
വര്‍ഗീസ് ചാക്കോ
johnygilead@gmail.com
കേരളത്തിലെ വിവിധ പെന്തെക്കോസ്തു സംഘടനകളിലായി ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളും പതിനായിരത്തിലധികം പാസ്റ്റര്മാരുമുണ്ട്.
ഉപദേശപരമായി ഒരേ നിലപാടാണെങ്കില്‍ പോലും ഇതര ക്രൈസ്തവ സഭകളെപ്പോലെ ഒരു നേതൃത്വത്തിന് കീഴില്‍ മുന്നോട്ടു പോകാന്‍ എന്തുകൊണ്ടോ കേരളാ പെന്തെക്കോസ്തു സഭകള്‍ക്ക് അതിന്റെ ആരംഭം മുതല്‍ സാധിച്ചിട്ടില്ല. എങ്കിലും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള നമ്മുടെ നേതാക്കളുടെ ത്രാണിയില്ലായ്മ കണക്കിലെടുത്ത് ഇത്തരത്തില്‍ വിവിധ ചെറുഗ്രൂപ്പുകളായി മുന്നോട്ടു പോകുന്നതാണ് അഭികാമ്യം എന്നു ആശ്വസിക്കാം.
ഈ ലക്കത്തില്‍ ഞാന്‍ എഴുതുന്നത്, വാടക വീടുകളില്‍ കഴിയുന്ന പെന്തെക്കോസ്തിലെ റിട്ടയേര്‍ഡ് പാസ്റ്റര്മാര്ക്കുവേണ്ടിയാണ്.
ഒരു ആയുസ്സ് മുഴുവന്‍ ദൈവ വേലയ്ക്കായി മാറ്റിവച്ച് 65 വയസ്സ് കഴിയുമ്പോള്‍ റിട്ടയേര്‍ഡ് ജീവിതത്തിലേക്ക്
നിര്‍ബന്ധിതമായി പ്രവേശിക്കുന്നവരാണ് മുഖ്യധാരാ സഭകളിലെ 99 ശതമാനം പാസ്റ്റര്‍മാരും.
അവരില്‍ നല്ലൊരു ഭാഗത്തിന്റെയും മുന്നോട്ടുള്ള ജീവിതം വളരെ ദുഷ്കരമാണ്. താരതമ്യേന വലിയതും വരുമാനമുള്ളതുമായ സഭകളില്‍ ശുശ്രൂഷ നിര്വ്വഹിച്ചിട്ടുള്ളവര്ക്ക് ഒരു നീക്കിയിരുപ്പ് ഉണ്ടായേക്കാം. സ്വന്തമായി വീടുള്ളവരും ഉണ്ട്. എന്നാല്‍ തീരെ ചെറിയ സഭകളില്‍ മാത്രം ശുശ്രൂഷ നിര്‍വ്വഹിക്കുന്ന ദൈവദാസന്മാര് വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. മിച്ചം പിടിക്കാന്‍ അവര്‍ക്ക് ഒന്നുമുണ്ടാകില്ല. അത് അസാധ്യവുമാണ്.
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം പോലും നല്കാന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ല. ഈ നിലയില്‍ നീക്കിയിരുപ്പ് ഒന്നുമില്ലാതെ ഈ ദൈവദാസന്മാര് റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എങ്ങനെ മുന്നോട്ടു പോകും എന്ന് സഭാ നേതൃത്വം ഇന്നേവരെ ചിന്തിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് ശരിയാണെങ്കില്‍ അതിനൊരു പ്രതിവിധി നിര്‍ദ്ദേശിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
സഭാ നേതാക്കള്‍ ഇക്കാര്യത്തില്‍ ഒട്ടും താമസിയാതെ ഒരു തീരുമാനം ഉണ്ടാക്കണം. ഇന്നേവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകാത്തതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ റിട്ടയേര്‍ഡ് ജീവിതം നയിക്കുന്നവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പാസ്റ്റര്‍മാര്‍ക്ക് മാസം ഒരു ചെറിയ സാമ്പത്തിക സഹായംപോലും ബന്ധപ്പെട്ട സംഘടനകള്‍ നല്‍കുന്നില്ല.
ഒരായുസ്സിന്റെ നല്ലൊരുഭാഗം ഓരോ സംഘടനകളില്‍ അച്ചടക്കത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ദൈവദാസന്മാരെ അവരുടെ നിസ്സഹായാവസ്ഥയില്‍ സംഘടന കണ്ടില്ലെന്നു നടിക്കുന്നത് മനുഷ്യത്വ രഹിതമായ സമീപനമാണ് എന്നു പറയാതെ വയ്യ.
