കോട്ടമലയില്‍ ബസിറങ്ങി ഞാന്‍ ഐ.പി.സി. സഭാഹാളിലേക്കു നടന്നു. പെന്തക്കോസ്ത് ആരാധനാലയം നാട്ടുകാര്‍ക്കെല്ലാം പരിചിതം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1979-ലോ 80-ലോ ആണ് പുറ്റടിയില്‍ നിന്നും കോട്ടമലയിലേക്കുള്ള എന്റെ യാത്ര. കുമളിയില്‍ നിന്നും ഏലപ്പാറയിലേക്ക്. പിന്നെ വാഗമണ്‍ വഴി കോട്ടമലയിലേക്കും. യാത്രയുടെ സ്വഭാവം അത്ര നന്നായി ഓര്‍മ്മയിലില്ല. ഏലപ്പാറയില്‍ നിന്നും ട്രിപ്പടിക്കുന്ന ജീപ്പിലായിരുന്നോ യാത്ര എന്നൊരു സംശയം ബാക്കി നില്ക്കുന്നു.
എന്റെ യാത്രാ ലക്ഷ്യം ഞങ്ങളുടെ സെന്റര്‍ പാസ്റ്റര്‍ (പീരുമേട്) കെ.ഇ.മാത്യുവിന്റെ പ്രസംഗം ഗുഡ്ന്യൂസിനു വേണ്ടി ‘റിപ്പോര്‍ട്ട്’ ചെയ്യുക എന്നതാണ്. പ്രസംഗം സ്പീഡില്‍ പേപ്പറില്‍ എഴുതിയെടുക്കും. അദ്ദേഹത്തിന്റെ മിക്ക പ്രസംഗത്തിനും ഏറ്റുപറച്ചില്‍ അന്നുണ്ടായിരുന്നു. അതുകൊണ്ട് എഴുതാന്‍ വലിയ പ്രയാസമില്ല. വീട്ടില്‍ വന്നിരുന്ന് തൃപ്തിയാവുന്നതു വരെ രണ്ടും മൂന്നും പ്രാവശ്യം എഴുതും. അവസാനത്തേത് തപാല്‍ മാര്‍ഗ്ഗം അയച്ചു കൊടുക്കും.
മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍, അതിന്റെ ലക്ഷ്യം ഒന്നുംതന്നെ അന്നറിയില്ല. ഗുഡ്ന്യൂസിന്റെ ആദ്യ പേജുകളില്‍ അന്ന് പ്രസംഗങ്ങള്‍ ആയിരുന്നു കൊടുത്തിരുന്നത്. പി.എം. ഫിലിപ്പ്, സി.കെ. ദാനിയല്‍, ജോര്‍ജ്ജ് വര്‍ഗീസ്. പി.കെ. ചാക്കോ, റ്റി.എസ്. ഏബ്രഹാം തുടങ്ങിയ സഭാനേതാക്കളുടെ പ്രസംഗങ്ങളായിരുന്നു അന്ന് ഏറെയും.
കര്‍ത്താവ് വരുന്നു, ഒരുങ്ങുക, വിശുദ്ധി കാത്തുസൂക്ഷിക്കുക തുടങ്ങിയ പ്രസംഗങ്ങളാകും അധികവും. കെ.ഇ. മാത്യുവിന്റെ കോട്ടമല പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേതായി ഗുഡ്ന്യൂസില്‍ വന്ന ആദ്യ പ്രസംഗം. പ്രസംഗത്തിന്റെ അടിയില്‍ ‘കെ.എന്‍. റസ്സല്‍, പുറ്റടി’ എന്ന് ബ്രാക്കറ്റില്‍ വയ്ക്കും. ഈ പേര് അച്ചടിച്ചു കാണാനായിരുന്നു ഈ കോട്ടമല യാത്ര.
അടുത്തലക്കം ഗുഡ്ന്യൂസ് വരുന്നതു വരെ ഈ ലക്കം എപ്പോഴൂം കാണത്തക്ക വിധത്തില്‍ വീട്ടിലെവിടെയെങ്കിലും ഉണ്ടാകും. ദിവസം ‘പത്തു’ നേരമെങ്കിലൂം ഈ പ്രസംഗ റിപ്പോര്‍ട്ട് വായിക്കും. അടിയിലത്തെ ‘പേരും’. ‘റിപ്പോര്‍ട്ടറുടെ’ പ്രിന്റ് ചെയ്ത പേര് വായിക്കുകയെന്ന ഒറ്റ ലക്ഷ്യമല്ലാതെ മറ്റൊന്നും ഈ യാത്രയ്ക്കും എഴുത്തിനുമില്ലായിരുന്നു.
വാര്‍ത്തകളുടെയും പ്രസംഗങ്ങളുടെയും അടിയില്‍ സ്ഥിരം സ്ഥാനം പിടിച്ചിരുന്ന ചില പേരുകള്‍ അന്നുണ്ടായിരുന്നു. റോയി വാകത്താനം, അലക്സ് വെട്ടിക്കല്‍, മോനി കൊടുന്തറ, സ്റ്റാന്‍ലി ജോര്‍ജ്ജ് നെല്ലിക്കമണ്‍, പ്രസാദ് ഏബ്രഹാം തോന്ന്യാമല എന്നിവരായിരുന്നു അവര്‍.
