ലണ്ടന്‍ പൗരാണികതയുടെ ത്രസിപ്പിക്കുന്ന കാഴ്ച

ലണ്ടന്‍ പൗരാണികതയുടെ ത്രസിപ്പിക്കുന്ന കാഴ്ച


കെ.എന്‍. റസ്സല്‍

തെംസ് നദിയുടെ പടിഞ്ഞാറേ തീരത്തിരുന്ന് ഞങ്ങള്‍ ലണ്ടന്‍ ടവ്വര്‍ ബ്രിഡ്ജ് കണ്‍കുളിര്‍ക്കെ കണ്ടു. നദിയുടെ രണ്ടുവശത്തും ആകാശം മുട്ടേ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് കുറ്റന്‍ ഗോപുരങ്ങള്‍. ഈ ഗോപുരങ്ങളുടെ ചുവട്ടിലാണ് ഉരുക്ക് പാളികളില്‍ തൂങ്ങി കിടക്കുന്ന പാലങ്ങള്‍. കപ്പലോ വലിയ ബോട്ടുകളോ വരുമ്പോള്‍ പൊങ്ങി മാറും. നമ്മുടെ നാട്ടിലെ ചെക്കുപോസ്റ്റുകളില്‍ തടസമായി വച്ചേക്കുന്ന കഴകള്‍ പൊങ്ങിമാറുംപോലെ.

ഉയരുന്ന ലണ്ടന്‍ ടവര്‍ പാലം (ഫോട്ടോ: കെ.എന്‍ റസ്സല്‍-2004)

ലോകത്തെ കാല്‍ചുവട്ടിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എന്‍ജിനീയറിംഗ് വൈദഗ്ധ്യമാണ് ടവ്വര്‍ ബ്രിഡ്ജില്‍ കാണാന്‍ കഴിയുന്നത്. അതും രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളത്.
തെംസ് നദിയിലൂടെ വലിയ ഉല്ലാസ ബോട്ടുകള്‍ നിറയെ യാത്രക്കാരുമായി നീങ്ങുന്ന കാഴ്ച നയനാനന്ദകരമാണ്. ഇടയ്ക്കിടെ മിന്നല്‍പോലെ പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടുകള്‍.

കപ്പലുകള്‍ക്കായി പൊങ്ങിത്താണിരുന്ന മട്ടാഞ്ചേരി പാലത്തേയും ലണ്ടന്‍ ടവ്വര്‍ ബ്രിഡ്ജിനേയും ഞങ്ങള്‍ ഒന്ന് താരതമ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മട്ടാഞ്ചേരി പാലത്തിന് ഒരു ശിശുവിന്റെ സ്ഥാനമാണ് നല്‍കാന്‍ ഞങ്ങള്‍ക്കായത്. കാളവണ്ടി യുഗത്തില്‍ ഭാരതം കഴിയുമ്പോഴാണ് പുനലൂരിലും മട്ടാഞ്ചേരിയിലും ബ്രിട്ടീഷുകാര്‍ തൂക്കുപാലങ്ങള്‍ പണിതതെന്നോര്‍ക്കണം. മൂന്നാറിലും മുണ്ടക്കയത്തിനടുത്ത് ഏന്തയാറിലും സായിപ്പന്മാര്‍ ഇരുമ്പ് വടം കൊണ്ട് പണിത തൂക്കുപാലങ്ങള്‍ ഇന്നും ഉപയോഗസജ്ജമാണ്.

ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ സാം ജോണ്‍ പാലത്തിന്റെ പ്രവര്‍ത്തനങ്ങളെ എനിക്കും പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിനും വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. തെംസിന്റെ പടിഞ്ഞാറെ കരയില്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലമാകെ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. ബ്രിട്ടീഷുകാരല്ല ടൂറിസ്റ്റുകളിലധികവും. ജര്‍മ്മനി, പാരീസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നും ലണ്ടന്‍ കാണാനും ഒപ്പം കുടിച്ച് കൂത്താടാനുമായി എത്തിയവരാണിവര്‍.

