മറക്കില്ല മാഡിബാ

മറക്കില്ല മാഡിബാ


ലാലു തോമസ്,
കോട്ടയം

ആഫ്രിക്കൻ ജനതയുടെ ഇതിഹാസ പുരുഷൻ നെൽസൺ മണ്ടേല വിടവാങ്ങിയിട്ട് ഡിസം. 5 – ന് ഏഴു വർഷം തികയുന്നു. ചുരുക്കം ചിലർ മാത്രം മഹാൻമാരായി ജനിക്കുന്നു. ചിലർ ജനിച്ച ശേഷം മഹാൻമാരായി. ചിലരൊക്കെ തങ്ങളുടെ ജീവിതം കൊണ്ട് ചരിത്രം എഴുതി. ചിലരാകട്ടെ ചരിത്രത്തിൽ ഇടം കിട്ടാതെ കടന്നുപോയി.

ജീവിതം കൊണ്ട് ചരിത്രമെഴുതിയ ഇതിഹാസമാണ് മണ്ടേല. ഒരു ജനതയുടെ പോരാട്ടവീര്യം ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹത് വ്യക്തിയാണ് അദ്ദേഹം. ഒരു കാലത്ത് വംശീയവും വർഗ്ഗീയവുമായി അടിച്ചമർത്തപ്പെട്ട ഒരു ജനതയിൽ നിന്നും ഉയർന്നു വന്ന അനിഷേധ്യ നേതാവു മാത്രമായിരുന്നില്ല നെൽസൺ റോലിഹ് ലാഹ മണ്ടേല എന്ന നെൽസൺ മണ്ടേല.ലോകത്തിന് മുഴുവൻ മാതൃകയാവുന്ന മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച സമര നായകൻ.

ജൊഹാനസ്ബർഗിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വേർപാട് 2013 ഡിസം. 5 – ന് വ്യാഴാഴ്ച രാത്രി 8.50 ന് (ഇന്ത്യൻ സമയം ഡിസം.6 – ന് പുലർച്ചെ 1.20 ) ആയിരുന്നു. ” രാജ്യത്തിന്റെ ഏറ്റവും മഹാനായ പുത്രൻ എന്നെന്നേക്കുമായി വിട വാങ്ങിയിരിക്കുന്നു ” എന്ന വാർത്ത ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ജേക്കബ് സുമയാണ് ലോകത്തെ അറിയിച്ചത്. പതിനായിരക്കണക്കിന് ജനങ്ങൾ തെരുവീഥികളിലേക്ക് ഒഴുകി എത്തി. കണ്ണീരൊഴുക്കിയും മണ്ടേലയുടെ വീരഗാഥകൾ വാഴ്ത്തിയും ആടിയും പാടിയുമാണ് ദക്ഷിണാഫ്രിക്കൻ ജനത അദ്ദേഹത്തിന്റെ വേർപാട് സ്വീകരിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കീയിലെ മ് വേസോ യിൽ 1918 ജൂലൈ 18 – ന് ജനനം. മണ്ടേലയുടെ ഗോത്രമായ “തെംബു ” വിനായിരുന്നു ട്രാസ്കീയിലെ ഭരണം. അദ്ദേഹത്തിന്റെ പിതാവ് ഗാഡ്ല ഹെൻട്രി മണ്ടേല ആയിരുന്നു ഭരണാധികാരി. അമ്മ നൊഖാഫി നൊസേ കെനി. പിതാവിന്റെ മരണത്തോടെ ലഭിക്കുമായിരുന്ന ഭരണ സാരഥ്യം ഉപേക്ഷിച്ച് ആധുനിക വിദ്യാഭ്യാസത്തിന്റെ മേഖല തിരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. പഠനകാലത്താണ് കറുത്ത വർഗക്കാർ നേരിടുന്ന അടിച്ചമർത്തലും വിവേചനത്തിന്റെയും ഭീകരത മനസ്സിലാക്കിയത്.

ഉറ്റ സുഹൃത്തായ ഒലിവർ താം ബോയുമായി ചേർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനും വർണ്ണവിവേചനം അനുഭവിക്കുന്ന കറുത്തവർക്കുവേണ്ടി നിയമസഹായം നൽകാനുമായി മണ്ടേല ആന്റ് താംബോ എന്ന സ്ഥാപനവും ആരംഭിച്ചു. 1950-ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യൂത്ത് ലീഗിന്റെ ദേശിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മണ്ടേല പ്രിട്ടോറിയ ഭരണകൂടത്തിനെതിരായി ഐതിഹാസികമായ സമരങ്ങൾക്ക് നേതൃത്വം നൽകി. സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ മണ്ടേലയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കാൻ കാലതാമസം ഉണ്ടായില്ല.

