ഗ്രീസിലൂടെ ചരിത്രം തേടിയൊരു യാത്ര…!

ഗ്രീസിലൂടെ ചരിത്രം തേടിയൊരു യാത്ര…!

അപ്പോസ്തലനായ പൗലോസിനെ വിസ്തരിക്കാന്‍ കൊണ്ടുചെന്നു നിര്‍ത്തിയ ന്യായാസനത്തിനു മുന്‍പില്‍ ഞങ്ങള്‍ നിന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പൗലോസിന്റെ പാദസ്പര്‍ശനമേറ്റ സ്ഥലം! ദൈവം മോശെയ്ക്കു നല്കിയ ന്യായപ്രമാണത്തിനു വിരുദ്ധമായി പഠിപ്പിച്ചുവെന്നതാണ് കൊരിന്തിലെ യഹൂദന്മാര്‍ പൗലോസിനു മേല്‍ ചുമത്തിയ കുറ്റം. പൗലോസിന്റെ ഒന്നാമത് മിഷിനറി യാത്രയിലാണ് കൊരിന്തില്‍ എത്തുന്നതും യഹൂദന്മാരുടെ പിടിയില്‍ അകപ്പെടുന്നതും. (അപ്പോ. പ്രവൃ :18: 1-17)

കര്‍ത്താവ് സ്ഥാപിച്ച സഭയെ വളര്‍ത്തി പരിപാലിക്കുന്നതില്‍ പ്രഥമഗണനീയനായിരുന്നു പൗലോസ്. ധനാഢ്യന്‍, വിദ്യാ സമ്പന്നന്‍, സന്നിദ്രിസംഘാംഗം, യഹൂദന്‍, റോമ പൗരന്‍ എന്നീ നിലകളില്‍ ഖ്യാതി നേടിയിരുന്ന ശൗല്‍ ‘പൗലോസായി’ മാറിയ ചരിത്രം അപ്പോസ്തല പ്രവൃത്തി 9-ാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ക്രസ്തുവിനായി അധികം യാത്ര ചെയ്തു. കഷ്ടപ്പാടുകള്‍ അനുഭവിച്ചും ക്രൈസ്തവ സഭയെ വളര്‍ത്തുന്നതില്‍ പുതിയ നിയമ ശ്ലീഖന്മാരില്‍ ഏറ്റവും ഉന്നതിയില്‍ നില്ക്കുന്നതും പൗലോസ് തന്നെ. നിരവധി തവണ യഹൂദ പ്രമാണിമാരില്‍ നിന്ന് ദണ്ഡനമേറ്റു. മിഷനറിയാത്രയില്‍ 3 പ്രാവശ്യം കപ്പലപകടത്തില്‍ പെട്ടതും പട്ടിണി കിടന്നതും പൗലോസ് തന്നെ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ട്. കള്ള സഹോദരന്മാരാലുള്ള ആപത്തില്‍ അകപ്പെട്ട പൗലോസിന് സര്‍പ്പദംശനം ഏറ്റതായും താന്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഭരണാധികാരികളുടെ വാളിന്റെ വായ്ത്തലയ്ക്കല്‍ നിന്നും പലപ്പോഴും പൗലോസ് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. കോലുകൊണ്ടുള്ള അടി 39 വീതം 5 പ്രാവശ്യം ഏറ്റു. കല്ലേറു കൊണ്ടിട്ട് മരിച്ചെന്നു കരുതി യെഹൂദമത തീവ്രവാദികള്‍ പൗലോസിനെ ഉപേക്ഷിച്ചു പോയതും പൗലോസ് തന്നെ 2 കൊരിന്ത്യലേഖനം 11-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. ഒരു രാപ്പകല്‍ മുഴുവന്‍ വെള്ളത്തില്‍ കഴിയേണ്ടിവന്നു.

കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നെത്തിയ പ്രൊഫസര്‍ അവിടുത്തെ
വര്‍ത്തമാന കാല ഭരണ വിശേഷങ്ങള്‍ ഡോ. ഓമന റസ്സലിനോട് വിവരിക്കുന്നു.