ഇടയ്ക്കിടെ ഏഷ്യാക്കാരെയും കണ്ടു. നദിക്കരികിലുള്ള ബാറില്‍നിന്ന് മദ്യം വാങ്ങി നിരനിരയായിരുന്ന് കുടിച്ച് രസിക്കുന്നതു കാണാം. നമ്മുടെ നാട്ടില്‍ ചേട്ടന്മാര്‍ 100 മില്ലി നാടന്‍ അടിച്ചിട്ട് കാട്ടിക്കൂട്ടുന്ന വികൃതികള്‍ ഓര്‍ത്ത് ഞങ്ങള്‍ ചിരിച്ചു.
ഗള്‍ഫ്-അമേരിക്കന്‍ രാജ്യങ്ങളിലെ നഗരങ്ങളെപ്പോലെ പെട്ടെന്ന് കെട്ടിപ്പൊക്കിയെടുത്ത പട്ടണമല്ല ലണ്ടന്‍ നഗരം. സഹസ്രാബ്ദങ്ങളുടെ കഥ പറയാനുള്ള പട്ടണമാണിത്. ലോകത്തെ മുഴുവനായി ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നുവല്ലോ ലണ്ടന്‍. അതുകൊണ്ട് ലോകത്തിലെ മിക്ക സംസ്‌കാരങ്ങളുടെയും വേലിയേറ്റം ബ്രിട്ടനിലേക്കുണ്ടായി.

സാം ജോണും ലേഖകനും തെംസ് നദി തീരത്ത് ( 2004)

കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ലണ്ടന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരം, വെസ്റ്റ് മിനിസ്റ്റര്‍ ആബി, ബക്കിംഗ്ഹാം പാലസ് തുടങ്ങിയവ പൗരാണിക പാശ്ചാത്യ ശില്പകലയും ഭാരതമുള്‍പ്പെടെയുള്ള പൗരസ്ത്യ രാജ്യങ്ങളുടെ ശില്പകഥയും സമന്വയിപ്പിച്ചു പണിതിട്ടുള്ള രമ്യഹര്‍മ്മ്യങ്ങളാകുന്നു. (ഇവകളെ കുറിച്ച് പിന്നീട് പ്രതിപാദിക്കാം). അതുകൊണ്ട് സാധാരണ ഗള്‍ഫ് അമേരിക്കന്‍ സന്ദര്‍ശനം പോലെയുള്ള ഒരു അനുഭവമായിരിക്കില്ല ലണ്ടന്‍ സന്ദര്‍ശനം മൂലമുണ്ടാകുന്നത്. ഇടയ്ക്കിടെ അമേരിക്കയും ഗള്‍ഫു നാടുകളും സന്ദര്‍ശിക്കുന്ന ഫിലിപ്പ് പി.യ്ക്കും ലണ്ടന്‍ കാഴ്ചകള്‍ അത്യത്ഭുതമായി തോന്നി.

ഓമനയ്ക്ക് പി.എച്ച്.ഡി. പഠനം പൂര്‍ത്തിയാക്കാന്‍ ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ചരിത്രഗവേഷണ വിഭാഗമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് 20 ദിവസം ലണ്ടനില്‍ താമസിച്ച് ഗവേഷണം നടത്താനുള്ള പണവും പോയിവരാനുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റും നല്‍കിയത്. ഗവേഷണ വിഷയം ബ്രിട്ടീഷ് കൊച്ചിയുടെ ഭരണത്തെക്കുറിച്ചായതുകൊണ്ടാണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ 150 വര്‍ഷം വരെ പഴക്കമുള്ള ചരിത്രരേഖകള്‍ പരിശോധിക്കാനായി ലണ്ടനിലെത്താന്‍ സര്‍ക്കാര്‍ സഹായിച്ചത്. കൂടെ എനിക്കും വിസ കിട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി കരുതുന്നു. ആറു മാസത്തെ വിസ ഉണ്ടായിരുന്നുവെങ്കിലും 20 ദിവസംകൊണ്ട് പഠനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു.

