കൊറോണ വൈറസ് വ്യാപനവും അതുമൂലമുണ്ടായ മരണങ്ങളും ജീവിത കഷ്ടപ്പാടുകളും മതവിശ്വാസത്തില്‍ നിന്നും ജനങ്ങളെ അകറ്റി എന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ട്. ദൈവത്തില്‍ നിന്ന് അനുഗ്രഹം മാത്രം പ്രതീക്ഷിക്കുന്ന ഒരു ജനവിഭാഗമുണ്ട്. അതിന് പ്രചാരണം കൊടുക്കാന്‍ ന്യൂജനറേഷന് സഭകളും കത്തോലിക്കാ-കരിസ്മാറ്റിക് ഗ്രൂപ്പുകളും സജീവമായി വിരാചിക്കുമ്പോഴാണ് കൊറോണയുടെ വരവ്.
”2020 അനുഗ്രഹവര്ഷമായിരിക്കുമെന്നും സമ്പത്ത് നിങ്ങളുടെ കൈകളില്‍ ദൈവം ഏല്‍പ്പിച്ചു കഴിഞ്ഞു, ഇനി അത് കൈനീട്ടി വാങ്ങിയാല്‍ മതി” എന്നുമൊക്കെ പറഞ്ഞുവച്ചു. തങ്കുവും ടിനു ജോര്‍ജ്ജുമായിരുന്നു ഈ അനുഗ്രഹ മൊത്തവിതരണക്കാരില്‍ പ്രധാനികള്‍. ടിനു ഒരു നല്ല സുവിശേഷകനാണ്. എനിക്ക് പരിചയമുള്ള വ്യക്തിയുമാണ്. പക്ഷേ ജനത്തെ കൂട്ടാനും അവരെ സംഘടിപ്പിച്ച് ഒരുമിച്ചു നിര്‍ത്തി വരുമാനം ഉണ്ടാക്കാനും സമ്പത്തിന്റെ പ്രസംഗമേ ഫലിക്കുകയുള്ളൂ എന്ന് ഇദ്ദേഹത്തിന് അറിയാം. ക്രിസ്തു ഭൂജാതനായത് ലോകജനതയ്ക്ക് അമിതസമ്പത്ത് വാരിക്കോരി നല്‍കാനാണ് എന്ന രീതിയിലാണ് ഇവരുടെ പ്രസംഗങ്ങള്‍.
പണം ഉണ്ടാകും, മക്കള്‍ക്ക് ഉന്നതജോലി, വിദേശവാസം, നല്ല വീട്, കാര്‍ ഇതൊക്കെ ലഭിക്കും എന്ന ആവേശം തിരതല്ലുന്ന പ്രസംഗവും, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ലാത്ത ഭാഷയാണെങ്കിലും അന്യഭാഷ എന്ന പേരില്‍ തട്ടിവിടുന്ന ചില അപശബ്ദങ്ങളും കൂടി ആകുമ്പോള്‍ ജനം ഇളകിവശാകും. ഇത് ചിലരെ മാനസിക ഉല്ലാസത്തിലെത്തിക്കുമ്പോള് മറ്റു ചിലരെ മാനസിക വൈകല്യത്തിലേക്കാണെത്തിക്കുക.
മനുഷ്യസൃഷ്ടി മുതല്‍ പാപത്തിനടിമയായ മനുഷ്യനെ പാപരഹിതനാക്കി വിശുദ്ധ ഗണത്തിലുള്‍പ്പെടുത്തി സ്വര്‍ഗ്ഗത്തിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യമേ ക്രിസ്തുവിന്റെ യാഗത്തിനുള്ളൂ. പക്ഷേ മനസ്സിന് ഇമ്പം നല്‍കുന്നത് അനുഗ്രഹപ്രസംഗങ്ങള് ആണ്. ക്രിസ്തുവിന്റെ ദൗത്യം എന്താണെന്ന് പ്രസംഗിക്കുന്നവര്ക്കറിയാം. പക്ഷേ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തീരാദുഃഖം പേറി കഴിയുന്ന മനുഷ്യന് ഉടനെ കിട്ടുന്ന അനുഗ്രഹമാണ് വേണ്ടത്. ഭാവിയിലെ സ്വര്‍ഗ്ഗമല്ല.
