സിങ്കപ്പൂര്‍: മഹാനഗരത്തിലൂടെ…

സിങ്കപ്പൂര്‍: മഹാനഗരത്തിലൂടെ…

സിങ്കപ്പൂര്‍ ഒരു പട്ടണമാണ്, ഒരു രാജ്യവുമാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യമേതാണ് എന്നു ചോദിച്ചാല്‍ വിദേശ സഞ്ചാരികള്‍ ഏകസ്വരത്തില്‍ സിങ്കപ്പൂര്‍ എന്നു പറഞ്ഞേക്കാം. റോഡുകള്‍ വളരെ മനോഹരം.

719 സ്‌ക്വയര്‍ കി.മീ. മാത്രം വിസ്തീര്‍ണ്ണമുള്ള സിങ്കപ്പൂരിലെ ജനസംഖ്യ വളരെ കൂടുതലാണ്. 51 ലക്ഷം ജനങ്ങള്‍ ഈ രാജ്യത്ത് പാര്‍ക്കുന്നു. ജനസംഖ്യ അനുസരിച്ച് ഭൂമിയുടെ വിസ്തൃതി ഇല്ലാത്തതുകൊണ്ട് ഫ്‌ളാറ്റുകളിലാണ് താമസം. ഇന്‍ഡിപെന്റന്‍ഡ് വീടുകള്‍ പണിത് താമസിക്കാന്‍ ഭൂമിയില്ലെന്നര്‍ത്ഥം. അതുകൊണ്ട് ഫ്‌ളാറ്റുകളുടെ എണ്ണിയാല്‍ തീരാത്ത നിരകളാണ് എവിടെയും.
റോഡുകളിലൂടെ പായുന്ന പബ്ലിക് വാഹനങ്ങളെ ആശ്രയിക്കാനേ സാധാരണക്കാര്‍ക്ക് മാര്‍ഗ്ഗമുള്ളൂ. റോഡുകളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ കാറുകള്‍ക്ക് വന്‍വിലയും അമിതമായ നികുതിയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെയ് 4-ന് ചാംഗി എയര്‍പോര്‍ട്ടിലിറങ്ങി മെട്രോയില്‍ കയറി പെട്ടികളുമായി ക്ലമെന്റിയിലേക്കുള്ള ഞങ്ങളുടെ യാത്ര അത്ര സുഖമായി തോന്നിയില്ല. അവിടെയായിരുന്നു ഞങ്ങളുടെ മക്കളുടെ താമസം. (പിന്നീട് ജോലി രാജിവച്ച് അവര്‍ കേരളത്തിലേക്കു മടങ്ങി). അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിമാനമിറങ്ങിയാല്‍ സ്‌നേഹിതന്‍മാര്‍ കാറുമായി കാത്തുനില്‍പ്പാണ്. ഇവിടെ കാര്‍ യാത്ര ഒരുവിധം സമ്പന്നര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതായി തോന്നി. മുമ്പ് സൂചിപ്പിച്ചതു പോലെ വിസ്തീര്‍ണ്ണം കുറവും ജനപ്പെരുപ്പം കൂടുതലുമുള്ള രാജ്യത്ത് കാറുകള്‍ ഉപയോഗിക്കാന്‍ നിയമം ഉദാരമാക്കിയാല്‍ റോഡുകള്‍ തികയാതെ വരും.

അതുകൊണ്ട് ജനങ്ങള്‍ക്ക് പൊതു സര്‍ക്കാര്‍ വാഹനങ്ങളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ട്രെയിനിലും ബസിലും യാത്ര ചെയ്ത് സ്റ്റേഷനുകളില്‍ ഇറങ്ങിയാല്‍ വീടുകളിലെത്താന്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വരും.

14-ാം നൂറ്റാണ്ടില്‍ മലേഷ്യ, സിങ്കപ്പൂര്‍, തായ്‌ലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു ചെറു സാമ്രാജ്യമായിരുന്നു മലയ. തലസ്ഥാനം മലാക്കയും. ശക്തനായ ഒരു ഭരണാധികാരിയായിരുന്നു ഈ രാജ്യത്ത് ഭരണം നടത്തിയിരുന്നത്. പരമേശ്വര എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇസ്‌ക്കന്തര്‍ഷാ എന്നും അദ്ദേഹത്തിന് പേരുണ്ട്. പിന്നീട് 18-ാം നൂറ്റാണ്ടില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായി ബ്രിട്ടീഷുകാര്‍ മാറിയതോടെ സിങ്കപ്പൂരിന്റെ ഒരു പ്രവിശ്യ അവര്‍ തങ്ങളുടെ അധീനതയിലാക്കി. അവിടെ അവര്‍ ഒരു പോര്‍ട്ട് പണിതു. കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സിങ്കപ്പൂരും കോലാലംപൂരുമൊക്കെ ഇന്ന് ലോകത്തിലെ വന്‍കിട തുറമുഖങ്ങളാണ്.

