ബ്രിട്ടീഷ് രാജ്ഞിയുടെ സിംഹാസനത്തിനരികില്‍…

ബ്രിട്ടീഷ് രാജ്ഞിയുടെ സിംഹാസനത്തിനരികില്‍…

എലിസബത്ത്-II സിംഹാസനസ്ഥയാകുന്ന ഇരിപ്പിടം ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടു. താമ്രപാളികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന മനോഹരമായ സിംഹാസനം. സമീപത്ത് ഫിലിപ്പ് രാജകുമാരനിരിക്കാനുള്ള മറ്റൊരു സിംഹാസനവും ഉണ്ട്.

കയ്യെത്താത്ത അകലത്തില്‍ നിന്നു മാത്രമേ സിംഹാസനം കാണാനാവൂ. എങ്ങും തൊടരുതെന്നും എഴുതി വച്ചിട്ടുണ്ട്. ചെമ്പ് പൊതിഞ്ഞ വേലി കണ്ടാല്‍ സ്വര്‍ണ്ണ പാളികളാല്‍ പണിതതാണെന്നേ തോന്നൂ. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രണ്ട് സഭകളാണുള്ളത്. ഒന്ന് പ്രഭു സഭയും മറ്റൊന്ന് കോമണ്‍ സഭയും. പ്രഭു സഭയിലാണ് രാജ്ഞി സിംഹാസനസ്ഥയാകുന്നത്.

രാവിലെ 10.45ന് ഞാനും പാസ്റ്റര്‍ ഫിലിപ്പ് പി.തോമസും പാസ്റ്റര്‍ സാം ജോണിനോടൊപ്പമാണ് ലണ്ടന്‍ പാര്‍ലമെന്റ് കാണാനായി പുറപ്പെട്ടത്. ടിക്കറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷമായി. പക്ഷേ വായിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്, ഞങ്ങള്‍ക്ക് തന്നിരിക്കുന്ന സന്ദര്‍ശന സമയം 1.30 ആണെന്ന്. അതുകൊണ്ട് ഞങ്ങള്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബി കാണാനിറങ്ങി. ആബിയില്‍ അന്ന് പ്രവേശനമില്ലാതിരുന്നതുകൊണ്ട് പരിസരമാകെ നടന്നുകണ്ടു.

നവീകരണവീരനായ ജോണ്‍ വെസ്ലി പ്രസംഗിച്ച സ്ഥലത്ത് പണിതിരിക്കുന്ന മനോഹരമായ മെതഡിസ്റ്റ് ചര്‍ച്ചും കണ്ട് തെരുവോരത്തു കൂടി ഒന്നു ചുറ്റിക്കറങ്ങിയപ്പോള്‍ ഒരു മണിയായി. (വെസ്റ്റ് മിനിസ്റ്റര്‍ ആബി, മെതഡിസ്റ്റ് ചര്‍ച്ച് എന്നിവയെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.)

വിശപ്പ് ഞങ്ങളെ വല്ലാതെ ബാധിച്ചു. പോരാഞ്ഞിട്ട് നല്ല വെയിലും. ഉച്ചയ്ക്ക് മത്തി പീര അകമ്പടിയായി മൊരൊഴിച്ച ഒരുപിടി ചോറ് കിട്ടിയാല്‍ കൊള്ളാമെന്ന മോഹം കലശമായി. ഇവിടെ എവിടെ കിട്ടാനാ ഇത്? പിസ, ബര്‍ഗര്‍, പേരറിയാന്‍ വയ്യാത്ത മറ്റു പലതും, പിന്നെ ബേക്ക് ചെയ്ത ചിക്കന്റെ കാലും ചിറകും കിട്ടും. ഉപ്പും പുളിയും എരിവുമില്ലാത്ത ‘സാധനങ്ങള്‍’ എങ്ങനെ തിന്നാനാ? പക്ഷേ അന്നു കിട്ടിയിരുന്നെങ്കില്‍ അപ്പാടെ അകത്താക്കുമായിരുന്നു. അത്രമാത്രം വിശപ്പ്.