ഇതെല്ലാം അനുഭവിച്ച പൗലോസിന്റെ ചിന്താഭാരം തന്റെ ശരീരത്തെക്കുറിച്ചല്ല മറിച്ച് സഭയാം ശരീരത്തെക്കുറിച്ചായിരുന്നു. വിസ്താരഭയത്താല്‍ പൗലോസ് അനുഭവിച്ച ത്യാഗോജ്ജ്വലമായ ജീവിതകഥ മുഴുവന്‍ ഇവിടെ വിവരിക്കുന്നില്ല. ഈ പൗലോസിന് മരണസമയത്ത് തന്റെ ആസ്തിയായി ഉണ്ടായിരുന്നത് ‘പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ പഴയനിയമ ദൈവിക രേഖകള്‍ അടങ്ങിയ ചര്‍മ്മലിഖിതങ്ങളുമായിരുന്നു.’ അവസാനം റോമന്‍ പടയാളികള്‍ അദ്ദേഹത്തിന്റെ തല വാള്‍കൊണ്ട് അറുത്തു മാറ്റുകയായിരുന്നു. പൗലോസിനെക്കുറിച്ചുള്ള അങ്കമാലി എ.ജി. സഭാ ശുശ്രൂഷകന്‍ വര്‍ഗീസ് മാത്യുവിന്റെ 12 വര്‍ഷത്തെ പ്രഭാഷണങ്ങളും കൊരിന്ത് സന്ദര്‍ശനത്തിന് ഞങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്.

അക്രോപ്പൊലീസ് – ക്രിസ്തുവിന് മുമ്പ് മലമുകളില്‍ പണിത പട്ടണം

മേല്‍പറഞ്ഞ വിധത്തില്‍ ക്രിസ്തുവിനായി എരിഞ്ഞടങ്ങിയ വിശ്വാസവീരനായ പൗലോസ് ശ്ലീഹ സഞ്ചരിച്ച സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹം 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഷെങ്കന്‍ വിസ ലഭിച്ചപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
സെപ്തംബര്‍ 2-5 വരെ ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ നടന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സെമിനാറില്‍ പ്രഭാഷണത്തിനായിരുന്നു എന്നെ ക്ഷണിച്ചിരുന്നത്. കാനഡയിലെ ലൊറന്‍ഷ്യന്‍ യൂണിവേഴ്‌സിറ്റിയും ഒന്റേറിയോ ഇന്റര്‍നാഷണല്‍ ഏജന്‍സിയും ചേര്‍ന്നാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി വഴി യു.ജി.സി. നല്കുന്ന ട്രാവല്‍ ഗ്രാന്റ് ഈ യാത്രയ്ക്ക് ലഭിച്ചു. അമേരിക്കയിലെ ലീ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍കള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ കഴിഞ്ഞതും ഇതേ ഗ്രാന്റ് ലഭിച്ചതുകൊണ്ടായിരുന്നു. ലണ്ടനില്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോയി ഗവേഷണം നടത്തി പി.എച്ച്.ഡി. നേടാനായത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടു കൂടിയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു അക്കാഡമിഷനായി എന്നെ ഉയര്‍ത്തിയ ദൈവത്തെ ഒരു നിമിഷം നിറകണ്ണുകളോടെ ഞാന്‍ സ്മരിച്ചു പോകുന്നു.

സ്ട്രാറ്റോസ് വസിലിക്കോസ് ഹോട്ടലില്‍ നടന്ന സെമിനാറിനുശേഷം ഏന്‍ഷ്യന്റ് കൊരിന്ത് കാണാനായി ഞങ്ങള്‍ ടാക്‌സിയില്‍ ബസ് ടെര്‍മിനലിലേക്ക് പുറപ്പെട്ടു. 14 യൂറോ കൊടുത്തപ്പോള്‍ കൃത്യമായി കംപ്യൂട്ടര്‍ രസീതും തന്നു. എറണാകുളം ജില്ലയില്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാരും കോര്‍പ്പറേഷന്‍ അധികൃതരും ശ്രമം തുടങ്ങിയിട്ട് കുറെ നാളായത് ഞാന്‍ ഓര്‍ത്തു.
നമ്മുടെ നാട്ടില്‍ ഇറക്കുമതിചെയ്ത ഹൈടെക്ക് വാഹനങ്ങള്‍ സംസ്ഥാനാന്തര സര്‍വ്വീസുകള്‍ നടത്തി തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലധികമായിട്ടില്ല. ബെന്‍സ്, വോള്‍വോ, സ്‌ക്കാനിയ തുടങ്ങി അതി മനോഹരമായ ബസുകള്‍ നിരന്നുകിടക്കുന്നതു തന്നെ നയനാനന്ദകരമായ കാഴ്ചയാണ്. കൊരിന്തിലേക്കു മടക്കയാത്ര സഹിതം 16 യൂറോയാണ്. എനിക്കും ഭര്‍ത്താവ് റസലിനുമായി 32 യൂറോ കൊടുത്ത് ടിക്കറ്റുവാങ്ങി ഞങ്ങള്‍ ബസിനായി കാത്തിരുന്നു. സീറ്റു നമ്പര്‍, സമയം തുടങ്ങി വിമാനയാത്രയ്ക്കു കിട്ടുന്നതുപോലുള്ള ബോര്‍ഡിംഗ് പാസ്സുമായി ഇരിക്കുമ്പോഴാണ് പൗലോസിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടു മുന്‍വശത്തു ഒരു ബസ് വന്നു പാര്‍ക്കുചെയ്തത്.

