”എനിക്കു പകരം നിങ്ങള്‍ പ്രസിഡന്റാകൂ… സെക്രട്ടറിയാകൂ.”

”എനിക്കു പകരം നിങ്ങള്‍ പ്രസിഡന്റാകൂ… സെക്രട്ടറിയാകൂ.”

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിട്ടാണ് കൊറോണ വൈറസ് വ്യാപനത്തെ ലോകം കാണുന്നത്. ഇനിയും 80 വര്‍ഷം കൂടെയുണ്ട് ഈ നൂറ്റാണ്ടിന്റെ അന്ത്യത്തിന്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതാണ്ട് മുഴുവന്‍ ആളുകളും ഈ നൂറ്റാണ്ടിന്റെ അവസാനം ഭൂമിയില്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് ഈ തലമുറയിലെ ഏറ്റവൂം വലിയ വിപത്തായി കൊവിഡ്-19 രോഗത്തെ ഇന്നത്തെ സമൂഹം കാണുന്നത്.

ഇത്രയും ഭീകരമായ സാഹചര്യത്തിലൂടെ ലോകം കടന്നുപോകുമ്പോഴും മനുഷ്യന്റെ പ്രാകൃത സ്വഭാവ വൈകൃതങ്ങളില്‍ മാറ്റം വരുത്താതെ ഒരു വിഭാഗം നിഗളിച്ചു കഴിയുകയാണ്. നാം ഭൂമിയില്‍ നല്ലവരായി ജീവിക്കുന്നതിന് രണ്ടു വസ്തുതകളെക്കുറിച്ചുള്ള ബോധം നമ്മില്‍ രൂഢമൂലമായാല്‍ മതി.
അതില്‍ ഒന്ന്, ഏതു സമയവും നാം മരണത്തിന് കീഴ്‌പ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയാണ്. ഒരു നിശ്ചിത തീയതിയില്‍ നാം മരിക്കുമെന്ന് ഉറപ്പു കിട്ടിയാല്‍ പിന്നീടുള്ള നമ്മുടെ അവസ്ഥ വിവരണാതീതമായിരിക്കും.

നാം ഏറ്റവും നല്ല മനുഷ്യരായി മാറും. മരണത്തെ പുല്‍കാന്‍ നാം തയ്യാറെടുക്കുന്നതോടൊപ്പം ഭൂമിയിലുള്ള സകലതിനോടും നാം അനുരഞ്ജനത്തിലേര്‍പ്പെടും. കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കും. ഇങ്ങോട്ട് കിട്ടാനുള്ളത് വേണ്ടെന്നു വയ്ക്കും. കഠാരയും വടിവാളും വലിച്ചെറിയും. വീട്ടില്‍ നിന്നും ഇറക്കിവിട്ട ദരിദ്രനെ ആലിംഗനം ചെയ്തു സ്വീകരിക്കും. മരണ ദിവസത്തെ കാത്തുകൊണ്ടുള്ള ആ ജീവിതം, ഹൃദയം പൊട്ടിയുള്ള ആ ജീവിതം വിവരിക്കാനാവില്ല.

മരണം കൂടെ സദാസമയവും ഉണ്ടെന്ന തോന്നല്‍ നമ്മെ നല്ലവരാക്കും.
നല്ലവരായി ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മറ്റൊരു വസ്തുത ക്രിസ്തുവിന്റെ പുനരാഗമനം ഏത് നിമിഷത്തിലുമുണ്ടാകാമെന്ന അടിയുറച്ച വിശ്വാസമാണ്. പക്ഷേ 2000 വര്‍ഷമായിട്ടും ഇത് സംഭവിച്ചില്ലല്ലോ എന്ന വിചാരമാണ് സഭാ രാഷ്ട്രീയം കളിക്കാനും സഭയെ പിളര്‍ത്താനും പള്ളികള്‍ വെട്ടിപ്പൊളിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്.