ഫിലിപ്പ് പി .ക്ക് എന്തെങ്കിലും കിട്ടിയാല്‍ മതിയെന്നായി. അവസാനം ഒരു മരച്ചുവട്ടില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കടയില്‍നിന്നും കിട്ടിയ കാപ്പിയും അപ്പക്കഷണങ്ങളും കൊണ്ട് വിശപ്പടക്കി. ഒരു നീഗ്രോ പെണ്‍കുട്ടി വിനയപൂര്‍വ്വമായ പ്രകടനത്തോടെ ഭക്ഷണം ഞങ്ങള്‍ക്ക് തന്നു. ചെലവെല്ലാം സാം ജോണിന്റെ തലയില്‍. കാശ് കൊടുക്കാന്‍ നേരം ഫിലിപ്പ് പി.യെ കാണാനേ ഇല്ല. അപ്പോഴേയ്ക്കും അദ്ദേഹം മൂത്രശങ്കയ്ക്ക് അടിമപ്പെട്ടുപോയി. ഞാന്‍ വെറുതെ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ‘വേണ്ട, വേണ്ട ഞാന്‍ കൊടുത്തോളാം എന്നായി സാം ജോണ്‍.’

പാര്‍ലമെന്റിന്റെ മുഖ്യകവാടത്തില്‍ വെള്ള യൂണിഫോമിട്ട രണ്ടേ രണ്ട് പോലീസുകാരെ ഉണ്ടായിരുന്നുള്ളൂ. ടൂറിസ്റ്റുകളെ കടത്തിവിടുന്ന പടിഞ്ഞാറേ കവാടത്തിലാണ് അല്പം തിരക്കുള്ളത്. പതിനഞ്ച് പേരുള്ള ബാച്ചുകളായാണ് അകത്തേയ്ക്ക് വിടുന്നത്. ഓരോ ഗ്രൂപ്പിനും സഹായത്തിനായി ഗൈഡിനേയും നിയമിച്ചിട്ടുണ്ട്. മറിയല്‍ ജോണ്‍സ് എന്ന പ്രായമുള്ള ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെ ഗൈഡ്.

മുന്‍ഗണനയനുസരിച്ചാണ് അകത്തേയ്ക്ക് വിനോദസഞ്ചാരികളെ കയറ്റിവിടുന്നത്. എട്ട് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതും, ഗോഥിക് കലാരീതിയില്‍ പണികഴിപ്പിച്ചിട്ടുള്ളതുമായ ഈ മനോഹരമായ ഹര്‍മ്മ്യത്തിന്റെ ഉള്‍വശത്തെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. എവിടെ നോക്കിയാലും മഞ്ഞലോഹ പ്രളയമാണ്. 1870-ല്‍ പണിത് പ്രവര്‍ത്തനം തുടങ്ങിയ ഈ സൗധത്തിന് ചെലവായത് 3 മില്ല്യന്‍ പൗണ്ടാണ്. അന്ന് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പണി മുഴുവനായി തീര്‍ന്നിരുന്നില്ല. 1100 മുറികളുണ്ട്. ഭീമാകാരമായ ഈ കെട്ടിടത്തിന്.

1265-ല്‍ രാജാവ് പ്രജകളില്‍ നിന്നുള്ളവരെകൂടെ കൂട്ടി രൂപീകരിച്ച ‘മഹത്തായ പാര്‍ലമെന്റ്’ ആദ്യമായി കൂടിയത് വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലായിരുന്നു. ആധുനിക പാര്‍ലമെന്റിന്റെ തുടക്കം അവിടെയാണ്.

എന്നാല്‍ ഇപ്പോഴത്തെ പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന ചതുപ്പ് സ്ഥലത്ത് കാന്യൂട്ട് ഒരു കൊട്ടാരം പണിതു എന്നാണ് ചരിത്രമതം. പില്‍കാലത്ത്, അതായത് 1532-ല്‍ എഡ്വേര്‍ഡ് രാജാവ് പണിത കൊട്ടാരമാണ് ദീര്‍ഘനാള്‍ പാര്‍ലമെന്റായി ഉപയോഗിച്ചിരുന്നത്. 1332-ല്‍ പ്രഭുസഭയും പൊതുസഭയും നിലവില്‍ വന്നതോടെ കൊട്ടാരത്തിലെ സെന്റ് സ്റ്റീഫന്‍സ് ചാപ്പലിലും പാര്‍ലമെന്റ് ചേംബറിലുമായി സഭകള്‍ സമ്മേളിച്ചുകൊണ്ടിരുന്നു.