അതുകൊണ്ട് മനുഷ്യനെ വീഴ്ത്താന്‍ പറ്റുന്ന അനുഗ്രഹ കൊളുത്തുകള്‍ എറിഞ്ഞ് അവരെ വശത്താക്കുകയാണ് ഇവരുടെ പതിവ്. കൊറോണ വ്യാപനത്തിനു മുമ്പ് ഈ പ്രസംഗങ്ങള്‍ കൊണ്ട് ജനത്തെ വരച്ച വരയില്‍ നിര്‍ത്തിയ ഇവര്‍ ഇനി എങ്ങനെ ‘സമൃദ്ധിയുടെ സുവിശേഷം’ പ്രസംഗിക്കും? ഒരു കാര്യം പറയാം. ഇവര്‍ ഇനിയും ഇതു തന്നെ പ്രസംഗിക്കും, ആളെ കൂട്ടും, കാണിക്കയും പിരിക്കും. പൊതുജനങ്ങളെ ‘കഴുതകള്‍’ എന്നു വിളിക്കുന്നത് ഇതുകൊണ്ടാണ്.
അനുഗ്രഹവും കഷ്ടനഷ്ടങ്ങളും അനുഭവിച്ച ഇയ്യോബിന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്?. ”നാം ദൈവത്തിന്റെ കൈയില്‍ നിന്ന് നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ” (ഇയ്യോബ് 2:10). ഇതാണ് യഥാര്‍ത്ഥ ജീവിതം.
ഭൂമിയിലെ ജീവിതം കഷ്ടപ്പാടുകളുടെയും ഒപ്പം ഒത്തിരി സുഖം ലഭിക്കുന്ന ജീവിത സൗകര്യങ്ങളുടെയും ആകെത്തുകയാണ്. അതാണ് ഇയ്യോബ് ഇങ്ങനെ പറയാന്‍ കാരണം.
ലോകത്ത് ലക്ഷങ്ങള്‍ മരിച്ചുവീണു. ഇപ്പോഴും മരിച്ചുവീണുകൊണ്ടിരിക്കുന്നു. കേരളത്തിലും മരണം രണ്ടായിരമായി. അഞ്ചു ലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരായി. 60,000-ത്തിലധികം ആളുകള്‍ ചികിത്സയിലാണ്. പലര്‍ക്കും ജോലി നഷ്ടമായി, വരുമാനം കുറഞ്ഞു. ചിലര്‍ക്ക് വരുമാനം ഒന്നുമില്ലാതെയായി. ആകെ ആശ്വാസം സര്‍ക്കാര്‍ കിറ്റുകള്‍.
ശവസംസ്കാരത്തിന് പങ്കെടുക്കുന്നവര്‍ ഇരുപതോ മുപ്പതോ മാത്രം. ഭര്‍ത്താവ് മരിച്ചപ്പോള്‍ ഭാര്യയ്ക്ക് ഒരുനോക്ക് കാണാനായില്ല. തിരിച്ചും അങ്ങനെതന്നെ. മരിച്ച മക്കളെയും ഒരുനോക്ക് കാണാനായില്ല. ഇതെന്തൊരു കാലം! ശവം മറവു ചെയ്യുന്നിടത്ത് അടിപിടിയും പോലീസ് ഇടപെടലും! ആയിരക്കണക്കിന് പേര് പങ്കെടുക്കുന്ന കല്യാണത്തിന് ഏറിയാല്‍ 50 പേര്‍ക്ക് പങ്കെടുക്കാം. അച്ചന്മാര്ക്കും പാസ്റ്റര്‍മാര്‍ക്കും ഇവിടെ എന്തു പ്രസക്തി?
മതപുരോഹിതന്മാരെ ആര്‍ക്കു വേണം? 10 മാസമായി നാം ഒതുങ്ങിക്കൂടി വീടുകളില്‍ കഴിയുകയാണ്. പള്ളികള്‍ അടഞ്ഞുകിടക്കുന്നു. വിവാഹസമാനം നടത്തിയിരുന്ന മാമ്മോദീസാ ഉത്സവവും പോയ്മറഞ്ഞു. പെന്തക്കോസ്തു സഭകളിലെ ശിശു പ്രതിഷ്ഠോത്സവവും പോയ്മറഞ്ഞു. ആരാധന എന്ന പേരില്‍ ‘സൂം’ വന്നതുകൊണ്ട് പിടിച്ചുനില്‍ക്കാനായി.
മാസയോഗങ്ങള്‍ ഇല്ലേ ഇല്ല. മഹായോഗങ്ങള്ക്കും ഇനി ഉടനെ സാദ്ധ്യതയില്ല. ആരാധനാലയങ്ങളിലെ കമ്മറ്റികള്‍ക്ക് പ്രസക്തിയില്ലാതായി. വാദകോലാഹലങ്ങള്‍, കണക്കു വായന, അടിപിടി, തിരഞ്ഞെടുപ്പ് ഒക്കെ ഓര്‍മ്മയില്‍ മാത്രം. കൊറോണ തലയ്ക്കു മുകളില്‍ വട്ടമിട്ടു കറങ്ങുമ്പോഴും സഭാ നേതൃത്വത്തിലെ ചില ‘കോമാളികള്‍’ ചക്രവര്‍ത്തി ചമഞ്ഞു സകലത്തേയും ഉന്മൂലനം ചെയ്യാന്‍ തത്രപ്പെടുകയാണ്.