2004 ആഗസ്റ്റ് 1ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് എയര്‍ ഇന്ത്യയുടെ 747 ജംബോ വിമാനം ഹീത്രൂവില്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ എത്താമെന്നേറ്റിരുന്ന ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ട്രഷറാറും ഹാലേലൂയ്യാ കോ-ഓര്‍ഡിനേറ്ററുമായ ജി. ശാമുവേല്‍ എത്തിയിരുന്നില്ല. ചായകുടിച്ച് ക്ഷീണം അകറ്റിയിട്ട് അദ്ദേഹത്തിന് ഫോണ്‍ ചെയ്യാമെന്ന് വിചാരിച്ച് ചായക്കടയില്‍ കയറി. രണ്ടു ഡിസ്‌പോസിബിള്‍ ഗ്ലാസ് നിറയെ തിളപ്പിച്ച വെള്ളവും നൂലില്‍ കെട്ടിയിറക്കിയ ചായപ്പൊടികിറ്റും കിട്ടി. നമ്മുടെ നാട്ടില്‍ കിട്ടുന്ന ഏതാണ്ട് മൂന്ന് ചായയുടെ അളവുണ്ടായിരുന്നു ഒരു ഗ്ലാസില്‍. പാല്‍പൊടിയും പഞ്ചസാരയും ചെറിയ കൂടുകളിലാക്കി കടയുടെ മുന്‍വശത്തെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. എന്നാല്‍ ചായയുടെ വില കേട്ടപ്പോള്‍ താഴെ വീഴും എന്ന് തോന്നി. 1.50 പൗണ്ട്. ഏതാണ്ട് 130 രൂപ. രണ്ടുകേക്കു കഷണം കൂടിയായപ്പോള്‍ പൗണ്ട് ആറോളമായി. കേന്ദ്രസര്‍ക്കാര്‍ ഓമനയുടെ ചെലവിന് നല്‍കിയ രൂപ പൗണ്ടാക്കി കൈവശം സൂക്ഷിച്ചിരുന്നു.

ചായകുടി കഴിഞ്ഞ് ജി. ശാമുവേലിനെ വിളിക്കാന്‍ ശ്രമം തുടങ്ങി. ഫോണ്‍ ബൂത്തുകളില്ല. 20 പെന്‍സ് പെട്ടിയില്‍ ഇട്ട് വിളിക്കണം. കയ്യില്‍ ഒരു പൗണ്ടില്‍ കുറഞ്ഞ നാണയങ്ങളുമില്ല. ഒരു സായിപ്പിനോട് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വിളിക്കാന്‍ തന്നു. വിളിച്ചപ്പോള്‍ തൊട്ടടുത്തു തന്നെ മറ്റൊരുവശത്ത് ജി.ശാമുവേലും, ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് സഭാംഗമായ ജി.പി. മാത്യുവും (കുഞ്ഞുമോന്‍) നേരത്തെ തന്നെ വന്നു നില്‍പ്പുണ്ടായിരുന്നു.
ഓടിയെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചപ്പോഴുണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ശാമുവേലിന്റെ ഭാര്യാസഹോദരന്റെ ഭാര്യ ജെയ്‌നി നേഴ്‌സിംഗ് ജോലിക്കായി ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ തൊട്ടുപുറകെ എത്താനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ രണ്ടുമണിക്കൂര്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് വിസിറ്റേഴ്‌സ് റൂമില്‍ ഇരുന്നു. കൂടെ ലണ്ടന്‍ വിശേഷങ്ങളും അവര്‍ എനിക്ക് പറഞ്ഞുതന്നു.

ആവശ്യത്തിനുപോലും വസ്ത്രം ധരിക്കാത്ത വനിതകളുടെ രൂപം നാട്ടില്‍ നിന്നും ആദ്യം എത്തുന്നവരില്‍ അല്പം അസ്വസ്ഥത ഉളവാക്കും. സമ്മര്‍ സീസണില്‍ മാത്രമാണ് ഇവര്‍ വസ്ത്രം അല്പമാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇതാണ് സ്ഥിതി. മദാമ്മമാരേക്കാള്‍ ഈ കാര്യത്തില്‍ ഒരുപിടി മുന്നിലാണ് അമിത വണ്ണമുള്ള നീഗ്രോ സ്ത്രീകള്‍.

ടെര്‍മിനലില്‍നിന്നും പുറത്തിറങ്ങി കാറില്‍ കയറാമെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയത് ഒരു ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലേക്കാണ്. അതും ലിഫ്റ്റില്‍. അവിടെ ചെന്നപ്പോഴാണ് കാര്യം മനസ്സിലായത്. നൂറുക്കണക്കിന് കാറുകള്‍ ഈ കെട്ടിടത്തിന്റെ വിവിധ നിലകളിലായി പാര്‍ക്കു ചെയ്തിരിക്കുന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!