ജയിൽ മോചിതനായ അദ്ദേഹം വിദേശത്തേക്ക് കടന്ന് സൈനീക പരിശീലനം നേടി തിരിച്ചെത്തി,സായുധ സമര മുറ പിന്തുടർന്നു. വിവിധ കുറ്റങ്ങൾ ചുമത്തി വീണ്ടും ജയിൽവാസം. ജീവിതത്തിന്റെ വസന്തകാലം മുഴുവനും ജയിലിൽ കഴിച്ചു. മണ്ടേലയുടെ മോചനത്തിനായി ലോകമെങ്ങും മുറവിളി ഉയർന്നു. നിരന്തര പ്രക്ഷോഭങ്ങൾ ഉയർന്നു വന്നു. ഒടുവിൽ ജനരോക്ഷത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രിട്ടോറിയ ഭരണകൂടം അദ്ദേഹത്തെ മോചിപ്പിക്കാൻ തയ്യാറായി.തുടർച്ചയായ വിചാരണയും തടവും കഴിഞ്ഞ് 1990 ഫെബ്രുവരി 11 – ന് 27 വർഷത്തെ ജയിൽ വാസത്തിന് വിരാമിട്ട് കൊണ്ട് റോബൻ ദ്വീപിലെ കുപ്രസിദ്ധമായ ജയിലിന്റെ കൂറ്റൻ കവാടം മഹാനായ പോരാളിയുടെ മുൻപിൽ തുറന്നു .

ആയിരതൊള്ളായിരത്തി തൊണ്ണൂറ്റിനാലിൽ കറുത്ത വർഗക്കാർക്കു കൂടി വോട്ടവകാശം കിട്ടിയ പൊതുതിരഞ്ഞെടുപ്പിൽ 63 ശതമാനം വോട്ട് നേടി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവർഗ്ഗക്കാരനായ പ്രസിഡണ്ടായി തിരത്തെടുക്കപ്പെട്ടു.
സമരമുഖത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിച്ച അദ്ദേഹത്തിന്റെ കുടുംബ ജീവിതം അത്ര പ്രശോഭിതമായിരുന്നില്ല. മൂന്നു തവണ വിവാഹം കഴിച്ച മണ്ടേല രണ്ടാം ഭാര്യ വിന്നിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കാരണമായി പറയുന്നത് വിന്നിക്ക് മറ്റൊരാളുമായുള്ള ഇഷ്ടമാണ്.

ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു നെൽസൺ മണ്ടേല. 1990-ൽ ഭാരതരത്നം നൽകി ആദരിച്ചു. ഭാരതരത്നം ലഭിക്കുന്ന ഇന്ത്യക്കാരൻ അല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.മഹാത്മ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം നടത്തിയതിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് 2007 ജനുവരിയിൽ ദില്ലിയിൽ നടത്തിയ സമ്മേളനത്തിൽ മണ്ടേലയും സന്നിഹിതനായിരുന്നു. ഗാന്ധിജിയെ മാതൃകാ പുരുഷനായി കണ്ട മണ്ടേല സഹന സമര മാതൃകയാണ് പ്രാരംഭ കാലത്ത് സ്വീകരിച്ചത്.

ഗാന്ധിജിക്ക് ശേഷം യഥാർത്ഥ ഗാന്ധിയൻ ആയി ജീവിച്ച വ്യക്തി.അഹിംസ വാദിയായ ഗാന്ധിജിയുടെ പാത പിന്തുടർന്ന മണ്ടേല എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റായി സായുധ വിപ്ലവത്തിന് നേതൃത്വം കൊടുത്തത് എന്ന സംശയത്തിന്റെ മറുപടിയാണ് 1964 -ലെ ജൂൺ 12 – ലെ റിവോണിയ വിചാരണവേളയിൽ പ്രിട്ടോറിയ ഭീകര ഭരണകൂടത്തിന്റെ ദല്ലാളൻമാരായ ജഡ്ജിമാരുടെ മുൻപിൽ മൂന്ന് മണികൂർ നീണ്ട ചരിത്ര പ്രസിദ്ധമായ പ്രസംഗം.

സഹന മാർഗ്ഗത്തിൽ നിന്നും സായുധ സമര മാർഗ്ഗത്തിലേയ്ക്കുള്ള വ്യതിയാനത്തിനു കാരണം പ്രിട്ടോറിയ വർണ്ണവെറിയൻ ഭരണകൂടത്തിന്റെ ക്രൂരതയാണ് എന്ന് മണ്ടേല ലോകത്തോട് വിളിച്ചു പറഞ്ഞു. 1962 – ലെ ഷാർപ് വിൽ കൂട്ടകൊലയും കറുത്തവന്റെ എല്ലാ മനുഷ്യാവകാശങ്ങളും ഇല്ലായ്മ ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും എ.എൻ.സിയെ നിരോധിച്ചതും സമരത്തിന്റെ ഗതി തിരിച്ചു വിടാൻ കാരണമായി.

അക്രമമാർഗ്ഗം സ്വീകരിച്ച് ഭരണം പിടിച്ചടക്കുന്ന ഭരണാധികാരികൾ പിന്നീട് ക്രൂരഭരണം നടത്തുന്നതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിനൊരു അപവാദമായിരുന്നു മണ്ടേലയുടെ ഭരണകൂടം.കറുത്തവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പോരാട്ടവീര്യം നിലനിൽക്കുന്നിടത്തോളം ഒരു സൂര്യ തേജസ്സായി മണ്ടേല ഉണ്ടാവും. മറക്കില്ല മാഡിബാ.

(മാഡിബാ എന്നത് ആഫ്രിക്കൻ ജനത മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്നതാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!