ടി.ഒ. ജോണ്‍
1970 നവംബര്‍ മാസം 30-ാം തീയതി ഞായറാഴ്ച്ച ദിവസം പരേതനായ എ.വൈ. ശാമുവലിന്റെ ഭവനത്തില്‍ വച്ച് ഒന്നാമത്തെ ആരാധന നടന്നു. എറണാകുളം ഐപിസി സഭയുടെ പാസ്റ്റര്‍ ആയിരുന്ന എം.വി. തോമസിന്റെ സാന്നിധ്യത്തില്‍ നടന്നു. അദ്ദേഹത്തെ കൂടാതെ ആ സഭയില്‍ നിന്ന് 5 സഹോദരന്മാരും വന്നിരുന്നു. പരേതനായ എ.വൈ. ശാമുവേലും കുടുംബാഗംങ്ങളും, പരേതനായ പി.പി. പൈലിയും പിന്നെ ഞാനും അങ്ങനെ 13 പേര്, അവരില്‍ ഭൂരിപക്ഷം പേരും നിത്യതയില്‍ കടന്നു പോയി.
ശേഷിക്കുന്നത് പരേതനായ എ.വൈ. ശാമുവലിന്റെ ഭാര്യ മറിയാമ്മ സാമൂവേല്‍ തന്റെ മക്കളോട് കൂടി വാര്‍ദ്ധക്യ സഹജമായ ക്ഷീണത്താല്‍ അമേരിക്കയില്‍ കഴിയുന്നു.പിന്നെ ഞാന്‍ അങ്കമാലിയില്‍ അറിയപ്പെടുന്ന ഒരു പെന്തക്കോസ്തു ചര്‍ച്ചില്‍ അംഗത്വം സ്വീകരിച്ച് ,എന്റെ സ്വന്ത വീട്ടില്‍ മക്കളോടുകൂടി വിശ്രമജീവിതം കഴിയ്ക്കുന്നു.
പെന്തക്കോസ്തു സഭ അങ്കമാലിയില്‍ അരംഭിച്ചുവെന്നറിഞ്ഞപ്പോള് ഈ പേരു പോലും കേള്‍ക്കാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു. വളരെ എതിര്‍പ്പുകള്‍ ആ കാലങ്ങളില്‍ ഉണ്ടായി.എന്നാല്‍ ഞങ്ങള്‍ വളരെയധികം ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തളര്‍ത്താന്‍ വന്നവര്‍ തളര്ന്നതല്ലാതെ ദൈവത്തിന്റെ സഭയെ ദൈവം വളര്‍ത്തി കൊണ്ടിരുന്നു.
ഇതിന്റെ ആരംഭകാലത്ത് പരേതനായ പി.പി. പൈലിയും ഞാനും വൈകുന്നേരത്ത് അങ്കമാലിയില്‍ നിന്നും കോതകുളങ്ങര പാലം വരെ അവിടെ നിന്ന് ടെല്‍ക്ക് കമ്പനി പടിവരെയും, മഞ്ഞപ്ര റോഡിലുള്ള മുല്ലശേരി പാലം വരെയും മേയ്ക്കാട്, ചമ്പന്നൂര്‍ എന്നീ സ്ഥലങ്ങളിലും കൈകോര്‍ത്ത് പ്രാര്‍ത്ഥിച്ചു നടക്കുമായിരുന്നു, കര്‍ത്താവ് വേലയെ അനുഗ്രഹിക്കുന്നതിനായി. വേലയെ ദൈവം ദിനംതോറും വളര്‍ത്തി കൊണ്ടിരുന്നു.