എന്നാല്‍ 1801-ല്‍ അയര്‍ലണ്ട് കൂടി ബ്രിട്ടന്റെ ഭാഗമായതോടെ സ്ഥലം തികയാതെ വരികയും, വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലേക്ക് പാര്‍ലമെന്റ് സമ്മേളനം മാറ്റുകയും ചെയ്തു. ഇതിനിടെ 1834 ഒക്‌ടോബര്‍ 16-ലെ തീപിടുത്തത്തില്‍ കൊട്ടാരം വെന്തുപോയതോടെ 1836-ല്‍ പുതിയ കെട്ടിടത്തിനായി വിവിധ ഡിസൈനുകളുടെ ഒരു മത്സരം തന്നെ നടത്തി. 97 വാസ്തുവിദ്യക്കാര്‍ നല്‍കിയ പ്ലാനുകളില്‍നിന്നും തെരഞ്ഞെടുത്ത പ്ലാന്‍ പ്രകാരം പണിതതാണ് ഇപ്പോഴത്തെ 8 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുത്തന്‍ പാര്‍ലമെന്റ് മന്ദിരം. ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍നിന്നും കവര്‍ന്നെടുത്ത ലോഹപദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ രമ്യഹര്‍മ്മ്യം എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.

ബ്രിട്ടീഷ് പാര്‍ലമെന്റിന് രണ്ട് സഭകളാണുള്ളതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. ലിഖിതമായ ഭരണഘടനയുള്ള ഒരു രാജ്യമല്ല ബ്രിട്ടന്‍. കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളുമൊക്കെയാണ് ഭരണത്തിനായി അവര്‍ ഉപയോഗിക്കുന്നത്. പ്രഭുസഭയില്‍ 480 അംഗങ്ങളാണുള്ളത്. കാന്റര്‍ബറിയിലേയും യോര്‍ക്കിലേയും ആര്‍ച്ചുബിഷപ്പുമാരും, ലണ്ടന്‍, ഡര്‍ബന്‍ തുടങ്ങിയ ഡയോസിസുകളിലെ 21 ബിഷപ്പുമാരും കൂടാതെ നിരവധി വിശിഷ്ട വ്യക്തികളും പ്രഭുസഭയിലുണ്ട്.

വിപുലമായ അധികാരങ്ങള്‍ പ്രഭുസഭയ്ക്കുണ്ടെങ്കിലും പണപരമായ ബില്ലുകളിന്മേല്‍ ഭേദഗതി വരുത്താന്‍ ഇവര്‍ക്ക് യാതൊരു അധികാരവുമില്ല. എന്നാല്‍ 13 മാസം വരെ ബില്ലുകള്‍ വെച്ചു താമസിപ്പിക്കാന്‍ പ്രഭു സഭയ്ക്കാകും. ബുദ്ധിജീവികളും ശാസ്ത്രജ്ഞന്മാരും സാഹിത്യകാരന്മാരും കലാകാരന്മാരും ഒക്കെ ഉള്‍പ്പെടുന്നതാണല്ലോ നമ്മുടെ രാജ്യസഭ. ഏതാണ്ട് ഇതുപോലെ തന്നെയാണ് ബ്രിട്ടഷ് പാര്‍ലമെന്റിലെ പ്രഭുസഭയും. ഇപ്പോഴും ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തിന്റെ നല്ലൊരു ഭാഗവും നാം വിടാതെ പിടിച്ചിട്ടുണ്ടല്ലോ.