ദശാംശവും സ്തോത്രകാഴ്ചയും കുറഞ്ഞു. പുരോഹിതന്മാരുടെയും പാസ്റ്റര്‍മാരുടെയും സ്ഥലംമാറ്റവും പൊളിഞ്ഞു. ആരാധന വീടുകളിലായി. ഓരോ വീടും ഓരോ സഭയായി മാറി. വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ ‘പാസ്റ്റര്‍’മാരുമായി.
ലോക്ഡൗണ്‍ കാലത്ത് എത്ര സുഖകരമായ ജീവിതമായിരുന്നു. എന്തും തിന്നാന്‍ പഠിച്ചു. എങ്ങനെയും ജീവിക്കാമെന്നും നാം അനുഭവിച്ചറിഞ്ഞു.
ഇപ്പോള്‍ ആരാധനാലയങ്ങള്‍ മെല്ലെ തുറന്നുവരികയാണ്. കൊറോണ വ്യാപനം കേരളത്തില്‍ കുറഞ്ഞുവരികയാണ്. ഇങ്ങനെ പോയാല്‍ രണ്ടു മാസം കൊണ്ട് നാം കൊറോണ മുക്തരാകും. പള്ളികളില്‍ എന്തിന് പോകണം? ഇതുപോലെ അങ്ങു പോയാല്‍ പോരെ എന്നു വാദിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷേ മതകിങ്കരന്മാര് ഇതംഗീകരിച്ചു തരില്ല.
ദൈവം മനുഷ്യഹൃദയത്തിലാണ് വസിക്കുന്നതെന്ന് ക്രിസ്തു പറഞ്ഞപ്പോള്‍ കല്ക്കെട്ടിടത്തില് ഇനി എന്ത് ദൈവം? കൊറോണയെ പ്രതിരോധിക്കാന്‍ കാപട്യത്തിന്റെ മുഖമുദ്രകളായ പുരോഹിതര്‍ എന്ത് ചെയ്തു? ഒരു ചുക്കും ചെയ്തില്ല. ചെയ്യാനാവില്ല. പേടിച്ച് മാളത്തിലൊളിച്ചു.
ഉടനെതന്നെ എത്തും അനുഗ്രഹപ്രഭാഷകര്. ‘ദൈവത്തിനുള്ളത്’ അവര്‍ സഞ്ചിയുമായി ജനക്കൂട്ടത്തിനിടയിലൂടെ തെണ്ടി നടന്നു പിടിച്ചുവാങ്ങും. ‘കഴുതകള്‍’ ദൈവത്തെ കാണാന്‍ നാഗമ്പടത്തും കൊട്ടാരക്കരയിലും മുരിങ്ങൂരിലും പളനിയിലും ശബരിമലയിലും മക്കയിലും മണര്‍കാടും വീണ്ടും എത്തിത്തുടങ്ങും. അല്ലെങ്കില്‍ എത്തിക്കും. അതിനുള്ള സൂത്രപ്പണികളും പ്രഭാഷണങ്ങളും കൊണ്ട് അവര്‍ അത് സാധ്യമാക്കും.
കൊറോണ ദൈവം മനുഷ്യന് നല്കിയ ശിക്ഷയാണെന്ന് പഠിപ്പിച്ചവര്‍ ഏറെയാണ്. നന്നായി ജീവിക്കാന്‍ ദൈവം കൊറോണയെ അയച്ചു എന്ന് പ്രചരിപ്പിച്ചു മതവക്താക്കള്‍. എന്നിട്ടും നാം ദൈവത്തെ ധിക്കരിച്ച് മുഖക്കൊട്ട കെട്ടി ഷീല്‍ഡ് ധരിച്ച് ആരാധിക്കാനും ദൈവത്തെ പ്രതിരോധിക്കാനും ശ്രമിക്കയാണ്.
ആകപ്പാടെ ഒരു കണ്ഫ്യൂഷന് അല്ലേ? അത് മാറ്റിയെടുക്കാന്‍ ഒരു വാക്യം ഇതാ:
”ദൈവം പ്രവര്‍ത്തിക്കുന്നത് ഒക്കെയും ശാശ്വതം എന്ന് ഞാന്‍ അറിയുന്നു. അതിനോട് ഒന്നും കൂട്ടുവാനും അതില്‍നിന്ന് ഒന്നും കുറപ്പാനും കഴിയുന്നതല്ല.” (സഭാപ്രസംഗി 3:14)

കെ.എന്‍. റസ്സല്‍



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.