‘അഖായയ്ക്കുള്ള ബസായിരുന്നു അത്. ബൈബിളില്‍ അഖായയെക്കുറിച്ച് പരാമര്‍ശമുണ്ട്. മക്കദോന്യ, അഖായ വഴി പൗലോസ് യെരുശലേമിലേക്കു പോയതായും അപ്പല്ലോസിനെ അഖായയിലേക്കു സഹോദരന്മാര്‍ പറഞ്ഞു വിടുന്നതായും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ബൈബിളിലെ പുതിയനിയമസഭാ രൂപീകരണ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും പ്രമുഖമായ രാജ്യങ്ങളാണ് ടര്‍ക്കിയും ഗ്രീസും. വെളിപാട് പുസ്തകത്തിലെ ഏഴു സഭകള്‍ സ്ഥിതിചെയ്തിരുന്നത് ടര്‍ക്കിയിലാണ്. ഇപ്പോള്‍ ടര്‍ക്കി മുസ്ലീം ഭരണ പ്രദേശമാണ്. തെസ്സലോനിക്ക, പൗലോസ് പ്രസംഗിച്ച അരയോപഗക്കുന്ന്, കൊരിന്ത്, ക്രേത്ത ദ്വീപ്, അഖായ, പത്മോസ്, അഥേന തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗ്രീസിലാണ്. ഇതില്‍ അഥേനയാണ് ഇന്നത്തെ ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സ്. ഫിലിപ്പ് രാജാവ്, മകന്‍ മഹാനായ അലക്‌സാണ്ഡര്‍ എന്നിവരുടെ ഭരണ സ്ഥലമായിരുന്നു മക്കദോന്യ അഥവാ മാസിഡോണിയ. ഫിലിപ്പ് രാജാവിന്റെ സ്മരണാത്ഥം പണിത ഫിലിപ്പി പട്ടണവും ഗ്രീസിലാണ്.
പറഞ്ഞുവന്നത് ഏന്‍ഷ്യന്റ് കൊരിന്തിനെപ്പറ്റിയാണല്ലോ.

ലേഖിക പുരാതന കൊരിന്തില്‍

പൗലോസിന്റെ കാലത്ത് അഖായ ഒരു റോമന്‍ പ്രവിശ്യയും കൊരിന്ത് അതിന്റെ തലസ്ഥാനവും സമ്പല്‍സമൃദ്ധമായ തുറമുഖ പട്ടണവും ആയിരുന്നു. ഗെല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി വാഴുമ്പോഴാണ് യഹൂദന്മാര്‍ പൗലോസിനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നത്. ഈ ന്യായാസനം പ്രാചീന കൊരിന്ത് പട്ടണത്തിന്റെ മദ്ധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പൗലോസിനെ കയറ്റി നിര്‍ത്തി വിസ്തരിക്കാന്‍ ശ്രമിച്ചെങ്കിലും ഗെല്ലിയോന്‍ സമ്മതിച്ചില്ല. യഹൂദന്മാരുടെ ന്യായ പ്രമാണത്തെപ്പറ്റിയുള്ള തര്‍ക്കസംഗതികള്‍ ആയതുകൊണ്ട് അതില്‍ ന്യായാധിപതിയാകാന്‍ തനിക്കു മനസ്സില്ല എന്നു പറഞ്ഞു പൗലോസിനെയും അദ്ദേഹത്തെ പിടിച്ചു കൊണ്ടുവന്ന യഹൂദന്മാരെയും ദേശാധിപതിയായ ഗെല്ലിയോന്‍ പുറത്താക്കുകയാണുണ്ടായത്. ഈ വിസ്താരവേദിയില്‍ ഞങ്ങള്‍ കയറി നിന്നപ്പോള്‍ പൗലോസ് അനുഭവിച്ച കൊടും യാതനകളുടെ ചിത്രം മനസിലൂടെ കടന്നുപോയി. ‘നൊടി നേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി. തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു’ എന്ന വാക്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ വേദിയില്‍ ആ ലേഖനം ചെയ്തിരിക്കുന്നത് വികാരവായ്‌പോടെ ഞങ്ങള്‍ വായിച്ചു. (2 കൊരി: 4 : 17).