ഓരോ കാലഘട്ടത്തിലും ദൈവം ആക്കി വെയ്ക്കുന്ന നേതാക്കള്‍ കാലഘട്ടത്തിന്റെ സ്പന്ദനം അറിയുന്നവരും സമയോചിതമായി ഇടപെടലുകള്‍ നടത്തുവാന്‍ പ്രതിജ്ഞാബദ്ധരും ആയിരിക്കണം.
അത് കണ്ടറിഞ്ഞു ചെയ്യാന്‍ സാധിക്കാത്ത നേതൃത്വം വലിയ പരാജയമാണ് എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ഇനിയുള്ള കാലങ്ങളില്‍ എങ്കിലും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് കൃത്യമായ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാകണം. സഭാ നേതാക്കള്‍ക്ക് ശുശ്രൂഷാ സംബന്ധിയായ കാര്യങ്ങളില്‍ എന്നപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ഉണ്ടാകണം. കൃത്യമായ പ്രവര്‍ത്തന പദ്ധതികള്‍ ഉണ്ടാകണം. പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളുടെ ടേം ഒന്നോ മൂന്നോ അഞ്ചോ വര്ഷമായിക്കോട്ടെ ഓരോ ടേമിലും സമയബന്ധിതമായി ചെയ്ത് തീര്‍ക്കാവുന്ന പ്രയോജന പ്രദങ്ങളായ പദ്ധതികളുമായെ നേതൃരംഗത്തേയ്ക്ക് വരാവൂ.
അതിനു കഴിയാത്തവര്‍ സ്വന്തം വീട്ടുകാര്യം നോക്കി മുന്നോട്ടുപോകണം. ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാനായി മുന്നോട്ടു വരുന്നവര്‍ സ്വന്തം കുടുംബമെന്നപോലെ ബന്ധപ്പെട്ട സമൂഹത്തിന്റെ മുഴുവന്‍ ഭാരവും വഹിക്കാന്‍ സന്നദ്ധരായിരിക്കണം. അല്ലാത്തവര്‍ നേതാക്കളാകാന്‍ മുന്നിട്ടിറങ്ങരുത്. അത്തരക്കാരെ സഭകള്‍ പ്രോത്സാഹിപ്പിക്കുകയുമരുത്. തന്റെ ഭരണ കാലത്ത് ഇന്നിന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നു പറയാന്‍ സാധിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം.
സാക്ഷാല്‍ യേശു ക്രിസ്തുവിനു പോലും തന്റെ മൂന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കൃത്യമായ പ്രകടന പത്രിക ഉണ്ടായിരുന്നു. നസ്രേത്ത് മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ലൂക്കോസ് 4: 18,19 വാക്യങ്ങള്‍ തന്റെ ഭൗമിക ശുശ്രൂഷയുടെ കൃത്യമായ രൂപരേഖയായിരുന്നു. തന്റെ അപ്പോസ്തലന്മാരോട് മുന്നിലുള്ള ആയിരക്കണക്കിന് ജനങ്ങളെ ചൂണ്ടിക്കാണിച്ച് യേശു പറഞ്ഞു, ‘ഈ ജനത്തിന് നിങ്ങള്‍ ഭക്ഷിപ്പാന്‍ നല്കേണം
‘ അതു പറഞ്ഞു എങ്കിലും അന്ന് കര്‍ത്താവ് അത്ഭുതം ചെയ്തു. കാരണം അവരുടെ പണസഞ്ചിയില്‍ അത്രയും ജനത്തിന് ഭക്ഷണം കൊടുക്കാനുള്ളത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് പണം ഒരു പ്രശ്നമല്ല. പെന്തെക്കോസ്തുകാരുടെ പണ്ടത്തെ ദാരിദ്ര്യ അവസ്ഥയൊക്കെ മാറി. പെന്തെക്കോസ്തിലെ നേതാക്കള്‍ക്ക് വലിയ മണി മാളികകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും ഒക്കെയായി.
ആഡംബര വാഹനങ്ങള്‍ ഇല്ലാത്ത നേതാക്കള്‍ പെന്തെക്കോസ്തില്‍ ഇല്ല എന്നു തന്നെ പറയാം. ഇതൊക്കെയാണെങ്കിലും ഇന്നത്തെ പ്രശ്നം തങ്ങളെക്കാള്‍ വളരെ താഴെ ദാരിദ്ര്യം അനുഭവിക്കുന്ന സഹ ശുശ്രൂഷകരുടെ ജീവിതപ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന നേതാക്കളുടെ അഭാവമാണ്. അതു മാറണം.
റിട്ടയര്മെന്റില് വാടക വീട്ടില്‍ കഴിയേണ്ടി വരുന്നവരും മറ്റു വരുമാനങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നവരുമായ ദൈവദാസന്മാരെ അതാത് സംഘടനകള്‍ കണ്ടെത്തണം.
അവരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധരാകണം ഓരോ ടേമിലും മാറി മാറി വരുന്ന നേതൃത്വം. പ്രത്യേകിച്ച് ഭവനരഹിതരെ മുന്‍ഗണന അനുസരിച്ച് ലിസ്റ്റ് ചെയ്യുകയും അവര്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം. ഓരോ സംഘടനകളുടെയും സാധ്യത ഉള്‍ക്കൊണ്ട് 100 വീടുകള്‍, 50 വീടുകള്‍, 25 വീടുകള്‍ എന്നിങ്ങനെ പദ്ധതികള്‍ തയ്യാറാക്കണം.
മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ ദൈവ വേല ചെയ്ത് ഒടുവില്‍ ഒന്നുമില്ലാത്തവരായി ഒരു കിടപ്പാടം പോലും ഇല്ലാതെ വാടക വീട്ടില്‍ താമസിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഒരു സമൂല മാറ്റമുണ്ടാക്കാന്‍ നിലവിലെ സംഘടനാ നേതാക്കള്‍ തയ്യാറാകണം.
പെന്തെക്കോസ്തു സഭയില്‍തന്നെ ചില വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ എട്ടും പത്തും വീടുകള്‍ പണിതു നല്‍കുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സംഘടനകള്‍ക്ക് അത്ര പോലും സാധിക്കുന്നില്ല എന്നത് അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണ്. ഈ സ്ഥിതി മാറണം. ഞാന്‍ ഉള്‍പ്പെട്ടു നില്ക്കുന്ന സംഘടന ഇക്കാര്യത്തില്‍ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നാല്‍ ആദ്യത്തെ വീട് ഞാന്‍ സ്പോണ്സര് ചെയ്യാന്‍ തയ്യാറാണ്. നൂറു കണക്കിന് വിശ്വാസികളും സാമ്പത്തിക ശേഷിയുള്ള പാസ്റ്റര്‍മാരും ഇത്തരം പദ്ധതികളില്‍ സഹകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ സുതാര്യമായിരിക്കണം എന്നുമാത്രം.
സഭാ വിശ്വാസികള്‍ക്ക് നേതൃത്വത്തിലുള്ള വിശ്വാസം
നഷ്ടപ്പെട്ടിരിക്കുന്നു. അതു വീണ്ടെടുക്കണം.
കാര്യപ്രാപ്തിയും ജനസമ്മതിയുമുള്ള വിശ്വസ്തരായ വിശ്വാസികളെയും പാസ്റ്റര്‍മാരെയും കൂട്ടി ഒരു ചാരിറ്റി ബോര്‍ഡ് ഉണ്ടാക്കണം. ആ ബോഡിന്റെ കീഴില്‍ ഇത്തരം കാര്യങ്ങള്‍ വിശ്വസ്തമായി നടക്കും എന്ന് വിശ്വാസികള്‍ക്ക് ബോധ്യം വന്നാല്‍ ഒട്ടനവധിപേര്‍ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വരും. അതില്‍ സംശയം വേണ്ട. വിശ്വാസികള്‍ നല്കുന്ന സാമ്പത്തിക നന്മകള് വക മാറ്റി ചിലവഴിക്കുന്നു എന്ന പരാതി കേള്‍ക്കാത്ത പെന്തെക്കോസ്തു നേതാക്കള്‍ വളരെ വിരളമാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം.
ഏകദേശം അഞ്ചര ഏക്കര്‍ ഭൂമിയുണ്ടെങ്കില്‍100 ദൈവദാസന്മാര്ക്ക് 650 സ്ക്വയര്‍ ഫീറ്റില്‍ അത്യാവശ്യ സൗകര്യങ്ങളോടെ ഭവന നിര്‍മ്മാണം നടത്താന്‍ സാധിക്കും. മറിച്ചു വില്ക്കാന് സാധിക്കാത്ത വിധം സ്വന്തം പേരിലോ ട്രസ്റ്റിന്റെ പേരിലോ മരണം വരെ സ്വാതന്ത്ര്യത്തോടെ താമസിക്കാനുള്ള സൗകര്യമുണ്ടായാല്‍ മതിയാകും. ജോലിയുള്ളവരും മറ്റു വരുമാര്ഗ്ഗമുള്ളവരുമായ മക്കള്‍ ഉള്ള ദൈവദാസന്മാരെ ഒഴിവാക്കാവുന്നതുമാണ്. റിട്ടയേര്‍ഡ് പാസ്റ്റര്‍മാരുടെ കുടുംബങ്ങള്‍ ജീവിതാവസാനം വരെ താമസിച്ച ശേഷം ഒഴിവ് വരുന്ന വീടുകള്‍ മുന്‍ഗണനാക്രമത്തില്‍ ആവശ്യക്കാരായ മറ്റു ശുശ്രൂഷകര്‍ക്ക് നല്കുകയുമാവാം.
