തനിയെ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞിട്ടും ജി. ശാമുവല്‍ കൂടെ വന്നു. ഒരു മണിക്കൂറിലധികം ഭൂഗര്‍ഭ തീവണ്ടിയില്‍ ഇരുന്നു ഹീത്രുവിലെത്താന്‍. ഭക്ഷണപാനീയങ്ങള്‍ വാങ്ങിത്തന്നു. എയര്‍ ഇന്ത്യാ കൗണ്ടര്‍ വരെ കൊണ്ടാക്കി മടങ്ങാന്‍ നേരം സഹോദരങ്ങളില്ലാതെ വളര്‍ന്ന ഞാന്‍ ഒരിക്കല്‍കൂടി ഒരു ചുംബനം ആസ്വദിച്ചു. ”മാഷ് ഇനിയും വരണം.” ഞാന്‍ തലകുലുക്കി. നടക്കുംതോറും പിന്നോട്ടുനോക്കി കൈകള്‍ വീശി ശാമുവല്‍ നടന്നുനീങ്ങുന്നത് ഞങ്ങള്‍ കണ്ടു.


കെ.എന്‍. റസ്സല്‍
(യാത്രാ വിവരണം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!