1819 മുതല്‍ 1942 വരെയുള്ള ബ്രിട്ടീഷ് ഭരണകാലം സിങ്കപ്പൂരിന്റെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയാം. തോമസ് സ്റ്റാംഫോര്‍ഡ് റാഫിള്‍സ് എന്ന ബ്രിട്ടീഷ് ഭരണാധികാരിയാണ് സിങ്കപ്പൂരിനെ ആധുനിക രാജ്യമായി പണിതുയര്‍ത്തിയത്. ഒരു വന്‍കിട ട്രേഡിംഗ് തുറമുഖമാണ് ഇന്ന് സിങ്കപ്പൂര്‍. ഇവിടത്തെ പൂര്‍വ്വികരെ മലയക്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാമടിയന്‍മാരും അലസന്‍മാരുമായിരുന്നു അവര്‍. ജോലി ചെയ്തു കയ്യില്‍ കിട്ടിയ പണം തീരാതെ പിന്നെ ജോലിക്കു പോകാറില്ല.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നും ജപ്പാന്‍കാര്‍ സിങ്കപ്പൂരിനെ കൈവശമാക്കി. 1942-45 വരെ മൂന്നു വര്‍ഷം ജപ്പാന്‍കാരുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും താമസിയാതെ സിങ്കപ്പൂര്‍ ഒരു സ്വതന്ത്ര ഭരണസംവിധാനത്തിലെത്തിച്ചേര്‍ന്നു. ആ ഭരണവും സുഗമമായി നീങ്ങിയില്ല. 1963-ല്‍ മലേഷ്യയുടെ അധീനതയിലായി. എന്നാല്‍ 1965-ഓടെ സിങ്കപ്പൂര്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി മാറി. മലേഷ്യയിലെ അലയന്‍സ് പാര്‍ട്ടിയും സിങ്കപ്പൂരിലെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയും തമ്മില്‍ ഒത്തുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് സിങ്കപ്പൂര്‍ സ്വതന്ത്രമാകാന്‍ തീരുമാനിച്ചത്.

ഇന്ന് ജനസംഖ്യയില്‍ 76 ശതമാനവും ചൈനക്കാരാണ്. സിങ്കപ്പൂരിലെ യഥാര്‍ത്ഥ അവകാശികളായ മലയന്‍ നിവാസികള്‍ 15 ശതമാനമേയുള്ളൂ. 7.4 ശതമാനം ഇന്ത്യക്കാരുണ്ട്. നാഷണല്‍ ഭാഷ ‘മലയ’ ആണെങ്കിലും ഇംഗ്ലീഷും തമിഴുമൊക്കെ സിങ്കപ്പൂരിലെ പ്രധാന ഭാഷകളാണ്. ട്രെയിനിലും ബസിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഇറങ്ങേണ്ട സ്ഥലം ഡിസ്‌പ്ലേയില്‍ തെളിഞ്ഞുവരുമ്പോള്‍ തമിഴിലും എഴുതിയിട്ടുണ്ടാകും.

കൊച്ചുരാജ്യമെങ്കിലും ലോക സമ്പന്ന രാഷ്ട്രങ്ങളോടൊപ്പമാണ് സിങ്കപ്പൂരിന്റെ സ്ഥാനം. ടോണി റ്റാന്‍ പ്രസിഡന്റും ലീ ഹസന്‍ ലൂങ്ങ് പ്രധാനമന്ത്രിയുമാണ്.

ഞങ്ങളുടെ 6 ദിനയാത്ര കൊണ്ട് പ്രധാനപ്പെട്ട ചില വിനോദമേഖലകള്‍ കണ്ടു എന്നല്ലാതെ സിങ്കപ്പൂര്‍ മൊത്തമായി കാണാനായില്ല.
മൃഗങ്ങളെ സ്വതന്ത്രമായി പാര്‍പ്പിച്ചിരിക്കുന്ന മൃഗശാല സിങ്കപ്പൂരിലെ അതിമനോഹരമായ കാഴ്ചയാണ്. ഒന്നാംതരം വനം തന്നെ അവയ്ക്കായി വച്ചു പിടിപ്പിച്ചിരിക്കുന്നു. കാട്ടരുവികളും കുളങ്ങളും നീര്‍ച്ചാലുകളുമൊക്കെ, കേരളത്തിലെ ഇടതൂര്‍ന്ന വനമേഖലയില്‍ എത്തിച്ചേര്‍ന്ന പ്രതീതിയാണ് നമ്മില്‍ ജനിപ്പിക്കുന്നത്. എണ്ണിയാല്‍ ഒടുങ്ങാത്തത്ര മൃഗങ്ങള്‍ ഈ മൃഗശാലയില്‍ വിലസി നടക്കുന്നു. വിസ്താര ഭയത്താല്‍ അവയുടെ പേരുകള്‍ കുറിക്കുന്നില്ല. ഹിമക്കരടിയുടെ ജലകേളിയും നയനാനന്ദകരമാണ്.