പള്ളിപ്പരിസരത്തു വന്ന് വടിവാള്‍ വീശിയ പെന്തക്കോസ്തു കുഞ്ഞാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹിക്കാനാവാത്ത ദുഃഖം മനസ്സിനെ മഥിക്കുകയാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിന് ഒരു ‘തീയതി’ കിട്ടിയിരുന്നെങ്കില്‍ നാം മര്യാദരാമന്മാരാകുമായിരുന്നു.
നമ്മുടെ മരണവും ക്രിസ്തുവിന്റെ പുനരാഗമനവും ഏത് നിമിഷത്തിലുമുണ്ടാകാമെന്ന് ബൈബിള്‍ സാക്ഷിക്കുന്നു. എങ്കില്‍ പിന്നെ നമുക്ക് സഭാ രാഷ്ട്രീയം വിട്ടുകൂടെ? ആരെങ്കിലും സഭാ നേതൃത്വത്തില്‍ വരട്ടെ എന്ന് ഓരോരുത്തരും ചിന്തിച്ചാല്‍ പ്രശ്‌നം തീരും.

”ഞാന്‍ മാറുന്നു, എനിക്ക് പകരം നിങ്ങള്‍ പ്രസിഡന്റാകൂ, സെക്രട്ടറിയാകൂ” എന്ന് പറയുന്ന ഒരു ‘വിശുദ്ധനെ’ ഈ ഭൂമിയില്‍ ഈ നൂറ്റാണ്ടില്‍ കണ്ടെത്താനാകുമോ? ക്രിസ്തീയ ശുശ്രൂഷ ചെയ്യാന്‍ പ്രസിഡന്റ്, സൂപ്രണ്ട്, ഓവര്‍സീയര്‍, സെക്രട്ടറി, ഡിസ്ട്രിക്ട് പാസ്റ്റര്‍, റീജിയന്‍ പാസ്റ്റര്‍ എന്നീ ചുമതലകള്‍ വേണോ? ക്രിസ്തുവിന്റെ മരണത്തോടെ പൗരോഹിത്യത്തിന്റെ അടിസ്ഥാനം ഇളകി വീഴുകയായിരുന്നല്ലോ? എന്നിട്ടും ‘വിവിധതരം’ ബിഷപ്പുമാര്‍ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞ് രാജാക്കന്മാരായി വാഴുകയാണ്.

വിശ്വാസികളും സഭയുമില്ലാത്ത ബിഷപ്പുമാര്‍ വരെ ഉണ്ട്. ക്രിസ്തുവിന്റെ പേരില്‍ ഭൂമിയില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ‘ഡ്യൂപ്ലിക്കേറ്റ്’ സിംഹാസനങ്ങളെ ചൊല്ലി അടിപിടിയും കൊലപാതകങ്ങളും അരങ്ങുതകര്‍ക്കുകയാണ്.

പെന്തക്കോസ്തു സഭകളും ഇതിന് സമാനമായ രീതിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ഭയം വിട്ടുമാറി തുടങ്ങിയിരിക്കുന്നു. ഇപ്പോഴും സഭകള്‍ പിളര്‍ന്ന് രണ്ടാകുന്നു. ഗ്രൂപ്പ് യോഗങ്ങള്‍ക്കും തരികിട പരിപാടികള്‍ക്കും ഒരു കുറവുമില്ല. സഹോദരന്മാര്‍ തമ്മിലുള്ള കേസുകള്‍ കൂടുന്നു. സഭാ കമ്മറ്റികള്‍ നീതിരഹിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു.

ഒരു നിമിഷം ചിന്തിക്കുക, ഏതു സമയവും മൃത്യു നമ്മളെ തേടിയെത്താം. ഏതു സമയത്തും ക്രിസ്തുവിന്റെ പുനരാഗമനവും സംഭവിക്കാം. കൊറോണയ്ക്ക് ഈ വിശ്വാസങ്ങളെ നമ്മില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കാതെ വയ്യ.

കെ.എന്‍. റസ്സല്‍


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!