പാസ്റ്റര്‍ ടി. ജി. കോശി ഇരട്ടി മാനത്തിനു യോഗ്യന്‍

പാസ്റ്റര്‍ ടി. ജി. കോശി ഇരട്ടി മാനത്തിനു യോഗ്യന്‍

കര്‍ത്താവിന്റെ വയലില്‍ കഠിനാധ്വാനം ചെയ്യുന്നവരെക്കുറിച്ചു പറഞ്ഞിരിക്കുന്ന ‘ഇരട്ടി മാനത്തിനു യോഗ്യന്‍’ എന്ന വിശേഷണം എല്ലാംകൊണ്ടും പരേതനായ പാസ്റ്റര്‍ ടി.ജി. കോശിക്ക് അനുയോജ്യമാണ്.

ഈ ‘കഠിനാധ്വാനം’ എന്ന പദംകൊണ്ട് യാതനകളെയും, പ്രതികൂലങ്ങളെയും വകവയ്ക്കാതെ കരുത്തേകുന്ന കര്‍ത്താവില്‍ മാത്രം ആശ്രയിച്ചു നിശ്ചയ ധാര്‍ഷ്ട്യത്തോട് പഠിപ്പിക്കുക, പ്രസംഗിക്കുക, സഭസ്ഥാപിക്കുക എന്നതാണുദ്ദേശിക്കുന്നത്. തന്റെ ജീവിതംകൊണ്ട് ഈ നേട്ടങ്ങളെല്ലാം കൈവരിച്ച മഹാനായിരുന്നു അദ്ദേഹം.

പെന്തക്കോസ്ത് സത്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു അനുഹ്രഹീത ദൈവഭക്തന്റെ വേര്‍പാട് നമ്മുടെ സമൂഹത്തിനു ഒരു തീരാനഷ്ടമാണ്. ഉപദേശ വിശുദ്ധിയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിച്ച താന്‍ ഒരു മാതൃകാ പുരുഷനായിരുന്നു. തന്റെ ദേഹവിയോഗം പെന്തക്കോസ്തു സമൂഹത്തിനു വേദനയുളവാക്കുന്നതെങ്കിലും. തന്നില്‍കൂടി ദൈവം ആരംഭിച്ച പ്രസ്ഥാനങ്ങള്‍ ഒരു അഭിമാനമായി നിലകൊള്ളും.

വിശേഷാല്‍, താന്‍ ആരംഭിച്ച പല പ്രവൃത്തികളും തന്റെ തലമുറ തുടര്ന്ന് കൊണ്ട് പോകുവാന്‍ സമര്‍പ്പിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. ‘യെഹോവ ഭക്തന് ദൃഡ ധൈര്യമുണ്ട് തന്റെ മക്കള്‍ക്ക് ശരണം ഉണ്ട്’.

വിശുദ്ധിയുടെയും, വേര്പാടിന്റെയും ഉപദേശങ്ങള്‍ മുറുകെ പിടച്ച ഭക്തന്റെ സന്ദേശങ്ങള്‍ പ്രസംഗവും പ്രവര്‍ത്തിയും ഒരുപോലെ സംതുലനാവസ്ഥയില്‍ സൂക്ഷിക്കപ്പെടുന്ന പ്രാക്ടിക്കല്‍ തീയോളജിയില്‍ താന്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ്. മാത്രമല്ല, തന്റെ തലമുറ താന്‍ പഠിപ്പിച്ച ഉപദേശത്തില്‍ നിലനില്‍ക്കുന്നതുതന്നെ മറ്റൊരു തെളിവാണ്.

ഉപദേശവും ജീവിതവും തമ്മില്‍ പൊരുത്തക്കേടുള്ള അനേകരുടെ നടുവില്‍ ജീവിതവും, ഉപദേശവും സൂക്ഷിക്കുന്നവരുടെ സന്ദേശങ്ങള്‍ തികച്ചും വിലപ്പെട്ടതാണ്. ഉപദേശത്തില്‍ ജീവിക്കുന്നവര്‍ മാത്രമേ ഉപദേശങ്ങളെ കുറിച്ച് സംസാരിക്കുകയുള്ളൂ എന്നത് ഒരു സത്യമാണ്. ഒരാളുടെ സന്ദേശം ശ്രവിക്കുമ്പോള്‍ അവരുടെ ഉപദേശങ്ങളിലുള്ള നിലപാട് മനസ്സിലാക്കുവാന്‍ പ്രയാസമില്ല. വചനത്തെ വചനം കൊണ്ട് വ്യഖ്യാനിക്കുന്ന തന്റെ പ്രസംഗ ശാസ്ത്രം വളരെ ഫലപ്രദമായിരുന്നു.
ചില നാളുകള്‍ക്കുമുന്പ് ന്യൂയോര്‍ക്കില്‍ പരേതന്‍ സംസാരിച്ച ഒരു മീറ്റിംഗില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറയുകയുണ്ടായി അമേരിക്കയില്‍ ഏറിയ വര്ഷങ്ങള്‍ക്കു മുന്‍പ് കുടിയേറുവാന്‍ പലസാഹചര്യങ്ങളും ഉളവായി എങ്കിലും തന്റെ ബൈബിള്‍ സ്‌കൂള്‍ പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി പോകുവാന്‍ ഇടയായത് ദൈവനിയോഗമായിരുന്നു എന്നായിരുന്നു.

