ഒരു സമൂഹത്തിന്റെ സംസ്കാരം അളക്കാന്‍ പോന്ന ശരിയായ മാനദണ്ഡങ്ങളാണ് അതിലെ സ്ത്രീകളുടെ പദവിയും കുടുംബഘടനയും.
ഇന്ത്യാ ചരിത്രം പരിശോധിച്ചാല്‍ മൗലികമായി സ്ത്രീയെ തരംതാണ ജീവിയായി സമൂഹം കണ്ടിരുന്നുവെന്നു കാണാം. സ്ത്രീക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന അധമസ്ഥാനം മനസ്സിലാക്കിയാല്‍ മാത്രമേ നാം ഇന്നനുഭവിക്കുന്ന പദവിയുടെ മൂല്യം നമുക്ക് മനസ്സിലാകൂ. സ്ത്രീ ഒരിക്കലും സ്വതന്ത്രയായിക്കൂടാ എന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. പെണ്ണായി പിറന്നതു കൊണ്ടു മാത്രം ഏതു ജാതിയില്‍പ്പെട്ട സ്ത്രീക്കും ചില വിലക്കുകള്‍ അനുഭവിക്കേണ്ടിവന്നു.\
ഭാരത നിയമസംഹിതയുടെ അടിസ്ഥാനമായി കണക്കാക്കുന്ന മനുസ്മൃതി പറയുന്നു: ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന്. ബാല്യത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കണം.
ഏന്നാല്‍ മനു തന്റെ വിവാഹാനന്തരം സ്ത്രീക്ക് മാന്യമായ സ്ഥാനം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ഏതു ജാതിയില്‍ ജനിച്ച സ്ത്രീയായാലും അവളുടെ അവസ്ഥ ശോചനീയമായിരുന്നു.
നമ്പൂതിരി സ്ത്രീകളുടെ ജീവിതം കൂട്ടിലടച്ച കിളികളുടേതിനു തുല്യമായിരുന്നു. പുറത്തുപോകുമ്പോള്‍ മറക്കുട പിടിക്കണം. ബ്രാഹ്മണ സമുദായത്തില്‍ മൂത്തപുത്രന് മാത്രമേ സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കാമായിരുന്നുള്ളൂ. ഇളയവര്‍ നായര്‍ സ്ത്രീകളുമായി സംബന്ധം കൂടുകയായിരുന്നു പതിവ്.
ഇല്ലത്തെ നാലുകെട്ടില്‍ വിവാഹിതരാകാതെ ജീവിക്കാനായിരുന്നു അന്തര്‍ജ്ജനങ്ങളുടെ വിധി. ജീവിച്ചിരിക്കുമ്പോള്‍ വിവാഹിതയാകാന്‍ കഴിഞ്ഞില്ലെങ്കിലും മൃതശരീരത്തില്‍ താലി ചാര്‍ത്തി മംഗല്യവതിയാക്കുന്ന താലികെട്ട് കല്യാണം നിലവിലിരുന്നു.
നമ്പൂതിരി സ്ത്രീകള്‍ക്ക് ജാരസംസര്‍ഗ്ഗത്തിന്റെ ശങ്കയുണ്ടാവുന്ന അവസരങ്ങളില്‍ നടത്തുന്ന വിചാരണയ്ക്കാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്.
കുറ്റം ചെയ്ത സ്ത്രീയെ മനുഷ്യജീവിയായിപ്പോലും കണക്കാക്കിയിരുന്നില്ല. ‘സാധനം’ എന്നാണ് അവളെ വിളിച്ചിരുന്നത്. ഈ ‘സാധന’ത്തെ സ്മാര്ത്തവിചാരാനന്തരം അടിമയാക്കി വിറ്റിരുന്നു.
നായര്‍ സ്ത്രീകള്‍ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും മുന്നില്‍ മാറ് മറയ്ക്കാന്‍ പാടില്ലായിരുന്നു. ഇവരോട് സംബന്ധം കൂടുന്ന ബ്രാഹ്മണരുടെ എണ്ണത്തിനനുസരിച്ച് സമൂഹത്തില്‍ ഇവരെ മാന്യരായി കണ്ടിരുന്നു. തന്റെ മക്കളോട് അച്ഛനാരാണെന്നു കൃത്യമായി പറയാന്‍ കഴിയാത്ത ഗതികേടായിരുന്നു നായര്‍ സ്ത്രീയുടേത്.