ഇന്ന് അങ്കമാലിയില്‍ കാണുന്നത്തിന്റെ 100 ല്‍ ഒരംശം ആളുകളോ, വീടുകളോ, കച്ചവട സ്ഥാപനങ്ങളോ, പുരോഗതി യോ, വാഹനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു പിരിയുമ്പോള്‍ എവിടെയെങ്കിലും ഒരു കടയില്‍ കയറി ഒരു ചായ കുടിക്കുമായിരുന്നു. ഞാന്‍ വേണ്ട എന്നു പറഞ്ഞാല്‍ പി.പി. പൈലി സഹോദരല്‍ സമ്മതിക്കില്ലായിരുന്നു, ഇത് നമ്മുടെ ഒരു കൂട്ടായ്മ ആണെന്ന് അദ്ദേഹം പറയും. എനിക്ക് തിരിച്ച് ഒരു ചായ വാങ്ങി കൊടുക്കാന്‍ പ്രാപ്തി ഇല്ലായിരുന്നു.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐപിസിക്കാര്‍ ഏതോ കാരണത്താല്‍ ഒഴിഞ്ഞുപോയി. ആ ഞായറാഴ്ച്ച വന്നവര്‍ കൂടി പ്രാര്‍ത്ഥിച്ചു പിരിഞ്ഞു പോയി. ഞങ്ങള്‍ വല്ലാതെ ഭാരപ്പെട്ടു.”ദൈവമേ! നിന്റെ വേലയെ ഉപേക്ഷിക്കരുതേ” എന്നു ശക്തിയായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. പിറ്റെ ദിവസം എ.വൈ. ശാമുവലും പി.പി. പൈലിയും കൂടി പുനലൂരിലേക്ക് പോയി എജി. ചര്‍ച്ചിന്റെ സൂപ്രണ്ട് ആയിരുന്ന കര്‍ത്താവില്‍ പ്രസിദ്ധനായ റവ. സി. കുഞ്ഞുമ്മനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
ഉടനെ തന്നെ അങ്കമാലിയിലെ വേലയെ ഏറ്റെടുക്കാമെന്ന് വളരെ സന്തോഷത്തോടെ വാക്കു പറഞ്ഞു. അങ്കമാലിയില്‍ ഒന്നാമത്തെ പാസ്റ്റര്‍ ആയി എജി സഭയുടെ കര്‍ത്താവില്‍ പ്രസിദ്ധനായ മുന്‍ സുപ്രണ്ട് റവ. ടി.ജെ. ശാമുവലിനെ നിയമിച്ചു. പിറ്റെ ദിവസം തന്നെ അദ്ദേഹം സഭയുടെ ചാര്‍ജ്ജു ഏറ്റെടത്തു.അധികം താമസിക്കാതെ സ്വന്തമായി സ്ഥലവും, പ്രാര്‍ത്ഥനാ ഹാളും പണിതു തന്നു. ദൈവം വേലയെ ദിനംതോറും വളര്‍ത്തി കൊണ്ടിരുന്നു.
എന്നാല്‍ ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റു ചില പെന്തക്കോസ്തു പ്രസ്ഥാനങ്ങള്‍ അങ്കമാലിയില്‍ വന്നു. അവിടെയും ദൈവം വേലയെ അനുഗ്രഹിച്ചു കൊണ്ടിരുന്നു. അവരോടൊപ്പം പ്രാര്‍ത്ഥിക്കുവാനും, പ്രവര്‍ത്തിക്കുവാനും, ആത്മാക്കളെ കാണുവാനും എന്റെ ജീവിതത്തില്‍ ദൈവം എനിക്കു ഭാഗ്യം തന്നു.
എനിക്ക് വരും തലമുറയോട് പറയുവാന്നുള്ളത് ”ഇത്രയും ആത്മാക്കളെ കണ്ടാല്‍ പോരാ, ഇതില്‍ പതിന്മടങ്ങ് പെന്തക്കോസ്ത് അനുഭവമുള്ള ആത്മാക്കള്‍ ഉണ്ടാകുവാന്‍ പ്രവര്‍ത്തിക്കണം.”
നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല, വളരുമാറാക്കുന്ന ദൈവത്തിന് സകലമാനവും മഹത്വവും അര്‍പ്പിച്ചു കൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ് നിര്‍ത്തട്ടെ. എല്ലാവരേയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.