ബേര്‍ഡ് സാങ്ച്ച്വറിയും മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍പ്പിക്കുന്നത്. നൂറുകണക്കിന് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പ്രകൃതിരമണീയമായ വനത്തിന്റെ മുകളില്‍ വല വിരിച്ചാണ് പക്ഷികളെ പാര്‍പ്പിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ പക്ഷികളുടെ വലിയൊരു സമ്മേളനമാണ് ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കും. ആളുകളുടെ ദിനംതോറുമുള്ള സന്ദര്‍ശനം അവയുടെ ഭയം മാറ്റിയിരിക്കുന്നു. നമ്മുടെ അടുത്തിരിക്കാനും വേണ്ടിവന്നാല്‍ ഒന്നു തലോടാനായി ഇരുന്നു തരാനും ഇവയ്ക്ക് മടിയില്ല. വിവിധതരം വര്‍ണ്ണതത്തകളുടെ കാഴ്ച നമ്മെ കോരിത്തരിപ്പിക്കുന്നതാണ്. പരിശീലനം സിദ്ധിച്ച പക്ഷികളുടെ പാട്ടും നൃത്തവും സംസാരവും നമ്മെ പുളകിതരാക്കും. ശവംതീനി കഴുകന്‍മാര്‍ പോലും പരിശീലകരുടെ കയ്യില്‍ പാവ കണക്കേ അടങ്ങിയൊതുങ്ങിയിരിക്കുന്നു. അല്ലറചില്ലറ അഭ്യാസങ്ങള്‍ കാണിക്കാനും അവയ്ക്ക് അറിയാം.

സിങ്കപ്പൂരില്‍ ഏറ്റവുമധികം വലിയ കെട്ടിടങ്ങളുള്ള സ്ഥലം മറീന ബേ എന്നറിയപ്പെടുന്ന കടല്‍ത്തീരമാണ്. ഡൗണ്‍ ഠൗണ്‍ എന്നു വേണമെങ്കില്‍ പറയാം. ഞങ്ങള്‍ പോയ ദിവസം അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്നതിനാല്‍ വന്‍മ്യൂസിക് ജലധാര കാണാനായില്ല.
സെന്റോസാ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന മാളും എക്‌സിബിഷന്‍ സെന്ററുമൊക്കെ ഞങ്ങള്‍ നടന്നു കണ്ടു. കൃത്രിമ പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും വനവുമൊക്കെ പ്രകൃതിയുടെ വരദാനം കണക്കേ നിറഞ്ഞു നില്‍ക്കുന്നു. സെന്റോസായില്‍ ഉള്ള യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ഞങ്ങള്‍ക്ക് കാണാനായില്ല. ഭൂമിക്കടിയില്‍ പണിതിരിക്കുന്ന ബസ് സ്റ്റേഷനും കാര്‍ പാര്‍ക്കിങ്ങുമൊക്കെ സിങ്കപ്പൂരിന്റെ ശാസ്ത്രീയമായ വികസനത്തെ വിളിച്ചോതുന്നു. നൂറുകണക്കിന് ബസുകള്‍ക്കും അനവധി കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന വിധത്തില്‍ പണിതിരിക്കുന്ന അണ്ടര്‍ഗ്രൗണ്ട് ബസ് സ്റ്റേഷന്‍ ഒരത്ഭുതം തന്നെയാണ്.

വെള്ളക്കാരന്റെ കരവിരുത് തന്നെയാണ് സിങ്കപ്പൂരിനെയും മഹാനഗരമാക്കുന്നത്. വെള്ളക്കാര്‍ വിട്ടിട്ടു പോയ ഈ നഗരത്തെ ആധുനിക പട്ടണമാക്കി നിലനിര്‍ത്താനാകുന്നത് ഇപ്പോള്‍ ഭൂരിപക്ഷമുള്ള ചൈനക്കാരുടെ വൈദഗ്ധ്യം തന്നെയാണ്.
തെരുവുകളിലെ വൃത്തി അമേരിക്കയേയും യൂറോപ്പിനേയും വെല്ലുന്ന രീതിയില്‍ തന്നെയാണ്. തെരുവില്‍ തുപ്പിയാല്‍ ജയില്‍വാസവും പിഴശിക്ഷയും ലഭിക്കും. അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് പുകവലിച്ചാല്‍ അതിന് കിട്ടുന്ന ശിക്ഷയും കഠിനമായിരിക്കും. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ജനസമൂഹമായതു കൊണ്ട് പോലീസിന്റെ സാന്നിദ്ധ്യം മിക്ക സ്ഥലങ്ങളിലും ഇല്ലെന്നു തന്നെ പറയാം.