ബ്രാഹ്മണരെ മാറു കാണിക്കാത്ത സ്ത്രീ ഏതു ജാതിയില്പ്പെട്ടവളായാലും അസന്മാര്ഗ്ഗിയാണ് എന്നതായിരുന്നു കേരളത്തിലെ അലിഖിതനിയമം. നമ്മുടെ സന്മാര്‍ഗ്ഗബോധം ഇതില്‍നിന്നു മനസ്സിലാക്കാം.
ഈഴവസ്ത്രീകള്‍ മുലക്കരവും തലക്കരവും കൊടുക്കണമായിരുന്നു. ഉദ്യോഗസ്ഥരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ചേര്‍ത്തല താലൂക്കിലെ ഒരു ഈഴവ വനിത അവളുടെ സ്തനങ്ങള്‍ ഛേദിച്ച് ഉദ്യോഗസ്ഥന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ട് ഇനി ആ കരത്തില്‍ നിന്നും എന്നെ ഒഴിവാക്കിക്കൂടേ എന്നു ചോദിച്ചുവെന്നും, ആ സ്ത്രീയുടെ വീടിന് അന്നുമുതല്‍ ‘മുലച്ചിപ്പറമ്പ്’ എന്ന് പേരു പറഞ്ഞുപോരുന്നു എന്നും ചരിത്രം പറയുന്നു.
താണജാതിക്കാരായ സ്ത്രീകളുടെ പ്രഥമരാത്രി ഉയര്‍ന്ന ജാതിക്കാര്ക്കുള്ളതായിരുന്നു. ഒരിക്കല്‍ ഒരു രാജാവ് താണസ്ത്രീയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി പോലും. അവളെ കൊട്ടാരത്തിലെത്തിക്കാന്‍ അംഗരക്ഷകരെ അയച്ചു. എന്നാല്‍ അവളുടെ പിതാവ് മകളെ വെട്ടിനുറുക്കി കിണറ്റിലിട്ട് കൂടെ ചാടി ആത്മഹത്യ ചെയ്തു. താണജാതി സ്ത്രീകള്‍ക്ക് സൗന്ദര്യമുണ്ടെങ്കില്‍ അവള് ഹതഭാഗ്യയായിരുന്നുവെന്നര്ത്ഥം.
പ്രശസ്ത ചരിത്രകാരന് ഇളംകുളം കുഞ്ഞന്‍പിള്ള തന്റെ ‘കേരളത്തിലെ ഇരുളടഞ്ഞ ഏടുകള്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. കാര്‍ത്തികപ്പള്ളി നാടുവാഴിയുടെ വിളംബരമാണ്. ”നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.” എങ്ങനെയുണ്ട് അന്നത്തെ സന്മാര്‍ഗ്ഗബോധം?
ആശാരി, മൂശാരി, കൊല്ലന്, തട്ടാന്‍ തുടങ്ങിയവരുടെയിടയില്‍ നിലനിന്ന ആചാരമായിരുന്നു പാണ്ഡവാചാരം. എല്ലാ സഹോദരന്മാരും കൂടി ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന സമ്പ്രദായമായിരുന്നു ഇത്.
കര്‍ക്കിടകമാസത്തില്‍ താണജാതിയില്‍പ്പെട്ട പുരുഷന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീയെ സ്പര്‍ശിച്ചാല്‍ ആ സ്ത്രീ ജാതിഭ്രഷ്ടയാകും. അവള് പിന്നെ വീടുപേക്ഷിച്ച് ആ പുരുഷനോടൊപ്പം താമസിക്കണം. അല്ലെങ്കില്‍ അവളെ വില്ക്കുകയോ കൊല്ലുകയോ ചെയ്യാമായിരുന്നു. ഇതാണ് പുലപ്പേടി, മണ്ണാപ്പേടി എന്നീ പേരുകളില്‍ അറിയപ്പെട്ടത്.
ദളിത് സ്ത്രീകള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാരിയാണെന്നറിയിക്കാന് കല്ലുകള്‍ കോര്‍ത്തുകെട്ടിയ മാല ധരിക്കണമായിരുന്നു. കയ്യില്‍ ഇരുമ്പു വളയങ്ങളും, കാതില്‍ പുളിയുടെ കാതല്‍ കൊണ്ടുള്ള ‘തക്ക’കളും അവരില്‍ സമൂഹം അടിച്ചേല്‍പ്പിച്ച അടിമത്തത്തിന്റെ ചിഹ്നങ്ങളായിരുന്നു.