അമേരിക്കയില്‍ ബൈബിള്‍ പഠനം നടത്തുന്ന കാലത്തുപോലും തെരുവില്‍ സുവിശേഷം പറഞ്ഞു ജീവിതങ്ങളെ കര്‍ത്താവിലേക്കു നടത്തുവാന്‍ അദ്ദേഹത്തിന് ഇടയായിട്ടുണ്ട് എന്ന് കേള്‍പ്പാന്‍ ഇടയായി. ഇന്ന് ഒരു വ്യക്തിയോടും സുവിശേഷമാറിയിക്കുവാനോ, ഒരു തെരുവ് മീറ്റിംഗ് നടത്താനോ അറിയാത്ത എത്രയോപേര്‍ സ്ഥാനമാനങ്ങളില്‍ കണ്ണുംനട്ടു കഴിയുന്നു? വിശുദ്ധ വിളിക്കു ചെവികൊടുക്കാതെ താത്കാലിക നേട്ടം നോക്കുന്നവര്‍ ശുശ്രുഷയില്‍ പരാജയമാകുന്നതും ഇക്കാലങ്ങളില്‍ ശ്രദ്ധേയമാണ്.

കൂടാതെ, താന്‍ ദൈവം തനിക്കുനല്‍കിയ കാഴ്ചപ്പാടിനനുസരിച്ചു ദൈവസഭ പണിതുറപ്പിച്ചതിനാല്‍ സഭകള്‍ക്കെല്ലാം നല്ല ആല്ത്മീയ നിലവാരം ഉണ്ടാകണമെന്ന ആശയം കാത്തുസൂക്ഷിച്ചു. പാശ്ചാത്യ ബൈബിള്‍ സ്‌കൂള്‍ പഠനം കഴിയുന്നവരൊക്കെ ഏറക്കുറെ ഉപദേശങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമ്പോള്‍ അതിനൊന്നിനും തുനിയുകയോ നവീന ഉപദേശങ്ങളുടെ പിന്നാലെ പോകുകയോ ചെയ്യാതെ പ്രാപിച്ച ദര്‍ശനത്തിലുറച്ചു നിന്ന് അനുസരണക്കേടു കാട്ടാതെ, പ്രവര്‍ത്തിച്ചതിനാല്‍ താന്‍ ഒരു അത്ഭുത പുരുഷന്‍ തന്നെ ആയിരുന്നു. നന്നായി ഭരിക്കുന്ന മൂപ്പന്മാര്‍ ‘ഇരട്ടിമാനത്തിനു യോഗ്യര്‍’ എന്ന് തിരുവചനം അരുളിചെയ്യുന്നതിനാല്‍ തികച്ചും ഒരു ബഹുമാന്യനായ വ്യക്തിതന്നെയായിരുന്നു പരേതന്‍.

ലളിതമായ ജീവിതശൈലിയും ശുഭ്രവസ്ത്ര ധാരണവും തന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു. തന്റെ സഭയില്‍ ആരാധനക്ക് എല്ലാവരും ശുഭ്രവസ്ത്രാ ധാരികളായിട്ടാണ് വരുന്നതെന്ന് എന്റെ കസിന്‍ സൗദി അറേബിയയില്‍ കര്‍ത്താവിന്റെ മഹത്വമേറിയ വേലയില്‍ ആയിരിക്കുന്ന പാസ്റ്റര്‍ സാബു. സി. ബി. ഒരിക്കല്‍ പറയുകയുണ്ടായി. ആരാധനയില്‍ ശുഭ്രവസ്ത്ര ധാരണം അപോസ്‌തോലികവും, ആദ്യ നൂറ്റാണ്ടുമുതല്‍ ദൈവ സഭ കൈക്കൊണ്ടിട്ടുള്ള നിലപാടുമാണ് എന്നുള്ള ആന്തരിക അറിവ് പ്രാപിച്ചവര്‍ക്കേ അത് പ്രവര്‍ത്തിപദത്തില്‍ വരുത്തുവാന്‍ കഴിയുകയുള്ളു.