ഇത്തരത്തില്‍ ഒരു പ്രോജക്ട് വന്നാല്‍ ഭൂമി തന്ന് സഹായിക്കാനും ശരീരം കൊണ്ടും ധനം കൊണ്ടും ആലോചന കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഒപ്പം നില്‍ക്കാനും അനേകര്‍ മുന്നോട്ടു വരും. സഭയിലെ എല്ലാ വിഭാഗം വിശ്വാസികളും ഇത്തരം ദൗത്യത്തില്‍ വളരെ ആവേശത്തോടെ സഹകരിക്കും എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ മുന്നില്‍ നിന്ന് പ്രചോദനമേകാന്‍ സഭാ നേതാക്കള്‍ മുന്നിട്ടിറണം. നേതാക്കളുടെ ഒരു വാക്കു മതിയാകും. കൂടെ നില്ക്കാന് ആയിരങ്ങള്‍ ഉണ്ടാകും.
ശുശ്രൂഷ തികച്ച് വിശ്രമ ജീവിതം നയിക്കുന്ന ദൈവദാസന്മാര് സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പോരാടിയവരാണ്. അവര്‍ സഭയുടെ സ്വത്താണ്. അവരുടെ ക്ഷീണാവസ്ഥയില്‍ അവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് നേതൃത്വം?
വാല്‍ക്കഷ്ണം:
ആരോരുമില്ലാത്ത എസ്ഥറിനെ വളര്‍ത്തി വലുതാക്കി രാജപത്നിയാകാനുള്ള അവസരം ഉണ്ടാക്കികൊടുത്ത മോര്‍ദ്ദേഖായി എസ്ഥറിനോട് സ്വന്തം ജനത്തിന്റെ രക്ഷയ്ക്കായി ഒരു സഹായം
ആവശ്യപ്പെട്ടു. എന്നാല്‍ അതിനോട് വലിയ താത്പര്യം കാണിക്കുന്നില്ല എന്നു മനസ്സിലാക്കിയ മോര്‍ദ്ദേഖായി എസ്ഥറിനോടായി പറഞ്ഞു, ഇങ്ങനെയൊരു കാര്യത്തിനാകാം ദൈവം നിന്നെ ഈ സ്ഥാനത്ത് കൊണ്ടുവന്നത്.
ഇപ്പോള്‍ നീ മിണ്ടാതിരുന്നാല്‍ യെഹൂദാ ജാതിയ്ക്ക് മറ്റൊരു സ്ഥലത്തു നിന്നും രക്ഷ ലഭിക്കും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇത്രയും കേട്ടു കഴിഞ്ഞ് പിന്നീട് എസ്ഥര്‍ എന്തു ചെയ്തുവെന്ന് നമുക്കറിയാം. എസ്ഥറിന്റെ നിലപാട് മൂലം യെഹൂദാ ജാതി മുഴുവന്‍ മരണക്കെണിയില്‍ നിന്നും വിടുവിക്കപ്പെട്ടു. ആ ചരിത്രം വിവരിക്കുന്ന പുസ്തകം അറിയപ്പെടുന്നത് എസ്ഥറിന്റെ പേരിലും!
പെന്തെക്കോസ്തു നേതാക്കളും ഇത്തരത്തില്‍ ധീരമായ നിലപാടുമായി മുന്നോട്ടു വരണം. നിങ്ങളുടെ ഒരു സഹ ശുശ്രൂഷകന്റെ ഇല്ലായ്മ മനസ്സിലാക്കി അതിനു പ്രതിവിധി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇത്തരം ഉന്നത പദവികള്‍ അലങ്കരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? എസ്ഥര്‍ എന്ന വനിതയെപ്പോലെ ധീരമായ ഒരു ചുവടുവയ്പ്പിന് തയ്യാറാകൂ. ആ ചരിത്രം നിങ്ങളുടെ പേരില്‍ അറിയപ്പെടും.
എസ്ഥറിന്റ തലയ്ക്ക് മുകളിലൂടെ പോയ മോര്ദേഖായിയുടെ ശാപ വാക്കുകളുടെ നിവൃത്തി എന്നിലും നിങ്ങളിലും വന്നു ഭവിക്കാതിരിക്കട്ടെ!
‘എന്റെ ഈ ചെറിയവരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തത് എനിക്ക് ചെയ്തിരിക്കുന്നു’. കണ്മുന്നിലെ സഹോദരന്റെ കഷ്ടത കാണാന്‍ കഴിയാത്തവര്‍ക്ക് കാണാമറയത്തുള്ള ദൈവത്തെ എങ്ങനെ കാണാനാകും?



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.