ഇനിയും ധാരാളം സ്ഥലങ്ങള്‍ സിങ്കപ്പൂരില്‍ കാണാനുണ്ടെന്നറിയാം. പക്ഷേ ആറു ദിന വാസത്തില്‍ ഇതില്‍ കൂടാനാവില്ലല്ലോ. മെയ് 7-ന് യൂനോസില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു മലയാളം ആരാധനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. എബനേസര്‍ മലയാളം ഫെലോഷിപ്പ് ചര്‍ച്ചെന്നാണ് സഭയുടെ പേര്. പാസ്റ്റര്‍മാരായ ഗീവര്‍ഗീസും ഫിലിപ്പോസുമാണ് അവിടത്തെ ശുശ്രൂഷകന്‍മാര്‍. ക്രൈസ്തവചിന്തയെ അവര്‍ക്ക് അറിയാമെങ്കിലും ഏ.ജി. മലബാര്‍ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ കെ.കെ. മാത്യുവിന്റെ പരിചയപ്പെടുത്തല്‍ ഞായറാഴ്ച സഭായോഗത്തിലെ മുഖ്യപ്രസംഗകനായി എന്നെ തിരഞ്ഞെടുക്കാന്‍ കാരണമായി. ആ സഭയേയും കര്‍തൃദാസനെയും നന്ദിയോടെ ഓര്‍ക്കാതെ വയ്യാ.

മെയ് 11-ന് മടക്കയാത്ര. തീരെ ചെലവ് കുറഞ്ഞ എയര്‍ ഏഷ്യയിലെ മടക്കയാത്രയില്‍ കോലാലംപൂരില്‍ ഒമ്പത് മണിക്കൂര്‍ കൊച്ചിയിലേക്കുള്ള വിമാനം കാത്ത് ഇരിക്കേണ്ടി വന്നു.
സിങ്കപ്പൂരിലേക്ക് പുറപ്പെടുന്നതിന് ഒരു മാസം മുമ്പേ ബുക്ക് ചെയ്തിരുന്നെങ്കില്‍ 40 ഡോളറിന് ഒരു ഇന്തോനേഷ്യന്‍ കപ്പല്‍യാത്ര കൂടെ ചെയ്യാമായിരുന്നു. കപ്പലില്‍ കടല്‍വിഭവങ്ങള്‍ ആവോളം ആസ്വദിക്കാനും ഇന്തോനേഷ്യന്‍ ഹോട്ടലില്‍ ഒരു രാത്രി തങ്ങാനും ഈ 40 ഡോളര്‍ കൊണ്ട് സാധിക്കുമായിരുന്നു. ഇതില്‍ ഇത്തിരി മോഹഭംഗം ഇപ്പോഴും ഇല്ലാതില്ല.

ഡാളസില്‍ താമസിക്കുന്ന ഇന്തോനേഷ്യന്‍ ഐലന്റ് മിനിസ്ട്രിയുടെ പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ശാമുവലിന്റെ ഇന്തോനേഷ്യന്‍ ക്ഷണം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. എന്നിരുന്നാലും ഇനിയൊരു കിഴക്കന്‍ യാത്ര ഉണ്ടാകുമെന്നു തോന്നുന്നില്ല. ”ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍ ഞാനും എന്‍ കുടുംബവും എന്തുള്ളൂ” എന്നു മാത്രമേ ഇപ്പോള്‍ പാടാനും പറയാനുമാകുന്നുള്ളൂ.

One thought on “സിങ്കപ്പൂര്‍: മഹാനഗരത്തിലൂടെ…

 1. Presidents of Singapore, 1965–
  9 Aug 1965–23 Nov 1970: Yusof bin Ishak13
  2 Jan 1971–12 May 1981: Benjamin Henry Sheares14
  24 Oct 1981–28 Mar 1985: Chengara Veetil Devan Nair (C. V. Devan Nair)15
  2 Sep 1985–1 Sep 1993: Wee Kim Wee16
  1 Sep 1993–31 Aug 1999: Ong Teng Cheong (first elected president)17
  1 Sep 1999–31 Aug 2011: Sellapan Ramanathan (S R Nathan)18
  1 Sep 2011–31 Aug 2017: Tony Tan Keng Yam19
  14 Sep 2017–: Halimah Yacob20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!