പഴയ നിയമത്തില്‍ പുരോഹിത വസ്ത്രം സവിശേഷതയുള്ള മിന്നിത്തിളങ്ങുന്ന വസ്ത്രമായിരുന്നു. എന്നാല്‍, പുതിയനിയമത്തില്‍ ആരാധനയോടുള്ള ബന്ധത്തില്‍ ശുഭ്രവസ്ത്രധാരണം സ്വര്‍ഗത്തില്‍ വെള്ളയുടുപ്പു ധാരണമാണെന്നുള്ളതിന്റെ പ്രതിഫലനം കൂടിയാണ്. മത്രമല്ല, ദൈവ സഭകളില്‍ ഉച്ചനീചത്വം വെളിപ്പെടുത്തുന്ന യാതൊരു സൂചകങ്ങളും പാടില്ല എന്ന അപ്പോസ്‌തോലിക ആശയം നന്നായി താന്‍ ഗ്രഹിച്ചിരുന്നു എന്നതാണ് മനസ്സിലാകുന്നത്.

അറിവിന്റെ നിറകുടമായിരുന്ന താന്‍. ഒരിക്കലും ഒരു വലിയ ആളെന്ന ഭാവം പ്രകടിപ്പിച്ചിരുന്നില്ല. ആരെയും നിസ്സാരരായി താന്‍ കണ്ടിരുന്നില്ല. താഴ്മയുള്ളവര്‍ കനിവുള്ളവരും മറ്റുള്ളവരെ മാനിക്കുന്നവരും ആയിരിക്കുമെന്ന സാക്ഷ്യമാണ് തന്റെ ജീവിതത്തില്‍ കൂടി വെളിപ്പെടുത്തിയത്. ആരെയും ആകര്‍ഷിക്കുന്ന ഒരു വിനയഭാവം തന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു
മണക്കാല എന്ന കേരളത്തിലെ കൊച്ചുഗ്രാമം ലോക പ്രസിദ്ധമാകുവാന്‍ കാരണമായത് ഫെയ്ത് തിയളോജിക്കല്‍ സെമിനാരി നിമിത്തമാണ്.

നല്ല ശിക്ഷണത്തില്‍ കടഞ്ഞെടുത്ത സുവിശേഷ പടയാളികളും അവരുടെ ശുശ്രുഷകളും ആത്മീയ നിലവാരവും, നിലപാടും കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞ നാളുകളില്‍ ഇടയായതുപോലെ കാഴ്ചപ്പാട് മങ്ങാതെ മുന്നോട്ടു നയിപ്പാന്‍ തലമുറകള്‍ക്കു കര്‍ത്താവു കരുത്തുനല്‍കട്ടെ.

ദൈവസഭകള്‍ക്ക് അപ്പോസ്‌തോലിക ഉപദേശം നല്‍കി, വചന നിച്ഛയം നല്‍കി, പ്രത്യാശ വര്‍ധിപ്പിച്ചു മുന്നേറുവാന്‍ അന്ത്യം വരെ പോരാടിയ സുവിശേഷ പോരാളി നമ്മെ വിട്ടുപിറഞ്ഞതില്‍ നമുക്ക് ദുഃഖം ഉണ്ടെങ്കിലും, വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് ചേര്‍ന്നിരിക്കുകയാല്‍ ആശ്വസിക്കാം, സമാധാനിക്കുവാനും ഏവര്‍ക്കും ഇടയാകട്ടെ!

കരുത്തുറ്റ കാര്‍മ്മികന്‍, തികഞ്ഞ ഭക്തന്‍, സ്വജനത്തിനു ഗുണകാംക്ഷി, സഹോദര സംഘത്തിന് ഇഷ്ടന്‍, കണ്ണുനീരോടുകൂടി പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന വീരന്‍ ‘സൈ്വരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിച്ച’ (ഇയ്യോബ് 21:23). ആരംഭത്തെക്കാള്‍ നല്ലൊരന്ത്യം പ്രാപിച്ചു ദൈവ സന്നിധിയില്‍ പ്രവേശിച്ച ബഹുമാന്യ കര്‍ത്തൃദാസന്റെ കുടുംബാംഗങ്ങളെ കര്‍ത്താവു ആശ്വാസം കൊണ്ട് നിറക്കട്ടെ!


ഡോ. ബാബു തോമസ്
ന്യൂയോര്‍ക്ക്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!