ധൃതിവച്ച് ഭേദഗതി ചെയ്ത പോലീസ് നിയമം ഉടനെ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി. ഗവണ്മെന്റ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായെങ്കിലും അത് ഉടനെ പ്രയോഗിക്കന് സാധ്യതയില്ലെന്ന് കരുതാം. പക്ഷേ സാമൂഹ്യമാധ്യമങ്ങള്‍ വഴി എത്രയോ കുടുംബങ്ങള്‍ അപമാനിതരായി ആത്മഹത്യ ചെയ്ത ചരിത്രവും കേരളത്തിലുണ്ട്.
അതുകൊണ്ട് ഈ സൈബര്‍ തെമ്മാടിത്തത്തിന് പൂട്ടിട്ടേ പറ്റൂ. പൗരന്റെ വ്യക്തിജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണിത്. അപകീര്‍ത്തികരവും അസത്യജഡിലവുമായ അശ്ലീലം കലര്‍ന്ന പ്രചാരണങ്ങളാണിത്. ഇത് നിയന്ത്രിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുണ്ടായി. അതുകൊണ്ടാണ് പെട്ടെന്ന് ഓര്‍ഡിനന്‍സ് രൂപേണ പോലീസ്നിയമം ഭേദഗതി ചെയ്തു ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചത്.
അതില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമമായി. പക്ഷേ ആറു മാസത്തേക്കു മാത്രമേ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമുള്ളൂ. അതിനകം ബില്‍ ആയി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കി എന്നന്നേക്കുമുള്ള നിയമമാക്കണം.
അതാണ് ഇനി ചെയ്യാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ കക്ഷി രാഷ്ട്രീയ നേതാക്കന്മാരുടെയും അഭിപ്രായം സ്വാംശീകരിച്ചു കൊണ്ടാകും പുതിയ നിയമ ഭേദഗതിക്ക് രൂപംകൊടുക്കുക.
സാമൂഹ്യമാധ്യമ ഗുണ്ടകളുടെ ആക്രമണത്തിന് ഏറ്റവുമധികം ഇരകളായത് സ്ത്രീകളാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ പോലും ഇവര്‍ വെറുതെവിട്ടില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചിത്രങ്ങള്‍, തെറി അകമ്പടിയായുള്ള പ്രസംഗങ്ങള്‍, എഴുത്തുകള്‍, വരകള്‍ തുടങ്ങി കലയേയും സാഹിത്യത്തേയും പോലും കൂട്ടുപിടിച്ചുകൊണ്ടായിരുന്നു ഈ അധിക്ഷേപങ്ങള്‍. എത്രയോ കുടുംബങ്ങള്‍ ശിഥിലമായി. ബന്ധങ്ങള്‍ അറ്റുപോയി.
മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമം ഭേദഗതി ചെയ്തത്. അതിലെ അവ്യക്തത നീക്കണം. കുറ്റങ്ങളുടെ ചെറുതും വലുതുമായ തരംതിരിക്കലും അതിനനുസരിച്ചുള്ള ശിക്ഷകളുമാണ് വേണ്ടത്. പക്ഷേ ഗവര്‍ണ്ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ അതിന് വ്യക്തതയില്ല.
ഇതിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഇടത്-വലത് രാഷ്ട്രീയ ചിന്തകന്മാര് രംഗത്തു വന്നതോടെയാണ് പുതിയ ഭേദഗതിക്ക് സര്‍ക്കാര്‍ തുനിയുന്നത്. ഏതായാലും സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തെമ്മാടിത്തത്തിന് പൂട്ടിടണം. കനത്ത ശിക്ഷ നല്‍കണം. ഭാഗ്യലക്ഷ്മിയേയും മറ്റും അധിക്ഷേപിച്ച ആ ഞരമ്പുരോഗിയെ അവര്‍ തന്നെ കൈകാര്യം ചെയ്തതോടെയാണ് സര്‍ക്കാര്‍ ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയത്. ഏതായാലും സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണ്.
അഡ്വ. ജയശങ്കറിന്റെ അഭിപ്രായമാണ് നിഷ്പക്ഷ ജനവിഭാഗത്തിന്റെ അഭിപ്രായം എന്നു തോന്നുന്നു.
”ഭാഗ്യലക്ഷ്മിയുടെ അടി ശരിയായില്ല. അവന്റെ ഒരു കാലല്ല, രണ്ടു കാലും തല്ലി ഒടിക്കേണ്ടതായിരുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അത് ചെയ്യുമെന്ന് നമുക്ക് ആശിക്കാം.
- സി.സി. ന്യൂസ് സര്‍വ്വീസ്



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.