എന്നാല്‍ നമ്മുടെ ലോക്‌സഭ പോലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നതാണ് കോമണ്‍ സഭ. ഗവണ്‍മെന്റ് രൂപീകരിക്കുന്നത് ഇവരാണ്. 659 അംഗങ്ങളാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലുള്ളത്. 420 ഇരിപ്പിടങ്ങളേ ഉള്ളൂ. ബാക്കി അംഗങ്ങള്‍ നില്‍ക്കുകയാണ് പതിവ്. വിവരിക്കാനാവാത്ത വിധം മനോഹരമാണ് ഈ മണിമന്ദിരമെങ്കിലും അകത്ത് ആവശ്യാനുസരണം സ്ഥലമില്ലെന്നതാണ് ഏറെ രസകരം. പ്രഭുസഭ കൂടുന്ന മുറിയിലെ തറയില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. ”യഹോവ വീട് പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു.”

ഗൈഡ് ഓരോ മുറികളിലുമുള്ള കലാരൂപങ്ങളെപ്പറ്റിയും ശില്പങ്ങളെപ്പറ്റിയും വാതോരാതെ വിവരിച്ചുകൊണ്ടിരുന്നു. പ്രഭുസഭയിലേയും കോമണ്‍ സഭയിലേയും അംഗങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടങ്ങളില്‍ സന്ദര്‍ശകര്‍ ഇരിക്കാന്‍ പാടില്ല, തൊടാനും പാടില്ല. വിരലുകളുടെ വണ്ണത്തിലുള്ള ചെറിയ മൈക്കുകള്‍ ഇരിപ്പിടങ്ങളുടെ മുകളില്‍ തൂങ്ങിനില്‍പ്പുണ്ട്. ഞങ്ങളുടെ സംഘത്തിലുള്ള ഒരു ഇന്ത്യാക്കാരന് അതു കണ്ടപ്പോള്‍ ഒരു മോഹം. ഒന്ന് പിടിച്ചുനോക്കി. ഗൈഡിന്റെ രൂക്ഷമായ നോട്ടവും ശകാരവും കണക്കിന് കിട്ടി.

എന്നിട്ടും അയാള്‍ വിടുന്ന മട്ടില്ല. അയാള്‍ക്ക് കാണുന്നിടത്തൊക്കെ ഇരിക്കണം, പിടിക്കണം. ഞങ്ങളുടെ നോട്ടവും കൂടി അയാള്‍ക്കുനേരെ ആയപ്പോള്‍ വിവരംകെട്ട ആ ഇന്ത്യക്കാരന്‍ ഒന്ന് ഒതുങ്ങി.
നാല് മണിയോടടുത്തു. നെല്‍സണ്‍ മണ്ടേല പ്രസംഗിച്ച സ്ഥലം വഴി ഞങ്ങള്‍ പുറത്തിറങ്ങി, നേരെ ചായക്കടയിലേക്ക്. പാര്‍ലമെന്റ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്നതാണ് ഈ ചായക്കട. മിക്ക സ്ഥലത്തുനിന്നും ഒരു പൗണ്ടിന് ചായ കുടിച്ചപ്പോള്‍ ഇവിടെ അര പൗണ്ടിന് ചായ കിട്ടി.

മടക്കയാത്രയ്ക്കായി ഭൂമിക്കുള്ളിലൂടെയുള്ള തീവണ്ടിയില്‍ ഞങ്ങള്‍ കയറി. ഫിലിപ്പ് പി.യ്ക്കും സാം ജോണിനും ഇടയ്ക്കിറങ്ങി വേറെ വണ്ടിയില്‍ കയറി വേണം വീട്ടിലെത്താന്‍. എനിക്ക് ജി. ശാമുവലിന്റെ വീട്ടിലെത്താന്‍ ഈ വണ്ടിയില്‍ തന്നെ ഇരുന്നാല്‍ മതി, ബെക്കണ്‍ട്രിയില്‍ ഇറങ്ങാം.

ഞാനിപ്പോള്‍ ഭൂഗര്‍ഭ തീവണ്ടിയില്‍ ഏകനാണ്. അവര്‍ എന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എവിടെയാണെന്ന ചിന്ത എന്നെ ഭരിച്ചില്ല. ഇപ്പോള്‍ ഞാന്‍ അറിഞ്ഞു, ഞാന്‍ എവിടെയാരിക്കുന്നുവെന്ന്.


കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!