ക്രിസ്തുവിനു മുന്‍പുണ്ടായിരുന്ന കൊരിന്ത് പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ പര്യവേക്ഷണം നടത്തി ചരിത്രസ്മാരകമാക്കി സൂക്ഷിച്ചിരിക്കയാണിപ്പോള്‍. 6 യൂറോ കൊടുത്താലേ ഈ പട്ടണാവശിഷ്ടങ്ങള്‍ നടന്നുകൊണാനൊക്കു. ഡോറിക്, അയോണിയന്‍ മാതൃകയിലുള്ള കെട്ടിട നിര്‍മ്മാണ ശൈലിയിലാണ് ഈ പട്ടണ സമുച്ചയം പണിതിരിക്കുന്നത്.

ഈ മാസങ്ങളിലെ ഗ്രീസിലെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലും അധികമാണ്. അസഹനീയമായ ചൂടില്‍ കൊരിന്തിലെ സഞ്ചാരം അതികഠിനമാണെന്നു പറയാതെ വയ്യ. ബി.സി.യിലുള്ള കൊരിന്ത് പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു മനസ്സിലാക്കി മടങ്ങണമെങ്കില്‍ ഒരു പകല്‍ മുഴുവന്‍ അവിടെ ചെലവഴിക്കേണ്ടി വരും. അവിടെ നിന്നുള്ള മെഡിറ്ററേനിയന്‍ കടലിന്റെ കാഴ്ച അതിമനോഹരം. മലകളെയും കുന്നുകളെയും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഈ കടല്‍ വഴിയാണ് പൗലോസ് കൊരിന്തിലെത്തിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ നൂറു കണക്കിന് ചെറുദ്വീപുകളുടെ കൂട്ടം മെഡിറ്ററേനിയന്‍ കടലിനെ മനോഹരിയാക്കുന്നു. ഗ്രീസിന്റെ അധീനതയില്‍ ആള്‍വാസമുള്ളതും ഇല്ലാത്തതുമായ അനവധി ദ്വീപുകള്‍ ഉണ്ട്. അതിലൊന്നായ പത്മോസ് (പത്മോസിനെപറ്റി പിന്നീട് പ്രതിപാദിക്കുന്നതാണ്) ദ്വീപിലേക്കാണ് യോഹന്നാനെ നാടുകടത്തിയത്.

വെള്ള മാര്‍ബിള്‍ തൂണുകള്‍ കൊണ്ട് പണിത് കൊത്തു പണികളാല്‍ മനോഹരമാക്കിയ ക്ഷേത്രം ഇന്നില്ല. കൈകൊണ്ടു കൊത്തി മിനുസപ്പെടുത്തിയിരിക്കുന്ന കൂറ്റന്‍ തൂണുകള്‍ കുറച്ചൊന്നുമല്ല ചരിത്ര പഠിതാക്കളെ സന്തോഷിപ്പിക്കുന്നത്.
അപ്പോളോ, വീനസ്, ഹെറക്ലിസ്, പോസിഡന്‍, ഭാഗ്യദേവതയായ ടൈക്ക്, സ്‌നേഹത്തിന്റെ ദേവതയായ അഫ്രൊഡൈറ്റ് മുതലായ ആരാധനാ മൂര്‍ത്തികള്‍ക്കു വേണ്ടിയാണ് ക്ഷേത്രങ്ങള്‍ പണിതത്. ഈ ബിംബങ്ങള്‍ നിറഞ്ഞ കൊരിന്തിനെ സത്യ ദൈവാരാധനയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പൗലോസിന്റെ ആത്മത്യാഗം വിവരണാതീതമാണ്. പൗലോസ് തന്നെ മറന്നുകൊണ്ട് ക്രിസ്തുവിനെ പ്രസംഗിച്ചത് ബിംബാരാധനയും ഗ്രീക്കു കെട്ടുകഥകളും കേട്ട് ഉള്ളം ചൂടുപിടിച്ചതുകൊണ്ടായിരുന്നു.ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!