മാധ്യമം ഒരു തിരുത്തല്ശക്തിയാണെന്നോ, സമൂഹത്തെയും വ്യക്തിയെയും തെറ്റില്‍ നിന്നും ശരിയിലേക്ക് നയിക്കുന്ന ചൂണ്ടുപലകയാണെന്നോ ഒന്നും അന്നറിഞ്ഞുകൂടാ. തിങ്കളാഴ്ച പോസ്റ്റ് ചെയ്യുന്ന പത്രം ചൊവ്വാഴ്ച തന്നെ പുറ്റടി പോസ്റ്റോഫീസില്‍ എത്തും. പക്ഷേ അതിന്റെ വിതരണം ബുധനാഴ്ച രാവിലെ ആയിരിക്കൂം. അതുകൊണ്ട് മെയില്‍ വരുന്ന സമയം നോക്കി ചൊവ്വാഴ്ച ഉച്ചയ്ക്കു തന്നെ പോസ്റ്റോഫീസില്‍ ചെല്ലും. കിട്ടിയില്ലെങ്കില്‍ ഒരു നഷ്ടബോധത്തോടെയാകും മടക്കം. അടുത്തദിവസം വീണ്ടും ഇത് ആവര്‍ത്തിക്കും.
പ്രസംഗം എഴുതിക്കഴിഞ്ഞ് കോട്ടമലയില്‍ നിന്നും തിരിച്ച് എങ്ങനെയാണ് പുറ്റടിയിലേക്ക് പോയതെന്നോര്മ്മയില്ല. വാഹനങ്ങള്‍ ഇന്നത്തേതിന്റെ പത്തിലൊന്ന് പോലും അന്നില്ല. പിറ്റേന്ന് വീട്ടിലെത്തിയപ്പോള്‍ അപ്പന്റെ മുഖഭാവം പ്രസാദത്തിലല്ല എന്ന് മനസ്സിലായി. അനുവാദം വാങ്ങാതെ വീട്ടില്‍ നിന്നും എങ്ങോട്ടും ഞാന്‍ പോകുമായിരുന്നില്ല. അതുകൊണ്ട് ‘ദേഹോപദ്രവം’ ഏല്‍ക്കേണ്ടി വന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ വി.എം.മാത്യു സാറിനെ കണ്ടപ്പോള്‍ ‘കോട്ടമല’ റിപ്പോര്‍ട്ടിംഗിനെ ഞാന്‍ പരാമര്‍ശിച്ചു. ഇങ്ങനെയുള്ള യാത്രകള്‍ വേണ്ടെന്നു പറഞ്ഞ് അദ്ദേഹം വിലക്കി.
ഭക്ഷണം നേരെ ചൊവ്വേ കഴിക്കാന്‍ വിഷമിച്ചിരുന്ന കാലമായതുകൊണ്ട് ഇങ്ങനെയൊരു യാത്ര വേണമായിരുന്നോ എന്ന ചോദ്യം അപ്പനില്‍ നിന്നും വന്നു. ഗുഡ്ന്യൂസ് അരിച്ചുപെറുക്കി വായിക്കുമായിരുന്നു എന്റെ അപ്പന്. ഗുഡ്ന്യൂസില്‍ പ്രസിദ്ധീകരിച്ച ഭാഷാശുദ്ധിയില്ലാത്ത എന്റെ ആദ്യരചന വായിച്ച് അപ്പന് അഭിനന്ദിച്ചു. എന്റെ വിവാഹം എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാനാകാതെ 1982-ല്‍ അപ്പന് നിത്യതയെ പുല്കി. ഈ ഭൂമിയില്‍ ഒരു ‘റോള്‍മോഡല്‍’ ആയി ഇന്നും എന്റെ മനസ്സില്‍ ബഹുമാനപൂര്‍വ്വം കൊണ്ടുനടക്കുന്നത് എന്റെ അപ്പനെ മാത്രം. അന്നത്തെ സിലോണ്‍ പെന്തക്കോസ്തു വിശ്വാസിയായിരുന്ന അപ്പന് പിന്നീട് 1970 ആയപ്പോള്‍ അണക്കര ഐ.പി.സി. അംഗമായി മാറി.
പാസ്റ്റര്‍ കെ.ഇ. മാത്യു തന്റെ പ്രസംഗം ഗുഡ്ന്യൂസില്‍ വായിച്ച ശേഷം എന്നെ അണക്കര ബെഥേല്‍ ബൈബിള്‍ സ്കൂളിലേക്കു വിളിപ്പിച്ചു. ഹൈറേഞ്ചിലെ അക്കാലത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ‘ഇംപാല’ കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പിന്‍സീറ്റില്‍ ചാരിയിരിക്കുന്ന കുറുകിയ മനുഷ്യനെ അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
അണക്കര കത്തോലിക്കാ പള്ളിയുടെ മുന്‍വശത്ത് ഏക്കറു കണക്കിന് ഭൂമി അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ സഹധര്‍മ്മിണി തങ്കമ്മ ചായയും പലഹാരവും തന്നു. തുടര്‍ന്ന് നടന്ന സംഭവം ഒരു കാലത്തും മറക്കാനാവില്ല. പീരുമേട് ഡിസ്ട്രിക്ട് കണ്വന്ഷന് വാര്‍ത്ത ഗുഡ്ന്യൂസില്‍ ഇടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസും, കൂടെ 25 രൂപായും തന്നു. ഞാന്‍ നോട്ടീസില്‍ അധികനേരം നോക്കിയില്ല. നോട്ടം ഇരുപത്തിയഞ്ച് രൂപയിലായിരുന്നു. അന്നത്തെ ആ തുകയുടെ വില ഊഹിക്കാവുന്നതിലധികം! ഒരു മാധ്യമത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നു പാസ്റ്റര്‍ കെ.ഇ. മാത്യു.
പിന്നീടങ്ങോട്ട് ഗുഡ്ന്യൂസിനായി ഇടുക്കി ജില്ലയെ ഞാന്‍ ‘ഉഴുതുമറിച്ചു’. 1989 മുതല്‍ കേരളത്തെ ഒന്നാകെയും.
(തുടരും)

കെ.എന്‍. റസ്സല്‍








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.