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്യണമായിരുന്നു. അതിനു വിസമ്മതിച്ച സ്ത്രീകളെ ബലമായി ചിതയില്‍ തള്ളിയിട്ടിരുന്നു. അവരുടെ ദീനരോദനം പുറത്തു കേള്‍ക്കാതിരിക്കാന്‍ ചെണ്ടമേളത്തിന്റെ ഉച്ചസ്ഥായിയായ അകമ്പടിയും ഉണ്ടായിരുന്നു.
പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ ദേവദാസികളാകാന് ദാനം ചെയ്യുക പതിവായിരുന്നു. നൃത്തവും മറ്റു ജോലികളും ചെയ്തിരുന്ന ദേവദാസികള്‍ പില്ക്കാലത്ത് ബ്രാഹ്മണരുടെ വെപ്പാട്ടികളായി മാറുകയുണ്ടായി.
എന്നാല്‍ സതി, ശൈശവ വിവാഹം, ബഹുഭാര്യാത്വം, ബഹുഭര്‍തൃത്വം, അടിമത്തം, ജാതിവ്യവസ്ഥ തുടങ്ങിയവ അവസാനിപ്പിച്ച്, സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി സ്ത്രീയുടെ പദവി ഉയര്‍ത്തിയത് ബൈബിളാണെന്ന് നിസ്സംശയം പറയാം. വെറും ഉപഭോഗവസ്തുവായി പുരുഷന്റെ കാല്ക്കീഴില് കിടന്നിരുന്ന സ്ത്രീയെ ആ സ്ഥാനത്തു നിന്നുയര്‍ത്തി പുരുഷന്റെ മാറോടു ചേര്‍ത്തണയ്ക്കാന്‍ പഠിപ്പിച്ചത് സുവിശേഷമാണ്.
ശാരീരികമായും മാനസികമായും സ്ത്രീ പുരുഷനില്‍ നിന്ന് വ്യത്യസ്തയാണ്. എന്നാല്‍ മൂല്യത്തിലോ പദവിയിലോ പരിശുദ്ധാത്മ ദാനങ്ങളുടെ ലഭ്യതയിലോ സ്ത്രീപുരുഷ വ്യത്യാസം ബൈബിള്‍ കാണുന്നില്ല. ആത്മീയതലത്തില്‍ സ്ത്രീപുരുഷ തുല്യതയുടെ ഉദാത്തസങ്കല്പം പ്രദാനം ചെയ്തത് ബൈബിളാണ്.
നിത്യതയില്‍ സ്ത്രീയും പുരുഷനുമെന്ന വ്യത്യാസമില്ല. എല്ലാവരും ദൈവദൂതന്മാരെപ്പോലെയാകും എന്നതാണ് വസ്തുത. യഹൂദനും യവനനും എന്നില്ല. ആണും പെണ്ണുമെന്ന വ്യത്യാസമില്ല. എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ എന്ന മനോഹര വചനം ബൈബിള്വീക്ഷണത്തിലെ സ്ത്രീപുരുഷ സമത്വമാണ്.
ബൈബിളിന്റെ മൂല്യഗണനയില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഭേദമൊന്നുമില്ല എന്ന പ്രഖ്യാപനമല്ലേ സ്ത്രീയെ കൂടാതെ പുരുഷനില്ല, പുരുഷനെ കൂടാതെ സ്ത്രീയുമില്ല എന്നത്? സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ് എന്ന സന്ദേശമാണ് ബൈബിള്‍ നല്‍കുന്നത്.
ഇന്ത്യയിലെ മുക്തി മിഷനിലുണ്ടായ ഉണര്‍വ്വില്‍ സ്ത്രീകള്‍ക്ക് ലഭിച്ച മുന്‍ഗണന ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു മറിയയ്ക്കു നല്കിയ സുവിശേഷദൗത്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കലായിരുന്നില്ലേ. സുവിശേഷവെളിച്ചം കടന്നുചെന്നിടത്തൊക്കെയും മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങി. കേരള സ്ത്രീകളുടെ പദവിയിലും ഈ മാറ്റം പ്രതിഫലിച്ചു.

– ഡോ. ഓമന റസ്സല്‍
റിട്ട. പ്രൊഫസര്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.